ഓസ്ട്രേലിയയിലെ ഒരു അദ്ഭുതക്കാഴ്ചതന്നെയാണ് ഇവിടത്തെ റോഡുകൾ. സംസ്ഥാന തലസ്ഥാനങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ദേശീയപാതകൾ മുതൽ നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന ചെറുതും വലുതുമായ റോഡുകൾ വരെ കണ്ണികോർക്കുന്നു, തടസമേതും ഇല്ലാതെ.
എത്ര ദൂരം യാത്ര ചെയ്താലും ഒരു കടലാസോ പ്ലാസ്റ്റിക് തുണ്ടോ കാണാനില്ല. പറന്നുവീഴുന്ന കരിയിലകൾപോലും ബ്ലോവർ ഉപയോഗിച്ച് അടിച്ചു വൃത്തിയാക്കും. മരങ്ങൾ കടപുഴകുകയോ മണ്ണിടിച്ചിൽ ഉണ്ടാകുകയോ ചെയ്താൽ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരമുണ്ടാക്കുകയായി. അടുത്തകാലത്ത് ന്യൂ സൗത്ത് വെയിൽസിലെ ഉൾപ്രദേശത്ത് തീവ്രമായി മണ്ണിടിഞ്ഞ് കല്ലും പാറയും മരങ്ങളും വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. ഏതാണ്ട് ഒരു മാസത്തിനു ശേഷം വീണ്ടും ആ വഴി പോയപ്പോൾ ഈ ദുരന്തം സംഭവിച്ചതിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ പാത പഴയപടിയാക്കിയിരിക്കുന്നു.
ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ പാതയോരങ്ങളിൽ ധാരാളം മരങ്ങൾ (ചിലയിടങ്ങളിൽ പൂച്ചെടികളം) വച്ചുപിടിപ്പിക്കാനും കാലാകാലങ്ങളിൽ പാതയിലേക്കു ചായുന്ന ശാഖകൾ വെട്ടിയൊതുക്കാനും ആളുണ്ട്. യാത്രികർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്ന ബോർഡുകൾ ഒറ്റനോട്ടത്തിൽ വായിക്കാൻ പറ്റുംവിധം അതതു സ്ഥാനങ്ങളിൽ കാണാം. നമ്മുടെ നാട്ടിൽ പാൽപ്പൊടി വില്പനയ്ക്കു വരെ പരസ്യപ്പലകകൾ റോഡുകളിൽ പ്രദർശിപ്പിക്കുന്നവർ അവയൊക്കെ പടച്ചുവിടുന്ന അപകടങ്ങളെപ്പറ്റി ചിന്തിക്കാറുണ്ടോ?
ജാഥകൾ, ഘോഷയാത്രകൾ, കൊടിതോരണങ്ങൾ ഇവയൊന്നും റോഡുകളിൽ ഇല്ലേയില്ല. ആഘോഷങ്ങൾ നടത്തണോ? മീറ്റിംഗുകൾ കൂടണോ? എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കണോ? ഓരോന്നിനും പ്രത്യേകം പ്രത്യേകം ഇടങ്ങളുണ്ട്. റോഡുകൾ അവയ്ക്കുള്ള സ്ഥലങ്ങളല്ല. ഇവിടെ അവ പിഴവില്ലാത്ത ഒരു ഗമനാഗമന ഉപാധിമാത്രം.
സിസിലിയാമ്മ പെരുന്പനാനി