അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിന്‍ സ്ട്രീമിലേക്ക് എത്താന്‍ കഴിയില്ലെന്ന തോന്നല്‍ അക്കാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സിനിമകളിലും വേഷങ്ങളിലും ഞാന്‍ തികച്ചും സംതൃപ്തയാണ്. കഥയും കഥാപാത്രവും മാത്രമാണ് ഞാന്‍ നോക്കുന്നത്.
ഒരിടവേളയ്ക്കുശേഷം ശിവദ നായികയാവുന്ന ജവാനും മുല്ലപ്പൂവും തിയറ്ററുകളിലെത്തുകയാണ്. ജയശ്രീ ടീച്ചർ എന്ന കഥാപാത്രത്തിന്റെ അതിജീവനകഥയാണ് സിനിമ. സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഘു മേനോനാണ് സംവിധാനം ചെയ്യുന്നത്.
ലാൽ ജോസ് ഒരുക്കിയ പുറംകാഴ്ചകളിൽ മമ്മൂട്ടിക്കൊപ്പമാണ് ശിവദ തുടക്കം കുറിച്ചത്. ജയസൂര്യയുടെ സു സു സുധി വാത്മീകത്തിലൂടെ നായികാനിരയിലേക്കുയർന്നു. മലയാളത്തിലും തമിഴിലുമായി ഇരുപത്തഞ്ചോളം സിനിമകൾ ശിവദ പൂർത്തിയാക്കി.
സിനിമയിലെ ഇടവേള
സിനിമയിൽ എനിക്ക് ഇടവേളയുണ്ടായതായി തോന്നുന്നില്ല. തമിഴിൽ രണ്ടു ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മലയാളത്തിൽ ജവാനും മുല്ലപ്പൂവും ചെയ്യുന്നത്. റിലീസ് ചെയ്യാനുള്ള താമസം മാത്രമാണുണ്ടായത്. കഴിഞ്ഞ വർഷം ജൂലൈയിൽ തുടങ്ങിയ സിനിമ ഈ വർഷമാണ് റിലീസ് ചെയ്യുന്നത്.
ജയശ്രീ ടീച്ചർ
ജയശ്രീ ടീച്ചർ വളരെ സ്മാർട്ടായി പഠിപ്പിക്കുന്ന, പാട്ടുപാടുന്ന, നൃത്തം ചെയ്യുന്ന അധ്യാപികയാണ്. സ്കൂളിൽ നമുക്കെല്ലാവർക്കും നിരവധി ടീച്ചർമാരുണ്ടെങ്കിലും അതിൽ ഏറ്റവും ഇഷ്ടമുള്ള ഒരു ടീച്ചർ കാണുമല്ലോ. അതുപോലെ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന അധ്യാപികയാണ് ജയശ്രീ.
ജവാനും മുല്ലപ്പൂവും
ഒരു വീട്ടിലെ രണ്ടു പേരുടെ വ്യത്യസ്തമായ സ്വഭാവരീതികളാണ് ജവാനും മുല്ലപ്പൂവും എന്ന പേരിലുള്ളത്. ജയശ്രീ ടീച്ചർ മുല്ലപ്പൂപോലെ എല്ലാവർക്കും ഇഷ്ടം തോന്നിക്കുന്ന കഥാപാത്രമാണ്. ഭർത്താവ് ഗിരിധർ റിട്ട. പട്ടാള ഉദ്യോഗസ്ഥനാണ്. മൊശടൻ സ്വഭാവമാണ്. ഈ സ്വഭാവരീതികളെ ബന്ധപ്പെടുത്തിയാണ് ഇങ്ങനെയൊരു പേര് നൽകിയത്.
സുമേഷ് ചന്ദ്രൻ
സിനിമയിൽ ഭർത്താവായി അഭിനയിക്കുന്ന സുമേഷ് ചന്ദ്രൻ കോമഡി പരിപാടികളിലൂടെ ഏവരെയും ചിരിപ്പിച്ചുകൊണ്ടിരിക്കുന്നയാളാണ്. അദ്ദേഹത്തിലെ കലാകാരനെ ദൃശ്യം 2 സിനിമയിലെ കള്ളുകുടിയനിലും പോലീസുകാരനിലും പ്രേക്ഷ കർ കണ്ടതാണ്. ജവാനും മുല്ലപ്പൂവിലും സുമേഷിന്റെ കോമഡിയുണ്ട്, വളരെ സീരിയസായ കാര്യങ്ങളുമുണ്ട്.
അമ്മയായശേഷം
അമ്മയായശേഷം അവസരം കുറഞ്ഞോ എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചതോടെ മെയിൻ സ്ട്രീമിലേക്ക് എത്താൻ കഴിയുന്നില്ലന്ന തോന്നൽ അക്കാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വേഷങ്ങളിൽ ഞാൻ സംതൃപ്തയാണ്. അമ്മയായതുകൊണ്ട് അമ്മവേഷങ്ങൾ മാത്രം ലഭിക്കുന്നു എന്നു പറയാനാകില്ല. അല്ലാത്ത വേഷവും ലഭിക്കുന്നുണ്ട്. കഥയും കഥാപാത്രവും മാത്രമാണ് ഞാൻ നോക്കുന്നത്.
പുതിയ പ്രൊജക്ടുകൾ
ഈ മാസം ഒടുവിൽ ജവാനും മുല്ലപ്പൂവും കൂടാതെ രണ്ടു തമിഴ് സിനിമകൾ കൂടി എത്തും. രോഹിൻ വെങ്കിടേഷ് സംവിധാനം ചെയ്യുന്ന സിനിമയിൽ ജെയ്യും ഐശ്വര്യലക്ഷ്മിയും ഞാനുമാണ് പ്രധാന വേഷങ്ങളിൽ. അശ്വിൻ സംവിധാനം ചെയ്യുന്ന എസ്.ജെ. സൂര്യയ്ക്കൊപ്പമുള്ള ഇരവാക്കാലം സിനിമയും ഉടനെത്തും. മലയാളത്തിൽ സീക്രട്ട് ഹോം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
കുടുംബവിശേഷം
ഭർത്താവ് മുരളി കൃഷ്ണയ്ക്കും മകൾ അരുന്ധതിക്കൊപ്പം ചെന്നൈയിലാണു താമസം. ഭർത്താവ് ഗന്ധർവ ജൂനിയർ എന്ന സിനിമയിൽ സംവിധാന ടീമിനൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദനാണ് അതിൽ നായകൻ.
പ്രദീപ് ഗോപി