അഭിമാനക്കൊടുമുടിയിൽ...
ജോയി കിഴക്കേൽ
Saturday, September 13, 2025 8:22 PM IST
എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിതയാണ് സഫ്രീന ലത്തീഫ്. ചരിത്രത്തിലേക്കു നടന്നുകയറുന്പോൾഅവരെ മനസ് പലവട്ടം പിന്നോട്ടുവലിച്ചു. പക്ഷേ നിശ്ചയദാർഢ്യത്തിന്റെ വെളിച്ചം അവർക്കുമുന്നിൽ തെളിഞ്ഞു... ഒരു സ്വപ്നം സഫലമായി...
ഖുംബു ഐസ്ഫോൾ. സമയം പുലർച്ചെ രണ്ട്.സഫ്രീനയും സംഘവും അർധരാത്രി ബേസ് ക്യാന്പിൽനിന്ന് ആരംഭിച്ച യാത്രയാണ്.
ഇവിടെ പത്തുനില കെട്ടിടത്തിന്റെ ഉയരത്തിൽ മഞ്ഞുകട്ടകൾ അടിഞ്ഞുകിടക്കുന്ന സ്ഥലത്തുകൂടി റോപ്പിൽ പിടിച്ചുകയറുകയും മറുവശത്തെത്തുന്പോൾ ഉൗർന്നിറങ്ങുകയും വേണം. ക്രാംപോണ്സ് ഘടിപ്പിച്ച ബൂട്ട്സിട്ട് ഓരോ അടിവച്ച് മുന്നോട്ട്. അതീവശ്രദ്ധയോടെയല്ലെങ്കിൽ മഞ്ഞുപാളികളിലേക്ക് കാലുകൾ പൂഴ്ന്നുപോകും.
ഇവിടെയെത്തിയ നിമിഷം സഫ്രീനയൊന്നു പകച്ചു. ഒരു പാനിക് അറ്റാക്ക്. ഇനി ഒരിടപോലും മുന്നോട്ടുവയ്യെന്ന് മനസ് അലറിവിളിക്കുന്നു. ശ്വാസംപിടിച്ച് ഹൃദയമിടിപ്പെണ്ണി അല്പനേരം.
ഷെർപ്പ ധൈര്യം പകരാനെത്തി. മുന്നിലുള്ളത് വലിയ ലക്ഷ്യമാണ്. പിടിവിട്ടുകൂടാ. വെല്ലുവിളികൾ മറികടന്ന് സഫ്രീന മുന്നോട്ട്... അങ്ങനെ, എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളിവനിതയെന്ന ബഹുമതി സഫ്രീന ലത്തീഫിന്. അഭിമാന നിമിഷം.
ഉയരങ്ങൾ തേടി..
സഫ്രീനയ്ക്കും ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സർജനായ ഭർത്താവ് ഡോ. ഷെമീലിനും സാഹസിക പർവതാരോഹണം ഹൃദയവികാരമാണ്.
ആഫ്രിക്കയിലെ ഉയരംകൂടിയ കൊടുമുടിയായ കിളിമഞ്ജാരോ (5,895 മീറ്റർ) കീഴടക്കിയപ്പോൾ സഫ്രീനയുടെ മനസിൽ ഒരു സ്വപ്നം മൊട്ടിട്ടു- എവറസ്റ്റ്!2022ൽ അർജന്റീനയിലെ അക്കോൻകാഗ്വ (6,961 മീറ്റർ), 2024ൽ റഷ്യയിലെ എൽബ്രസ് (5,642 മീറ്റർ) എന്നീ കൊടുമുടികളുടെ നെറുകയിലെത്തിയതോടെ കൂടുതൽ ത്രില്ലിലായി.
വൈകാതെ പരിശീലനം തുടങ്ങി. ഖസാക്കിസ്ഥാനിലെ ഉയരംകൂടിയ മഞ്ഞുപർവതങ്ങളിലായിരുന്നു പരിശീലനച്ചുവടുകൾ. അതു പൂർത്തിയായതോടെ എവറസ്റ്റിൽ ദേശീയപതാക പാറിക്കാനുള്ള ആത്മവിശ്വാസമായി. ഭർത്താവ് ഷെമീലിനൊപ്പമുള്ള പർവതാരോഹണമായിരുന്നു പദ്ധതിയിട്ടത്. എന്നാൽ പരിശീലനത്തിനിടെയുണ്ടായ പരിക്കുമൂലം ഷെമീലിന് എവറസ്റ്റ് കയറാനായില്ല.
തുടക്കം ഖത്തറിൽനിന്ന്
കഴിഞ്ഞ ഏപ്രിലിൽ ഖത്തറിൽനിന്നാണ് സഫ്രീന എവറസ്റ്റിലേക്കുള്ള യാത്ര തുടങ്ങിയത്. 12ന് നേപ്പാളിലെ ലുക്ല എയർപോർട്ടിൽ എത്തി. എലീറ്റ് എക്സ്പെഡ് എന്ന പർവതാരോഹണ സംഘത്തിനൊപ്പമായിരുന്നു യാത്ര. അവിടെനിന്ന് ഏഴുദിവസത്തെ ദൂരമുണ്ട് എവറസ്റ്റ് ബേസ് ക്യാന്പിലേക്ക്.
സമുദ്രനിരപ്പിൽനിന്ന് 5,364 മീറ്റർ ഉയരത്തിലാണ് ബേസ് ക്യാന്പ്. അവിടെ ഏതാനും ദിവസം തങ്ങി. കൊടുമുടിയോടും കാലാവസ്ഥയോടും പൊരുത്തപ്പെടാനായിരുന്നു ഇത്. ഗൈഡ് അനൂപ് ഷെർപ്പയുടെ നിർദേശങ്ങൾ പാലിച്ച് അതികഠിനമായ പരിശീലനം തുടർന്നു.
റൊട്ടേഷൻ ക്ലൈംബിംഗ്
രണ്ടാഴ്ചത്തെ പരിശീലനത്തിനുശേഷം ഖുബു ഐസ്ഫോൾ കടന്ന് ക്യാന്പ് 1, ക്യാന്പ് 2 എന്നിവയിൽ ഓരോദിവസം താമസിച്ച് ക്യാന്പ് 3 വരെ എത്തി.
അവിടെനിന്ന് ബേസ് ക്യാന്പിലേക്കു മടങ്ങി. 7,300 മീറ്റർ ഉയരമുള്ള സ്ഥലത്തോടു സമരസപ്പെടാനായിരുന്നു ഈ റൊട്ടേഷൻ ക്ലൈംബിംഗ്. എവറസ്റ്റിനു മുകളിലെ കാറ്റിന്റെ വേഗവും സമയവും കണക്കാക്കി കാലാവസ്ഥാ നിരീക്ഷണ വിഭാഗം നൽകിയ അറിയിപ്പു ലഭിച്ചശേഷമായിരുന്നു പിന്നീടുള്ള യാത്ര.
ബേസ് ക്യാന്പിൽനിന്നു ഒരർധരാത്രി ആരംഭിച്ച ആ യാത്രയാണ് തുടക്കത്തിൽ കണ്ടത്. ഖുബു ഐസ്ഫോളിലെ അടർന്നുവീഴുന്ന മഞ്ഞുപാളികൾ സഫ്രീനയുടെ നിശ്ചയദാർഢ്യത്തെ ഒരുനിമിഷം ഹൃദയത്തിൽനിന്ന് അടർത്തി.
തളർന്നില്ല. ഷെർപ്പയുടെ വാക്കുകളിൽ മുറുകെപ്പിടിച്ച് വെല്ലുവിളികൾ മറികടന്ന് ക്യാന്പ് മൂന്നിലേക്ക്. ക്യാന്പ് രണ്ടിൽനിന്ന് 14 മണിക്കൂർ കയറിയാണ് ഇവിടെയെത്തിയത്.
7,200 മീറ്റർ ഉയരമുള്ള ഇവിടെയെത്തിയപ്പോൾ മേയ് 16.
മരണമുനന്പിൽ
ഒരിക്കൽക്കൂടി സഫ്രീന തരിച്ചുനിന്നു, മനസൊന്നു പതറി. മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന ഒരു മൃതദേഹം കണ്ടപ്പോഴായിരുന്നു അത്. മരണമുനന്പിലേക്കുള്ള അതിസാഹസികമായ യാത്രയ്ക്കിടെയായിരുന്നു സഫ്രീന അപ്പോൾ.
ഉയരം 8,000 മീറ്റർ. ക്യാന്പ് 4നു മുകളിലുള്ള ഈ ഭാഗത്തിന്റെ പേരാണ് ഡെത്ത് സോണ്. പേരുപോലെ മരണം ചൂഴ്ന്നുനിൽക്കുന്നയിടം. വഴിയിൽ മൃതദേഹം കാണുന്നത് അത്രയപൂർവമല്ല. ആത്മധൈര്യം വീണ്ടെടുത്ത് ഫിനിഷിംഗ് പോയിന്റിനെ മനസിലുറപ്പിച്ച് സഫ്രീന അവസാന ഒരുക്കം തുടങ്ങി.
എവറസ്റ്റിൽ, തലയെടുപ്പോടെ
ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഉപയോഗിച്ചെന്നപോലെ, സർവശക്തിയും സമാഹരിച്ച് സമ്മിറ്റ് പുഷ് എന്നുവിളിക്കുന്ന എവറസ്റ്റിന്റെ മുകളിൽ സഫ്രീന കാൽതൊട്ടു.
സൗത്ത് സമ്മിറ്റിൽനിന്ന് റിയൽ സമ്മിറ്റിലേക്ക് ഹിലാരി സ്റ്റെപ്പിലുള്ള റിഡ്ജിലൂടെ റോപ്പിൽ പിടിച്ച് മുന്നോട്ട്. മേയ് 18ന് നേപ്പാൾ സമയം 10.25നാണ് സ്വപ്നതുല്യമായ ലക്ഷ്യത്തിലെത്തിയത്. എല്ലാം മറന്ന് 45 മിനിറ്റോളം എവറസ്റ്റിനു മുകളിൽ നിന്നപ്പോൾ കണ്മുന്നിൽ ഇതൾവിരിഞ്ഞത് കാഴ്ചയുടെ അപൂർവ വിരുന്ന്.
ഹിമഗിരിയുടെ അനുപമസൗന്ദര്യം ആവോളം ആസ്വദിക്കുക, ഒപ്പം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുക- സഫ്രീനയുടെ മനസിൽ വികാരങ്ങളുടെ വേലിയേറ്റമായിരുന്നു. ദൃശ്യങ്ങൾ കാമറയിലാക്കി നെടുവീർപ്പിടുന്പോൾ കവി നാലപ്പാട്ട് നാരായണ മേനോന്റെ ഈരടികൾ മനസിൽ അലയടിച്ചു- അനന്തമജ്ഞാതമവർണനീയം...
ത്യാഗത്തിൽ ചാലിച്ചെടുത്ത ജീവിതത്തിൽനിന്നു മാത്രമേ വിജയമുണ്ടാകൂ എന്നാണ് സഫ്രീനയുടെ കാഴ്ചപ്പാട്. തലശേരി പുന്നോൽ പി.എം. അബ്ദുൾ ലത്തീഫ്- കെ.പി. സുബൈദ ദന്പതികളുടെ മകളാണ് സഫ്രീന. കണ്ണൂർ സ്വദേശിയാണ് ഭർത്താവ് ഡോ. ഷെമീൽ. മകൾ മിൽഖ. അടുത്ത കൊടുമുടി കയറാനുള്ള ഒരുക്കത്തിലാണ് മലയാളികളുടെ അഭിമാനതാരം ഇപ്പോൾ.