കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗായിക ജെൻസി ആന്റണി. ആദ്യ സിനിമാ ഗാനം പാടിയിട്ട് അന്‍പതാണ്ട് പിന്നിടുന്പോൾ ജെൻസി സൺഡേ ദീപികയോടു മനസുതുറക്കുന്നു.
ആദ്യ സിനിമാഗാനം പാടിയിട്ട് അമ്പതാണ്ടു പിന്നിടുമ്പോള്‍ ജെന്‍സി ആന്റണി എന്ന പള്ളുരുത്തിക്കാരി ഗായിക അധികമാരും അറിയാതെ കൊച്ചിയിലുണ്ട്. ആദ്യഗാനം പാടുമ്പോള്‍ പ്രായം വെറും 11. ഗായികമാരായ കെ.എസ്. ചിത്രയും സുജാതയുമൊക്കെ തെന്നിന്ത്യ കീഴടക്കും മുമ്പേ വിഷാദഛായയുള്ള ശബ്ദമാധുരികൊണ്ട് മലയാളത്തിലും തമിഴിലും ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിക്കാന്‍ ജെന്‍സിക്കു കഴിഞ്ഞു.
കന്നിപ്പൂമാനം കണ്ണും നട്ട് (കേള്‍ക്കാത്ത ശബ്ദം), താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം (വിസ) തുടങ്ങി മലയാളത്തിലും അടിപ്പെണ്ണേ (മുള്ളും മലരും), കാതല്‍ ഓവിയം പാടും കാവിയം (അലൈകള്‍ ഓയിവ തില്ലൈ), എന്‍ വാനിലേ ഒരേ വെണ്ണിലാ (ജോണി), ഇദയം പോകുതേ (പുതിയ വാര്പ്പുകള്) എന്നിങ്ങനെ തമിഴിലുമായി നൂറോളം മധുര ഗാനങ്ങള്‍ സമ്മാനിച്ച ജെന്‍സി ആന്റണി എന്ന ഗായിക എവിടെയെന്ന ആ അന്വേഷണം ചെന്നെത്തിയത് എളമക്കര പേരണ്ടൂരിലെ ഒരു വില്ലയിലാണ്. നിറഞ്ഞ പുഞ്ചിരിയോടെ അവര്‍ ഞങ്ങളെ സ്വാഗതം ചെയ്തു.
11 വയസില്‍ ഗായികയായി കരിയര്‍ ആരംഭിച്ച അവര്‍ തന്റേതായ ചില തീരുമാനങ്ങളാല്‍ പതിനെട്ടു വയസില്‍ പിന്നണി ഗാനരംഗത്തുനിന്നു ബ്രേക്ക് എടുത്ത്, അധ്യാപക ജോലിയിലേക്കു ചുവടുമാറി. ആദ്യ പാട്ടിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം വരെ എത്തിനില്‍ക്കുന്ന തന്റെ പാട്ടുവഴികളെക്കുറിച്ച് ജെന്‍സി മനസു തുറന്നു. ആ വിശേഷങ്ങളിലേക്ക്....
തിരിച്ചറിഞ്ഞ അപ്പച്ചന്
കൊച്ചി പള്ളുരുത്തി പിടിയഞ്ചേരി വീട്ടില്‍ പി.പി. ആന്റണി - സിസിലി ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവളായിരുന്നു ജെന്‍സി. ആന്റണിക്കും സിസിലിക്കും പാട്ടിനോടു പ്രിയമുണ്ടായിരുന്നു. രണ്ടാളും ചെറുതായി പാടുമായിരുന്നു. അടുത്ത സിനിമാ തിയറ്ററില്‍ കുടുംബസമേതം സിനിമയ്ക്കു പോകുന്ന ശീലം ആന്റണിക്കുണ്ടായിരുന്നു.
സിനിമ കണ്ടു തിരിച്ചെത്തിയാല്‍ അതില്‍ കേട്ട പാട്ടുകള്‍ വരികള്‍ തെറ്റിച്ചാണെങ്കിലും കൊച്ചു ജെന്‍സി പാടും. മൂത്ത സഹോദരങ്ങളായ ജോളിയും ജെര്‍സനും അതുകേട്ട് താളംപിടിക്കും. മൂന്നു വയസുള്ളപ്പോള്‍ കണ്ട ചിത്രത്തിലെ അമ്മേ.. അമ്മേ... നമ്മുടെ അമ്പിളിയമ്മാവന് എപ്പവരും... എന്ന ഗാനം ജെന്‍സി പാടിനടക്കുന്നത് അപ്പച്ചന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ മകള്‍ക്കു സംഗീതത്തില്‍ താല്പര്യമുണ്ടെന്ന് അദ്ദേഹത്തിനു മനസിലായി.
സിനിമാ തിയറ്ററില്‍ വിൽക്കുന്ന പാട്ടുപുസ്തകങ്ങള്‍ ആന്റണി വാങ്ങിക്കൊണ്ടുവന്നു മകളെ പാടിക്കേള്‍പ്പിക്കും. വരികള്‍ ഒറ്റ പ്രാവശ്യം കേട്ടാല്തന്നെ ജെന്‍സി അത് ഓര്‍ത്തെടുക്കുമായിരുന്നു. അല്പം കൂടി മുതിര്‍ന്നപ്പോള്‍ പള്ളിയിലെ ഉറക്കമൊഴിച്ചില്‍ ചടങ്ങിനൊക്കെ ഭക്തിഗാനങ്ങളുമായി ജെന്‍സി എത്തുമായിരുന്നു. എവിടെ പാട്ടുമത്സരം ഉണ്ടെന്നറിഞ്ഞാലും ആന്റണി മത്സരത്തില്‍ പങ്കെടുക്കാനായി മകളെ കൊണ്ടുപോകുമായിരുന്നു. അങ്ങനെ കോലഞ്ചേരിയിലും കോതമംഗലത്തുമൊക്കെ നടന്ന സിനിമാഗാനാലാപന മത്സരത്തില്‍ നിരവധി തവണ ജെന്‍സി സമ്മാനങ്ങള്‍ നേടി.
അര്ജുനന് മാഷ് നൽകിയ അവസരം
അക്കാലത്ത് അപ്പച്ചനും കൂട്ടുകാരും ചേര്‍ന്നു പള്ളുരുത്തിയില്‍ ചിലങ്ക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്ന പേരില്‍ ഒരു ക്ലബ് ഉണ്ടാക്കി. ക്ലബ്ബില്‍ ചെറിയ സംഗീതപരിപാടികളൊക്കെ സംഘടിപ്പിച്ചു. പളളുരുത്തി എസ്ഡിപിവൈ ഗ്രൗണ്ടിനടുത്താണ് എന്റെ വീട്. ശ്രീഭവാനീശ്വര ക്ഷേത്രത്തിലെ ഉത്സവപരിപാടികളെല്ലാം ഈ ഗ്രൗണ്ടിലാണ് നടക്കുന്നത്. പരിപാടിക്കു വരുന്നവരൊക്കെ മേക്കപ്പ് ഇടാനും വിശ്രമിക്കാനുമൊക്കെ ഞങ്ങളുടെ വീട്ടിലാണ് എത്താറുള്ളത്. അങ്ങനെയിരിക്കേ ഒരിക്കല്‍ കെപിഎസി സുലോചനയുടെ ഗാനമേള അമ്പലത്തില്‍ നടന്നു. അപ്പച്ചന്റെ ആത്മസുഹൃത്താണ് സംഗീത സംവിധായകന് അര്ജുനന് മാഷ്. സുലോചനച്ചേച്ചി വിശ്രമിക്കാനായി വീട്ടിലാണ് എത്തിയത്. അര്ജുനന് മാഷും കൂടെയുണ്ട്.
അക്കാലത്തു സുലോചനച്ചേച്ചി നാടകഗാനങ്ങളാണ് കൂടുതലായും പാടിയിരുന്നത്. ആ പരിപാടിയില്‍ മകളെക്കൊണ്ട് ഒരു പാട്ടുപാടിക്കാന്‍ കഴിയുമോയെന്ന് അപ്പച്ചന് അര്ജുനന് മാഷിനോടു ചോദിച്ചു. മാഷ് സമ്മതം മൂളി. അന്നെനിക്ക് ഒമ്പതു വയസാണ് പ്രായം. യമുനേ... എന്നു തുടങ്ങുന്ന സിനിമാ പാട്ടാണ് പാടിയത്. പാടിക്കഴിഞ്ഞപ്പോള്‍ നിറഞ്ഞ കൈയടി. കൊച്ചുകുട്ടിയുടെ പാട്ടായതുകൊണ്ട് ഒരെണ്ണംകൂടി പാടാന്‍ സദസ് ആവശ്യപ്പെട്ടു. പക്ഷേ, മറ്റൊന്നും പ്രാക്ടീസ് ചെയ്തിട്ടില്ലാത്തതിനാല്‍ ആ പാട്ടു ഞാന്‍ ഒന്നുകൂടി പാടി.
പാട്ടു പഠനം
മകള്‍ക്കു പാട്ടില്‍ ഭാവിയുണ്ടെന്ന് മാഷ് അപ്പച്ചനോടു പറഞ്ഞു. അങ്ങനെയാണ് ഫോര്‍ട്ടുകൊച്ചിയിലെ രാമന്‍കുട്ടി ഭാഗവതരുടെ കീഴില്‍ സംഗീതം പഠിക്കാനായി ചേര്‍ന്നത്. പാട്ടിനൊപ്പം അമ്മച്ചിയുടെ ഇഷ്ടപ്രകാരം ഡാന്‍സിനും ചേര്‍ന്നെങ്കിലും അരങ്ങേറ്റത്തോടെ അതു നിര്‍ത്തി. ഞാന്‍ പാടുമെന്നറിഞ്ഞു നാട്ടിലെ ചെറിയ പരിപാടികളില്‍ എന്നെ പാടാനായി വിളിച്ചു. മത്സരങ്ങളിലൊക്കെ സിനിമാ പാട്ടുകള്‍ പാടിയിരുന്നതിനാല്‍ അതെനിക്കു ബുദ്ധിമുട്ടായി തോന്നിയില്ല.
അന്ന് സുശീലാമ്മയുടെയും ജാനകിയമ്മയുടെയും ലതാ മങ്കേഷ്കറുടെയുമൊക്കെ പാട്ടുകളായിരുന്നു ഞാന്‍ കൂടുതലും പാടിയിരുന്നത്. കൊച്ചിയിലെ മൈലാഞ്ചി കല്യാണ വേദികളിലൊക്കെ ലതാജിയുടെ 'രെനാ ബീതി ജായേ,' 'മെഹബൂബ് മേരെ' ഒക്കെ പാടി. 'രെനാ ബീതി ജായേ' ഒക്കെ വീണ്ടും വീണ്ടും എന്നെക്കൊണ്ട് പാടിപ്പിച്ചിട്ടുണ്ട്. ജൂനിയര്‍ ലതാമങ്കേഷ്കര്‍ എന്നൊക്കെ വിളിച്ച് ആളുകള്‍ നോട്ടുമാലയൊക്കെ ഇട്ടു തന്നിരുന്നു.
കലാഭവനിലൂടെ സിനിമയിലേക്ക്
ക്ലബ്ബുകളിലും മത്സരങ്ങളിലുമൊക്കെ പാടിക്കൊണ്ടിരിക്കേയാണ് 1971-72 കാലഘട്ടത്തില്‍ കലാഭവനില്‍ സബ് ജൂനിയര്‍ പാട്ടു മത്സരത്തില്‍ പാടാന്‍ അവസരം കിട്ടിയത്. അന്നെനിക്ക് 11 വയസ്. ദാസേട്ടനായിരുന്നു ജഡ്ജ്. കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍.. എന്ന ജാനകിയമ്മയുടെ ഗാനമാണ് ഞാന്‍ പാടിയത്. ആ മത്സരത്തില്‍ എനിക്ക് ഫസ്റ്റ് കിട്ടിയില്ല. പക്ഷേ, സമ്മാനമുണ്ടായിരുന്നു. സമ്മാനം തന്നതാകട്ടെ സാക്ഷാല്‍ ജാനകിയമ്മയും. ഏറെ വൈകാതെ കലാഭവനില്‍നിന്നു വിളി വന്നു. ഞാനും സുജാതയുമൊക്കെ ഉള്‍പ്പെടുന്ന ഒരു ബാല ഗാനമേള ട്രൂപ്പ് കലാഭവന്‍ ഉണ്ടാക്കി. സെന്റ് ആല്‍ബര്‍ട്സ് കോളജിലായിരുന്നു അന്നു കലാഭവന്റെ വാര്‍ഷികവും ബാല ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടനവും നടന്നത്.
ആളുകള്‍ ഒഴുകിയെത്തി
ദാസേട്ടന്, ജയേട്ടന് (ജയചന്ദ്രന്), ജാനകിയമ്മ, വസന്താമ്മ എല്ലാവരും ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. 'ഫൂലോം കാ താരോം കാ സബ്കാ കഹ്നാ ഹേ..' എന്ന പാട്ട് ഞാന്‍ പാടി. തുടര്‍ന്ന് 1972ല്‍ കലാഭവന്‍ കുഞ്ഞിക്കൈകള്‍ എന്ന സിനിമ നിര്‍മിച്ചപ്പോള്‍ ഞങ്ങളുടെ ബാലഗാനമേള സംഘത്തില്‍നിന്നു നറുക്കു വീണത് എനിക്കായിരുന്നു. കെ.കെ. ആന്റണി സാറായിരുന്നു ആ പാട്ടിന്റെ സംഗീതസംവിധായകന്. രചന ഒഎന്‍വി സാറായിരുന്നു. 'കുന്നിമണിക്കുഞ്ഞേ നിന്നെ കണ്ണെഴുതിച്ചത് ആരാണ്...' എന്ന, ഇന്ന് അമ്പതു വര്‍ഷം പിന്നിടുന്ന ആ ഗാനമാണ് ഞാന്‍ ആദ്യമായി വെള്ളിത്തിരയില്‍ പാടിയത്.
ദാസേട്ടനൊപ്പം
ഒരിക്കല്‍ ദാസേട്ടനൊപ്പം പാടാനുള്ള അവസരവും എനിക്കുണ്ടായി. കൊച്ചിയില്‍ കുരീത്തറ ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങായിരുന്നു അത്. ദാസേട്ടനൊപ്പം പാടാന്‍ ഫീമെയില്‍ വോയ്സ് ആരുമില്ല. അപ്പോള്‍ സംഘാടകരെല്ലാംകൂടി എന്റെ പേരു നിര്‍ദേശിച്ചു. ഒരു പ്രാക്ടീസ് പോലുമില്ലാതെയാണ് അമ്പാടി പൂങ്കുയിലേ’ എന്ന പാട്ട് പതിമൂന്നുകാരിയായ ഞാന്‍ അന്നു സ്റ്റേജില്‍ കയറി അദ്ദേഹത്തിനൊപ്പം പാടിയത്. തുടര്‍ന്ന് ദാസേട്ടനൊപ്പം മുംബൈ, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലെ പരിപാടികളില്‍ പാടി.
ബാലഗാനമേളയില്‍ സജീവമായിരിക്കേ, കലാഭവന്‍ സീനിയർ ഗ്രൂപ്പിലേക്കു ക്ഷണം ലഭിച്ചു. എറണാകുളത്തു പല ക്ലബ്ബുകളിലും ഗാനമേള ട്രൂപ്പിനൊപ്പം ഞാന്‍ പാടാന്‍ തുടങ്ങി. 'ബ്ലൂ ഡയമണ്ട്സ്,' 'സിഎസി,' കോറസ് അവര്‍ക്കൊപ്പമൊക്കെ പാടാന്‍ തുടങ്ങി. അതൊരു വലിയ അനുഭവമായിരുന്നു.
വീണ്ടും മാഷിന്റെ സിനിമയിലേക്ക്
1976ല്‍ വീണ്ടും സിനിമയില്‍ പാടാന്‍ അവസരം കിട്ടി. 'മോളെക്കൊണ്ട് ഒരു പാട്ടു പാടിപ്പിച്ചു നോക്കട്ടെ?' എന്ന് അര്ജുനന് മാഷാണ് അപ്പച്ചനോടു ചോദിച്ചത്. അങ്ങനെ 'വേഴാമ്പല്‍' എന്ന ചിത്രത്തിലെ 'തിരുവാകച്ചാര്‍ത്തിന് മുഖശ്രീ വിടരും' എന്നു തുടങ്ങുന്ന പാട്ടു പാടി. വയലാറിന്റെ അവസാന വരികളായിരുന്നു അത്. എട്ടു വരികളേണ്ടായിരുന്നുള്ളൂ.
അതുകൊണ്ടുതന്നെ അത് റിപ്പീറ്റ് ചെയ്തു പാടിച്ചു. 15കാരിയായ എന്നെ സംബന്ധിച്ച് അതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ചെന്നൈയിലെ അയ്യപ്പാസ് ലോഡ്ജിലായിരുന്നു മാഷിന്റെ താമസം. അവിടെ ഞങ്ങള്‍ക്കും മുറിയെടുത്തു തന്നു. മാഷ്തന്നെ ഹാര്‍മോണിയം ഇട്ട് രണ്ടു ദിവസം എന്നെ പ്രാക്ടീസ് ചെയ്യിപ്പിച്ചു. ഭരണി സ്റ്റുഡിയോയിലായിരുന്നു റിക്കാര്‍ഡിംഗ്.
തുടര്‍ന്ന് അര്ജുനന് മാഷ് കുറെ അവസരങ്ങള്‍ എനിക്കു തന്നു. 'അവള് ഒരു ദേവാലയ'ത്തിലെ 'ദുഖഃത്തിന്‍ മെഴുതിരി,' 'നാരായണക്കിളി' തുടങ്ങിയ പാട്ടുകള്‍. ആശീര്‍വാദം, ഹര്‍ഷബാഷ്പം, വേഴാമ്പല്‍, രാഗം താനം പല്ലവി തുടങ്ങിയ ചിത്രങ്ങളിലൊക്കെ അര്ജുനന് മാഷിനുവേണ്ടി ഞാന്‍ പാടി. മാഷിന്റെ ഇരുപതിലധികം ചിത്രങ്ങളില്‍ ഞാന്‍ പാടിയിട്ടുണ്ട്.
കേരളത്തില്‍ റിക്കാര്‍ഡിംഗ് സ്റ്റുഡിയോ വന്നശേഷം മാഷിന്റെ കുറെ നാടകഗാനങ്ങളും പാടി. വൈപ്പിന്‍ സുരേന്ദ്രന്, കുമരകം രാജപ്പന്, ആലപ്പി ഋഷികേശ് എന്നിവരുടെ നാടകഗാനങ്ങളും പാടാന്‍ അവസരം ലഭിച്ചു.
ഇളയരാജയ്ക്കൊപ്പം
1978ല്‍ രാജ സാറിനോട് എന്നെക്കുറിച്ചു സംസാരിച്ചത് ദാസേട്ടനാണ്. 'കൊച്ചിയില്‍ ജെൻസിയെന്നൊരു കുട്ടിയുണ്ട്, വോയ്സ് ഒന്നു കേട്ടു നോക്കൂ, പറ്റുന്നതാണെങ്കില്‍ പാടിപ്പിക്കൂ'. അങ്ങനെ ദാസേട്ടന് പറഞ്ഞതു കേട്ട് രാജ സാര്‍ എന്നെ മദ്രാസിലേക്കു ക്ഷണിച്ചു. ഞാനും അച്ഛനും കൂടെയാണ് മദ്രാസിലേക്ക് പോയത്. അന്നെനിക്ക് 17 വയസായിരുന്നു. രാവിലെ രാജ സാര്‍ വോയ്സ് ടെസ്റ്റ് നടത്തി, സെലക്ഷനും കിട്ടി. ഉച്ചയ്ക്കു ശേഷം ജാനകിയമ്മയ്ക്കൊപ്പം തിരുപുര സുന്ദരി എന്ന ചിത്രത്തിനായി വാനത്തെ പൂക്കിളി എന്ന പാട്ടുപാടി. അന്നു ലൈവ് റിക്കാര്‍ഡിംഗ് ആയിരുന്നു.
തമിഴ്പാട്ടുകള്‍ എനിക്ക് ചെറുപ്പം മുതല്‍ ഇഷ്ടമാണ്. സുശീലാമ്മയോടും ജാനകിയമ്മയോടുമുള്ള ആരാധനയാല്‍ അവര്‍ പാടുന്നതും തമിഴ് വാക്കുകള്‍ ഉച്ചരിക്കുന്നതുമൊക്കെ കേട്ടു പഠിക്കുമായിരുന്നു. അതൊക്കെ രാജാ സാറിനൊപ്പമുള്ള ആദ്യ റിക്കാര്‍ഡിംഗില്‍ ഏറെ സഹായിച്ചു.
പിന്നീട് തുടര്‍ച്ചയായി രാജാ സാര്‍ കുറെ ഹിറ്റ് ഗാനങ്ങള്‍ തന്നു. അദ്ദേഹത്തിന്റെ അറുപതോളം ചിത്രങ്ങളില്‍ ഞാന്‍ പാടി, ഒരു തെലുങ്ക് പാട്ടും പാടാനായി. മുള്ളും മലരുംലെ അടിപ്പെണ്ണേ, ജോണിയിലെ എന്‍ വാതിലില്‍, അലൈകള്‍ ഓയിവ തില്ലൈയിലെ കാതല്‍ ഓവിയം പാടും കാവിയം, ഇരു പറവകള്‍, ദൈവീക രാഗം, മയിലേ മയിലേ... തുടങ്ങിയ പാട്ടുകള്‍ ഹിറ്റായിരുന്നു. വ്യത്യസ്തമായ പാട്ടുകളാണ് അദ്ദേഹം എനിക്കു തന്നത്.
രാവിലെ ഒമ്പതിന് തുടങ്ങും, ഉച്ചയ്ക്ക് ഒന്നാവുമ്പോഴേക്കും പാട്ട് പഠിപ്പിച്ച്, പ്രാക്ടീസ് ചെയ്യിപ്പിച്ച്, റിക്കാര്‍ഡ് ചെയ്തു തീരണം. അദ്ദേഹം പുലർച്ചെതന്നെ സ്റ്റുഡിയോയില്‍ എത്തിയിട്ടുണ്ടാവും. ആദ്യമൊക്കെ രാജ സാര്‍ നേരിട്ടാണ് പാട്ട് പഠിപ്പിച്ചുതരിക, പിന്നീട് അസിസ്റ്റന്റുമാരായി പറഞ്ഞുതരുന്നത്. പാട്ടില്‍ ഇംപ്രവൈസേഷന് ഒന്നും രാജ സാര്‍ സമ്മതിക്കില്ല. എന്നെ ഒരിക്കല്‍പോലും കണ്ടിട്ടില്ലെങ്കിലും തമിഴ് സമൂഹം എന്റെ പാട്ടുകള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
കൂടുതല്‍ ഇഷ്ടം
പാടിയ പാട്ടുകളില്‍ എല്ലാം ഇഷ്ടമാണ്. എങ്കിലും 'കാതല്‍ ഓവിയം,' 'എന്‍ വാനിലെ,' 'ആയിരം മലര്‍ഗളേ' ഒക്കെ എനിക്കൊരുപാട് ഇഷ്ടപ്പെട്ടവയാണ്, മലയാളത്തില്‍ 'കന്നിപ്പൂമാനം,' 'താലീ പീലീ' 'എന്‍ വാനിലെ' ഇവയൊക്കെ ഇഷ്ടപ്പെട്ടവയാണ്. എനിക്ക് വളരെ ഇമോഷണലായ പാട്ടുകള്‍ സമ്മാനിച്ചത് ഭാരതിരാജയാണ്, അദ്ദേഹം സിനിമകളുടെ സിറ്റുവേഷന് ഒക്കെ പറഞ്ഞുതരും, വളരെ ഇമോഷണലായ ചില ഹമ്മിംഗൊക്കെ എനിക്കായി മാറ്റിവച്ചിരുന്നു.
കിഴക്ക് പോം വെയില് അതില്‍ റീ റിക്കാര്‍ഡിംഗാണ്. റീ റിക്കാര്ഡംഗില് ഫുള്‍ എന്റെ ഹമ്മിംഗായിരുന്നു. അതു ഭയങ്കര അനുഭവമാണ് തന്നത്. രാത്രിയാണ് റിക്കാര്‍ഡിംഗ് നടന്നത് . രാത്രി എട്ടിനു തുടങ്ങി പുലര്‍ച്ചെ തീരും. ഞാന്‍ ബൂത്തില്‍ അല്ലാതെ ഓര്‍ക്കെസ്ട്രയുടെ കൂടെയായിരുന്നു നിന്നിരുന്നത്. ഓരോ സീന്‍ വരുമ്പോഴും രാജ സാര്‍ കൈ കൊണ്ട് കാണിക്കും. അപ്പോള്‍ ഞാന്‍ 'ആ..ആ..' എന്നു പാടും. 'വാടിയെന്‍ കപ്പ കിഴങ്ങേ' എന്നു ഫോക്ക് ഗാനം വളരെ ആസ്വദിച്ചു പാടിയ ഒന്നാണ്. ഞാനും ഗംഗൈഅമരനും രാജാ സാറുമൊക്കെ ചേര്‍ന്നാണ് പാടിയത്. അവരൊക്കെ ഡാന്‍സ് ചെയ്താണ് പാടിയത്.
കൈനിറയെ പാട്ടുണ്ടായിട്ടും
1978 മുതല്‍ 1982 വരെ, നാലു വര്‍ഷമേ ഞാന്‍ പിന്നണി ഗാനരംഗത്തു സജീവമായി ഉണ്ടായിരുന്നുള്ളൂ. കേരളത്തില്‍തന്നെ താമസിച്ചായിരുന്നു ചെന്നൈയില്‍ റിക്കാര്‍ഡിംഗിനു പോയിരുന്നത്. രാജാ സാറിനെ കൂടാതെ ശങ്കര്‍ ഗണേഷ്, ഗംഗൈ അമരന്, ചന്ദ്രബോസ് തുടങ്ങി വളരെ കുറച്ചു മ്യൂസിക് ഡയറക്ടര്മാര്ക്കൊപ്പമേ ഞാന്‍ പാടിയിട്ടുള്ളൂ. അങ്ങനെ അവസരങ്ങള്ത്തേടി പോവാനൊന്നും അന്നു തോന്നിയില്ല, തേടിയെത്തിയ പാട്ടുകള്‍ മാത്രമാണ് പാടിയത്. ഇടിച്ചുകയറാന്‍ എനിക്കറിയില്ല, അന്നുമറിയില്ല, ഇന്നും.
പിന്നെ 18-ാം വയസില്‍ മട്ടാഞ്ചേരി ഗുജറാത്തി സ്കൂളില്‍ സംഗീതാധ്യാപികയായി എനിക്കു ജോലി കിട്ടിയിരുന്നു. ജോലി കിട്ടിയിട്ടും വല്ലപ്പോഴും പാടാന്‍ പോയിരുന്നു. രവീന്ദ്രന് മാഷിന്റെ ആദ്യ സിനിമാഗാനമായ 'ഉപ്പിനു പോണ വഴിയേത്?' പാടിയത് ഞാനാണ്. പത്മരാജന് സാറിന്റെ 'നവംബറിന്റെ നഷ്ടം' എന്ന ചിത്രത്തിലെ 'ഏകാന്തതേ നിന്റെ ദ്വീപില്‍' എന്നു തുടങ്ങുന്ന ഗാനം. അദ്ദേഹത്തിനു വലിയ നിര്‍ബന്ധമായിരുന്നു അതെന്നെക്കൊണ്ട് പാടിപ്പിക്കണമെന്ന്. പിന്നെ വിദ്യാധരന് മാഷ്ടെ 'വീണപൂവ്' എന്ന ചിത്രത്തിലെ 'സ്വപ്നം കൊണ്ടു തുലാഭാരം', 'കന്നിമാസത്തിലെ' തുടങ്ങിയ പാട്ടുകള്‍. ടോണ്‍ ഒക്കെ മാറ്റി പാടിയ പാട്ടാണ്, 'കന്നിമാസത്തിലെ' എന്നു തുടങ്ങുന്ന പുള്ളുവന്‍ ഗാനം.
ദാസേട്ടനൊപ്പം അമേരിക്കയില്‍ മൂന്നു പ്രാവശ്യം സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. രാജാ സാറിന്റെ ഓര്‍ക്കെസ്ട്രയില്‍ സിംഗപ്പുരില്‍ പാടി. സിലോണ്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
തിരിഞ്ഞു നോക്കുമ്പോള്‍
ഞാന്‍ ഹാപ്പിയാണ്. കുറച്ചു പാട്ടുകളേ പാടിയിട്ടുള്ളൂവെങ്കിലും 50 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും അത് ആളുകളുടെ മനസില്‍ നില്ക്കുന്നുണ്ടെങ്കില് വലിയ കാര്യമല്ലേ. അടുത്തിടെ '70കളിലെ നല്ല പാട്ടുകാരി'യെന്ന രീതിയില്‍ എനിക്കു റേഡിയോ മിര്‍ച്ചിയുടെ കഴിഞ്ഞ വര്‍ഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് കിട്ടി. സംവിധായകന് മഹേന്ദ്രന് സാര്‍ ഒരു പുസ്തകമെഴുതിയപ്പോള്‍ അതു പ്രകാശനം ചെയ്യാന്‍ കോയമ്പത്തൂരിലേക്ക് എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ നാലഞ്ചു പടത്തില്‍ ഞാന്‍ പാടിയിട്ടുണ്ട്. അവരൊക്കെ എന്നെ ഓര്‍ത്തു വിളിക്കുകയെന്നതു വലിയ സന്തോഷം തന്നെ.
എന്റെ പാട്ടുകള്‍ കേട്ടിട്ടുണ്ടെങ്കിലും പലര്‍ക്കും എന്നെ നേരിട്ടു കണ്ടാല്‍ അറിയില്ല. ഇപ്പോള്‍ ടിവിയിലൊക്കെ കാണുമ്പോഴാണ് പലരും ജെന്‍സി ഇതാണെന്ന് അറിയുന്നത്. ഞാന്‍ പഠിപ്പിച്ചിരുന്ന സ്കൂളില്‍ അടുത്തിടെ പൂര്‍വവിദ്യാര്‍ഥീസംഗമം നടന്നിരുന്നു. അതില്‍ ഏഴാം ക്ലാസില്‍ ഞാന്‍ പഠിപ്പിച്ച ഒരു കുട്ടി 'കാതല്‍ ഓവിയം' എന്ന പാട്ടിനെക്കുറിച്ചു സംസാരിച്ചു.
എന്തൊരു പാട്ടാണത്, ഞാനത് കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ല' എന്നൊക്കെ അവന് പറഞ്ഞു. ഞാനാണ് അതു പാടിയതെന്ന് അവനൊപ്പമുള്ള മറ്റൊരു പയ്യന് അറിയാമായിരുന്നു. മിസ് ആണ് അത് പാടിയതെന്നു പറഞ്ഞെങ്കിലും അവന് വിശ്വസിച്ചില്ല. 'ഞാനാണ് മോനേ അതു പാടിയത്' എന്നു ഞാന്‍ പറഞ്ഞപ്പോള്‍ 'ഓ മിസും ആ പാട്ട് പാടാറുണ്ടല്ലേ? എന്നായി. 'അല്ല മോനേ, ആ പാട്ട് ഒറിജിനല്‍ റിക്കാര്‍ഡിംഗില്‍ ഞാനാണ് പാടിയത്.' എന്ന് പറഞ്ഞപ്പോള്‍ അവന് അദ്ഭുതപ്പെട്ടുനിന്നു
സംഗീതലോകത്തെ സൗഹൃദങ്ങള്‍
ജാനകിയമ്മ അന്നും ഇന്നും അതേ വാത്സല്യത്തോടെയാണ് പെരുമാറുന്നത്. ഞാന്‍ മെസേജ് അയച്ചാല്‍ ഉടന്‍ തിരിച്ചു വോയിസ് മെസേജ് അയയ്ക്കും. ദാസേട്ടനെ അങ്ങനെ എപ്പോഴും വിളിക്കാറൊന്നുമില്ല. എങ്കിലും ദാസേട്ടന് അന്നും ഇന്നും വലിയ സ്നേഹമാണ്. ചിത്രയുമായും നല്ല അടുപ്പമുണ്ട്. എന്റെ പിറന്നാളിന് ചിത്ര പതിവായി ആശംസകള്‍ അയയ്ക്കാറുണ്ട്. ഇടയ്ക്കൊക്കെ വിളിക്കും.
സുജാതയും ഞാനും ബാലഗാനമേളയില്‍ ഒന്നിച്ചു പാടിയ കാലം മുതലുള്ള പരിചയമാണ്. മെസേജ് അയയ്ക്കും. ഇടയ്ക്കു വിളിക്കും. ചിത്ര ഇടയ്ക്ക് വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യും. 'ഉപ്പിനു പോണ വഴിയേത്' പാടുമ്പോഴാണ് ലതികയെ പരിചയപ്പെടുന്നത്. അന്നു ഞങ്ങള്‍ തമ്മില്‍ അത്ര സൗഹൃദമൊന്നുമില്ലായിരുന്നു. ഇപ്പോഴാണ് ഞങ്ങള്‍ നല്ല കൂട്ടായത്, ഇടയ്ക്കു വിളിക്കും. മോള്‍ടെ കല്യാണത്തിനൊക്കെ വന്നിരുന്നു.
സംഗീതരംഗത്തെ മാറ്റങ്ങള്‍
സംഗീതരംഗത്തും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാനൊക്കെ പാടി ത്തുടങ്ങിയ കാലത്ത് നമ്മള് ഇരുന്നാണ് പാടുന്നത്. ചുറ്റും ഹാര്മോണിയവുമൊക്കെയായി ആളുകളുണ്ടാവും. പിന്നെ നിന്നു മൈക്ക് സ്റ്റാന്‍ഡില്‍ വച്ചു പാടാന്‍ തുടങ്ങി. അധികം വൈകാതെ മൈക്ക് കൈയില്‍ പിടിച്ചായി പാട്ട്. ഇപ്പോള്‍ മൈക്കൊക്കെ ഡ്രസില്‍ കുത്തി വച്ച് പാടുന്നതു കണ്ടിട്ടുണ്ട്.
ഞാന്‍ പാട്ടില്‍നിന്നു വിടുന്നതു വരെയും ട്രാക്ക്റിക്കാര്ഡിംഗ് ഇല്ലായിരുന്നു, എല്ലാം ലൈവ് റിക്കാര്‍ഡിംഗ് ആയിരുന്നു. മറ്റു ഗായകര്‍ പാടുന്നത് കേട്ട് നമുക്ക് എങ്ങനെ മെച്ചപ്പെടുത്തി പാടാം എന്നൊക്കെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. ഓര്‍ക്കസ്ട്രയുമായി അടുത്തു ബന്ധം ഉണ്ടാകുമായിരുന്നു. അതൊരു പ്രത്യേക അനുഭവമായിരുന്നു. കൂടെ പാടുന്ന വലിയ ഗായകര്‍ ഓരോ വാക്കും ഉച്ഛരിക്കുന്നത് എങ്ങനെയൊക്കെ എന്നു മനസിലാക്കാന്‍ കഴിഞ്ഞിരുന്നു.
ഇന്നു നിരവധി പുതു തലമുറ ഗായകരുണ്ട്. അവര്‍ക്കു ധാരാളം അവസരങ്ങളും ഉണ്ട്. സിനിമ കിട്ടിയില്ലെങ്കിലും സംഗീതപരിപാടികളില്‍ പാടാന്‍ കഴിയും. മെച്ചമായ പ്രതിഫലവും ലഭിക്കുന്നുണ്ട്. എന്റെ ആദ്യഗാനത്തിന് 300 രൂപയായിരുന്നു പ്രതിഫലം. ഇന്നു ലക്ഷങ്ങൾ ലഭിക്കും. ഇന്നു ട്രാക്ക് റിക്കാര്‍ഡിംഗ് വന്നപ്പോള്‍ ലഭ്യമാകുന്ന ഗായകരെ വിളിച്ചു പാടിക്കുകയാണ്. ആരെയും കാത്തുനില്ക്കാറില്ല.
ഇനിയും പാട്ടുകള്‍ പ്രതീക്ഷിക്കാമോ
മലയാളത്തില്‍ 40ലധികം പാട്ടുകള്‍ പാടിയിട്ടുണ്ട്. സ്റ്റീവ് ലോപ്പസിലാണ് അവസാനം പാടിയത്. അടുത്തിടെ ഒരു നവാഗത സംവിധായകന്റെ ചിത്രത്തിലേക്കു ക്ഷണം കിട്ടിയതാണ്. അന്നു ഞാന്‍ ഓസ്ട്രേലിയയില്‍ ആയിരുന്നതിനാല്‍ സ്വീകരിച്ചില്ല. എന്റെ മനസംതൃപ്തിക്കു വേണ്ടി മരണം വരെ പാടണം എന്നാണ് ആഗ്രഹം.
കുടുംബം
1983ല്‍ ആയിരുന്നു വിവാഹം. ഭര്‍ത്താവ് ഗ്രിഗറി ബിസിനസുകാരനയിരുന്നു. ഗായകന് ജോളി എബ്രഹാം എന്റെ അപ്പച്ചന്റെ അനുജനാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ഗ്രിഗറി. ആ വഴിക്കാണ് വിവാഹാലോചന വന്നത്. സംഗീതത്തോടു താത്പര്യമുള്ള ആളാണ്. എനിക്ക് രണ്ടു മക്കളാണുള്ളത്. രണ്ടു പേരും പാടും.
മകന് നിധിന് അമേരിക്കയില്‍ നേവല്‍ ആര്‍ക്കിടെക്ടാണ്. മരുമകള്‍ മെറില്‍ അവിടെ ജ്വല്ലറി മേക്കിംഗ് ബിസിനസ് ചെയ്യുന്നു. മകള്‍ നുബിയയും ഭര്‍ത്താവ് ലിജോയും എന്‍ജിനിയര്‍മാരാണ്. ഓസ്ട്രേലിയയിലാണ് അവര്‍ താമസിക്കുന്നത്. മകള്‍ അവിടെ ഗാനമേളകളിലും ആല്‍ബങ്ങളിലുമൊക്കെ പാടുന്നുണ്ട്. 38 വര്‍ഷത്തെ സേവനത്തിനു ശേഷം ഞാന്‍ അടുത്തിടെയാണ് അധ്യാപന ജോലിയില്‍നിന്നു വിരമിച്ചത്.
എന്റെ സഹോദരങ്ങളായ ജോളി ആന്റണി(യേശുദാസിന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ്) യും ജെര്സന് ആന്റണി(ഗിറ്റാറിസ്റ്റ്, സിനിമാ സംഗീത സംവിധായകന്)യും സംഗീതരംഗത്തുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
സീമ മോഹന്‍ലാല്‍