കൊളസ്ട്രോൾ ഉണ്ടാക്കിയ ശില്പങ്ങൾ
വിജയ് സിയെച്ച്
Saturday, April 26, 2025 8:42 PM IST
വിനോദ് ആലത്തിയൂർ എന്ന ശില്പിയെ സൃഷ്ടിച്ചത് കൊളസ്ട്രോൾ ആണ്. കൊളസ്ട്രോൾ ശില്പികളെ അടക്കം പലരെയും കുഴപ്പത്തിലാക്കുന്നതായി കേട്ടിട്ടുണ്ട്. പക്ഷേ, ഒരു ശില്പിയെ കൊളസ്ട്രോൾ സൃഷ്ടിച്ചെന്നു പറഞ്ഞാൽ! അതിന്റെ ഉത്തരം വിനോദ് ആലത്തിയൂർ തന്നെ പറയും. ഒരു ദിവസം ഡോക്ടറെ കാണാനെത്തിയതാണ് വിനോദ്. കൈയിൽ രക്തപരിശോധനയുടെ ഒരു ലാബ് ഫലവുമുണ്ട്.
ആ പേപ്പർ മേടിച്ചു നോക്കിയതും ഡോക്ടർ പറഞ്ഞു, കൊളസ്ട്രോൾ കൂടുതലാണ്. കുറച്ചേ പറ്റൂ. അതിന് എന്തു ചെയ്യണം? മരുന്നു കഴിച്ചാൽ മതിയോയെന്നായിരുന്നു വിനോദിന്റെ ചോദ്യം. എന്നാൽ, തത്കാലം മരുന്നല്ല ആവശ്യം. ദേഹമനങ്ങി പണിയെടുക്കലാണെന്നു ഡോക്ടർ. ഒന്നുകിൽ രാവിലെ നന്നായി നടന്നു ശരീരം വിയർപ്പിക്കണം. അല്ലെങ്കിൽ ശരീരം ഇളകി പണിയെടുത്തു വിയർപ്പിക്കണം... രണ്ട് ഒാപ്ഷൻ ഡോക്ടർ മുന്നോട്ടുവച്ചു.
എന്നാൽ, പിന്നെ പണിയെടുത്തു കൊളസ്ട്രോൾ കുറച്ചേക്കാമെന്നു വിനോദ് ആലത്തിയൂർ തീരുമാനിച്ചപ്പോൾ ഒരു ശില്പി ജനിക്കുകയായിരുന്നു. സിമന്റ് കട്ടകളിലും വേരുകളിലും ശില്പങ്ങൾ തീർത്തു പണിയെടുക്കാനായിരുന്നു വിനോദിന്റെ പ്ലാൻ.
കല-സ്ട്രോൾ
മൂന്നു വർഷം മുന്പ് താനെഴുതിയ കവിതകളുടെ ചിത്രങ്ങൾ കാൻവാസിൽ പകർത്തി പോയന്റിംഗ് (Poem+painting) എന്നൊരു സർഗചിന്ത അദ്ദേഹം വളർത്തിയെടുത്തിരുന്നു. അവ കേരള ലളിതകലാ അക്കാദമിയിൽ പ്രദർശിപ്പിച്ചു ജനശ്രദ്ധയും നേടി. അങ്ങനെയിരിക്കെയാണ് കൊളസ്ട്രോൾ പ്രശ്നം തലപൊക്കിയത്.
പ്രശ്നങ്ങളെ സാധ്യതകളാക്കി മാറ്റുന്നതിൽ രസം കാണുന്ന വിനോദ് വൈകാതെ കൊളസ്ട്രോൾ എന്നതിനോടു സാമ്യമുള്ള "കല-സ്ട്രോൾ' എന്ന ശില്പനിർമാണം ആരംഭിച്ചു. സ്ട്രോൾ എന്നാൽ ചുറ്റിനടക്കുകയെന്നാണല്ലൊ! പോയന്റിംഗ് എന്നു പേരുള്ള വീടിന്റെ മുന്നിൽ ശില്പങ്ങൾ ഉയരാൻ തുടങ്ങി. ശ്രീബുദ്ധനും യേശുവും ഗാന്ധിജിയും ആനയും പക്ഷിയുമൊക്കെ മുറ്റത്തു നിറഞ്ഞു.
പക്ഷേ, താനെഴുതിയ കവിതകളിലെ ചില ആഖ്യാനങ്ങളാണ് കലാകാരനു ശിൽപനിർമിതിക്കു തുടക്കത്തിൽ പ്രചോദനമായത്. വേരിൽ ചില ശില്പങ്ങൾ പൂർത്തിയാക്കി ഇലകൾ ആത്മാഹുതി ചെയ്യുന്നുവെന്ന് ഒരു കവിതയിൽ അദ്ദേഹം കുറിച്ചിരുന്നു.
കട്ടകളിൽ വിരിഞ്ഞത്
"കാരണം, പല ചെടികളുടെയും വൃക്ഷങ്ങളുടെയും വേരുകളിൽ ആകർഷകമായ കലാരൂപങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. സൂക്ഷിച്ചു നോക്കിയാൽ അവ ഹൃദ്യമായ കാവ്യ ശൃംഖലകളാണെന്നും ബോധ്യപ്പെടും. തുടർന്നു ചെടികളുടെയും മരങ്ങളുടെയും വേരുകളുടെ സ്വാഭാവികമായ വളർച്ചയും അവ നെയ്തെടുക്കുന്ന മനോഹരമായ ദൃശ്യങ്ങളും അടുത്തു പരിശോധിച്ചു.
ഉടനെതന്നെ വേരുകൾക്കു ശിൽപങ്ങൾക്കൊരു മാധ്യമമാകാമെന്നു തിരിച്ചറിഞ്ഞു," വിനോദ് വിവരിച്ചു. ഭവന നിർമാണത്തിനു ശേഷം തൊടിയിൽ ഉപേക്ഷിക്കപ്പെട്ട കോൺക്രീറ്റു കട്ടകൾ ഉപയോഗിച്ചു ശില്പങ്ങൾ നിർമിക്കാമെന്നൊരു ചിന്ത ഇതിനിടെ ഉള്ളിലെത്തി. കൊളസ്ട്രോൾ പ്രശ്നം വന്നതോടെ ഇതിലേക്കു സജീവമായി ഇറങ്ങി.
ആയുധങ്ങളായി ആദ്യം ഉപയോഗിച്ചത് വീട്ടിലെ വെട്ടുകത്തിയും കറിക്കത്തിയുമാണ്. ശിൽപ വേലകൾ കുറച്ചുകൂടി ഗൗരവമായപ്പോഴാണ് ഇരുമ്പിന്റെ ചെറിയ ഉളിയും സിമന്റ് ചട്ടുകവും കൂർത്ത ഇരുമ്പിൻ കഷണവുമൊക്കെ സംഘടിപ്പിച്ചത്. സിമന്റ് കട്ടകളെ പിന്നീട് ഒരുമിച്ചു ചേർക്കാൻ സാധാരണ സിമന്റും ഉപയോഗിച്ചു.
വെട്ടിമാറ്റൽ
വേരുകൾ കണ്ടാൽത്തന്നെ അവ ഉപയോഗിച്ചു നിർമിക്കാവുന്ന ശില്പങ്ങളുടെ ഏതാണ്ടൊരു രൂപം വിനോദിന്റെ മനസിൽ തെളിയും. വേരുകളിൽ ശീമക്കൊന്ന, കണിക്കൊന്ന മുതൽ തേക്ക് വരെ നിർമിതിക്കു ഉപയോഗിച്ചിട്ടുണ്ട്.
കൊത്തിയെടുക്കലല്ല, വെട്ടിമാറ്റലാണ് ശില്പ നിർമാണം. "വേണ്ടായെന്നു തോന്നുന്ന ഭാഗം മാത്രം ചെത്തിയോ വെട്ടിയോ മാറ്റിയാൽ മതി. പഴക്കമുള്ള വേരാണെങ്കിൽ കൊന്നയുടെ വേരിലും തേക്കിലെന്ന പോലെ നല്ല ശില്പങ്ങൾ പണിയാം. ഒരു കെമിക്കലും ആവശ്യമില്ലാതെ അവ കല പോലെത്തന്നെ കാലാതിവർത്തിയായി നിലനിൽക്കും.
ഒരു കൃത്രിമ ചേരുവയും പുരളാതെ മുറ്റത്തിരുന്നു മഴയും വെയിലുമൊക്കെകൊണ്ട് കലയുടെയും കൈക്കരുത്തിന്റെയും ചാരുതയോടെ നിൽക്കും- വിനോദ് പറയുന്നു. ആവശ്യത്തിനു വെള്ളം ചേർത്തു സിമന്റ് കുഴച്ച് പ്ലാസ്റ്റർ ചെയ്യാത്ത ഭിത്തിയിൽ തേച്ചുപിടിപ്പിച്ചു ചുവർശില്പങ്ങളും നിർമിക്കാം. "അങ്ങനെ തേച്ചെടുത്ത ഒരു ബുദ്ധപ്രതിമ കണ്ട് പലരും അഭിനന്ദിച്ചിരുന്നു.
ശില്പിയുടെ ശ്രദ്ധ
ചിത്രങ്ങളിൽനിന്നുതന്നെയാണ് ശില്പങ്ങളും പിറക്കുന്നത്. എന്നാൽ, ചിത്രങ്ങൾ പെയിന്റ് ചെയ്ത ശേഷവും തിരുത്താനും ഭാവം മാറ്റാനും നിറങ്ങൾ മാറ്റാനും പുതുക്കാനുമെല്ലാം കഴിയും. പക്ഷേ, ശില്പ നിർമാണത്തിൽ ഈ സൗകര്യമില്ല. സൂക്ഷ്മതയില്ലെങ്കിൽ ശില്പത്തിന്റെ ചെവിയോ മൂക്കോ വിരലോ ഒക്കെ വികൃതമായിപ്പോകാം.
വികാരങ്ങൾ വ്രണപ്പെടുത്താനുള്ളതാണ്', ഒറ്റവരച്ചിത്രങ്ങൾ, 'മനസ് മറന്നുവയ്ക്കുന്ന ഇടങ്ങൾ' തുടങ്ങിയ കവിതാസമാഹാരങ്ങളും വിനോദിന്റേതായി പുറത്തുവന്നിട്ടുണ്ട്.
ശില്പ നിർമാണം, ചിത്രരചന, കവിതയെഴുത്ത് എന്നിവയിലൊന്നും ഒരു ദിവസത്തെ പരിശീലനം പോലും ലഭിച്ചിട്ടില്ലെന്നതാണ് തന്റെ മുതൽക്കൂട്ടെന്നു വിനോദ് ചിരിച്ചുകൊണ്ടു പറയുന്നു.
പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിൽ റേഷനിംഗ് ഇൻസ്പെക്ടറായ വിനോദ് ജോലിക്കു ശേഷം കിട്ടുന്ന സമയമാണ് കലാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. ചിത്രകാരൻകൂടിയായ പിതാവ് ദാമോദരൻ, അമ്മ ശാന്തകുമാരി, കലാകാരനായ സഹോദരൻ രമേഷ് എന്നിവർ നിറഞ്ഞ പ്രോത്സാഹനത്തോടെ വിനോദിന്റെ കൂടെയുണ്ട്. ഭാര്യ രമ്യ പുറത്തൂർ സ്കൂളിൽ അധ്യാപിക. ഏഴാം ക്ലാസ് വിദ്യാർഥി വരദ് വിനോദ്, നാലാം ക്ലാസ് വിദ്യാർഥിനി വൻഷിക വേദ എന്നിവർ മക്കളാണ്.