ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ്പെട്ടു.
ജീവിച്ചിരുന്നപ്പോൾ അധികമൊന്നും അറിയപ്പെടാതിരുന്ന വ്യക്തി. പക്ഷേ, മരണാനന്തരം പ്രശസ്തിയുടെ നെറുകയിലേക്ക് ഉയർത്തപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ഭ്രമാത്മക സാഹിത്യത്തിന്റെ ശില്പിയെന്നു വിളിക്കുന്ന ഫ്രാൻസ് കാഫ്ക അന്തരിച്ചിട്ട് ജൂൺ മൂന്നിന് ഒരു നൂറ്റാണ്ട്.
1883 ജൂലൈ മൂന്നിന്, ഇപ്പോഴത്തെ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ ജനനം. മാതാപിതാക്കൾ യഹൂദർ. കാഫ്കയുടെ ഭാഷ ജർമനും. അതികർക്കശക്കാരനായിരുന്ന പിതാവിനോടു ചെറുപ്പംമുതൽ കാഫ്ക അകലം പാലിച്ചു. കാഫ്കയുടെ വ്യാപാരിയായ പിതാവ്-ഹെർമൻ കാഫ്ക ധനസന്പാദനവ്യഗ്രത പൂണ്ട വ്യക്തിയായിരുന്നു. അമ്മ-ജൂലി ലോവി, ഭർത്താവിന്റെ വ്യാപാരങ്ങളിൽ സഹായിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തി. കാഫ്കയും ഇളയ മൂന്നു സഹോദരികളുമടങ്ങിയ കുടുംബത്തിൽ ഒറ്റപ്പെടലിന്റെ വേദനയോടെയാണു കാഫ്ക വളർന്നത്.
രചനകളിൽ നിറഞ്ഞത്
23-ാം വയസിൽ കാഫ്ക നിയമത്തിൽ ഡോക്ടറേറ്റ് നേടി. തുടർന്ന് ഇൻഷ്വറൻസ് കന്പനിയിൽ ജോലിചെയ്തു. ഇക്കാലയളവിൽ വിശാലമായ വായനയ്ക്കും രചനകൾക്കും സമയം കണ്ടെത്തി. ജർമൻ ഭാഷയിലായിരുന്നു രചനകൾ. 1913ൽ ജഡ്ജ്മെന്റും 1915ൽ മെറ്റമോർഫോസിസും പ്രസിദ്ധീകരിച്ചു. ഫ്രാൻസ് കാഫ്കയെ വിശ്രുതനാക്കിയ രചനയാണ് മെറ്റമോർഫോസിസ്. പ്രതിരൂപങ്ങളും പ്രതിബിംബങ്ങളും നിറഞ്ഞ കൃതിയാണിത്.
ഇതിലെ പല പ്രതീകങ്ങളും ബൈബിളിലെ യേശുവുമായി താരതമ്യം ചെയ്തു നിരൂപകർ വിലയിരുത്തിയിട്ടുണ്ട്. കഥാനായകനായ ഗ്രിഗറിന്റെ ത്യാഗങ്ങൾ യേശുവിന്റെ സഹനത്തിന്റെ പ്രതിരൂപമായി താരതമ്യപഠനം ഉണ്ടായിട്ടുണ്ട്. മെറ്റമോർഫോസിസിലെ നായകനു നേരിട്ട തിക്താനുഭവങ്ങളും ഉറ്റവരുടെ ഉപേക്ഷയുമെല്ലാം, നന്മകൾ ആവോളം ചെയ്തിട്ടും ഒറ്റിക്കൊടുക്കലിൽ അവസാനിച്ച യേശുവിന്റെ ജീവിതമാണ് കാഫ്ക വരച്ചിട്ടിരിക്കുന്നതെന്ന് അനുമാനിക്കാൻ പ്രേരിപ്പിക്കുന്നു.
തകർന്ന ബന്ധങ്ങൾ
ദ ട്രയൽ, ഇൻ ദ പീനൽ കോളനി, ദ കാസിൽ, അമേരിക്ക, എ ഹങ്കർ ആർട്ടിസ്റ്റ് തുടങ്ങിയവയാണ് കാഫ്കയുടെ പ്രധാന കൃതികൾ. നിരർഥകത, നൈരാശ്യം, അർഥശൂന്യത തുടങ്ങിയവ വേട്ടയാടുന്ന ആധുനിക മനുഷ്യന്റെ അസ്വസ്ഥപൂർണമായ ജീവിതമത്രേ, കാഫ്കയുടെ രചനയുടെ മുഖമുദ്ര. ഇദ്ദേഹത്തിന്റെ ആത്മസുഹൃത്തായിരുന്ന മാക്സ് ബ്രോഡാണ് കാഫ്കയുടെ രചനകളിൽ സിംഹഭാഗവും പ്രസിദ്ധീകരിച്ചത്.
മരണ ശേഷം
ദസ്തേയ്വിസ്കി, ഫ്രഡറിക് നീഷേ, അലൻ പോ, തോമസ് മൻ, ഗോയ്ഥേ, ഷോപ്പനോവർ, ചാൾസ് ഡിക്കൻസ്, കീർക്കഗാർഡ്, ഗുസ്താവ് ഫ്ലാബർട്ട്, ജി.കെ. ചെസ്റ്റർട്ടൻ തുടങ്ങിയവരുടെ കൃതികളുടെയും തത്വചിന്തകളുടെയും സ്വാധീനം കാഫ്കയുടെ രചനകളിൽ കാണാൻ കഴിയും.
കാഫ്കയ്ക്കു വിവാഹജീവിതം താത്പര്യമായിരുന്നെങ്കിലും ആ ലക്ഷ്യത്തിൽ ഒരിക്കലുമെത്താൻ കഴിഞ്ഞില്ല. നിരവധി സ്ത്രീസുഹൃത്തുക്കളുമായി അടുത്തിടപെട്ടിട്ടും വിവാഹത്തോളമെത്താതെ ബന്ധങ്ങളെല്ലാം ഇടയ്ക്കു തകർന്നുപോവുകയായിരുന്നു. 1917ൽ കാഫ്ക ക്ഷയരോഗബാധിതനായി. എങ്കിലും തന്റെ സാഹിത്യരചനകൾ തുടർന്നുകൊണ്ടേയിരുന്നു. 1924 ജൂൺ മൂന്നിനു കാഫ്ക അന്തരിച്ചു. മരണാനന്തരം പ്രസിദ്ധീകരിച്ച വിചാരണ, ദുർഗം, അമേരിക്ക എന്നിവയും കാഫ്കയുടെ കഥകളും കത്തുകളും വലിയ വെളിപാടുപോലെ ലോകം സ്വീകരിച്ചു.
പിടിതരാതെ
കാഫ്കയസ്ക് എന്നൊരു വിശേഷണം ഇംഗ്ലീഷിലുണ്ട്. അഹന്ത നിറഞ്ഞ അധികാരഭാവത്തെയും അധികാരവർഗത്തിന്റെ ചുവപ്പുനാടകളെയും അർഥശൂന്യമായ ആധുനിക ലോകത്തിന്റെ ആശങ്കകളെയും സൂചിപ്പിക്കുന്നതാണിത്. കാഫ്കയുടെ കൃതികളിലാകമാനം ഇതു വ്യക്തമാണ്. കാഫ്കയുടെ ഈ സ്വാധീനം പിന്നീടു രചിക്കപ്പെട്ട പല പ്രമുഖ കൃതികളിലും കാണാൻ കഴിയും. 1984 (ജോർജ് ഓർവെൽ), കുലപതിയുടെ പതനം (ഗബ്രിയേൽ ഗാർസ്യ മാർക്കേസ്), ധർമപുരാണം (ഒ.വി. വിജയൻ) എന്നിവ ഉദാഹരണങ്ങളാണ്.
കാഫ്കയെ, വിഗ്രഹഭഞ്ജകനായോ മതനിഷേധിയായോ മൂല്യനിരാസകനായോ മരണസംസ്കാര വക്താവായോ കാണുന്നവരുണ്ട്. എന്നാൽ, സൂക്ഷ്മാർഥത്തിൽ ആത്മാവിൽ ദൈവികാംശം കാത്തുസൂക്ഷിച്ച ഒരു ചിന്തകനായിരുന്നു കാഫ്ക. യഹൂദ കുടുംബത്തിലായിരുന്നു ജനനമെങ്കിലും ബൈബിളിലെ പുതിയ നിയമവും സഹനപ്രതീകമായ യേശുക്രിസ്തുവും തന്റെ രചനകളിൽ കാവ്യാത്മകമായി കടന്നുവരുന്പോൾ, കാഫ്ക അധികമാർക്കും പിടിതരാതെ കടന്നുപോയ മനുഷ്യസ്നേഹികൂടിയാണെന്നു പറയാം.
ഫാ. ജോർജ് ചേന്നപ്പള്ളിൽ