സ്കൂൾ ബാഗും കുടയും നോട്ടുബുക്കുകളും വാങ്ങാൻ നവജീവനിലെത്തിയ ഒരു കുട്ടി പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു.’ എന്റെ അച്ഛൻ ഒരു ദിവസം കുടിക്കാതിരുന്നാൽ ഇത്രയും സാധനങ്ങൾ എനിക്കു വാങ്ങിത്തരാനായേനെ. രണ്ടു ദിവസം കുടിക്കാതിരുന്നാൽ എനിക്ക് ഒരു മാസത്തെ സ്കൂൾ ഫീസിനുള്ള പണം തരാമായിരുന്നു.’
ദിവസം രണ്ടായിരം രൂപ വരുമാനമുള്ള തൊഴിലാളിയുടെ മകൻ പറഞ്ഞ ബാക്കി സങ്കടം കൂടി കേൾക്കണം. ’ കുടിച്ച് ലക്കുകെട്ട് തെറി വിളിച്ച് അച്ഛൻ വൈകുന്നേരം വരും. അമ്മയെ തല്ലും. ചിലപ്പോൾ എന്നെയും. പലപ്പോഴും കൂട്ടുകാരുമായി പാതിരാ വരെ കുടി തുടരും. സ്വസ്ഥമായി ഒരു ദിവസം പോലും പഠിക്കാനാവുന്നില്ല. സമാധാനത്തോടെ ഉറങ്ങാനും പറ്റുന്നില്ല. കുടി നിറുത്താൻ എന്റെ അച്ഛനെ ഒന്നുപദേശിക്കാമോ.’ പണക്കാരനോ പാവപ്പെട്ടവനോ ആവട്ടെ മദ്യപാനം ഒരാളെയും നൻമയിലേക്ക് നയിക്കില്ല. മദ്യപാനിയുടെ കുടുംബത്തിൽ പ്രാർഥനയുണ്ടാവില്ല, സമാധാനമുണ്ടാവില്ല. നരകതുല്യമായ അന്തരീക്ഷത്തിൽ നൈരാശ്യത്തിൽ കണ്ണീരൊഴുക്കുന്ന ഭാര്യ. അരാജതത്വത്തിൽ നീറുന്ന മക്കൾ.
ഉല്ലാസത്തിനോ നേരന്പോക്കിനോ ക്ഷീണം മറക്കാനോ തുടങ്ങുന്ന കുടി പണവും പ്രതാപവും പദവിയും നഷ്ടപ്പെടുത്തുംവിധം ആസക്തിയായി പരിണമി ക്കും. മദ്യാസക്തരിൽ ഏറിയ ഭാഗവും ഗുരുതര രോഗികളായി അകാലമരണം പ്രാപിക്കും. ചിലർ ജീവനൊടുക്കും. മദ്യം മനോനില തകർക്കുന്ന അവസ്ഥയെത്തുന്പോൾ ചിന്തയും വാക്കും പ്രവൃത്തിയും അധാർമികമാകും. ആത്മീയ ചൈതന്യം നശിക്കും.
അമ്മപെങ്ങൻമാരെപ്പോലും തിരിച്ചറിയാനാവാതെ അധഃപതിച്ച മദ്യപരെ ഉപദേശിച്ചു നന്നാക്കാൻ പലരും സമീപിക്കാറുണ്ട്. ഉപദേശം കേട്ടവൻ നന്നാകാൻ തീരുമാനിച്ചാലും കൂട്ടുകുടിയൻമാർ സമ്മതിക്കില്ല. മദ്യം പങ്കുവയ്ക്കുന്ന ഒരു കൂട്ടുകന്പനിയും ശാശ്വതമായ സുഹൃദ് ബന്ധമായിരിക്കില്ല. വഴിവിട്ട ജീവിതവും നിലവിട്ട ബാധ്യതയുമായി ഇത്തരം സൗഹൃദം ശത്രുതയിൽ തല്ലിപ്പിരിയും.
ആശുപത്രികളിൽ വൃക്കരോഗികളുടെ എണ്ണം അനുദിനം ഉയരാൻ കാരണം മദ്യത്തിന്റെ സാമൂഹിക വ്യാപനം തന്നെ. ഇത്തരത്തിൽ ദിവസേന ഡയാലിസിസിന് പണമില്ലാതെ യാചിച്ചു നടക്കുന്നവരെ മെഡിക്കൽ കോളജ് വളപ്പിൽ കാണാറുണ്ട്. കാൻസറും കരൾരോഗവും മാത്രമല്ല മദ്യപരുടെ അഴകും ആരോഗ്യവും നശിച്ചുപോകും. മദ്യപൻ മരിച്ചാലും ദുരന്തത്തിന്റെ ആഘാതം അനുഭവിക്കേണ്ടിവരുന്നത് ഭാര്യയും മക്കളുമായിരിക്കും. മദ്യത്തിനു ധൂർത്തടിച്ച പണത്തിന്റെ പതിൻമടങ്ങായിരിക്കും ചികിത്സ വരുത്തുന്ന ബാധ്യത.
വീടിന്റെ ഭദ്രതയും മക്കളുടെ ഭാവിയും സുരക്ഷിതമാക്കാനുള്ളതാണ് വരുമാനം. ആഘോഷങ്ങൾക്കും ആചരണങ്ങൾക്കും കൂട്ടുകന്പനികൾക്കും മദ്യം വാങ്ങി പണം ധൂർത്തടിക്കുന്നത് അപരാധമാണ്. കയറിക്കിടക്കാനൊരു വീടു നിർമിക്കുകയെന്നതും മക്കളുടെ പഠനവും വിവാഹവുമൊക്കെ ഇക്കാലത്ത് ഭാരിച്ചതാണ്. ഒരു സിപ്പിൽ തുടങ്ങുന്ന കുടി ക്രമേണ വ്യക്തിയെയും കുടുംബത്തെയും തകർച്ചയിലേക്കു നയിക്കുന്നു. വൈകാതെ കുടുംബബന്ധങ്ങൾ ശിഥിലീകരിക്കുന്നു. കുടുംബംതന്നെ കല്ലിൻമേൽ കല്ല് ശേഷിക്കാത്ത വിധം നാമാവശേഷമാകുന്ന സംഭവങ്ങൾ നാം കാണുന്നു. മദ്യം ഒരാളെയും ശാശ്വതമായ നൻമയിലേക്കും നേട്ടങ്ങളിലേക്കും നയിക്കില്ല. മദ്യപരുടെ മക്കൾ ആണ്പെണ് വ്യത്യാസമില്ലാതെ കുടിയൻമാരും വെറിയൻമാരും വഴി പിഴച്ചവരുമായി മാറുന്നതായി കാണുന്നു. ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളിലെ നിരവധി ചെറുപ്പക്കാരെ എനിക്ക് അടുത്തറിയാം. അവരിൽ ഏറെപ്പേരുടെയും അപ്പൻമാർ കടുത്ത മദ്യപരായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെട്ടും കുത്തും കൊലയും അടിപിടിയുമായി എത്തുന്നവരിൽ ഏറെപ്പേരെയും ഈ കൃത്യങ്ങളിലേക്ക് നയിക്കുന്നത് മദ്യമാണ്. ആശുപത്രികളിൽ മാത്രമല്ല ജയിലുകളിൽ കഴിയുന്നവരും ഇത്തരക്കാർ തന്നെ.
അടുത്തയിടെ ഒരു ജയിൽ സൂപ്രണ്ട് വിളിച്ച് സങ്കടകരമായ കാര്യം പറഞ്ഞു. ജയിലിൽ കഴിയുന്ന നാൽപത്തിരണ്ട് പ്രതികളുടെ അഭ്യർഥനപ്രകാരമാണ് സൂപ്രണ്ടിന്റെ വിളി. ഇവരുടെയൊക്കെ മക്കൾ പുസ്തകമോ നോട്ട് ബുക്കോ കുടയോ യൂണിഫോമോ വാങ്ങാൻ സാഹചര്യമില്ലാതെ വീടുകളിൽ കഴിയുകയാണ്. നവജീവനിൽ ഇക്കാര്യം അറിയിക്കുമോ എന്ന് കാരാഗൃഹവാസികൾ ചോദിക്കുന്നു.
ആ കുട്ടികളെല്ലാം നവജീവനിലെത്തി പഠന സാമഗ്രികൾ വാങ്ങിപ്പോയി. കുടയും ബാഗും ബുക്കും കൈയിൽ വാങ്ങുന്പോൾ ആ കുഞ്ഞുങ്ങളും മാതാക്കളും വിതുന്പുന്നുണ്ടായിരുന്നു. മദ്യപാനം അച്ഛനെ ജയിലിൽ എത്തിച്ചതിന്റെ ദുരന്തകഥകളാണ് അവരൊക്കെ പറഞ്ഞു മടങ്ങിയത്. നന്നായി പഠിക്കണം, മിടുക്കരായി വളരണം എന്നൊക്കെ ആ കുഞ്ഞുങ്ങളോട് ഉപദേശിക്കാനല്ലേ പറ്റൂ.
പി.യു. തോമസ്, നവജീവൻ