തന്റെ കേള്‍വിശക്തി നഷ്ടപ്പെടുന്നതായി പ്രശസ്ത ഹിന്ദി ഗായിക അല്‍ക്ക യാഗ്നിക് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. സംഗീതം ഉപാസിക്കുന്ന ഒരാള്‍ പാട്ടു കേള്‍ക്കാതെ, ശ്രുതിയും താളവുമറിയാതെ എങ്ങനെ മുന്നോട്ടുപോകും... കേള്വിയില്ലാതാകുന്നത് സാധാരണ മനുഷ്യര്‍ക്കുപോലും ചിന്തിക്കാനാകാത്ത കാര്യമാണ്. ദൈവമേ, അപ്പോള്‍ പാട്ടുകാര്‍ എങ്ങനെ...
പാട്ടുപ്രേമികള്‍ക്കു മാത്രമല്ല, പാടുന്നവര്‍ക്കും കേള്‍ക്കണം പ്രിയഗീതങ്ങള്‍. സ്വയം പാടുന്നതും മറ്റുള്ളവര്‍ പാടിയതും. ശ്രുതിയും താളവും പ്രകൃതിയുടെ ഈണങ്ങളും കേട്ടറിയണം... ഒന്നും കേള്‍ക്കാനാകാതെ വരുന്നത് എന്തൊരു ഹൃദയഭേദകമാണ്; അവര്‍ക്കും നമുക്കും!...
പെട്ടെന്നുണ്ടായ ഈ അപ്രതീക്ഷിത രോഗാവസ്ഥ എന്നെ പൂര്‍ണമായും ഉലച്ചു. ഇപ്പോള്‍ ഞാന്‍ അതിനോടു പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കണം..- കേള്‍വിക്കു തകരാര്‍ സംഭവിച്ചതിനെക്കുറിച്ചു കഴിഞ്ഞ ദിവസം ഗായിക അല്‍ക്ക യാഗ്നിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതാണിത്. നിങ്ങളുടെ സ്നേഹത്തിലൂടെയും പിന്തുണയിലൂടെയും പഴയ ജീവിതത്തിലേക്കു മടങ്ങിവരാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ നിര്‍ണായക സമയത്ത് നിങ്ങളുടെ സ്നേഹം എനിക്കു ശക്തിനല്‍കട്ടെ... അല്‍ക്ക പറഞ്ഞു.
വൈറല്‍ അണുബാധയാണ് അല്‍ക്കയുടെ കേള്‍വിശക്തി കവര്‍ന്നത്. അപൂര്‍വമായുണ്ടാകുന്ന സെന്‍സറി ന്യൂറല്‍ നെര്‍വ് ഹിയറിംഗ് ലോസ് ആണെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. കഴിഞ്ഞ മാസം ഗോവന്‍ യാത്രയ്ക്കിടെയാണ് വലതുചെവിയുടെ കേള്‍വിശക്തിക്കു തകരാര്‍ തോന്നിയത്. മണിക്കൂറുകള്‍ക്കകം പൂര്‍ണമായും ചെവി കേള്‍ക്കാതായി. ഇത് ഇടതുചെവിയിലേക്കു ബാധിക്കുകയും ചെയ്തു. ചികിത്സ തുടരുകയാണെന്നും അല്‍ക്ക ഇന്‍സ്റ്റയില്‍ കുറിച്ചു.
അല്‍ക്ക ഒറ്റയ്ക്കല്ല
പലപ്പോഴും ശ്രോതാക്കള്‍ക്കു വിശ്വസനീയമാകണമെന്നില്ല, ലോകപ്രശസ്തരായ ഒട്ടേറെ സംഗീതജ്ഞര്‍ കേള്വിപ്രശ്നങ്ങളുള്ളവരായിരുന്നു. പാരമ്പര്യമോ പെട്ടെന്നുള്ള അസുഖങ്ങളോ ഒക്കെ അവരുടെ കേള്‍വിശക്തി കവര്‍ന്നിരുന്നു. അത്യുച്ചത്തിലുള്ള ശബ്ദവും ചെവികളെ വലച്ചു. പലരും അവരുടെ പാട്ടുകാലത്തോ പിന്നീടുള്ള ജീവിതത്തിലോ കേള്വിപ്രശ്നങ്ങളാല് സങ്കടങ്ങളില്‍ മുങ്ങി.
അതേസമയം ബധിരര്‍ക്കു സംഗീതം സൃഷ്ടിക്കാനോ ആസ്വദിക്കാനോ കഴിയില്ല എന്നത് ഒരു തെറ്റിദ്ധാരണയാണ്. അവര്‍ക്കു സംഗീതം അനുഭവിക്കാന്‍ കഴിയും, സംഗീതമുണ്ടാക്കാനും. അറിയുക, അസാമാന്യ പ്രതിഭകളായ ചില സംഗീതജ്ഞര്‍ കേള്‍വിശക്തിയില്ലാതെ ജനിച്ചവരാണ്. മറ്റുചിലര്‍ ക്രമേണ ബധിരരായവരാണ്. വേറെ ചിലരാകട്ടെ നിരന്തരം ചെവിയില്‍ മൂളല്‍ കേള്‍ക്കുന്നവിധം ടിനൈറ്റസ് എന്ന അവസ്ഥയോടു പൊരുതിയവരുമാണ്. ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കുന്നതാണ് ടിനൈറ്റസ് എന്ന അവസ്ഥയ്ക്കു കാരണമാകുന്നത്.
അല്‍ക്ക യാഗ്നിക് ഒറ്റയ്ക്കല്ല എന്നു ചുരുക്കം. കേള്വിപ്രശ്നങ്ങളോടു ശ്രുതിചേര്‍ത്തു ജീവിതവും സംഗീതവും മനോഹരമായൊരു ഈണംപോലെ മുന്നോട്ടു കൊണ്ടുപോയവരെപ്പറ്റി കേള്‍ക്കൂ.
ബീഥോവന്റെ കത്ത്
വയസ് മുപ്പതുകളില്‍ പോകവേ ലോകത്തെ വിഖ്യാത കംപോസറും ക്ലാസിക്കല്‍ മ്യുസീഷനുമായ ലുഡ് വിഗ് വാന്‍ ബീഥോവന് തന്റെ സുഹൃത്തിനുള്ള കത്തില്‍ ഇങ്ങനെ കുറിച്ചു: ഏതാണ്ട് മൂന്നു കൊല്ലമായി എന്റെ കേള്‍വിശക്തി ക്രമേണ ദുര്‍ബലമാവുകയാണ്. തിയറ്ററില്‍ എനിക്ക് ഓര്‍ക്കസ്ട്രയുടെ തൊട്ടടുത്തു നിന്നാല്‍ മാത്രമേ അവരുടെ പ്രകടനം അല്പമെങ്കിലും കേള്‍ക്കാനാവൂ.
ചിലപ്പോള്‍ പതിയെയുള്ള സംസാരമൊന്നും കേള്‍ക്കാനാവുന്നില്ല. എന്തോ ശബ്ദം കേള്‍ക്കാമെന്നു മാത്രം, വാക്കുകളല്ല. എന്നാല്‍, ആരെങ്കിലും അത്യുച്ചത്തില്‍ പറഞ്ഞാല്‍ എന്റെ ചെവികള്‍ക്കതു താങ്ങാനുമാവുന്നില്ല...
പതിനെട്ടാം നൂറ്റാണ്ടില്‍, ബീഥോവന്റെ കേള്വിപ്രശ്നത്തിനു കാരണമെന്തെന്നു കണ്ടുപിടിക്കാന്‍ പോലും സൗകര്യമില്ലായിരുന്നു. സ്വാഭാവികമായിവന്ന രോഗാവസ്ഥയെന്നു ചിലരും വിഷപ്രയോഗമെന്നു മറ്റു ചിലരും വിശ്വസിച്ചു. ബീഥോവന് സംഗീതസൃഷ്ടിയില്‍ ജീവിച്ചു.
പ്രശസ്തമായ ഒമ്പതാം സിംഫണിയുടെ ആദ്യാവതരണത്തില്‍ താന്‍തന്നെ കണ്ടക്ട് ചെയ്യുമെന്നു നിര്‍ബന്ധംപിടിച്ചു. എന്നാല്‍, ഒപ്പം മറ്റൊരു കണ്ടക്ടറെക്കൂടി നിര്‍ത്തിയിരുന്നു. സിംഫണി അവസാനിച്ചപ്പോള്‍ കേള്‍വിക്കാര്‍ എഴുന്നേറ്റുനിന്നു കൈയടിക്കുന്നതു കാണാന്‍ ബീഥോവനെ ആരോ തിരിച്ചുനിര്ത്തുകയായിരുന്നു. ആ ശബ്ദം അദ്ദേഹത്തിനു കേള്ക്കാനാവില്ലായിരുന്നു...
മരണംവരെ അദ്ദേഹം സംഗീതമുണ്ടാക്കുന്നതു തുടരുകതന്നെ ചെയ്തു. കടിച്ചുപിടിച്ച പെന്‍സിലിന്റെ മറ്റേയറ്റം പിയാനോയുടെ സൗണ്ട്ബോര്ഡില് മുട്ടിച്ചുവച്ച്, നോട്ടുകളുടെ പ്രകമ്പനം അറിഞ്ഞായിരുന്നത്രേ സംഗീതസൃഷ്ടി. മഹനീയം ആ ജന്മം..
ക്ലാപ്റ്റന്‍, കോളിന്‍സ്, സ്റ്റിംഗ്...
കേള്‍വിപ്രശ്നങ്ങള്‍ വലച്ച സംഗീതജ്ഞരുടെ നിര ഈവിധം നീളുന്നു- എറിക് ക്ലാപ്റ്റന്‍, ബ്രയാന്‍ വില്‍സണ്‍, ഫില്‍ കോളിന്‍സ്...
സംഗീതയാത്രയില്‍ ഉടനീളം ഉച്ചത്തിലുള്ള ശബ്ദംകേട്ടാണ് എറിക് ക്ലാപ്റ്റന്‍ ടിനൈറ്റസ് ബാധിച്ചത്. 1993ല്‍ ടിയേഴ്സ് ഇന്‍ ഹെവന്‍ എന്ന ആല്‍ബത്തിന് ആറു ഗ്രാമി അവാര്‍ഡുകള്‍ നേടിയ പ്രതിഭയാണ് എറിക് ക്ലാപ്റ്റന്‍.
അജ്ഞാതമായ കാരണത്താല്‍ വലതു ചെവി പൂര്‍ണമായും പ്രവര്‍ത്തനം നിലച്ച ഗായകനാണ് മുന്‍ ബീച്ച് ബോയ്സ് അംഗം ബ്രയാന്‍ വില്‍സണ്‍. മിസിസ് ഒലീയറീസ് കൗ എന്ന ഇന്‍സ്ട്രമെന്റല്‍ ട്രാക്കിന് 2005ല്‍ അദ്ദേഹം ഗ്രാമി നേടിയിരുന്നു. കേള്‍വിക്കുറവ് രൂക്ഷമായതോടെ 2011ല്‍ ടൂറിംഗ് കരിയര്‍ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ചയാളാണ് വിഖ്യാതനായ ഫില്‍ കോളിന്‍സ്.
അത്യുച്ചത്തിലുള്ള ശബ്ദങ്ങള്‍ തുടര്‍ച്ചയായി കേള്‍ക്കേണ്ടി വന്നതാണ് അദ്ദേഹത്തിനും തിരിച്ചടിയായത്. ഓസ്കര്, ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള പുരസ്കാരങ്ങള്‍ നേടിയ ഫില്‍ കോളിന്‍സിന് കോടിക്കണക്കിന് ആരാധകരുണ്ട്.
ദ പോലീസ് എന്ന ബാന്‍ഡിലൂടെയും സോളോകളിലൂടെയും പ്രശസ്തനാണ് സ്റ്റിംഗ്. ടിനൈറ്റസ് ആണ് അദ്ദേഹത്തിനു ദുരിതമായത്. പിന്നീടദ്ദേഹം കേള്‍വിപ്രശ്നങ്ങള്‍ സംബന്ധിച്ച ബോധവത്കരണരംഗത്തു പ്രവര്‍ത്തിച്ചു. ഹിയര്‍ ദ വേള്‍ഡ് കാമ്പയിന്റെ ഭാഗവുമായിരുന്നു. ഒട്ടേറെ ഗ്രാമി നേടിയ സംഗീതജ്ഞനാണ്.
നീല്‍ യംഗ്, പീറ്റ് ടൗണ്‍സെന്‍ഡ്, ഹ്യൂ ലെവിസ്, റയാന് ആഡംസ്, ലാര്‍സ് യുള്റിക്, മാന്‍ഡി ഹാര്‍വേ, അയുമി ഹമാസാകി, മാറ്റ് മാക്സി... കേള്‍വിക്കുറവ് തിരിച്ചടിയായ സംഗീതജ്ഞരുടെ നിര അവസാനിക്കുന്നില്ല.
നിരന്തരമായ ഹെഡ്ഫോണ് ഉപയോഗത്തെയും അത്യുച്ചത്തില്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്നതിനെയും കുറിച്ച് അല്‍ക്ക യാഗ്നിക് തന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. അതു കേള്‍ക്കാതെ പോകരുത്..
കാതുകളില്‍ പൊഴിയുന്ന പാട്ടുതേന്മഴകള് അവസാനിക്കാതിരിക്കട്ടെ., ഒപ്പം പ്രിയഗായിക ഇനിയും പാടട്ടെ..
ഹരിപ്രസാദ്