ജിഞ്ചി കോട്ടയുടെ "പഞ്ച്'
കെ.പി.ആന്റണി
Saturday, September 13, 2025 8:33 PM IST
ബ്രിട്ടീഷുകാർ കിഴക്കിന്റെ ട്രോയ് എന്നും ഛത്രപതി ശിവജി ഇന്ത്യയിലെ ഏറ്റവും അജയ്യമായ കോട്ടയെന്നും വിശേഷിപ്പിച്ച ജിഞ്ചി ഫോർട്ട്. സെഞ്ചിയെന്നും വിളിക്കപ്പെടുന്ന കോട്ട ചരിത്രത്തിലേക്കു ജാലകങ്ങൾ തുറന്നിടുന്നു. തമിഴ്നാട്ടിൽ അവശേഷിക്കുന്ന ചുരുക്കം കോട്ടകളിലൊന്നായ ജിഞ്ചിയുടെ വിശേഷങ്ങളിലേക്ക്...
കാട്പാടിയിൽ ട്രെയിനിറങ്ങി രാവിലെ പത്തോടെ വെല്ലൂർ ബസ് സ്റ്റാൻഡിലെത്തുന്പോൾ ജിഞ്ചി ബസ് പുറപ്പെടാൻ തയാറായി നിൽക്കുന്നു.
ബസിൽ ചാടിക്കയറി, രണ്ടു മണിക്കൂർ നീണ്ട യാത്ര. വിശാലമായ മലനിരകൾ ജിഞ്ചിയെത്തിയെന്നറിയിച്ചു. രണ്ടു കിലോമീറ്റർ ദൂരംകൂടി ഓട്ടോറിക്ഷയിൽ പോയാൽ രാജഗിരിയായി- കോട്ടകളിൽ ആദ്യത്തേത്. ടിക്കറ്റെടുത്ത് കോട്ടയിലേക്ക്. ആൽമരങ്ങൾ തണലിടുന്ന മുറ്റം.
ജിഞ്ചി കോട്ടയുടെ ചരിത്രം
മൂന്നു കുന്നുകളിലായി വ്യാപിച്ചു കിടക്കുന്ന കൂറ്റൻ കോട്ടസമുച്ചയം. 1190-ൽ കോനാർ രാജവംശത്തിലെ ആനന്ദകോൻ നിർമിച്ച രാജഗിരി കോട്ട പതിമൂന്നാം നൂറ്റാണ്ട ിലും പതിനാലാം നൂറ്റാണ്ടിലും വലുതാക്കി.
പതിനാറാം നൂറ്റാണ്ടിൽ കല്യാണമഹലും ഇസ്ലാമിക രീതിയിലുളള പല നിർമിതികളും പണികഴിപ്പിച്ചു. പിന്നീട് കൃഷ്ണഗിരി കോട്ടയും ചന്ദ്രയാൻ ദുർഗും പണിത് കോട്ടസമുച്ചയം പൂർത്തിയാക്കി.
തന്ത്രപരമായ സ്ഥാനം കാരണം കോട്ട നിയന്ത്രണത്തിലാക്കുന്നതിന് ഭരണാധികാരികൾ തമ്മിൽ ഒട്ടേറെ പോരാട്ടങ്ങൾ നടന്നു. ഇന്ത്യൻ ചരിത്രത്തിലെ ഇതിഹാസയുദ്ധങ്ങൾക്കും ഉപരോധങ്ങൾക്കും സാക്ഷ്യംവഹിച്ച കോട്ടയുടെ ആധിപത്യം മാറിക്കൊണ്ടേയിരുന്നു.
കോനാർ, വിജയനഗര സാമ്രാജ്യം, ജിഞ്ചീ നായക്മാർ, ബിജാപുർ സുൽത്താൻ, മറാത്ത സാമ്രാജ്യം, മുഗളർ, ഫ്രഞ്ച്, ബ്രിട്ടീഷ് ഭരണാധികാരികൾവരെ സാമ്രാജ്യങ്ങളുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷ്യം വഹിച്ച കോട്ട. പലരും ജിഞ്ചി കോട്ട അവരുടെ ഭരണനിർവഹണത്തിന്റെ പ്രധാന കേന്ദ്രമാക്കി.
എട്ടുവർഷത്തെ ഉപരോധം കൊണ്ടാണ് ശിവജി കോട്ട പിടിച്ചെടുത്തതെന്നത് കോട്ടയുടെ അജയ്യത വിളംബരംചെയ്യുന്നു. കുന്നുകളിൽ സ്ഥാപിതമായ രാജഗിരി കോട്ട, കൃഷ്ണഗിരി കോട്ട, ചന്ദ്രയാൻ ദുർഗ് എന്നിവ മതിലുകളും കിടങ്ങുകളും കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
കോട്ട ഭിത്തികൾക്ക് പതിമൂന്നു കിലോ മീറ്റർ നീളവും 25 അടി വരെ ഉയരവുമുണ്ട്. വീതിയുള്ള കിടങ്ങുകളും കരിങ്കൽ പാറകളിൽ ഉറപ്പിച്ച കൽച്ചുവരുകളും കാണാം. 11 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സമുച്ചയത്തിന് ഏഴു കവാടങ്ങളുണ്ട്.
രാജഗിരി കോട്ടയിലെ കാഴ്ചകൾ
ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ കോട്ടയാണ് രാജഗിരി. 800 അടി ഉയരം. കല്യാണമഹലും ജയിലറകളും ഗ്രാനറിയും കണ്ടശേഷം കോട്ട കയറാം.
കുത്തനെയുള്ള ചെരിവുകളും ഇടുങ്ങിയ പടികളും പാറകളിൽ കൊത്തിയ കൽപ്പടവുകളും കയറ്റം പ്രയാസകരമാ ക്കുന്നു. കുത്തനെയുള്ള വഴികളിലൂടെ, ഇടനാഴികളിലൂടെ കയറിയിറങ്ങി, അലഞ്ഞുതിരിഞ്ഞ് ചരിത്രവും വാസ്തുവിദ്യയും കണ്ടറിയാം.
കോട്ടയിൽ ക്ഷേത്രങ്ങൾ, കളപ്പുരകൾ, ദർബാർ ഹാളുകൾ, മണ്ഡപങ്ങൾ, കവാടങ്ങൾ, ജലസംഭരണികൾ... കാഴ്ചകൾ അവസാനിക്കുന്നില്ല. പ്രധാനപാതയ്ക്ക് അപ്പുറമുള്ള കൃഷ്ണഗിരി കോട്ട 700 അടി ഉയരത്തിലാണ്. ഇത്തവണ കയറി കാണാനായില്ല. കൃഷ്ണഗിരി കോട്ടയിലും മനോഹര നിർമിതികളുണ്ട്.
ചന്ദ്രയാൻ ദുർഗ് ഏകദേശം 600 അടി ഉയരമുള്ള കോട്ടയാണ്. ഒറ്റപ്പെട്ടതും എത്തിച്ചേരാൻ പറ്റാത്തതുമായ ഭാഗം.പൈതൃകവും സാഹസികതയും ഇഷ്ടപ്പെടുന്നവരെ ജിഞ്ചി കോട്ട കാത്തിരിക്കുന്നു. രാജഗിരിയും കൃഷ്ണഗിരിയും ചരിത്രസ്മാരകം മാത്രമല്ല, വാസ്തുവിദ്യയുടേയും എഞ്ചിനീയറിംഗിന്റെയും അത്ഭുതംകൂടിയാണ്.
സെഞ്ചിയമ്മൻ ക്ഷേത്രത്തിൽനിന്നാണ് തമിഴിൽ ജിഞ്ചി അല്ലെങ്കിൽ സെഞ്ചി എന്ന പേര് കോട്ടസമുച്ചയത്തിനു ലഭിച്ചത്. പോണ്ടിച്ചേരി യാത്രപോകുന്നവർക്ക് ജിഞ്ചി കോട്ടയും ഉൾപ്പെടുത്താം. പോണ്ടിച്ചേരിയിൽനിന്ന് 70 കിലോമീറ്ററാണ് ദൂരം. തിണ്ടിവനമാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 30 കിലോമീറ്റർ അകലെ.