കത്തിയെ തോല്പിച്ച പാട്ട്! തലയോട്ടി പിളർന്ന് അവർ ശസ്ത്രക്രിയ നടത്തുമ്പോൾ അവൾ പാട്ടുപാടുകയായിരുന്നു
Thursday, December 17, 2020 4:54 PM IST
ശസ്ത്രക്രിയക്കിടെ പിയാനോ വായിക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം നടന്നത്.
ഗ്വാളിയാറിലെ ബിര്‍ള ആശുപത്രിയിലാണ് സൗമ്യ എന്ന ഒന്‍പതു വയസുകാരി പെണ്‍കുട്ടി മസ്തിഷ്ക ശസ്ത്രക്രിയയ്ക്കിടെ പിയാനോ വായിച്ചത്. തലച്ചോറില്‍ വളര്‍ന്ന ഒരു മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കാണ് സൗമ്യ വിധേയയായത്.
പൂര്‍ണമായും ബോധംകെടുത്താതെ ലോക്കൽ അനസ്തേഷ്യ നൽകിയാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കാരണം കൈവിരലുകളുടെ ചലനമോ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനമോ തകരാറിലാവുന്നില്ല എന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് കുട്ടിയ്ക്ക് ഗെയിം കളിക്കാനും പിയാനോ വായിക്കാനും ഡോക്ടര്‍മാര്‍മാർ സൗകര്യം ഒരുക്കിയത്.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ബിര്‍ള ആശുപത്രിയിലെ ന്യൂറോ സര്‍ജനായ അഭിഷേക് ചൗഹാന് എഎന്‍ഐയോട് പറഞ്ഞു. 'ഞാന്‍ വേദനയൊന്നും അറിഞ്ഞില്ല, ആറ് മണിക്കൂര്‍ പിയാനോ വായിച്ചു, ഇടയ്ക്ക് മൊബൈല്‍ ഫോണില്‍ ഗെയിമുകളും കളിച്ചു, ഇപ്പോള്‍ നല്ല ആശ്വാസം തോന്നുന്നു.' സൗമ്യ പ്രതികരിച്ചു.
ഒാപ്പറേഷന് തിയറ്ററിലെ ബെഡിൽ കിടന്ന് പിയാനോ വായിക്കുന്ന സൗമ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.