മാർപാപ്പ പറഞ്ഞു- അത് ദൈവത്തിലേക്ക് ഉയർത്തുന്ന സംഗീതമാണ്!
ഹരി പ്രസാദ്
Saturday, April 26, 2025 8:46 PM IST
ഫ്രാൻസിസ് മാർപാപ്പയ്ക്ക് പാട്ടുകൾ കേൾക്കാൻ സമയം കിട്ടാറുണ്ടോ? അദ്ദേഹത്തിന് ഏതിനം സംഗീതമായിരുന്നു, ഏതെല്ലാം സംഗീതജ്ഞരെയായിരുന്നു കൂടുതൽ ഇഷ്ടം?... ഇതിനെല്ലാം അദ്ദേഹംതന്നെ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. മൊസാർട്ട്, ബീഥോവൻ, ബാക്, വാഗ്നർ... വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസിക് അദ്ദേഹം വെറുതെ കേൾക്കുകയായിരുന്നില്ല, ആഴത്തിൽ അനുഭവിക്കുകയായിരുന്നു... പാട്ടോർമകളിൽ മാർപാപ്പ...
2022 ജനുവരി. ഫ്രാൻസിസ് മാർപാപ്പ റോമിലെ ഒരു ചെറിയ ഷോപ്പ് ആശീർവദിക്കാനെത്തി. ഒട്ടേറെ വർഷങ്ങൾക്കുശേഷം ഒന്നു പുതുക്കിയതായിരുന്നു ആ ഷോപ്പ്. ആശീർവാദത്തിനുശേഷം ഉടമകൾ പാപ്പയ്ക്ക് ഒരു കുഞ്ഞു സമ്മാനം നൽകി. അദ്ദേഹമതു സന്തോഷത്തോടെ സ്വീകരിച്ചു- ഒരു ക്ലാസിക്കൽ മ്യൂസിക് ആൽബം!
ലോകം ആരാധിക്കുന്ന, ഇത്രയും തിരക്കുപിടിച്ച ദിനചര്യകളുള്ള മാർപാപ്പ എന്തുകൊണ്ടാവും ആ ചെറിയ കടയിലേക്കെത്തിയത്? ഉത്തരം അദ്ദേഹത്തെപ്പോലെ ലാളിത്യം നിറഞ്ഞതാണ്- ഫുട്ബോളും സിനിമയുംപോലെ അദ്ദേഹത്തിന് സംഗീതം ഏറ്റവും പ്രിയങ്കരമായിരുന്നു.. ആ കട റോമിലെ അദ്ദേഹത്തിനു പ്രിയപ്പെട്ട റെക്കോർഡ് സ്റ്റോർ ആയിരുന്നു.
സ്റ്റീരിയോസൗണ്ട്
റോമിലെ പാന്തെയോണിനു സമീപത്ത് വിയ ദെല്ല മിനർവയിലെ സ്റ്റീരിയോസൗണ്ട് എന്ന മ്യൂസിക് സ്റ്റോർ എങ്ങനെയാവും മാർപാപ്പയ്ക്ക് പ്രിയങ്കരമായത്? അതിനു നീണ്ട വർഷങ്ങളുടെ ചരിത്രമുണ്ട്. അന്നദ്ദേഹം ബുവേനോസ് ആരിസിന്റെ ആർച്ച്ബിഷപ്പാണ്- ഹോർഹെ ബെർഗോളിയോ.
അക്കാലത്താണ് അദ്ദേഹം പതിവായി റോം സന്ദർശിച്ചുതുടങ്ങിയത്. മനസുനിറയെ സംഗീതമുള്ള അദ്ദേഹത്തിന്റെ കണ്ണിൽ സ്റ്റീരിയോസൗണ്ട് എന്ന ചെറിയ റെക്കോർഡ് സ്റ്റോർ പെടാതിരിക്കുന്നതെങ്ങനെ! റോമിലെത്തുന്പോഴെല്ലാം അദ്ദേഹം ഈ കടയിലുമെത്തിത്തുടങ്ങി.
തന്റെ പ്രിയപ്പെട്ട സംഗീതകാരന്മാരുടെ ഡിസ്കുകൾ വാങ്ങുന്നതും പതിവായി. വർഷങ്ങൾക്കുശേഷം, അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയായതോടെ സ്വാഭാവികമായും മ്യൂസിക് സ്റ്റോറിലേക്കുള്ള വരവു ചുരുക്കമായി. എന്നാൽ 2022ലെ ആ സന്ദർശനം വാർത്തകളിൽ നിറഞ്ഞു.
അദ്ദേഹത്തിനും അത് ഓർമകളിലെ മായാത്ത ഈണങ്ങളിലേക്കുള്ള സഞ്ചാരമായിരുന്നിരിക്കണം. ഷോപ്പ് ആശീർവദിച്ച് സ്നേഹസമ്മാനം സ്വീകരിച്ച് മാർപാപ്പ മടങ്ങിയശേഷം സ്റ്റീരിയോസൗണ്ട് ഉടമ ലെറ്റീഷ്യ ജിയോസ്ട്ര പറഞ്ഞു- പരിശുദ്ധ പിതാവിന് സംഗീതമൊരു ഹൃദയവികാരമാണ്!
മൊസാർട്ടും ബീഥോവനും
വെസ്റ്റേണ് ക്ലാസിക്കൽ മ്യൂസിക് എക്കാലവും നെഞ്ചോടുചേർത്തിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഉറപ്പായും എനിക്ക് മൊസാർട്ടിനോടു വലിയ ഇഷ്ടമാണ്- സ്ഥാനമേറ്റശേഷം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
"മാസ് ഇൻ സി മൈനറി'ലെ "et incarnatus est' സമാനതകളില്ലാത്ത ഒന്നാണ്, അതു നിങ്ങളെ ദൈവത്തിലേക്ക് ഉയർത്തും! ക്ലാര ഹസ്കിലിന്റെ (റൊമാനിയൻ പിയാനിസ്റ്റ്) മൊസാർട്ട് പെർഫോർമൻസും എനിക്ക് ഇഷ്ടമാണ്. മൊസാർട്ട് എന്നെ സംഗീതത്താൽ തൃപ്തനാക്കുന്നു. അദ്ദേഹത്തിന്റെ സംഗീതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനൊന്നും കഴിഞ്ഞെന്നുവരില്ല, പക്ഷേ എനിക്കതു കേൾക്കണം- മാർപാപ്പ പറഞ്ഞു.
ബീഥോവന്റെ സംഗീതം കേൾക്കാനും എനിക്കിഷ്ടമാണ്, ഒരു പ്രോമിഥിയൻ രീതിയിൽ. എനിക്ക് ഏറ്റവും വലിയ പ്രോമിഥിയൻ വ്യാഖ്യാതാവ് വിൽഹെം ഫൂർട്ട്വെൻഗ്ലറാണ്. പിന്നെ ബാക്കിന്റെ (ജോഹാൻ സെബാസ്റ്റ്യൻ ബാക്) "പാഷൻസ്'.
സെന്റ് മാത്യു പാഷനിലെ ടിയേഴ്സ് ഓഫ് പീറ്റർ.. ഒരുപാടിഷ്ടമുള്ള സംഗീതശകലം. ഇനി, മറ്റൊരുതരത്തിൽ എനിക്ക് വാഗ്നറിനെയും (ജർമൻ കംപോസർ റിച്ചാർഡ് വാഗ്നർ) ഇഷ്ടമാണ്. എല്ലായ്പ്പോഴുമില്ലെങ്കിലും ഞാൻ അദ്ദേഹത്തെയും കേൾക്കാറുണ്ട്. 1950ൽ മിലാനിലെ ലാ സ്കാലയിൽ വാഗ്നറിന്റെ "റിംഗ്' ഫൂർട്ട്വെൻഗ്ല്ലർ അവതരിപ്പിച്ചത് എന്നെ സംബന്ധിച്ച് എക്കാലത്തെയും മികച്ച ഒന്നാണ്.
വാഗ്നറിന്റെ "പാഴ്സിഫൽ' എന്ന സംഗീതനാടകവും മാർപാപ്പയ്ക്ക് പ്രിയപ്പെട്ടതായിരുന്നു. ആ ഇഷ്ടം മാർപാപ്പയുടെ വിശാലമായ കാഴ്ചപ്പാടുകളുടെ അടയാളംകൂടിയായി വേണം കരുതാൻ. 1857ലെ ദുഃഖവെള്ളിയാഴ്ചയാണ് വാഗ്നർ "പാഴ്സിഫൽ' എഴുതിയതത്രേ. ബുദ്ധിസം അടക്കമുള്ള കിഴക്കിന്റെ ആത്മീയതയും അതെഴുതാൻ വാഗ്നർക്കു പ്രചോദനമായിട്ടുണ്ട്. വിവിധ ചിന്താധാരകളെയും വിശ്വാസങ്ങളെയും ഒരേമനസോടെ കണ്ട മാർപാപ്പയ്ക്ക് ആ സംഗീതവും ഹൃദയഹാരിയായി.
മാർപാപ്പയുടെ സംഗീതശേഖരം
വെറുതേ നേരംപോക്കിനു സംഗീതംകേൾക്കുകയല്ല മാർപാപ്പ ചെയ്തത്. എല്ലാ തിരക്കുകൾക്കിടയിലും വിപുലമായൊരു സംഗീതശേഖരമുണ്ടാക്കി സൂക്ഷ്മമായി പരിപാലിക്കാൻ ഏർപ്പാടുചെയ്തു അദ്ദേഹം.
പൊന്തിഫിക്കൽ കൗണ്സിൽ ഫോർ കൾച്ചറിന്റെ പ്രസിഡന്റ് കർദിനാൾ ജാൻ ഫ്രാങ്കോ റവാസിയാണ് മാർപാപ്പയുടെ മ്യൂസിക് ലൈബ്രറി ക്യുറേറ്റ് ചെയ്തിരുന്നത്. രണ്ടായിരത്തോളം കോംപാക്ട് ഡിസ്കുകളും ഇരുപതോളം വിനൈൽ ഡിസ്കുകളും ആ ശേഖരത്തിലുണ്ട്. ക്ലാസിക്കൽ മ്യൂസിക്കിനു തന്നെയാണ് ശേഖരത്തിൽ പ്രധാന സ്ഥാനം.
ഫ്രഞ്ച് ഗായിക എഡിത് പിയാഫ്, അർജന്റെെൻ ടാൻഗോ മ്യുസിഷൻ ആസ്റ്റർ പിയാസോള എന്നിവരുടെ റെക്കോർഡിംഗുകളും കൂട്ടത്തിലുണ്ട്. ഒപ്പം സാക്ഷാൽ എൽവിസ് പ്രിസ്ലിയുടെ ഗോസ്പൽ ഗാനങ്ങളും. ടാൻഗോ ഒരേസമയം ഗൃഹാതുരത്വവും വരുംകാലത്തേക്കുള്ള പ്രതീക്ഷയും ഉണർത്തുമെന്നായിരുന്നു മാർപാപ്പയുടെ പക്ഷം.
സംഗീതത്തോടുള്ള തന്റെ ഇഷ്ടം തീരെ ചെറുപ്പംമുതൽ ഉണ്ടെന്ന് കർദിനാളിനോടു പറഞ്ഞിട്ടുണ്ട് ഫ്രാൻസിസ് മാർപാപ്പ. അമ്മയോടൊപ്പം റേഡിയോയിൽ കേട്ട ഒരു ഓപ്പറ പരിപാടിയാണ് ഏറ്റവും പഴക്കമുള്ള ഓർമ. കാലങ്ങൾ കടന്നുപോകവേ പാട്ട് കൂടുതൽ പ്രിയങ്കരമായി. സംഗീതശേഖരമുണ്ടായി. പിൽക്കാലത്ത് ശേഖരം മുഴുവനായി കർദിനാൾ ജാൻ ഫ്രാങ്കോയെ ഏൽപ്പിക്കുകയായിരുന്നു.
പിന്നീട് പലപ്പോഴും സിഡികൾ കൈമാറുന്പോൾ ഒപ്പം സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകളും നൽകിയിരുന്നു- സിഡിയിൽ അടങ്ങിയിരിക്കുന്ന സംഗീതത്തെക്കുറിച്ചുള്ള ഗംഭീരമായ നിരീക്ഷണങ്ങളായിരുന്നു കുറിപ്പുകളിൽ. എത്ര സൂക്ഷ്മമായാണ് മാർപാപ്പ സംഗീതം കേൾക്കാറുള്ളതെന്ന് ആ കുറിപ്പുകൾ തെളിയിക്കുന്നതായി കർദിനാൾ ഓർമിക്കുന്നു.ഇനി ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചുള്ള ഓർമകൾ സ്വയം പ്രാർഥനാനിർഭരമായ സംഗീതമാണ്...