സസ്യ ലോകത്ത് നിന്നും കൗതുകമുണര്‍ത്തുന്ന ഒട്ടേറെ വാര്‍ത്തകള്‍ വരാറുണ്ട്. അക്കൂട്ടത്തില്‍ വ്യത്യസ്തമായ ഒന്ന് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ രാജപാളയത്തുള്ള ചിന്മയ വിദ്യാലയം ക്യാമ്പസിലെ ആഫ്രിക്കന്‍ ബൊവാബാവ് എന്ന മരത്തിന്‍റെ വീഡിയോയാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.

വലിയൊരു ആനയുടെ കാലിനോട് ഇതിന് സാമ്യമുണ്ടെന്നും അഡന്‍സോണിയ ഡിജിറ്റാറ്റ എന്നാണ് ഇതിന്‍റെ ബോട്ടാണിക്കല്‍ നാമമെന്നും സുപ്രിയ വ്യക്തമാക്കുന്നു. നാഷണല്‍ ജിയോഗ്രാഫിക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ദാഹിച്ചിരിക്കുന്ന ഒരാന ബൊവാബാവ് മരത്തെ കാണുകയാണെങ്കില്‍ ഒരു വലിയ കുപ്പിയില്‍ വെള്ളം കണ്ട പ്രതീതിയാണ് അനുഭവപ്പെടുക.

എത്ര കഠിനമായ വരള്‍ച്ച വന്നാലും ബൊവാബാവിന് കുറഞ്ഞത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഇതില്‍ സംഭരിച്ച് വെക്കാന്‍ സാധിക്കും. ഈ മരത്തിന്‍റെ ഭാഗങ്ങള്‍ കഴിക്കാന്‍ ആനകള്‍ക്ക് വലിയ ഇഷ്ടമാണെന്നും അതിനാല്‍ തന്നെ ഇതിന് എലിഫന്‍റ് ട്രീ എന്നൊരു പേരുകൂടിയുണ്ടെന്നും സുപ്രിയ ചൂണ്ടിക്കാട്ടുന്നു. ആഫ്രിക്കയാണ് ഈ വൃക്ഷത്തിന്‍റെ ജന്മദേശം.



അറബ് വ്യാപാരികളാകാം ഇത് രാജപാളയത്ത് നട്ടു പിടിപ്പിച്ചതെന്നും സുപ്രിയ പറയുന്നു. തമിഴ്‌നാട്ടിലെ ഏറ്റവും പഴക്കം ചെന്ന മരമാണിതെന്നും കുറഞ്ഞത് 700 വര്‍ഷത്തെ പഴക്കമെങ്കിലും ഈ ബൊവാബാവ് മരത്തിനുണ്ടെന്നും സുപ്രിയ വ്യക്തമാക്കി.

തമിഴ്‌നാട് സര്‍ക്കാരിന്‍റെ ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് ഫോറസ്റ്റ് അഡിഷണല്‍ ചീഫ് സെക്രട്ടറി കൂടിയാണ് സുപിയ സാഹു. തമിഴ്‌നാട്ടിലെ ഏറ്റവും പ്രായമേറിയ പഞ്ചായത്ത് പ്രസിഡന്‍റായ വീരമ്മാള്‍ അമ്മയെ പറ്റി സുപ്രിയ ഏതാനും ദിവസം മുന്‍പ് പങ്കുവെച്ച വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.