സൗഹൃദം, സന്തോഷം, സംഗീതം... എന്തൊരു ചേര്‍ച്ചയാണല്ലേ! വെറും വാക്കുകളല്ല, അനുഭവങ്ങളാണിവ. കൂടിച്ചേരലുകളുടെ സന്തോഷമാണല്ലോ സംഗീതം. സ്വരങ്ങളുടെ, ഉപകരണങ്ങളുടെ, ഗായകരുടെ, ഗാനരചയിതാക്കളുടെ, ഈണമിടുന്നവരുടെ, പ്രകൃതിയുടെ, കേള്‍ക്കുന്നവരുടെയെല്ലാം കൂട്ടായ്മ. ലോക സംഗീതദിനത്തില്‍ അങ്ങനെ രണ്ടു സുഹൃത്തുക്കളുടെ കൗതുകകരമായൊരു സംഗമം കണ്ടു, മുംബൈയിലെ ജുഹുവില്‍.
കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറും ഗായകനും കംപോസറുമായ ശങ്കര്‍ മഹാദേവനുമായിരുന്നു അവര്‍. ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയാണ് സംഗീതവിശേഷങ്ങളുമായി അവരെ ഒന്നിച്ചുചേര്‍ത്തത്.പ്രതിഭകളായ രണ്ടുപേര്‍ അവരുടെ ഇഷ്ടങ്ങളെക്കുറിച്ചു സംസാരിക്കുന്നത് തീര്‍ച്ചയായും കൗതുകമുണ്ടാക്കുന്നതുതന്നെ. ഓര്‍മകളിലൂടെയും പാട്ടുവഴികളിലൂടെയുമുള്ള ഒരു യാത്ര.
ജാവേദ് അക്തര്‍ വരികളെഴുതി, ശങ്കര്‍ മഹാദേവന് ഈണമൊരുക്കിയ 250ലേറെ പാട്ടുകള്‍ പിറന്നിട്ടുണ്ട്. എന്താവും അവര്‍തമ്മിലുള്ള പാട്ടിന്റെ രസതന്ത്രം! എങ്ങനെയാവും അവര്‍ പാട്ടുകള്‍ ഒരുക്കുന്നത്?! രസകരമാണ് ഈവിധമുള്ള സംഗതികള്‍. രണ്ടു സുഹൃത്തുക്കള്‍ ഒരുമിച്ചുണ്ടാകുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന സന്തോഷങ്ങളാണ് അവര്‍ക്ക് സംഗീതമത്രേ! ഒരിക്കലും ഒരു ജോലിയായി പാട്ടുണ്ടാക്കല്‍ പ്രക്രിയ അനുഭവപ്പെടുന്നേയില്ല. എന്തൊരനുഭൂതിയാകും അത്!
അനുഗ്രഹവര്‍ഷം
ഈശ്വരന് മുകളില്‍നിന്നു ചൊരിഞ്ഞേകിയ അനുഗ്രഹമാണ് തനിക്കു ജാവേദ് അക്തറെന്നു പറയുന്നു ശങ്കര്‍ മഹാദേവന്. ബലമുള്ളൊരു തൂണായും വഴികാട്ടിയായും അഭ്യുദയകാംക്ഷിയായും ജാവേദ് സാര്‍ എനിക്കും എന്റെ കുടുംബത്തിനും ഒപ്പമുണ്ട്. ചലച്ചിത്രഗാന രംഗത്ത് അദ്ദേഹം കൂടെയുള്ളത് എനിക്കൊരു സംരക്ഷണമാണെന്നു തോന്നിയിട്ടുണ്ട്.
പാട്ടുകളുടെ സൃഷ്ടി ഒരിക്കലും ഒരു ജോലിയേയല്ല. ഒരിക്കല്‍ ഷബാന (ഷബാന ആസ്മി- ജാവേദ് അക്തറിന്റെ പത്നി) സ്റ്റുഡിയോയില്‍ വന്നപ്പോള്‍ രസകരമായൊരു കാര്യം പറഞ്ഞു. നിങ്ങള്‍ രണ്ടുപേരും ജോലിചെയ്യുന്നതു നിര്‍മാതാവ് കണ്ടാല്‍ ഒരിക്കലും കാശുതരില്ല എന്ന്. നര്‍മബോധമാണ് ജാവേദ് സാറിന്റെ പ്രധാന സവിശേഷത. അതുകൊണ്ടുതന്നെ എത്ര ഗൗരവമുള്ള കാര്യം ചെയ്യുമ്പോഴും അത് ഏറ്റവും എളുപ്പത്തില്‍ ചെയ്യാനാവും- ശങ്കര്‍ പറയുന്നു.
ആ വാക്കുകള്‍ക്ക് അടിവരയിടുന്നുണ്ട് ജാവേദ് അക്തര്‍. എനിക്കേറെ പ്രിയപ്പെട്ടയാളാണ് ശങ്കര്‍. ഈയിടെ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയി. ഗംഭീരമായ സദ്യ കഴിച്ചു. ഇവരെല്ലാം ഭക്ഷണതത്പരരാണ്. അതുകഴിഞ്ഞ് അദ്ദേഹത്തിന്റെ സംഗീത മുറിയില്‍ ഇരുന്നു. വൈകുന്നേരമായപ്പോഴേക്കും ഞങ്ങള്‍ ഒരു പാട്ടു പൂര്‍ത്തിയാക്കി. ഒറ്റത്തവണ ഇരുന്നാല്‍ ഞങ്ങള്‍ക്ക് ഒരു പാട്ടായി. എല്ലാ സംഗീതസംവിധായകര്‍ക്കൊപ്പവും ഇതു സാധിക്കണമെന്നില്ല.
ബ്രെത്ലെസ് എന്ന വിഖ്യാത ആല്‍ബത്തെക്കുറിച്ചും ജാവേദ് അക്തര്‍ സൂചിപ്പിച്ചു. ഞങ്ങളുടെ ഏറ്റവും ഗംഭീരമായ സൃഷ്ടികളിലൊന്നാണത്. ആറേഴുകൊല്ലം ഞാന്‍ അതിന്റെ ആശയം മനസില്‍ കൊണ്ടുനടന്നിരുന്നു. പല സംഗീതസംവിധായകരോടും ഗായകരോടും അതു പങ്കുവച്ചു. ആരും അതു ചെയ്യാന്‍ മുന്നോട്ടുവന്നില്ല. അങ്ങനെയൊരിക്കലാണ് ശങ്കറിനെ കണ്ടത്. ഉടന്‍ അദ്ദേഹം സമ്മതിക്കുകയും ചെയ്തു- ജാവേദ് പറഞ്ഞു.
(സംഗീതപ്രേമികള്‍ ഇന്നും ആഘോഷിക്കുന്ന ഇന്‍ഡി-പോപ്പ് ആല്‍ബമാണ് ബ്രെത്ലെസ്. 1998ല്‍ ഇറങ്ങിയ ആല്‍ബത്തിലൂടെയാണ് ശങ്കര്‍ മഹാദേവന് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ബ്രെത്ലെസ് എന്ന ടൈറ്റില്‍ ട്രാക്ക് അദ്ദേഹം ഒറ്റ ശ്വാസത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്).
പാട്ടുവഴികള്‍
മനുഷ്യനെ മനോഹരമായും ദൃഢമായും ഒന്നിപ്പിക്കുന്നതാണ് സംഗീതമെന്നതില് രണ്ടുപേര്‍ക്കും ഒരേ അഭിപ്രായം. പക്ഷികള്‍, നദികള്‍, വെള്ളച്ചാട്ടങ്ങള്‍, കാറ്റ് തുടങ്ങിയവയിലൂടെ പ്രകൃതിയാണ് മനുഷ്യനു ശ്രുതിയും താളവും പകര്‍ന്നതെന്നു പറയും ജാവേദ്. ഏഴു സ്വരങ്ങള്‍ കണ്ടെത്തിയത് ഇന്നും വിസ്മയിപ്പിക്കും. ശബ്ദത്തിന്റെ കവിതയാണ് സംഗീതം, കവിതയാകട്ടെ ഭാഷയുടെ സംഗീതവും. ലോക സംഗീതദിനം എല്ലാ ദിവസവും ആഘോഷിക്കണമെന്നാണ് എന്റെ അഭിപ്രായം - ജാവേദ് പറയുന്നു.
അതിമനോഹരമായ അനുഭൂതികള്‍ ഉണര്‍ത്തുന്ന, ആശയങ്ങള്‍ പങ്കുവയ്ക്കാനുള്ള വിസ്മയകരമായ ഉപാധിയാണ് ശങ്കര്‍ മഹാദേവനു സംഗീതം. കഷ്ടിച്ചു നാലു വയസുള്ളപ്പോഴാണ് ശങ്കര്‍ ഒരു ഹാര്‍മോണിയം കാണുന്നത്. അന്നത് എന്താണെന്നുപോലും അറിയില്ല. പക്ഷേ, വീട്ടില്‍ പതിവായി പാടാറുള്ള ഒരു ഭജന്‍ മൂളിക്കൊണ്ട് അതിന്റെ കട്ടകളില്‍ കുഞ്ഞുവിരലുകള്‍ അമര്‍ത്തി. അതാണ് അദ്ദേഹത്തിന്റെ ആദ്യത്തെ സംഗീത ഓര്മ. എന്നാല്‍, ഏഴു സ്വരങ്ങള്‍ അന്ന് അദ്ദേഹത്തിന്റെ മനസിലും കൈകളിലും ഒരു കഷ്ടപ്പാടുമില്ലാതെ ഉറച്ചു. സംഗീതം, സ്വരങ്ങള്‍, നൊട്ടേഷന്‍ എന്നിവ തന്നിലേക്കു സ്വയം ഒഴുകിവന്നതാണെന്നു ശങ്കര്‍ വിശ്വസിക്കുന്നു.
ആ റേഡിയോ ഗാനം
വലിയ സംഗീതപ്രേമിയായിരുന്നു ജാവേദ് അക്തറിന്റെ അമ്മ. അതുകൊണ്ടുതന്നെ ഒരു ഗ്രാമഫോണും ഏതാനും റിക്കാര്‍ഡുകളും അവരുടെ കൈവശം അന്നേയുണ്ട്. ജാവേദിന്റെ ചെറുപ്പത്തില്‍ അവര്‍ താമസിച്ചിരുന്ന ഭോപ്പാലിലെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അതിന്റെ ഉടമയും കുടുംബവുമായിരുന്നു. വലിയ പണക്കാരുടെ കൈവശം മാത്രമുണ്ടാകാറുള്ള റേഡിയോയുണ്ട് അദ്ദേഹത്തിന്. എപ്പോഴൊക്കെ അതില്‍നിന്നു പാട്ടുകേള്ക്കുമോ ഞങ്ങളതു കേട്ടിരിക്കും - ജാവേദ് പറയുന്നു.
ഒരിക്കല്‍ ഒരു പാട്ടുകേട്ടതും അമ്മ ബാല്‍ക്കണിയിലേക്ക് ഓടി, കൂടുതല്‍ വ്യക്തമായി കേള്‍ക്കാന്‍. അവരുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടായിരുന്നു അത്. അമ്മ അത് എത്ര ശ്രദ്ധയോടെയാണ് ആസ്വദിക്കുന്നതെന്നു നോക്കി അഞ്ചു വയസുകാരനായ ഞാന്‍ നിന്നു. സംഗീതത്തെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മകളിലൊന്ന് അതാണ്.
ഒരിടത്തരം ദക്ഷിണേന്ത്യന്‍ കുടുംബത്തില്‍നിന്നുള്ള താന്‍ എങ്ങനെ സംഗീതത്തെ ജീവിതോപാധിയാക്കി എന്നത് ഇപ്പോഴും ശങ്കര്‍ മഹാദേവനെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഒരു കിടപ്പുമുറിയും അടുക്കളയും ഹാളുമുള്ള കുഞ്ഞുവീട്ടില്നിന്നു തനിക്ക് കൈയെത്തിപ്പിടിക്കാവുന്നതിനേക്കാള് ഏറെ ദൂരത്ത് താന്‍ എത്തിയെന്ന് അദ്ദേഹം കരുതുന്നു. ഈ വിസ്മയങ്ങളും സൗഹൃദങ്ങളും സ്നേഹവുമാണ് സംഗീതത്തിന്റെ ഈടുവയ്പ്.
ഹരിപ്രസാദ്