ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിരയെ കഥാകൃത്തും കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ പായിപ്ര രാധാകൃഷ്ണൻ അനുസ്മരിക്കുന്നു.
ആൽബർട്ട് ഷ്വൈറ്റ്സറിന്റെ പേരിലുള്ള അന്താരാഷ്ട്ര പുരസ്കാരം ഇന്ത്യയിൽ ലഭിച്ച രണ്ടാമത്തെയാൾ ഈയിടെ അന്തരിച്ച സാധു ഇട്ടിയവിരയാണ്. ആദ്യത്തേത് മദർ തെരേസ.
ഗാന്ധിയൻ ജീവിതശൈലി ജീവിതത്തിലുടനീളം പുലർത്തിപ്പോന്ന സുവിശേഷകനായ കർമയോഗിയായിരുന്നു സാധു ഇട്ടിയവിര. അതിലളിതമായ ജീവിതരീതിയും സൗമ്യഭാഷണവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ഗഹനമായ ആശയങ്ങളെ ഋജുവായും ലളിതമായും ആവിഷ്കരിക്കുന്നതാണ് അദ്ദേഹത്തിന്റെ രചനാശൈലി.
ലഘുവായ ഉപകരണങ്ങൾകൊണ്ടുള്ള പരീക്ഷണങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയെല്ലാം ലാളിത്യത്തിന്റെ പാഠഭേദങ്ങളായിരുന്നു. കൊച്ചുകൊച്ചു കഥകളും ഉപമകളും കോർത്ത് സംഭാഷണശൈലിയിലുള്ള പ്രഭാഷണങ്ങൾ കുട്ടികൾക്കുപോലും പ്രിയങ്കരമായിരുന്നു.
1975ൽ കോതമംഗംലം എം.എ. കോളജ് ഹൈസ്കൂളിൽ (ഇന്നത്തെ ഇന്റർനാഷണൽ സ്കൂൾ) അധ്യാപകനായിരിക്കെ, അവിടത്തെ ഒരു ചടങ്ങിന് അതിഥിയെ തേടിയാണ് ഞാൻ സാധു ഇട്ടിയവിരയുടെ കോതമംഗലം ഇരമല്ലൂർ ഇടുപ്പക്കുന്നിലെ വസതിയിലെത്തുന്നത്.
കാര്യമായ മുൻധാരണകളില്ലാതെയായിരുന്നു ആ സമാഗമം. വെള്ളവും വൈദ്യുതിയുമില്ലാത്ത ഇടുപ്പക്കുന്ന് ഒറ്റപ്പെട്ട ഒരു കുന്നിൻമകുടമായിരുന്നു. പശുക്കളെ വളർത്തിയും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പാക്കിയും ശാസ്ത്രീയ കൃഷിരീതികൾ തനതായി ആവിഷ്കരിച്ച് കഠിനാധ്വാനത്തിലൂടെ അവിടം ഹരിതാഭമായ കൃഷിയിടവും ആശ്രമസങ്കേതവുമാക്കി അദ്ദേഹം പരുവപ്പെടുത്തി.
ആറായിരത്തിലേറെ ലേഖനങ്ങളും അൻപതിനായിരത്തിലേറെ പ്രസംഗങ്ങളും 140ലേറെ ഗ്രന്ഥങ്ങളും ഇട്ടിയവിരയുടേതായിട്ടുണ്ട്. പട്ടാളക്കാരനായും തടിമില്ലിൽ ക്ലാർക്കായും ജീവിതമാരംഭിച്ച ഇട്ടിയവിര മതസൗഹാർദത്തിന്റെയും മാനവികതയുടെയും ക്രിസ്തുദർശനത്തിന്റെയും സുവിശേഷകനായിരുന്നു. കേരളത്തിലെ ഒട്ടനവധി പ്രൈമറി വിദ്യാലയങ്ങളിലും കാൽനടയായി സന്ദർശിച്ച് സൗജന്യ പ്രഭാഷണങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
വീടിനോടുചേർന്നു ജീവജ്യോതി എന്നൊരു ഗവേഷണ സ്ഥാപനവും നടത്തിയിരുന്നു. സർവചരാചരങ്ങളെയും സ്നേഹിക്കുകയും എല്ലാവരിലും നന്മ കാണുകയും ചെയ്യുന്ന അദ്ദേഹം നിരവധി വിദേശരാജ്യങ്ങൾ സന്ദർശിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. റായ്പൂരിൽ അനുസന്ധാൻ ആശ്രമം എന്ന പേരിലൊരു ഗവേഷണകേന്ദ്രം കുറേക്കാലം നടത്തിയിരുന്നു.
വിവിധയിടങ്ങളിൽ അക്ഷയ പുസ്തകനിധി നടത്തിയ കുട്ടികളുടെ സർഗസംഗമങ്ങളിലും സാഹിത്യ ശില്പശാലകളിലും സാംസ്കാരിക തീർഥാടനങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ക്രിസ്തുവിൽ വിശ്വസിക്കുകയും ഗാന്ധിയൻ ജീവിതശൈലി അവലംബിക്കുകയും പ്രകൃതിയോടും മനുഷ്യനോടും അതീവ ആർദ്രതയോടെ, സ്നേഹപരിഗണനകളോടെ സല്ലപിക്കുകയും ചെയ്ത കർമയോഗിയായ സാധുവായിരുന്നു ഇട്ടിയവിര. അര നൂറ്റാണ്ടു മുൻപ്് ആ ഗ്രാമീണ ഭവന അങ്കണത്തിൽ സാധു ഇട്ടിയവിര നടത്തിയ ലഘുപരീക്ഷണങ്ങളും കാർഷികരീതികളും ഇന്നോർക്കുന്പോൾ വിസ്മയം തോന്നുന്നു. ഒരു ചാണ് കന്പിയും ഒരു ബാറ്ററിയും സിഗരറ്റുഫോയിലും ഉപയോഗിച്ചു ഡൈനാമോ കണ്ടുപിടിച്ച ശാസ്ത്രജ്ഞനെക്കുറിച്ച് സാധു ഇട്ടിയവിര കുട്ടികളോടു പറയുമായിരുന്നു, ലോകത്തെ വലിയ കണ്ടുപിടിത്തങ്ങളൊന്നും വലിയ ലബോറട്ടറികളിലല്ല സംഭവിച്ചതെന്ന്.
മദർ തെരേസയ്ക്ക് ഉന്നത ബഹുമതികൾ കിട്ടിയിട്ടും ലോകം മുഴുവൻ സഞ്ചരിച്ചിട്ടും വാക്കിലോ പ്രവൃത്തിയിലോ അഹങ്കാരത്തിന്റെ നിഴൽ ഒരിക്കൽപോലും പതിച്ചിരുന്നില്ല. അത്തരത്തിലായിരുന്നു സാധുവിന്റെ ജീവിതവും. ക്രിസ്തുവിന്റെ ലാളിത്യ വഴിയേ സഞ്ചരിച്ച ഗാന്ധിയനായിരുന്നു സാധു ഇട്ടിയവിര.
പായിപ്ര രാധാകൃഷ്ണൻ