ഉണ്ണികളേ, ഒരു കഥ പറയാം
എസ്. ജയകൃഷ്ണൻ/ ഉണ്ണി അമ്മയന്പലം
Sunday, October 12, 2025 12:21 AM IST
ഉണ്ണി അമ്മയന്പലം- പേരിൽത്തന്നെയുണ്ട് "ഉണ്ണിത്തം'. ഒപ്പം അമ്മയും അമ്പലവും. അന്പലപ്പറന്പിൽ അമ്മയെ ചാരിയിരുന്നു കഥ കേൾക്കുന്ന ഉണ്ണിയുടെ ചിത്രമാണ് ഈ പേരു കേൾക്കുമ്പോൾതന്നെ മനസിൽ തെളിയുക. അപ്പോൾപ്പിന്നെ ഇദ്ദേഹം ഒരു ബാലസാഹിത്യകാരനായതിൽ അതിശയമില്ല.
പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ അമ്പതിലേറെ. പത്തു പുരസ്കാരങ്ങളും ലഭിച്ചു. 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം, കഥ-നോവൽ, വൈജ്ഞാനികം, ശാസ്ത്രം എന്നിവയിലെ കേരള ബാലസാഹിത്യഇൻസ്റ്റിറ്റ്യൂട്ട് അവാർഡുകൾ എന്നിവയും ഇതിലുൾപ്പെടും. അധ്യാപകനായ ഉണ്ണി കുട്ടികൾക്കുവേണ്ടിയുള്ള എഴുത്തുതുടങ്ങിയിട്ട് ഇരുപത്തഞ്ച് വർഷമായി. കുട്ടികൾക്കായി എഴുതുന്നത് എളുപ്പമല്ല.
അവരുടെ ശ്രദ്ധയാകർഷിക്കാൻ, അതു പിടിച്ചുനിർത്താൻ, അവരെ രസിപ്പിക്കാൻ ദശാവതാരം മതിയാകില്ല. എഴുത്തുകാരൻ ഒരേസമയം വിരുതൻ ശങ്കുവും ശിക്കാരി ശംഭുവും രാജുവും രാധയും കുട്ടൂസനും ഡാകിനിയുമെല്ലാമാകേണ്ടിവരും.
എഴുത്തിന്റെ, ബാലസാഹിത്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഉണ്ണി അമ്മയമ്പലവുമായി സംസാരിക്കുമ്പോൾ വ്യക്തമായ ദിശാബോധവും കാഴ്ചപ്പാടുമുള്ള എഴുത്തുകാരന്റെ രൂപമാണ് അലാവുദ്ദീന്റെ അദ്ഭുതവിളക്കിൽനിന്നെന്നപോലെ ഉയിർത്തുവരുന്നത്.
വായനയുടെ രസാനുഭവത്തിലേക്ക് കുട്ടികളെ നയിക്കണം
""രക്ഷിതാക്കളും അധ്യാപകരുമാണ് നല്ല ബാലസാഹിത്യം കുട്ടികൾക്ക് വായിക്കാൻ നൽകേണ്ടത്. ഭാഗ്യവശാൽ ഇത് സജീവമായി പലയിടങ്ങളിലും നടക്കുന്നുണ്ട്. എന്നാൽ തീരെ വായനയില്ലാത്ത അധ്യാപകരും സമയക്കുറവുള്ള രക്ഷാകർത്താക്കളും കുട്ടികളുടെ ഭാവി പരിഗണിക്കാതെ നല്ല പുസ്തകങ്ങൾ നൽകുന്നതിൽ നിന്ന് മാറിനിൽക്കുന്നു. ഈ സാഹചര്യം മാറണം. വായിക്കുന്നതിന്റെ രസാനുഭവത്തിലേക്ക് കുട്ടികളെ മടക്കിക്കൊണ്ടുവരണം.
വായന വാസ്തവത്തിൽ ഒരു പിന്തുണയാണ്. കുട്ടിയുടെ കൂടെനിന്ന് അച്ഛനും അമ്മയും അധ്യാപകരും ഒരുമിച്ചു വായിക്കുന്ന ഒരു വായനാനുഭവത്തിലേക്ക്, ചർച്ചയിലേക്ക് സാഹചര്യങ്ങൾ മാറിവരണം. മറിച്ച് കുട്ടികളോടു വായിക്കാൻ പറയുകയും അധ്യാപകരും രക്ഷാകർത്താക്കളും വായിക്കാതെയിരിക്കുകയും ചെയ്യുമ്പോൾ കുട്ടിക്ക് മുൻപറഞ്ഞതുപോലെ മാതൃകകൾ നഷ്ടമാകുന്നു. അത്തരം ഉപദേശങ്ങൾ അവർക്ക് അരോചകമാകുന്നു. സാവധാനം ഇത്തരം സദ്പ്രവൃത്തികളിൽനിന്ന് കുട്ടി പിൻമാറുന്നു.''
ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളി
ഡിജിറ്റൽ യുഗത്തിൽ, കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുക എന്നതു തീർച്ചയായും വെല്ലുവിളിയാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംഭാഷണം തുടങ്ങിയത്. ""നമ്മുടെയൊക്കെ കുട്ടിക്കാലം പോലെയല്ല ഇന്ന്.
ഇന്നു കുട്ടികൾക്ക് ഒരുപാട് ഓപ്ഷൻസ് ഉണ്ട്. പ്രിന്റ് മീഡിയ മാത്രമല്ല. അതുകൊണ്ടുതന്നെ ഈ ഭൂലോകം മുഴുവൻ വിരൽത്തുമ്പിൽ കിട്ടുന്ന ഒരു കുട്ടിയെ വായനയുടെ ഉല്ലാസകരമായ സാഹചര്യത്തിലേക്കു കൊണ്ടുവരണമെങ്കിൽ അവർക്ക് ഡിജിറ്റൽ മീഡിയ നല്കുന്ന സംതൃപ്തിയേക്കാൾ ഉയർന്ന എന്തെങ്കിലും ഒരു പുസ്തകം കൊണ്ട്, ഒരു കഥ കൊണ്ട്, ഒരു കവിത കൊണ്ട്, ഒരു നോവൽ കൊണ്ട് കിട്ടണം.
അത്തരത്തിൽ കുട്ടികൾക്കു വേണ്ടി എഴുതുമ്പോൾ മാത്രമാണ് ഇന്നത്തെ കാലത്ത് ബാലസാഹിത്യം അല്ലെങ്കിൽ ബാലസാഹിത്യകൃതി വിജയിക്കുന്നത്. വിരൽത്തുമ്പിൽ സെർച്ച് ചെയ്യുമ്പോൾ കിട്ടാത്തത് എന്താണോ അത് കുട്ടികൾക്ക് കൊടുക്കുക എന്നതാണ് ഇന്നത്തെ ബാലസാഹിത്യകാരന്മാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.''
പുതിയ കാലത്തെ എഴുത്ത്
പരന്പരാഗതമായ ബാലകഥകൾക്ക് ഇപ്പോൾ പ്രസക്തിയുണ്ടോ എന്നായിരുന്നു മറ്റൊരു സന്ദേഹം. പരമ്പരാഗത ബാലകഥകൾക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല എന്നു പറഞ്ഞ അദ്ദേഹം അതിന്റെ കാരണങ്ങളും വിശദീകരിച്ചു. ""കാലം മാറി. കുട്ടികളുടെ അനുഭവ തലങ്ങൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു.
അതുകൊണ്ടുതന്നെ പുതിയ കാലത്തെ കുട്ടികൾക്ക് വേണ്ടി എഴുതുക എന്നുള്ളത് ബാലസാഹിത്യകാരന്മാരുടെ ഏറ്റവും പ്രധാന ലക്ഷ്യമായി മാറണം. പരമ്പരാഗത ബാലകഥകൾ ഗൂഗിളിൽ നിന്നോ മറ്റോ ഒക്കെ കിട്ടാൻ സാധ്യത കൂടുതലാണ്. പഴയ പുസ്തകങ്ങളൊക്കെ ലൈബ്രറികളിൽ കാണും. പക്ഷേ അതൊന്നും പുതിയ കുട്ടികൾ തേടിപ്പിടിച്ച് വായിക്കണം എന്നില്ല. അവന്റെ ലോകത്തെ കണ്ടുകൊണ്ട് എഴുതാൻ ശ്രമിക്കുന്നതാണ് വിജയകരമായ ബാലസാഹിത്യരചന.''
സംഭാഷണം ഒരു ട്രാക്കിൽ കയറിയതോടെ വാക്കുകളും ആശയങ്ങളും ഒഴുകി. തട്ടുംതടവുമില്ലാതെ തന്റെ ആത്മാംശമായ ബാലസാഹിത്യത്തെക്കുറിച്ച് അദ്ദേഹം മനസു തുറക്കുകയായിരുന്നു.
ബാലസാഹിത്യം കുട്ടിക്കളിയല്ല
""ബാലസാഹിത്യം വെറും വിനോദം മാത്രമല്ല. എന്നാൽ അതിൽ വിനോദവും കൗതുകകരമായ കഥകളും കാര്യങ്ങളും ഒക്കെയുണ്ട്. ഇന്നത്തെ കുട്ടി നാളത്തെ പൗരനാണ്. മാറിവരുന്ന ഈ ലോകത്തെ മനസിലാക്കി ജീവിക്കാനുള്ള കരുത്ത് ഇന്നത്തെ കുട്ടികൾക്ക് നൽകുക. അവർ അനുഭവിച്ചുവരുന്ന ലോകം തെറ്റിന്റെയും ശരിയുടേതും കൂടിയാണ്.
ഏത് ശരി ഏത് തെറ്റ് എന്നു തിരിച്ചറിയാൻ കഴിയാത്തവിധം ഇടകലർന്ന ഒരു ലോകത്താണ് കുട്ടി വളർന്ന് മുന്നോട്ട് യാത്ര ചെയ്യുന്നത്. അപ്പോൾ ഏതാണ് മൂല്യത്തെ മുറുകെ പിടിച്ചുള്ള ജീവിതം, ഏതാണ് മൂല്യരഹിതമായ ജീവിതം, താൻ എന്താണു ചെയ്യേണ്ടത്, താനെങ്ങനെ ആകണം എന്നൊക്കെയുള്ള കൃത്യമായ കാഴ്ചപ്പാട്, വ്യക്തിത്വം, കുട്ടിക്കാലം മുതൽ രൂപപ്പെടേണ്ടത് ആവശ്യമാണ്. ഭാവിയിലേക്ക് ഒരു കുട്ടിയെ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഇക്കാലത്ത് ബാലസാഹിത്യം പ്രധാനമായും ലക്ഷ്യംവയ്ക്കേണ്ടത്.
പുതിയകാലത്ത് ഞാൻ കുട്ടികളുമായി സംവദിക്കാനും സംസാരിക്കാനും ആഗ്രഹിക്കുന്നത് ഈ കാലത്തെ നേരിടേണ്ടത് എങ്ങനെ എന്നാണ്. വായന കുട്ടികളിൽ കുറഞ്ഞുവരുന്നു. അവർ ഡിജിറ്റൽ മീഡിയയുടെ സ്വാധീനത്തിൽ അകപ്പെട്ടുപോകുന്നു. ഏത് ശരി ഏത് തെറ്റ് എന്ന് തിരിച്ചറിയാനാകാത്തവിധം കുട്ടികൾ ഒരു ദൂഷിതവലയത്തിൽ അലയുന്ന സാഹചര്യത്തിൽ നേർവഴി കാട്ടുന്ന മികച്ച ബാലസാഹിത്യം കൊടുക്കുക അതാണ് എന്റെ ലക്ഷ്യം.''
മാതൃകകൾ ഇല്ലാത്ത കാലം
ഇന്നത്തെ കുട്ടികൾക്ക് പരിചിതമായ സാഹചര്യത്തിൽനിന്ന് പരിചിതമായ കഥാപാത്രങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടത്. പല കുടുംബങ്ങളിലും കുട്ടിയെ കേൾക്കാനും കാണാനും ആരും ഇല്ലാത്ത അവസ്ഥയുണ്ട്.
തകർന്ന കുടുംബങ്ങളിൽ ജീവിക്കുന്ന കുട്ടികളുടെ ജീവിതത്തെയോ അവരുടെ വിചാരത്തെയോ വികാരങ്ങളെയോ സ്വപ്നങ്ങളെയോ ആശയക്കുഴപ്പങ്ങളെയോ അവർക്ക് ഈ ലോകം നൽകുന്ന പ്രതിസന്ധികളെയോ പ്രയാസങ്ങളെയോ കേൾക്കാൻ പലപ്പോഴും അധ്യാപകരോ വീട്ടുകാരോ സമൂഹമോ നിയമസംവിധാനങ്ങളോ തയാറാകുന്നില്ല.
ആ സാഹചര്യത്തിൽ ഒരു പുസ്തകം ആശ്വാസമായെന്നുവരാം. മാതൃകകൾ ഒന്നും ഇല്ലാത്ത ഒരു കാലം. ചുറ്റുംനോക്കിയാൽ വലിയ മനുഷ്യരെയൊന്നും അങ്ങനെ കാണാനില്ല. നോക്കുന്നതും കാണുന്നതും എല്ലാം നെഗറ്റീവ്. അവിടെ ബാലസാഹിത്യത്തിന് പ്രസക്തിയുണ്ട്.''
കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിക്കണം
""ഞാൻ കഴിഞ്ഞ 25 വർഷമായി അധ്യാപകനാണ്. അധ്യാപകർക്ക് പരിശീലനം കൊടുക്കുന്നുണ്ട്. അധ്യാപകർക്കുവേണ്ടിയും കുട്ടികൾക്കുവേണ്ടിയും രക്ഷാകർത്താക്കൾക്കുവേണ്ടിയും പുസ്തകങ്ങൾ എഴുതുന്നു. സെമിനാറുകൾ നടത്തുന്നു. കുട്ടികൾക്ക് കൗൺസലിംഗ് നൽകുന്നു. ഇതിൽ നിന്നൊക്കെ ഇന്നത്തെ കുട്ടിയുടെ മനസ് എന്താണെന്ന് ഏറെക്കുറെ മനസിലാകുന്നുണ്ട്.
ആ മനസിലാക്കലിനോട് അല്പം ഭാവനയും കൂടി ചേർത്ത് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു. ആത്യന്തികമായി കുട്ടികൾ വഴിതെറ്റാതെ നന്മയിലേക്ക് പോകുന്നതിന് ഒരു വഴിയൊരുക്കുക. അതാണ് കുട്ടികളുടെ ഭാഗത്തുനിന്ന് ഞാൻ ചിന്തിക്കുന്നത്.
കുട്ടികൾക്ക് ചിത്രങ്ങളും ഇഷ്ടമാണ്. കഥകളും ഇഷ്ടമാണ്. കൗതുകകരമായ കഥകൾ, അതായത് അവർ ഇതുവരെയും കേട്ടിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങൾ ഉള്ള കഥകളാണ് അവർക്കിഷ്ടം. ചിത്രങ്ങളും പ്രധാനമാണ്. പലപ്പോഴും നമ്മുടെ ബാലസാഹിത്യ പുസ്തകങ്ങളിൽ കഥകൾക്ക് അനുയോജ്യമായ ചിത്രങ്ങൾ ഉണ്ടാകുന്നില്ല എന്നത് സങ്കടകരമാണ്. വല്ലപ്പോഴും വരുന്ന വളരെ ഗംഭീരമായ ചില ചിത്രങ്ങൾ മാത്രമാണ് ആശ്വാസം.
മലയാള ബാലസാഹിത്യം വളരെ സമ്പന്നമാണ്. എല്ലാത്തരം കുട്ടികൾക്കും ആവശ്യമായ രചനകൾ മലയാളത്തിൽ ഇറങ്ങുന്നുണ്ട്. എന്നാൽ തീരെ മോശപ്പെട്ട പുസ്തകങ്ങളും വരുന്നു. മോശപ്പെട്ട പുസ്തകങ്ങൾക്കിടയിൽ ധാരാളം നല്ല പുസ്തകങ്ങൾ ഉണ്ടെങ്കിലും അവ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഈ പ്രതിസന്ധിഘട്ടം എന്റെ കൂടെ പ്രതിസന്ധിയായി മാറുന്നു. മാത്രമല്ല ഈ ഘട്ടത്തിൽ ഞാൻ ഒരു കുട്ടിയാണെങ്കിൽ എങ്ങനെ ചിന്തിക്കും, അങ്ങനെയാണ് ഞാൻ പുസ്തകം എഴുതാൻ ഇരിക്കുന്നത്.''
നഷ്ടലോകത്തെ വഴികാട്ടിയാകണം
""മുത്തശി, മുത്തശൻ, അച്ഛൻ, അമ്മ ഇതൊക്കെ എക്കാലവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇതൊക്കെ നഷ്ടപ്പെടുന്ന വീടുകൾ ഉണ്ടാകാം. നഷ്ടപ്പെടാത്ത വീടുകൾ ഉണ്ടാകാം. ഇതൊക്കെ നഷ്ടമാകുന്ന ഇടത്താണ് നല്ല കഥകൾ പറയുന്ന പുസ്തകങ്ങൾ ഉണ്ടാകേണ്ടത്.
വളരെ ചെറിയ കുട്ടി ആയിരിക്കുമ്പോൾ ഇത്തരം പുസ്തകങ്ങൾ അമ്മയും അച്ഛനും കുട്ടികളെ വായിച്ചു കേൾപ്പിക്കണം. കുട്ടി എപ്പോഴും ശ്രദ്ധിക്കുന്നത് ജീവിതമാണ്. പ്രവൃത്തിയാണ്. വായിക്കുന്ന അച്ഛൻ, വായിക്കുന്ന അമ്മ കുട്ടിയെ സ്വാധീനിക്കും. മുത്തശിമാരുടെ അഭാവത്തിൽ അവരുടെകൂടി റോൾ ഏറ്റെടുക്കേണ്ടത് വീട്ടിലെ മറ്റെല്ലാവരും കൂടിയാണ്. കൂടാതെ സ്കൂളിലെ അധ്യാപകരും.''
എഴുത്ത് തുടങ്ങിയത്
കുട്ടിക്കാലത്താണ് ഞാൻ എഴുത്ത് തുടങ്ങിയത്. സ്കൂളിൽ പോയി പഠിച്ചിട്ടില്ലാത്ത ഷാജി എന്ന പേരിലുള്ള ഒരു കാഥികൻ ആണ് എന്നെ എഴുത്തിലേക്കു കൊണ്ടുവന്നത്. ഗ്രാമത്തിലെ ഒരു ചെറിയ വായനശാല എന്നെ എഴുത്തുജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി. ആദ്യകാലങ്ങളിൽ ധാരാളം വായിക്കുകയും ചർച്ചചെയ്യുകയും ചെയ്തു.
പിന്നീട് മറ്റുള്ളവർ കഥ എഴുതുന്നതുപോലെ എഴുതണം എന്നുള്ള ആഗ്രഹത്തിന്റെ ഫലമായാണ് ഞാൻ എഴുത്തു തുടങ്ങിയത്. സ്കൂളിൽ കൈകേയി എന്ന മലയാളം അധ്യാപികയാണ് പ്രോത്സാഹിപ്പിച്ചത്, ഒപ്പം മുത്തുസ്വാമി സാറും.''
എപ്പോഴും അധ്യാപകൻ
അധ്യാപകനായിരുന്നു ഞാൻ എപ്പോഴും. കഥ പറഞ്ഞുകൊടുക്കുമ്പോൾ കുട്ടികൾ ശ്രദ്ധയോടെ കേൾക്കാറുണ്ട്. ആദ്യം ഞാൻ കഥകൾ പറഞ്ഞു കൊടുക്കുകയായിരുന്നു. കുട്ടികൾ ശ്രദ്ധയോടെ കേൾക്കുകയും അതിന്റെ ബാക്കി എന്ത് ബാക്കി എന്ത് എന്ന് ചോദിച്ചു വരികയും ചെയ്തു.
അപ്പോഴാണ് ബാലസാഹിത്യത്തിലേക്ക് തിരിഞ്ഞത്. എന്നാൽ കുട്ടിക്കാലം മുതൽ കവിതയും നാടകവും ഒക്കെ എഴുതിത്തുടങ്ങി. ബാലസാഹിത്യം വളരെ വൈകിയാണ് എഴുതിയത്.''
മൊബൈൽ, കംപ്യൂട്ടർ, എഐ
""മൊബൈൽ, കംപ്യൂട്ടർ, എഐ എന്നിവയെല്ലാം കാലത്തിന്റെ ആവശ്യമാണ്. ഇതൊന്നുമില്ലാത്ത ഒരു ജീവിതം ഇനി ഉണ്ടാകുമെന്നു തോന്നുന്നില്ല. എഐയുടെ അപകടം വളരെ വലുതാണ്. അതിനെക്കുറിച്ച് ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുന്നു.''
അതിവേഗം വളരുന്ന കുട്ടികൾ
""വളരുന്ന കുട്ടികൾക്ക് അവരുടെ വളർച്ചയും പ്രായവുമനുസരിച്ചുള്ള ബാലസാഹിത്യം ഉണ്ടാകണം. അക്കാര്യത്തിൽ മലയാളത്തിലെ ബാലസാഹിത്യശാഖ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. ഓരോ പ്രായത്തിനുമനുസരിച്ച് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകണം. എല്ലാകാര്യത്തിനും ഇവിടെ സിലബസ് ഉണ്ട്.
പക്ഷേ എന്തു വായിക്കണം എങ്ങനെ വായിക്കണം അതിനുമാത്രം സിലബസ് ഇല്ല. ഏതുതരം പുസ്തകങ്ങൾ വായിക്കണം എന്ന് സ്കൂൾ അധികാരികളോ അല്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പോ കുട്ടികൾക്കു വേണ്ടത്ര നിർദേശം നൽകുന്നില്ല എന്നു തോന്നുന്നു.''
അൽഗോരിതങ്ങളുടെ നാട്
""2024ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച കൃതിയാണ് "അൽഗോരിതങ്ങളുടെ നാട്.' തീർച്ചയായും എനിക്ക് അഭിമാനത്തോടെ പറയാൻ സാധിക്കും ബാലസാഹിത്യരംഗത്ത് നിലവിലുള്ള ബാലസാഹിത്യ രചനകളിൽനിന്ന് വേറിട്ട ഒരു രചനയാണത്. വായനക്കാരായ കുട്ടികളും മുതിർന്നവരും അത്തരത്തിൽ എന്നോട് സംസാരിച്ചിട്ടുണ്ട്.
നിലവിലുള്ള എഴുത്തുരീതികളിൽനിന്ന് മാറി ചിന്തിച്ചതിന്റെ ഫലം. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള അൽഗോരിതങ്ങൾ എങ്ങനെയാണ് മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നതെന്നും ഭാവിയിൽ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നതെന്നുമാണ് പറയാൻ ശ്രമിച്ചത്. അഞ്ചു വർഷംമുമ്പ് ഞാൻ എഴുതിയ പല കാര്യങ്ങളും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അത് വളരെ ആശാവഹമാണ്.
നമ്മൾ ഭാവനയിൽ എഴുതിവച്ച പലതും യാഥാർഥ്യമാകുമ്പോൾ സന്തോഷമുണ്ട്. പൂർണമായും യന്ത്രങ്ങളെ വിശ്വസിക്കരുതെന്നും മനുഷ്യൻ, മനുഷ്യന്റെ ശക്തി, മനുഷ്യന്റെ മഹത്വം അതാണ് പ്രധാനം എന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.''
സ്വാധീനിച്ചവർ
""ഡോ. കെ. ശ്രീകുമാർ, സിപ്പി പള്ളിപ്പുറം, തേക്കിൻകാട് ജോസഫ്, പി. നരേന്ദ്രനാഥ്, നന്തനാർ, പ്രഫ. എസ്. ശിവദാസ് തുടങ്ങിയവരാണ് സ്വാധീനിച്ച ബാലസാഹിത്യ എഴുത്തുകാർ. മറ്റു ഭാഷകളിലെയും ഇംഗ്ലീഷിലെയും ധാരാളം എഴുത്തുകാർ എന്നെ സ്വാധീനിച്ചിട്ടുണ്ട്.''
അങ്ങനെ ഉണ്ണി അമ്മയന്പലം പറഞ്ഞുനിർത്തുന്നു.
പുതിയ കുട്ടികൾക്ക് വേണ്ടി, പുതിയ കാലത്തിനുവേണ്ടി എഴുതുക. ഒപ്പം പുതിയ ബാലസാഹിത്യം വായിക്കുക.
കഥ തുടരും.