വാക്കുകളിലെ വള്ളംകളി
ആന്റണി ആറിൽചിറ ചന്പക്കുളം
Saturday, August 2, 2025 9:07 PM IST
""ഒന്നാം ട്രാക്കിൽ ചമ്പക്കുളം, രണ്ടാം ട്രാക്കിൽ നടുഭാഗം, മൂന്നാം ട്രാക്കിൽ കാരിച്ചാൽ, നാലാം ട്രാക്കിൽ പായിപ്പാട്. നാല് ഗജവീരൻമാർ, ചമ്പക്കുളമാണോ, നടുഭാഗമാണോ, കാരിച്ചാലാണോ അതോ പായിപ്പാടാണോ അല്പം മുന്നിൽ, ആരായിരിക്കും ഇത്തവണ നെഹ്റു ട്രോഫിയിൽ മുത്തം വയ്ക്കുക.
അവരുടെ വരവ് കണ്ടില്ലേ, എന്തൊരു ആവേശമാണ്, കാരിരുമ്പിന്റെ കരുത്തുള്ള കരുമാടിക്കുട്ടൻമാർ, അരയൊന്നനക്കി, തുഴമുറുക്കി കുനിഞ്ഞ് കുത്തി, താഴ്ത്തി വലിച്ച് വരുന്ന വരവു കണ്ടോ'' എന്ന് താളത്തിൽ ചോദിക്കുന്ന കമന്റേറ്ററുടെ വാക്കുകേൾക്കുന്ന ശ്രോതാക്കൾ ലോകത്തിന്റെ ഏതു കോണിലായാലും അല്പസമയം മനസുകൊണ്ടും ഹൃദയം കൊണ്ടും ആലപ്പുഴ പുന്നമടക്കായലിലെ നെട്ടായത്തിലേക്ക് എത്തും.
വള്ളംകളിയുടെ കമന്ററിയോടൊപ്പം താളത്തിലുള്ള വള്ളപ്പാട്ടുകളും നാടൻ പാട്ടുകളും, വള്ളംകളിയുടെയും വള്ളത്തിന്റെയും നാടിന്റെയും കരയുടേയും ക്ലബുകളുടേയും ചരിത്രം, ട്രോഫി നേടിയ വർഷങ്ങൾ, നേതൃത്വം കൊടുത്ത ക്യാപ്റ്റൻമാരുടെ വിവരങ്ങൾ തുടങ്ങി പ്രാദേശിക ചരിത്രങ്ങളും ചേർത്ത് കാണികളേയും ശ്രോതാക്കളേയും വള്ളംകളിയുടെ ആവേശക്കൊടുമുടി കയറ്റുന്ന ദൃക്സാക്ഷി വിവരണക്കാരുടെ നിരയിൽ പ്രധാനികളായിരുന്നു വി.വി. ഗ്രിഗറിയും പി.ഡി. ലൂക്കും ജോസഫ് ഡി. ഇളംകുളവും നാഗവള്ളി ആർ.എസ്. കുറുപ്പും.
വള്ളംകളി നേരിട്ടുകണ്ടിട്ടുള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ ആവേശം തീർക്കുന്നതായിരുന്നു റേഡിയോ ദൃക്സാക്ഷി വിവരണങ്ങൾ. റേഡിയോ മാത്രം ഉണ്ടായിരുന്ന കാലത്ത് പുന്നമടയിലെ ദൃശ്യം വാക്കുകളിലൂടെ അനുഭവവും ആവേശവുമായി ശ്രോതാക്കളിൽ എത്തിച്ചവരാണ് ദൃക്സാക്ഷി വിവരണക്കാർ.
ഒരുകാലത്ത് കരക്കാരുടെ ആവേശവും അഭിമാനവുമായിരുന്ന ചുണ്ടൻ വള്ളങ്ങൾ പുന്നമട കായലിൽ പണ്ഡിറ്റ് നെഹ്റുവിന്റെ കയ്യൊപ്പു ചാർത്തിയ വെള്ളിക്കപ്പിനു വേണ്ടി പോരാടുമ്പോൾ കായൽക്കരയിൽ കളി കാണാൻ എത്താതെ പോകുന്ന ഭൂരിപക്ഷത്തിന്റെയും ആശ്രയം ആകാശവാണി മാത്രമായിരുന്നു. അവർ റേഡിയോയുടെ ചുറ്റുമിരുന്ന് ദൃക്സാക്ഷി വിവരണക്കാരുടെ വാക്കുകളിലൂടെ വള്ളംകളികണ്ടു.. തങ്ങളുടെ വള്ളം വിജയിച്ചത് കണ്ട് സന്തോഷിച്ചു.., ഏതാനും തുഴപ്പാടുകൾക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ സങ്കടപ്പെട്ടു.
മറ്റു കായിക ഇനങ്ങളിൽനിന്നു വ്യത്യസ്തമാണ് വള്ളംകളി എന്നതുപോലെ ഇതിന്റെ ദൃക്സാക്ഷി വിവരണവും വ്യത്യസ്തമാണ്. മറ്റു കളികളിൽ താത്പര്യംകൊണ്ട് ആളുകൾ ദൃക്സാക്ഷി വിവരണം കേൾക്കുന്നെങ്കിൽ ഇവിടെ ദൃക്സാക്ഷി വിവരണത്തിൽ നിന്ന് ആവേശംകൊണ്ട് വള്ളംകളി ആവേശമായി മാറിയവരുണ്ട്.
ആലപ്പുഴ നെഹ്റു ട്രോഫിയോളം പാരമ്പര്യമുണ്ട് വള്ളംകളി ദൃക്സാക്ഷി വിവരണത്തിന്. 1955ൽ പുന്നമടക്കായലിലേക്ക് എത്തിയ വള്ളംകളിയിലാണ് ദൃക്സാക്ഷി വിവരണം അരങ്ങേറിയത്. ആകാശവാണിയിലെ കായിക വിഭാഗത്തിന്റെ തലവനായിരുന്ന നാഗവള്ളി ആർ.എസ്. കുറുപ്പ് ഇങ്ങനെയൊരു ആശയം അധികാരികളുടെ മുന്നിൽ വയ്ക്കുമ്പോൾ ഇത് എത്രമാത്രം വിജയിക്കും എന്ന് അവർക്ക് സംശയം ഉണ്ടായിരുന്നു.
എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള സമയം ആകാശവാണിക്ക് വർഷത്തിലെ ഏറ്റവും അധികം ശ്രോതാക്കളെ നേടിക്കൊടുക്കുന്ന പരിപാടിയായി ഇതു മാറി. ആലപ്പുഴ നെഹ്റു ട്രോഫി ദിനത്തിലാണ് ഇന്നും ആകാശവാണിക്ക് ഏറ്റവുമധികം ശ്രോതാക്കളുള്ളത് എന്നത് വള്ളംകളിയുടെയും ദൃക്സാക്ഷി വിവരണത്തിന്റെയും ആവേശത്തിന്റെ ഒന്നുചേരലാണ്.
ടെലിവിഷൻ ചാനലുകൾ തുടക്കം മുതൽ ഒടുക്കം വരെ അല്പംപോലും ആവേശം കെടാതെ മുഴുവൻ ലൈവിൽ കാണിക്കുമ്പോഴും അടുത്തകാലം വരെയും റേഡിയോയിലെ കമന്ററിക്ക് കാതോർക്കുന്നവരായിരുന്നു ചാനൽ പ്രേക്ഷകരിൽ ഭൂരിഭാഗവും.
നെഹ്റു ട്രോഫിയിലെ ആദ്യ ദൃക്സാക്ഷി വിവരണക്കാരനായത് നാഗവള്ളി ആർ.എസ്. കുറുപ്പായിരുന്നു. കൂടെയുണ്ടായിരുന്നത് അക്കാലത്ത് ഡപ്യൂട്ടി കളക്ടറായിരുന്ന എൻ.ടി. ചെല്ലപ്പൻ നായരും. അന്പതുകളിൽ തുടങ്ങി എഴുപതുകളുടെ അവസാനംവരെ നാഗവള്ളി ആയിരുന്നു വള്ളംകളി ദൃക്സാക്ഷി വിവരണത്തിന്റെ അമരക്കാരൻ.
പിന്നീട് ആകാശവാണിയിലെ സതീഷ് ചന്ദ്രൻ നേതൃത്വം നല്കിയ ടീമാണ് ദൃക്സാക്ഷി വിവരണത്തെ ഇത്രയേറെ ജനകീയമാക്കിയത്. കാഴ്ചക്കാരിലും കേൾവിക്കാരിലും ഇത്രയേറെ ആവേശവും താത്പര്യവും കൊണ്ടുവന്നതിൽ വി.വി. ഗ്രിഗറിക്കുള്ള സ്ഥാനം എടുത്തുപറയണം. ലൈവ് കമന്ററി നല്കുന്നതോടൊപ്പം ആവേശത്തിൽ താളംപിടിച്ച് വഞ്ചിപ്പാട്ടുകളും നാടൻ പാട്ടുകളും നാടൻ കഥകളും ഒഴുകും.
അദ്ദേഹത്തിന്റെ വാഗ്ധോരണിയിൽ മനം മയങ്ങി ആവേശം കയറി ആ താളത്തിനൊപ്പം ചുവടുവച്ച നിരവധി വിവിഐപിമാർ നെഹ്രു ട്രോഫി പവലിയനിലെ സുപരിചിത കാഴ്ചയായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ നെഹ്റു ട്രോഫി പവലിയനിൽ വി.വി. ഗ്രിഗറിയും ജോസഫ് ഡി. ഇളംകുളവും ഒന്നുചേർന്നപ്പോൾ വള്ളംകളി പ്രേമികളുടെ ആവേശം ഇരട്ടിയായി.
പതിഞ്ഞ സ്വരത്തിൽ, എന്നാൽ ആവേശം തുളുമ്പുന്ന വിവരണം നല്കിയിരുന്ന പി.ഡി. ലൂക്ക്, ശ്യാമളാലയം കൃഷ്ണൻ നായർ, രവീന്ദ്രൻ നായർ, ചുങ്കം സോമൻ, കുറിച്ചി രാജശേഖരൻ, ജോ ജോസഫ് തായങ്കരി തുടങ്ങി നിരവധി പ്രതിഭകളുടെ സ്വരവും കഴിവും ശ്രോതാക്കളിൽ ആവേശം നിറച്ചുകൊണ്ടിരുന്നു.
സിബിഎല്ലിന്റെ വരവോടെ വള്ളംകളികളുടെ രീതികളിൽ മാറ്റം വന്നെങ്കിലും വള്ളംകളിയും ഒളിംപിക്സ് എന്ന് വിശേഷിപ്പിക്കാവുന്ന പുന്നമട നെഹ്റു ട്രോഫിയും അവിടത്തെ ആവേശവും വാക്കുകളിൽ പറഞ്ഞറിയിക്കുന്ന ദൃക്സാക്ഷി വിവരണക്കാർ ഓരോ മലയാളിയുടെയും വള്ളംകളി ഇഷ്ടപ്പെടുന്നവരുടെയും ഹൃദയത്തിൽ ഇടംപിടിച്ചിരിക്കുന്നു.