ആശയൊരാകാശം!
ഹരിപ്രസാദ്
Saturday, September 13, 2025 8:40 PM IST
ഒരുപാടൊരുപാടു വിജയങ്ങള്‍ നേടിയശേഷം ജീവിതത്തിന്റെ സായാഹ്നത്തിലിരുന്ന് പോയകാലം നന്ദിയോടെ ഓര്ക്കാനാവുകയെന്നത് സുകൃതമാണ്. 92 വയസു പൂര്‍ത്തിയായവേളയില്‍ എട്ടുപതിറ്റാണ്ടുപിന്നിട്ട സംഗീതജീവിതം വാക്കുകളില്‍ വരച്ചിടുകയായിരുന്നു വിഖ്യാത ഗായിക ആശാ ഭോസ്ലേ. ഇനിയും ഒരുപാടു പഠിക്കാനുണ്ടെന്നു പറയുന്നു ആരാധകരുടെ പ്രിയപ്പെട്ട ആശാ തായി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവരുടെ ജന്മദിനം...
""പേരുപോലെതന്നെ എന്റെ ഉള്ളുനിറയെ ആശയാണ്. എനിക്കിനിയും ഒരുപാടു ചെയ്യാനുണ്ട്''- പറയുന്നത് 92 വയസു തികഞ്ഞ ഗായികയാണ്, ആശാ ഭോസ്ലേ.
സംഗീതം ഇഷ്ടപ്പെടുന്ന മനുഷ്യജീവനുകള്‍ക്ക് ഇതിനപ്പുറം എന്തു പ്രതീക്ഷയാണ് പകരേണ്ടത്! ഇങ്ങനെ കേള്‍ക്കാന്‍ കഴിയുന്നതുതന്നെ ഭാഗ്യം.പത്താം വയസില്‍ പാടിത്തുടങ്ങി, മിന്നിത്തിളങ്ങുന്ന എട്ടുപതിറ്റാണ്ടുകള്‍ പിന്നിട്ട ഗായികയുടെ പുതിയ പാട്ട് ഈ കുറിപ്പ് പുറത്തിറങ്ങുന്നതിനു രണ്ടുനാള്‍ മുമ്പ് ലോകം കേട്ടിരിക്കും.
വിഖ്യാതമായ ഒരു ബ്രിട്ടീഷ് ബാന്‍ഡിനൊപ്പമാണ് ആശയുടെ ആ പാട്ട്. സംഗീതത്തില്‍ പൊതുവേ പറഞ്ഞുവച്ച ചട്ടക്കൂടുകള്‍ മറികടക്കുമ്പോള്‍ അസാധാരണ പ്രതിഭകളായ സംഗീതസംവിധായകരെല്ലാം എന്നെ പരീക്ഷണത്തിനുള്ള ഉപാധിയാക്കിയെന്നത് വലിയ സന്തോഷം- അവര്‍ പറയുന്നു.
കൈപിടിക്കുന്ന കൈയടികള്‍
"ഈ നീണ്ടയാത്രയില്‍ പിന്തുണയേകിയ ഓരോരുത്തര്‍ക്കും നന്ദിപറയാന്‍ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങളുടെ സ്നേഹമില്ലായിരുന്നെങ്കില്‍ എനിക്ക് ഇത്രകാലം തുടരാന്‍ കഴിയില്ലായിരുന്നു.
ഓരോതവണ കേള്‍ക്കുന്ന കൈയടികളും സംഗീതസാഗരത്തിന്റെ എത്തിപ്പെടാത്ത ആഴങ്ങളിലേക്കിറങ്ങാന്‍ എന്നെ പ്രചോദിപ്പിച്ചു. പുറമേ കാണുന്നതുപോലെയല്ല, ഞാന്‍ ഉള്ളുകൊണ്ട് അല്പം നാണക്കാരിയാണ്.
നേട്ടങ്ങളെക്കുറിച്ചു പറയാന്‍ എനിക്കു ധൈര്യമില്ല. പഠിക്കാന്‍ ഇനിയും ഒരുപാടുണ്ടെന്നതുതന്നെ കാരണം. മുന്നിലുള്ള സമയം വളരെ കുറവും'. ഔദ്യോഗികമായി 11,000 പാട്ടുകള്‍ പാടി റെക്കോര്‍ഡ് ചെയ്തതിന്റെ കണക്കുമായി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് സ്വന്തമായുള്ള ഗായികയാണ് ഇതു പറയുന്നതെന്നോര്‍ക്കണം.
"സത്യമായും എന്തെങ്കിലും റിക്കാര്‍ഡ് ഭേദിക്കണമെന്ന ആഗ്രഹത്തോടെ ഞാന്‍ ജോലിചെയ്തിട്ടില്ല. സിനിമാ സംഗീതരംഗം പുത്തന്‍ അനുഭവങ്ങളുടെ ലോകമായിരുന്നു. ആളുകള്‍ക്ക് എന്റെ പാട്ടുകള്‍ ഇഷ്ടമായതോടെ കൂടുതല്‍ അവസരങ്ങള്‍ വന്നു. ഏഴു പാട്ടുകള്‍ വരെ റെക്കോര്‍ഡ് ചെയ്ത ദിവസങ്ങളുണ്ട്'.
ബര്മന്, ജീനിയസ്
ഹിന്ദി ചലച്ചിത്രഗാനരംഗത്തെ ശ്രദ്ധേയമായ വഴിത്തിരിവുകളെക്കുറിച്ചും ആശ പറയുന്നു:"ആശ്ചര്യപ്പെടുത്തിയ പാശ്ചാത്യശൈലിയുമായി ഹിന്ദിയില്‍ ആദ്യമെത്തിയ കംപോസര്‍ സി. രാമചന്ദ്രയാണ്.
എല്‍വിസ് പ്രിസ്ലിയെപ്പോലുള്ളവരുടെ ശൈലിയില്‍ റോക്ക്-'ന് റോള്‍ പരീക്ഷണങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ആ ശൈലിയിലേക്കു ഞാന്‍ വേഗത്തില്‍ ഇണങ്ങി.
പഞ്ചാബി ഫോക് ഈണങ്ങളുമായാണ് ഒ.പി. നയ്യാര്‍ വന്നത്. അതിലേക്കും എന്റെ ശബ്ദം ചേര്‍ന്നുനിന്നു. പിന്നീടാണ് മ്യൂസിക്കല്‍ ജീനിയസായ എന്റെ ഭര്‍ത്താവ് രാഹുല്‍ ദേവ് ബര്മന് എത്തുന്നത് (ജന്മംകൊണ്ട് ത്രിപുരയിലെ രാജകുമാരനും പ്രതിഭകൊണ്ട് ചക്രവര്‍ത്തിയുമായിരുന്നു ബര്മന്).
അദ്ദേഹന്റെ വിപ്ലവകരമായ ശൈലിക്കും ശബ്ദങ്ങള്‍ക്കും സാങ്കേതികതയ്ക്കും ഇന്നും ആരാധകരുണ്ട്. അദ്ദേഹം 1994ലാണ് അന്തരിച്ചത്. കൃത്യം പിറ്റേവര്‍ഷം മറ്റൊരു മ്യൂസിക്കല്‍ ജീനിയസായ എ.ആര്. റഹ്മാന് രംഗീല എന്ന ചിത്രത്തിലെ അദ്ഭുതപ്പെടുത്തുന്ന ഈണങ്ങളുമായി ഹിന്ദിയിലെത്തി.
അദ്ദേഹത്തിനുവേണ്ടി രംഗീലാ രേ.., തന്ഹാ തന്ഹാ യഹാ പേ ജീന.. എന്നീ പാട്ടുകള്‍ പാടിയപ്പോള്‍ എനിക്ക് 62 വയസാണ്. ഇത്രയും പ്രായമുള്ള ഒരാളില്‍നിന്ന് ഇത്രയും മികച്ച പാട്ടുകളുണ്ടാക്കിയതിന് ഞാന്‍ റഹ്മാനോടു നന്ദി പറയട്ടെ..'
പ്രതിഭകള്‍, സ്നേഹിതര്‍
"ഒപ്പം പാടിയ, ഒരേകാലത്തു ജീവിച്ച വിസ്മയിപ്പിച്ച ഗായകരെ ഈസമയം ഓര്‍ക്കുകയാണ്. എന്റെ മുതിര്‍ന്ന സഹോദരി ലതാ മങ്കേഷ്കര്‍, മുഹമ്മദ് റഫി, കിഷോര്‍ കുമാര്‍, മന്നാ ഡേ, മുകേഷ്, ഹേമന്ത് കുമാര്‍, ഗീതാ ദത്ത്, ഷംഷാദ് ബീഗം... ആ നിര നീളുന്നു.
സഹപ്രവര്‍ത്തകര്‍ എന്ന നിലയ്ക്കുമാത്രമല്ല, ആത്മമിത്രങ്ങള്‍ എന്ന നിലയിലും അവരുമായി എന്നും ചേര്‍ന്നുനിന്നു. ഇവര്‍ക്കെല്ലാം പൊതുവായുള്ള ഒരു കാര്യമുണ്ട്- എല്ലാവരും ലാളിത്യമുള്ള മനുഷ്യരായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവരില്‍ മിക്കവാറുംപേര്‍ ഇന്നീ ലോകത്തില്ല. ഒരുതുള്ളി കണ്ണീര് പൊഴിക്കാതെ അവരെ ഓര്‍ക്കാനാവില്ല. ആരുടെയും നഷ്ടം നികത്താനുമാവില്ല.
കൈഫി ആസ്മി എഴുതി സച്ചിന് ദേവ് ബര്മന് ഈണമിട്ട ഒരുപാട്ട് ഓര്‍മിക്കുന്നു- ദേഖീ സമാനേ കി യാരി.., ബിഛ്ഡേ സഭി ബാരി ബാരി...' (ഈ ലോകത്ത് സ്നേഹബന്ധങ്ങള്‍ക്ക് എന്താണുണ്ടാവുകയെന്ന് ഒരുപാടറിഞ്ഞിട്ടുണ്ട്, എല്ലാവരും പിരിഞ്ഞുപോകുന്നു.. ഓരോരുത്തരായി...)എത്ര മനോഹരമായ ചിന്തകളാണ് പ്രിയ ഗായികയുടേത്!
വൈവിധ്യത്തിന്റെ ശബ്ദം
ഉമ്രാവോ ജാന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്, എണ്‍പതുകാരനായ മുസാഫര്‍ അലി ആ ചിത്രത്തിലെ വിഖ്യാതമായ പാട്ടുകളെക്കുറിച്ചു പറഞ്ഞത് കഴിഞ്ഞനാളാണ്. ബഹുമുഖതയ്ക്ക് ഒരു സ്വരമുണ്ടെങ്കില്‍ അതു തീര്‍ച്ചയായും ആശാ ഭോസ്ലേയുടേതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഹിന്ദി സിനിമയുടെ പതിവുകള്‍ വിട്ടുള്ള സുഗന്ധമാണ് തന്റെ സിനിമയ്ക്കു വേണ്ടിയിരുന്നതെന്ന് അദ്ദേഹം ഓര്‍മിച്ചു. ഗസല്‍ ആയിരുന്നു എന്റെ ചിന്തയില്‍. ആശാജി അന്നധികം ഗസലുകള്‍ പാടിയിട്ടില്ല. എന്നാല്‍ ഒരു ഗായികയായി മാത്രമല്ല, കഥാപാത്രമായി മാറിക്കൊണ്ട് ആ സിനിമയിലെ പാട്ടുകള്‍ പാടാന്‍ അവര്‍ ഒരുക്കമായിരുന്നു.
സാധാരണ പിച്ചില്‍നിന്നു താഴ്ത്തിയാണ് പാടിയത്. പാട്ടുകള്‍ കൂടുതല്‍ മിനുക്കിയെടുക്കാന്‍ എത്ര സമയം ചെലവിടാനും അവര്‍ തയാറായി- മുസഫര്‍ അലി പറയുന്നു.ഉമ്രാവോ ജാനിലെ പാട്ടുകളിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം ആശയെ തേടിയെത്തിയെന്നതു ചരിത്രം.