1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന കഥാപാത്രം ഒരു സിനിമാ തിയറ്ററിലേക്കു പ്രവേശിക്കുന്നു. സിനിമ തുടങ്ങി അല്പം കഴിഞ്ഞിട്ടാണ് വരവ്. വൈകാതെ സിനിമയ്ക്കുള്ളിലെ സിനിമയിൽ ഒരു പാട്ടു വരുന്നു.
ലോ, ഗാനാ ശുരൂ ഹോഗയാ!- അയാൾ അല്പമൊന്ന് അസ്വസ്ഥനായി പറയുകയാണ്- നോക്കൂ, പാട്ടു തുടങ്ങി. ഞാനൊന്നു പുറത്തിറങ്ങിയിട്ടു വരാം.
ഒരുകാലത്തെ യാഥാർഥ്യമാണ് ഈ രംഗം പറഞ്ഞുവച്ചത്. സിനിമയിൽ പാട്ടുവന്നാൽ കൊട്ടകയ്ക്കു പുറത്തിറങ്ങി പുകവലിക്കുന്നവർ ധാരാളമുണ്ടായിരുന്നു. വിസിആറിൽ സിനിമകാണുന്ന കാലത്ത് പാട്ടുവന്നാൽ ഫാസ്റ്റ് ഫോർവേഡ് ബട്ടണ് അമർത്തിയിരുന്നവരും കുറവല്ല. പാട്ടുകളെ ഫില്ലറുകളായി കണ്ടിരുന്ന കാലത്താണ് ഇതൊക്കെ.
കഥയുടെ ഭാഗമായ, ചേതനയെ പിടിച്ചിരുത്തുകയും ഭാവനയെ തുറന്നുവിടുകയും ചെയ്യുന്ന പാട്ടുകൾ സിനിമകളിൽ വന്നതോടെ പാട്ടുകേൾക്കാനായി സിനിമയ്ക്കു പോയിരുന്നവരുടെ കാലമായി. മുകളിൽക്കണ്ട രംഗം അവതരിപ്പിച്ച ബസു ചാറ്റർജിയുടെ രജനീഗന്ധ എന്ന സിനിമയിൽത്തന്നെ രണ്ടു സുന്ദരഗാനങ്ങളുണ്ടായിരുന്നു. അതിലൊന്നാണ് കയീ ബാർ യുൻ ഭീ ദേഖാ ഹേ... സാധാരണ പാട്ടുപ്രേമികളൊന്നും ഓർത്തിരിക്കാനിടയില്ലാത്ത പാട്ട്!
ആ കാറിൽ, നഗരത്തിലൂടെ...
ദീപ എന്ന നായിക. സന്തോഷകരമായ, അതേസമയം ചിലപ്പോഴെങ്കിലും വിരസമാകുന്ന പ്രണയജീവിതം നയിക്കുന്ന അവർക്ക് ആദ്യ കാമുകനെക്കുറിച്ച് സുന്ദരമായ ഓർകളുണ്ട്. അവിചാരിതമായി അയാളെ അവർ വീണ്ടും കണ്ടുമുട്ടുന്നു. അവരുടെ മനസ്, ആ സിനിമയുടെ മുഖ്യ ആശയം ആ കണ്ടുമുട്ടലിൽ സുന്ദരമായൊരു പാട്ടുണ്ടാക്കുന്നു- കയീ ബാർ യുൻ ഭീ ദേഖാ ഹേ...
യോഗേഷിന്റെ അത്യന്തം യാഥാർഥ്യബോധമുള്ള വരികൾക്ക് ഈണമൊരുക്കിയത് സലിൽ ചൗധരി. ബംഗാളിയിൽ പിന്റു ഭട്ടാചാര്യയുടെ സ്വരത്തിലുള്ള അമി ചൊൽതേ ചൊൽതേ എന്ന പാട്ടിന്റെ ഈണംതന്നെയാണ് സലിൽദാ ഹിന്ദിയിൽ ഉപയോഗിച്ചത്. മുകേഷിന്റെ സ്വരത്തിനുമുണ്ട് ആ സാമ്യം! (ബംഗാളിയിൽ വരികളിൽ ചെറിയ വ്യത്യാസത്തോടെ ലതാ മങ്കേഷ്കറും ഈ പാട്ട് പാടിയിട്ടുണ്ട്).
ദീപയും മുൻ സുഹൃത്ത് നവീനും ഒരു ടാക്സിയിൽ ബോംബെ നഗരത്തിലൂടെ സഞ്ചരിക്കുകയാണ്. വിനയാന്വിതനായി അല്പം അകന്നുമാറിയിരിക്കുന്ന അയാളെ ഇടയ്ക്കിടെ ഒളികണ്ണിട്ടു നോക്കുന്നുണ്ട് നായിക. ജീവിതം ഒരുമിച്ചായിരുന്നുവെങ്കിൽ എങ്ങനെയായേനെ എന്നു ചിന്തിക്കുന്ന അവരുടെ മനസ് ആ നോട്ടങ്ങളിൽ കാണാം. മനസിന്റെ അടുപ്പം സൂചിപ്പിക്കുന്ന മട്ടിൽ അവരുടെ സാരിത്തലപ്പ് കാറ്റിൽ അയാളുടെ വിരലുകളെ ചെന്നു തൊടുകയും ചെയ്യുന്നു.
മനസു പാടിയത്...
മനസൊരു മാന്ത്രികക്കുതിരയായ് പായുന്നു, മനുഷ്യൻ കാണാത്ത പാതകളിൽ എന്ന് മുല്ലനേഴി എഴുതിയത് മേള എന്ന ചിത്രത്തിനുവേണ്ടിയാണ്. അത്രവലിയ പ്രഹേളികയാണ് മനസെന്നുറപ്പിക്കുന്നു യോഗേഷിന്റെ ഈ പാട്ടിലെ വരികളും. സ്വയം അതിർവരന്പുകൾ നിശ്ചയിക്കുകയും, അജ്ഞാതമായ എന്തിനെയൊക്കെയോ തേടി അതു മറികടക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്ന മനസ്.
രൂപമില്ലാത്ത ആഗ്രഹങ്ങൾക്കു പിന്നാലെ പായുന്ന മനസ്. ഒരുപക്ഷേ ജീവിതത്തിൽ ഒട്ടുമുക്കാലുംപേർ കടന്നുപോയിട്ടുള്ള സാഹചര്യം. അപരിചിതമായ വഴികളിലൂടെ ജീവിതം പായുന്പോൾ എന്തിനോ വേണ്ടി കാത്തിരിപ്പു തുടരുന്ന മനസ്. യോഗേഷിന്റെ വരികൾ ആ മനസിനെ കണ്ടെത്തുന്നു.
അനുപല്ലവിയിലെത്തുന്പോൾ അനിശ്ചിതത്വങ്ങളിൽ അലയുകയാണ് മനസ്. പകൽക്കിനാവുകളുമുണ്ടാകാം കൂട്ടിന്. കവി പലതരം പൂക്കൾ വിരിഞ്ഞുനിൽക്കുന്ന തോട്ടമായി ജീവിതത്തെ കാണുന്നുണ്ട്.
പുഞ്ചിരിക്കുന്ന പൂക്കളിൽ ഏതിറുത്ത് മനസിൽ അലങ്കരിച്ചുവയ്ക്കുമെന്ന് അയാൾ ആകുലനാകുന്നു. ആരെ ഹൃദയത്തോടു ചേർത്തുവയ്ക്കുമെന്നും ഏതു ബന്ധം ഉപേക്ഷിക്കുമെന്നും അയാൾ പിന്നീടു സ്വയം ചോദിക്കുന്നു. ജീവിതത്തിലെ ധർമസങ്കടങ്ങളെ ഇതിനേക്കാൾ പ്രാണൻകൊടുത്ത് എങ്ങനെയെഴുതാം.. എങ്ങനെ ഈണമിടാം.., എങ്ങനെ പാടാം!
സലിൽദാ, മുകേഷ് മാജിക്
സങ്കീർണമായ മനോസഞ്ചാരങ്ങളാണ് പാട്ടിലെങ്കിലും സരളമാണ് ഈണവും ആലാപനവും. ജീവിതയാത്രയെ സൂചിപ്പിക്കുന്ന മാർച്ചിംഗ് താളത്തിൽ സാക്സഫോണും ഫ്ളൂട്ടുമടക്കം സുന്ദരമായി ഉപയോഗിച്ച് സലിൽ ചൗധരി സ്വതസിദ്ധമായ മാജിക്കൽ ശൈലിയിൽ പാട്ടൊരുക്കിയിരിക്കുന്നു. ഈ പാട്ടിനു മുകേഷിന്റെ സ്വരമേ ചേരൂ എന്ന് കിഷോർ കുമാർ ആരാധകർപോലും സമ്മതിക്കുന്നുണ്ട്. അങ്ങനെയാണ് പട്ടുപോലുള്ള ആ ശബ്ദം.
പക്ഷേ പാട്ടിലേക്ക് മുകേഷ് എത്തിയതിനു പിന്നിൽ ഒരു കഥയുണ്ട്. സത്യമാണോ എന്ന് സ്ഥിരീകരണമില്ലെങ്കിലും ആ കഥ ഇങ്ങനെയാണ്: നായികയുടെ മനസാണ് പാട്ടിൽ ചിത്രീകരിക്കുന്നതെന്നിരിക്കേ ഹിന്ദിയിൽ ഈ പാട്ടുപാടാൻ ലതാ മങ്കേഷ്കറെയാണ് ആദ്യം സമീപിച്ചത്. അന്ന് അവർ ആവശ്യപ്പെട്ട പ്രതിഫലം മൂവായിരം രൂപയായിരുന്നത്രേ. അത്രയും തുക പാട്ടിനു മുടക്കാൻ നിർമാതാക്കൾക്കു കഴിയുമായിരുന്നില്ല. അതുകൊണ്ട് അവർ മുകേഷിനെ സമീപിച്ചു.
അദ്ദേഹം ആയിരം രൂപയ്ക്കു പാടാമെന്നു സമ്മതിക്കുകയും ചെയ്തു. ഈ പാട്ട് അദ്ദേഹത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തുവെന്നത് മറ്റൊരു കൗതുകം. പാട്ടിനു പിന്നിലെ പ്രധാനികളായ മൂന്നുപേരും- യോഗേഷ്, സലിൽ ചൗധരി, മുകേഷ്- ഇന്ന് ഈ ലോകത്തില്ല. പക്ഷേ, മനസിന്റെ സഞ്ചാരങ്ങൾക്ക് അരനൂറ്റാണ്ടിനിപ്പുറവും ഒരു മാറ്റവുമില്ല.
ഹരിപ്രസാദ്