കൊടുംവനത്തിനുള്ളിലെ സന്യാസാശ്രമത്തിനു ചുറ്റും കാവൽക്കാരെപ്പോലെ സിംഹങ്ങളും കരടികളും. സിംഹങ്ങളുടെ മുരൾച്ചയും കരടികളുടെ കാൽപ്പെരുമാറ്റവുമൊന്നും സന്യാസിനിയുടെ ഏകാന്തജീവിതത്തിന് തടസമായില്ല. ഗുജറാത്തിലെ ഗീർവനത്തിൽ കുടിൽകെട്ടി പതിനേഴു വർഷം തപസനുഷ്ഠിച്ച് എൺപത്തൊൻപതാം വയസിൽ കഴിഞ്ഞ ദിവസം കാലയവനികയിലേക്ക് മറഞ്ഞ പ്രസന്നാദേവിയുടെ ജീവിതം ഒരു വിസ്മയമായിരുന്നു.
എത്രയോ ദിവസങ്ങളിൽ ആശ്രമമുറ്റത്ത് ശാന്തരായി കിടക്കുന്ന സിംഹങ്ങളെ പ്രസന്നാദേവി നേരിൽകണ്ടു. മരം കയറി കായ്കനികൾ തിന്നാൻ എത്തുന്ന ആൾക്കരടികൾ ഒരിക്കൽപ്പോലും രാപകൽ ധ്യാനത്തെ തടസപ്പെടുത്തിയില്ല. തൊടുപുഴ ഏഴുമുട്ടം കുന്നപ്പിള്ളിൽ അന്നക്കുട്ടിയെന്ന സിസ്റ്റർ പ്രസന്നാദേവിയുടെ തപസ് കത്തോലിക്കാസഭയിലും സമൂഹത്തിലും പുതുമയേറിയതായിരുന്നു.
ഹൃദയം സ്നേഹത്തിന്റെയും ദൈവാരാധനയുടെയും വിളനിലമാക്കാൻ കൊടുംവനത്തിന്റെ ഏകാന്തതയെ പ്രണയിച്ച തപസ്വിനിയായിരുന്നു പ്രസന്നാദേവി. അങ്കണമില്ലാത്ത കുടിലിനുള്ളിലെ രണ്ടു ചെറിയ മുറികളിലായിരുന്നു ജീവിതം. ഒരു മുറി തപസിനുള്ളത്. മറ്റൊന്ന് ഉറങ്ങാനുള്ളത്.
വനരാജൻമാരായ സിംഹങ്ങൾ നിരയായി എത്തുന്പോഴും അവരൊക്കെ ഉറ്റ ചങ്ങാതികളാണെന്ന ബോധ്യത്തിൽ അവർ ധ്യാനത്തിൽ സ്വയം ലയിച്ചു.
ഗുജറാത്തിലെ ജുനഗഢിൽ നിന്നു രണ്ടു കിലോമീറ്റർ ഗ്രാമപാതകളിലൂടെ വാഹനത്തിൽ സഞ്ചരിച്ചശേഷം രണ്ടര കിലോമീറ്റർ വനത്തിലൂടെ നടന്നാൽ പ്രസന്നാദേവി തപസനുഷ്ഠിച്ചിരുന്ന ഗുഹയിലെത്താം. കല്ലും മുള്ളും നിറഞ്ഞ കാട്ടുവഴികൾ താണ്ടാൻ ഒരു മണിക്കൂറെങ്കിലും വേണ്ടിവരും.
ആദ്യഘട്ടത്തിൽ വനത്തിനുള്ളിലെ ഗുഹയിൽ കഴിഞ്ഞശേഷമാണ് സഹോദരി സന്യാസത്തിന് കുടിൽകെട്ടിയത്. കുടിലിൽ മണ്ണ് നിരത്തി പണിത പീഠത്തിലായിരുന്നു ഇരിപ്പും കിടപ്പുമെല്ലാം.
ധ്യാനമുറിയിൽ സഭാധികാരികളുടെ പ്രത്യേക അനുമതിയിൽ തിരുവോസ്തി സൂക്ഷിച്ചിരുന്നു. ജുനഗഡ് സെന്റ് ആൻസ് പള്ളിയിൽനിന്ന് എല്ലാ ആഴ്ചയും വൈദികനെത്തി വിശുദ്ധകുർബാന അർപ്പിച്ചിരുന്നു. അതികർക്കശമായ നിഷ്ഠകളിലും വ്രതങ്ങളിലും സ്ഫുടം ചെയ്തതായിരുന്നു ജീവിതം. പുലർച്ചെ 3.30നു പ്രാർഥനയോടെയാണ് പ്രസന്നദേവി ദിനചര്യകൾക്കു തുടക്കം കുറിച്ചിരുന്നത്. ധ്യാനത്തിനും ദൈവാരാധനയ്ക്കുംശേഷം ദിവ്യകാരുണ്യം സ്വയം സ്വീകരിക്കും. വീണ്ടും മണിക്കൂറുകൾ നീണ്ട ധ്യാനത്തിലേക്ക്. ഇതിനിടെ ഏതെങ്കിലും സമയത്ത് കായ്കനികൾ ഭക്ഷിക്കുകയോ കാട്ടുറവയിൽനിന്ന് അൽപം വെള്ളം കുടിക്കുകയോ ചെയ്യും.
താപസ ആധ്യാത്മികതയുടെ ആഴങ്ങളിൽ ഉരുകിമറഞ്ഞ സിസ്റ്റർ പ്രസന്നാ ദേവി തൊടുപുഴ ഏഴുമുട്ടം കുന്നപ്പിള്ളിൽ പരേതരായ ജോസഫ്-മറിയാമ്മ ദന്പതികളുടെ മകളാണ്. ഇരുപത്തിരണ്ടാം വയസിലാണ് അന്നക്കുട്ടി സഭാവസ്ത്രം സ്വീകരിച്ച് സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് സന്യാസിനി സമൂഹത്തിൽ അംഗമായത്. ഗുജറാത്തിലെ മഠത്തിൽ കഴിഞ്ഞ കാലത്താണ് പൂർണ താപസം സ്വകരിച്ച് പ്രസന്നാദേവി എന്ന പേര് സ്വീകരിച്ചത്.
ഇന്ത്യയിലെ തീർഥാടന കേന്ദ്രങ്ങളും ആശ്രമങ്ങളും സന്ദർശിച്ച് വിവിധ മതങ്ങളിലെ സന്യസ്തരുമായി സംസാരിച്ചു. അക്കാലത്ത് വാഗമണ് കുരിശുമലയിലും ഹിമാലയത്തിലും ദിവസങ്ങളോളം പ്രാർഥനയിൽ ചെലവഴിച്ചിരുന്നു. 1997ലാണ് ബിഷപ് മാർ ഗ്രിഗറി കരോട്ടെന്പ്രയിൽ നിന്ന് സഭാവസ്ത്രം സ്വീകരിച്ച് സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് സന്യാസിനി സഭയിൽ അംഗമായത്. അതേ വർഷംതന്നെ ജോണ് പോൾ രണ്ടാമൻ മാർപാപ്പയുടെ പ്രത്യേക അനുമതിയോടെ താപസ ആധ്യാത്മികതയിലേക്ക് പ്രവേശിക്കുകയായിരുന്നു.
വാർധക്യസഹജമായ രോഗം പിടിപെടുംവരെ ഗീർവനത്തില് തപസനുഷ്ഠിക്കുകയാരുന്നു ഇവർ. അശുഭചിന്തകളെ അകറ്റി ശുഭചിന്ത മനസിൽ നിറച്ചാൽ നിർഭയരായി ജീവിക്കാനും സന്തോഷത്തിന്റെ നിറവിലെത്താനും കഴിയുമെന്നു തന്നെ സന്ദർശിക്കുന്നവരോട് പ്രസന്നാദേവി പറയുമായിരുന്നു. ബാല്യത്തിൽ മാതാപിതാക്കളിൽനിന്നു ലഭിച്ച ആത്മീയ ഉപദേശങ്ങളാണ് പിൽക്കാലത്ത് ദാരിദ്ര്യം, അനുസരണം, കന്യാവ്രതം എന്നിവ യിലൂടെ താപസാധ്യാത്മികതയിലേക്ക് മനസിനെ പാകപ്പെടുത്താൻ ഇടയാക്കിയത്.