ലോകജനതയുടെ മനസിൽ ഇത്രത്തോളം ആഴത്തിൽ പതിഞ്ഞ മറ്റൊരു ശിൽപമുണ്ടോയെന്ന് സംശയമാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മൈക്കലാഞ്ചലോ നിർമിച്ച ഈ ശിൽപം എക്കാലവും കരുണയുടെയും മാതൃസ്നേഹത്തിന്റെയും ഉദാത്ത രൂപമായി നിലകൊള്ളുന്നു.
ഒരു മനുഷ്യസൃഷ്ടി എത്രമാത്രം കരുണാർദ്രമാകാം എന്നു ചോദിച്ചാൽ അതിന് ‘പിയത്ത’യോളം എന്നേ ഉത്തരമുള്ളൂ.
ലോകജനതയുടെ മനസിൽ ഇത്രത്തോളം ആഴത്തിൽ പതിഞ്ഞ മറ്റൊരു ശിൽപമുണ്ടോയെന്ന് സംശയമാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇറ്റലിക്കാരനായ മൈക്കലാഞ്ചലോ നിർമിച്ച മാർബിൾ ശിൽപം മാതൃസ്നേഹത്തിന്റെ ഉദാത്തരൂപമായി നിലകൊള്ളുന്നു.
പീഡാസഹനവും കുരിശുമരണവും വരിച്ച യേശുവിന്റെ ശരീരം സംസ്കരിക്കുന്നതിനുമുന്പ് മാതാവായ മറിയത്തിന്റെ മടിയിൽ കിടത്തുന്ന തീവ്രവൈകാരികരംഗം പിയത്തയിലൂടെ മൈക്കലാഞ്ചലോ അനശ്വരമാക്കുകയായിരുന്നു.
1498-99 കാലഘട്ടത്തിൽ കരാര മാർബിളിൽ കൊത്തിയെടുത്ത 1.74 മീറ്റർ ഉയരവും 1.95 മീറ്റർ വീതിയുമുള്ള ശിൽപം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണു ള്ളത്.
റോമിലെ ഫ്രഞ്ച് പ്രതിനിധിയായിരുന്ന കർദിനാൾ ഴോങ് ബിലേ ദേ ലഗ്രുലയുടെ ശവകുടീരത്തിൽ സ്ഥാപിക്കാനായിരുന്നു മൈക്കലാഞ്ചലോ പിയത്ത നിർമിച്ചതെന്നാണ് പാരന്പ ര്യവിശ്വാസം. പതിനെട്ടാം നൂറ്റാണ്ടിലാണ് ഇത് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റി സ്ഥാപിക്കുന്നത്.
മെക്കലാഞ്ചലോ സ്വന്തം കൈയൊപ്പു ചാർത്തിയ ഏക കലാസൃഷ്ടിയാണിത്. അതേ ശൈലിയിൽ മൈക്കലാഞ്ചലോ നിർമിച്ച അനവധി കലാസൃഷ്ടികളുടെ തുടക്കം കൂടിയായിരുന്നു പിയത്ത.
അക്കാലത്ത് ഫ്രാൻസിൽ പ്രചാരത്തിലുണ്ടായിരുന്നതും ഇറ്റലിയിൽ നിലവിലില്ലാതിരുന്നതുമായ നിർമാണ ശൈലിയാണ് മൈക്കലാഞ്ചലോ സ്വാംശീകരിച്ചത്. നവോത്ഥാന കാലഘട്ടത്തിലെ പ്രകൃതിവാദ ചിന്തകളുടെ ക്ലാസിക്കൽ ഉദാഹരണമായിരുന്നു പിരമിഡ് ആകൃതിയിൽ നിർമിക്കപ്പെട്ട ഈ ശിൽപം.
ഒരു പുരുഷശരീരം ഒരു സ്ത്രീയുടെ മടിയിൽ കിടക്കുന്നതായി ചിത്രീകരിക്കുന്നതിലെ പരിമിതികൾ സമർഥമായി മറികടന്ന മൈക്കലാഞ്ചലോ അമ്മയും മകനും തമ്മിലുള്ള ബന്ധത്തെ വൈകാരികമായി ആവിഷ്കരിച്ചു. മുഖത്ത് വേദനയുടെ യാതൊരു ഭാവങ്ങളും കാണിക്കാത്ത യേശുവിനെയാണ് ഇതിൽ നിരീക്ഷിക്കാനാവുക.
യേശുവിന്റെ പരിത്യാഗത്തിന്റെ ശാന്തമായ മുഖവും ദർശനവും അവതരിപ്പിക്കുകയായിരുന്നു വിഖ്യാത കലാകാരൻ. അതിനാൽതന്നെ ക്രിസ്തുവിന്റെ വിശുദ്ധീകരണത്തിലൂടെ മനുഷ്യനും ദൈവവും തമ്മിലുള്ള ഏകാത്മകത പിയത്തയിൽ പ്രതിഫലിക്കുന്നു.
കന്യകാമറിയത്തെ ഒരു യുവതിയായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്ന ഒരു കാര്യം. മറിയത്തിന്റെ വിശുദ്ധിയെയാണ് യുവത്വം കൊണ്ട് ശിൽപി പ്രതിനിധാനം ചെയ്തിരിക്കുന്നത്.
ഉണ്ണിയേശുവിനെ എടുത്തിരിക്കുന്ന മറിയത്തിന്റെ ശാന്തമായ മുഖത്തേക്ക് നോക്കുന്ന കാഴ്ചക്കാരന്റെ വീക്ഷണകോണിൽനിന്നാണ് ഇത്തരത്തിലൊരു കലാസൃഷ്ടിയെന്നാണ് ചില ഗവേഷകർ പറയുന്നത്.
ഉണ്ണിയേശുവിനെ ചേർത്തുപിടിച്ചിരിക്കുന്ന യുവതിയായ മേരിയുടെ കൈകളുടെ സ്ഥാനം പിയത്തയിലും സൂചിപ്പിക്കുന്നത് തന്റെ കുഞ്ഞിനോടുള്ള കരുതലാണെന്ന് ചിലർ വിവക്ഷിക്കുന്നു.
കേവലം ഒറ്റ വർഷം കൊണ്ടാണ് മൈക്കലാഞ്ചലോ പിയത്ത നിർമിച്ചത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ സാന്റാ പെട്രോണില്ലാ ചാപ്പലിലാണ് ഇന്ന് ഈ ശിൽപമുള്ളത്.
എന്നാൽ ഇത് വീക്ഷിക്കുന്ന ചിലരെങ്കിലും ഇത് മൈക്കലാഞ്ചലോയുടെ സൃഷ്ടിയാണോ എന്ന സംശയം പ്രകടിപ്പിക്കാറുമുണ്ട്. പിയത്തയിലെ മൈക്കലാഞ്ചലോയുടെ കൈയൊപ്പാണ് ഈ സംശയത്തിനാധാരം. പുരാതന ഗ്രീക്ക് ശിൽപികളായ പോളിക്ലീറ്റോസിന്റെയും അപ്പെല്ലസിന്റെയും ഒപ്പുകളുമായി ഇതിന് സാദൃശ്യമുള്ളതായി ചിലർ നിരീക്ഷിക്കുന്നു. അഞ്ചു പതിറ്റാണ്ടിനിടെ പലപ്പോഴായി ഈ ശിൽപത്തിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റിസ്ഥാപിച്ച വേളയിൽ മേരിയുടെ നാല് വിരലുകൾക്ക് പൊട്ടലേറ്റിരുന്നു.
എന്നാൽ ലോകമെന്പാടുമുള്ള ആരാധകരെ നടുക്കിയ സംഭവമുണ്ടായത് 1972ൽ ആയിരുന്നു. ആ പന്തക്കുസ്താ ഞായറാഴ്ച കൈയ്യിൽ ചുറ്റികയുമായി ചാപ്പലിൽ പ്രവേശിച്ച ലാസ് ലോ ടോത്ത് എന്ന മനോരോഗി അക്ഷരാർഥത്തിൽ പിയത്ത തകർക്കാൻ ശ്രമിച്ചു.
താൻ യേശുക്രിസ്തുവാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു അയാളുടെ അകൃത്യം. ചുറ്റികയ്ക്കുള്ള അടിയിൽ ശിൽപത്തിനു കേടു പറ്റി. മാതാവിന്റെ കൈകളും മൂക്കും ഉൾപ്പെടെ ശിൽപത്തിന് കേടുസംഭവിച്ചു. കേടുപാടുകൾ നീക്കിയ ശിൽപം വെടിയുണ്ടയേൽക്കാത്ത ഗ്ലാസ് ഭിത്തി കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. കരുണയും വാത്സല്യവും ഉദാത്ത വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന ഈ അനശ്വരശിൽപം സന്ദർശകഹൃദയങ്ങളെ ത്രസിപ്പിച്ചുകൊണ്ടിരിക്കും.
അജിത് ജി. നായർ