"പുസ്തകങ്ങൾ നിർമിച്ചിരിക്കുന്നത് വിശ്വസിക്കാനല്ല, മറിച്ച് അന്വേഷണത്തിനു വിധേയമാക്കാനാണ്. ഒരു പുസ്തകത്തിലൂടെ സഞ്ചരിക്കുന്പോൾ അത് എന്താണു പറയുന്നതെന്നു നമ്മൾ സ്വയം ചോദിക്കരുത്. നമ്മൾ ജീവിക്കുന്നതു പുസ്തകങ്ങൾക്കു വേണ്ടിയാണ്. ക്രമക്കേടും ജീർണതയും ആധിപത്യം പുലർത്തുന്ന ഈ ലോകത്തിലെ ഒരു മധുരദൗത്യം’- പുസ്തകങ്ങളെക്കുറിച്ചും വായനയെക്കുറിച്ചും ഉന്പർത്തോ എക്കോ ഇങ്ങനെയെഴുതിയിരിക്കുന്നു. വിഖ്യാത എഴുത്തുകാരനായ ഉന്പർത്തോഎക്കോയുടെ പല കൃതികളിലും മനുഷ്യനെ നിരന്തരം പുതുക്കുന്ന വായനയെ പരാമർശിക്കുന്നതു കാണാം.
യുകെ വെയിൽസിലെ ഹേ-ഓൺ-വൈയിൽ നടക്കുന്ന സർഗാത്മകതയുടെയും ആശയങ്ങളുടെയും ആഘോഷമാണ് "ഹേ ഫെസ്റ്റിവൽ. 2024ലെ ഫെസ്റ്റിവലിന് ഇന്നു തിരശീലവീഴുന്പോൾ വിഖ്യാത എഴുത്തുകാരുടെ പുസ്തക വിചാരങ്ങൾ വായനക്കാരെ പുതു ചിന്തകളിലേക്കു നയിക്കും. യുദ്ധത്തിന്റെയും മരണത്തിന്റെയും പട്ടിണിയുടെയും പലായനത്തിന്റെയും വിനാശകരമായ കാലത്തിലൂടെ ലോകം സഞ്ചരിക്കുന്പോഴാണ് ചിന്തിക്കുന്ന ഒരു വലിയ ജനക്കൂട്ടം ഹേയിൽ ഒത്തുകൂടുന്നത്. വിവിധ ലോകരാജ്യങ്ങളിൽനിന്നു മൂന്നു ലക്ഷത്തിലേറെപ്പേർ പങ്കെടുക്കുന്ന സാഹിത്യ മാമാങ്കമാണ് "ഹേ ഫെസ്റ്റിവൽ'. ഹേ ഫെസ്റ്റിവൽ മാതൃകയാക്കിയാണ് ലോകത്തിന്റെ പല കോണുകളിലും സാഹിത്യമേളകളും ഫെസ്റ്റിവലുകളുമൊക്കെ സംഘടിപ്പിക്കാറുള്ളത്.
മേയ് 23ന് ആരംഭിച്ച് പത്തു ദിവസം നീണ്ടുനിന്ന സാഹിത്യോത്സവം മനുഷ്യാനുഭവത്തിന്റെ വിവിധ മേഖലകളെ അനാവരണം ചെയ്തു. സാഹിത്യം, സംസ്കാരം, കല എന്നിവയെക്കുറിച്ചു ചർച്ച ചെയ്യാൻ ലോകമെമ്പാടുമുള്ള എഴുത്തുകാർ, കവികൾ, രാഷ്ട്രീയക്കാർ, സംഗീതജ്ഞർ, ശാസ്ത്രകാരന്മാർ, മറ്റു പൊതുവ്യക്തികൾ ഹേയിൽ എത്തി. നൂറുകണക്കിനു പ്രമുഖ വ്യക്തികളാണ് എത്തിയത്. അവരോടു സംവദിക്കാനും അവരെ കേൾക്കാനുമായി പതിനായിരങ്ങളും.
ഉജ്വല ചരിത്രം
1988 മുതൽ വെയിൽസിലെ ഹേ-ഓൺ-വൈയിൽ നടക്കുന്ന വാർഷിക സാഹിത്യ പരിപാടിയാണ് ഹേ ഫെസ്റ്റിവൽ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ സാഹിത്യോത്സവങ്ങളിൽ ഒന്നായി ഇതു മാറിക്കഴിഞ്ഞു. ഏറ്റവും പ്രശസ്തരായ എഴുത്തുകാരും ചിന്തകരും ഹേയിൽ എത്തുന്നു. ആളുകൾക്കു സ്വതന്ത്രമായി ഒത്തുചേരാനും ആശയങ്ങൾ പങ്കിടാനും ഒരിടം സൃഷ്ടിക്കാൻ ആഗ്രഹിച്ച പീറ്റർ ഫ്ലോറൻസ്, അദ്ദേഹത്തിന്റെ പിതാവ് നോർമൻ ഫ്ലോറൻസ് എന്നിവർ ചേർന്നു സ്ഥാപിച്ചതാണ് ഹേ ഫെസ്റ്റിവൽ.
1988ലെ പ്രഥമ സാഹിത്യസമ്മേളനത്തിൽത്തന്നെ നൊബേൽ സമ്മാന ജേതാവായ കവി ഷീമസ് ഹീനിയും നോവലിസ്റ്റ് സൽമാൻ റുഷ്ദിയും ഉൾപ്പെടെ ലോകത്തെ വൻ എഴുത്തുകാരുടെ നിരതന്നെയുണ്ടായിരുന്നു. അതിനു ശേഷം, ഹേ ഫെസ്റ്റിവൽ കുതിച്ചുയരുകയായിരുന്നു, ഓരോ വർഷവും ലോകമെന്പാടുംനിന്ന് പ്രമുഖരായ സാഹിത്യകാരന്മാരും പ്രതിഭകളും ഫെസ്റ്റിവലിന് എത്തുന്നു. കാണാനും കേൾക്കാനും സന്ദർശിക്കാനും പുസ്തകങ്ങൾ വാങ്ങാനുമായി ആയിരക്കണക്കിനു സന്ദർശകരും ഇവിടേക്ക് എത്തുന്നു.
സംവാദങ്ങൾ, ശില്ശാലകൾ, പാനൽ ചർച്ചകൾ, കലാപ്രകടനങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവയുൾപ്പെടെ വിപുലമായ പരിപാടികളാണ് ഹേയിലുള്ളത്.സാഹിത്യലോകത്തു വലിയ സ്വാധീനം ചെലുത്തുന്ന ഫെസ്റ്റിവൽ രചയിതാക്കൾക്ക് അവരുടെ സൃഷ്ടികളും ആശയങ്ങളും പങ്കിടാനുള്ള ഒരു വലിയ വേദിയായി വളർന്നു. മാത്രമല്ല, അത്ര അറിയപ്പെടാത്ത രചയിതാക്കളുടെ സൃഷ്ടികൾ പ്രോത്സാഹിപ്പിക്കാനും സഹായകമായി. വിവിധ രാജ്യങ്ങളിൽനിന്നും സംസ്കാരങ്ങളിൽനിന്നുമുള്ള എഴുത്തുകാർ ഒരുമിച്ചു പങ്കെടുപ്പിക്കുകയും സംവാദം നടത്തുകയും ചെയ്യുന്ന മഹാവേദികളിലൊന്നായി ഹേ. അതിന്റെ സ്വാധീനം ലോകമെമ്പാടും കാണാൻ കഴിയും.
അനുഭവിച്ചാലും ആസ്വദിച്ചാലും മതിവരാത്ത രമണീയദിനങ്ങൾ ഹേ സമ്മാനിക്കുന്നുവെന്നു നിരവധി എഴുത്തുകാരും വായനക്കാരും പറഞ്ഞിട്ടുണ്ട്. വില കൂടിയ പുസ്തകങ്ങളും മറ്റും വളരെ കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയുന്ന ഇടംകൂടിയാണ് ഇവിടം. അതുകൊണ്ടു തന്നെ പുസ്തകങ്ങൾ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയും ഇവിടേക്കു സന്ദർശകർ ഒഴുകുന്നു.
വെൽഷ് സ്നേഹതീരം
വെൽഷ് മേഖലയിലെ മനോഹരമായ പട്ടണമാണ് ഹേ-ഓൺ-വൈ. മറ്റൊന്നിനോട് ഉപമിക്കാനാകാത്ത ഭൂപ്രകൃതിയിൽ ലോകസാഹിത്യവും സംസ്കാരവും കലയും സംഗീതവുമെല്ലാം ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നു. പ്രാദേശിക സമ്പദ്വ്യവസ്ഥയിലും ഫെസ്റ്റിവൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഹേ-ഓൺ-വൈ പട്ടണത്തിലേക്കു കോടിക്കണക്കിനു രൂപയുടെ വരുമാനം കൊണ്ടുവന്നു. കൂടാതെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ടൂറിസം വർധിപ്പിക്കാനും സഹായകമായി.
ഹേ ഫെസ്റ്റിവലിൽ പുസ്തകങ്ങൾ മാത്രമല്ല. വിവിധതരം പാനീയങ്ങളും വിവിധ ലോകരാജ്യങ്ങളിലെ രുചിക്കൂട്ടിൽ തയാറാക്കിയ ഭക്ഷണങ്ങളുമെല്ലാം ലഭിക്കും. വെൽഷ് മേഖലയിലെ മനോഹരമായ ഇവിടത്തെ കാഴ്ചകൾ ആസ്വദിക്കാനും വെൽഷ് ഗ്രാമപ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യാനും മികച്ച അവസരംകൂടി ഹേയിൽ എത്തുന്നവർക്കു ലഭിക്കുന്നു.
പി.ടി. ബിനു