നാടകം ഒരു തിരിഞ്ഞുനോട്ടം
Saturday, March 4, 2023 10:45 PM IST
വിദ്യാർഥിയായിരിക്കുന്പോൾത്തന്നെ എനിക്കു നാടകം കാണാനുള്ള താത്പര്യമുണ്ടായിരുന്നു. വീട്ടുകാർ അറിഞ്ഞും അറിയാതെയും അക്കാലത്തെ പല മികച്ച നാടകങ്ങളും തിയറ്ററുകളിൽ പോയി കണ്ടിട്ടുണ്ട്. തൃശൂരിൽ മുഖ്യമായും നാടകങ്ങൾ നടത്തിയിരുന്നത് ടൗണ്ഹാളിലും ജോസ് തിയറ്ററിലുമായിരുന്നു.
അന്നത്തെ പ്രഫഷണൽ നാടകങ്ങൾ മിക്കവയും അച്ചടിച്ച കൃതികളെ ആസ്പദമാക്കിയുള്ളവയായിരുന്നില്ല. അവ രചിച്ചവർ പ്രശസ്തരായ സാഹിത്യകാരന്മാരല്ല. നാടക സാഹിത്യചരിത്രത്തിൽ ഒരുപക്ഷേ അവരുടെ നാമധേയങ്ങൾ കാണുകയുമില്ല.
ഞാൻ 1946 മുതൽ കണ്ട നാടകങ്ങളുടെ രചയിതാക്കളിൽ ചിലരുടെ പേരുകൾ ഓർമയുണ്ട്. സ്വാമി ബ്രഹ്മവ്രതൻ, ശാസ്ത്രി ജി.എൻ. പണിക്കർ, മുൻഷി പരമുപിള്ള, വി.എസ്. ആൻഡ്രൂസ്, തിക്കുറിശി സുകുമാരൻനായർ, ഡോ. പി.എസ്. നായർ, മുതുകുളം രാഘവൻപിള്ള തുടങ്ങിയവർ. നാടകനടനും സിനിമാതാരവുമായിരുന്ന മുതുകുളം നൂറ്റന്പത് നാടകങ്ങൾ എഴുതി. സ്വാമി ബ്രഹ്മവ്രതൻ അൻപതും. തമിഴ് സംഗീത നാടകങ്ങൾ അടക്കിഭരിച്ചിരുന്ന കേരളക്കരയിൽ മലയാളസംഗീത നാടകങ്ങൾ എഴുതി അവതരിപ്പിക്കുകയും വിജയക്കൊടി നാട്ടുകയും ചെയ്ത പ്രതിഭാസന്പന്നരാണിവർ.
അന്നത്തെ നാടകങ്ങളിലെ പ്രശസ്ത നടീനടന്മാരിൽ ഏറെ പേരുകളും ഓർമച്ചെപ്പിൽ സൂക്ഷിച്ചിട്ടുണ്ട്. ഒന്നാമത് ഷെവലിയർ പി.ജെ. ചെറിയാൻ. ഇദ്ദേഹത്തിന്റെ മിശിഹാചരിത്രം നാടകവും ക്രിസ്തുവേഷവും ഏറെ പ്രസിദ്ധമാണ്. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, അഗസ്റ്റിൻ ജോസഫ്, വൈക്കം മണി, വൈക്കം വാസുദേവൻനായർ, അദ്ദേഹത്തിന്റെ പത്നി തങ്കം, ഓച്ചിറ വേലുക്കുട്ടി, തിക്കുറിശി സുകുമാരൻനായർ, സെബാസ്റ്റ്യൻ ജോസഫ്, കൊട്ടാരക്കര ശ്രീധരൻനായർ, കാലായ്ക്കൽ കുമാരൻ, ഞാറയ്ക്കൽ ശ്രീധരൻ ഭാഗവതർ, ചേർത്തല വാസുദേവക്കുറുപ്പ്, എസ്.പി.പിള്ള, കണ്ടിയൂർ പരമേശ്വരൻകുട്ടി, തുന്പമണ് പദ്മനാഭൻകുട്ടി, എസ്.ജെ.ദേവ്, സി.കെ.രാജം, ഓമല്ലൂർ ചെല്ലമ്മ, മാവേലിക്കര പൊന്നമ്മ, അന്പലപ്പുഴ മീനാക്ഷിയമ്മ, സി.കെ.സുമതിക്കുട്ടിയമ്മ, കൊടുങ്ങല്ലൂർ അമ്മിണിയമ്മ തുടങ്ങിയവർ നാടകങ്ങളിൽ നിറഞ്ഞുനിന്നവരാണ്. ഇക്കൂട്ടത്തിൽ സി.എം.പാപ്പുക്കുട്ടി ഭാഗവതർ നൂറ്റിയേഴാം വയസിൽ 2020ലാണ് അന്തരിച്ചത്.
അന്ന് സിനിമാ തിയറ്ററുകളിൽ നാടകം നടത്തിയിരുന്നത് ശനിയാഴ്ചകളിൽ രാത്രി 9.30നാണ്. നാടകമുണ്ടെങ്കിൽ വെള്ളിയാഴ്ചയോടെ സിനിമ നിർത്തിവയ്ക്കും. ശനിയാഴ്ച സിനിമ ഉണ്ടാവില്ല. കാരണം വെള്ളിയാഴ്ചയിലെ സിനിമാശാല ശനിയാഴ്ചയിലെ നാടകശാലയായി മാറണം. സിനിമാ സ്ക്രീൻ അഴിച്ചുമാറ്റി അവിടെ നാടകത്തിനുള്ള സ്റ്റേജ് ഒരുക്കും. ഇരിപ്പിടങ്ങൾ പുനഃക്രമീകരിക്കും.
അന്നത്തെ ടിക്കറ്റ് നിരക്കുകൾ ഇങ്ങനെയാണ്. ഒന്നാം ക്ലാസ് കസേര അഞ്ചു രൂപ, രണ്ടാം ക്ളാസ് കസേര മൂന്നു രൂപ, ബെഞ്ച് ഒന്നര രൂപ, തറ അര രൂപ; അതായത് ഇന്നത്തെ അൻപതു പൈസ.
നാടകങ്ങളുടെ ഇക്കാലത്തെ ദൈർഘ്യം രണ്ടോ രണ്ടരയോ മണിക്കൂറാണെങ്കിൽ അന്നത്തെ സംഗീതനാടകങ്ങൾ നാലഞ്ചു മണിക്കൂറുണ്ടാവും. നാടകം തീരുന്പോൾ ഏകദേശം പുലർച്ചെ മൂന്നുമണിയാകും. പരിസരപ്രദേശങ്ങളിൽനിന്നു വന്നവർ തിരിച്ചു വീട്ടിലെത്തുന്പോൾ നേരം പുലരും.
സ്റ്റേജിൽ ഇന്നത്തെപ്പോലെ കട്ടൗട്ടുകളോ സെറ്റിംഗ്സോ ഒന്നുമില്ല. പകരം രംഗപശ്ചാത്തലങ്ങൾക്ക് അനുയോജ്യമായ വിവിധതരം കർട്ടനുകളാണ് ഉപയോഗിക്കുക. തെരുവീഥിയുടെയും ഉദ്യാനത്തിന്റെയും മാളികയുടെയും തുടങ്ങി അതിമനോഹരങ്ങളും ആകർഷകങ്ങളുമായ കർട്ടനുകൾ ഇതിനായി കരുതിയിട്ടുണ്ടാവും. ചുരുണ്ടുകയറുകയും ചുരുളഴിഞ്ഞിറങ്ങുകയും ചെയ്യുന്ന കർട്ടനുകൾ.
നാടകം ആരംഭിക്കുന്നതിനു മുൻപ് സ്റ്റേജിന്റെ ഒരറ്റത്ത് പ്രക്ഷേകരെ അഭിമുഖീകരിച്ചുകൊണ്ട് ചവിട്ടു ഹാർമോണിയവുമായി ഹാർമോണിസ്റ്റും അടുത്തായി മൃദംഗക്കാരനും ഇരിക്കുന്നുണ്ടാവും. ഹാർമോണിസ്റ്റ് നന്നായി പാടുന്ന ഒരു ഭാഗവതരായിരിക്കും. അയാൾ ഒരു കീർത്തനം ആലപിക്കും. കുറഞ്ഞത് അരമണിക്കർ എടുക്കും അതു തീരാൻ. അതു തീർന്നാൽ ഉടനെ നാടകം ആരംഭിക്കും.
അന്നത്തെ നായകനടൻമാർ ശാസ്ത്രീയ സംഗീതം അഭ്യസിച്ചവരായിരിക്കും. കർട്ടൻ ഉയർന്നാൽ നായകൻ പാടിക്കൊണ്ട് പ്രവേശിക്കുകയായി. കഥയുമായി യാതൊരു ബന്ധവുമില്ലെങ്കിലും ശാസ്ത്രീയസംഗീതം പൊടിപൊടിക്കും. നായകനടൻ രാഗാലാപം നടത്തുന്നതോടൊപ്പം കഥാപാത്രമല്ലാത്ത ഹാർമോണിസ്റ്റും ഏറ്റുപാടും. അങ്ങനെ രണ്ടു ഗായകരുടെ നീണ്ടസമയത്തെ സംഗീതമത്സരം കഴിഞ്ഞിട്ടാണ് നാടകം പുരോഗമിക്കുക. അതോടെ ഹാർമോണിസ്റ്റ് രംഗത്തുനിന്നു മാറുമെന്ന് ആരും കരുതേണ്ടതില്ല. നാടകം തീരുന്നതുവരെ കുറ്റിയടിച്ചപോലെ അയാൾ അവിടെത്തന്നെ ഇരിക്കണം, ഇടയ്ക്കു വരുന്ന ഗാനങ്ങളും കീർത്തനങ്ങളും ഏറ്റുപാടാൻ. തെല്ലും ഒൗചിത്യമില്ലാതെ, അരങ്ങത്തു നടക്കുന്നതിനെല്ലാം സാക്ഷിയായി നോക്കുകുത്തിപോലെയുള്ള ആ ഇരിപ്പ് അന്ന് ആർക്കുംതന്നെ അരോചകമായി തോന്നിയില്ല. അന്നത്തെ സ്റ്റൈൽ അതായിരുന്നു.
മറ്റൊരു പ്രത്യേകത, അന്നത്തെ നാടകങ്ങൾക്ക് ഇന്നത്തെപ്പോലെ മൈക്ക് ഉണ്ടായിരുന്നില്ല െഎന്നതാണ്. ഏറ്റവും പിറകിലിരിക്കുന്ന തറ ടിക്കറ്റുകാരനും വ്യക്തമായി കേൾക്കത്തക്കവിധം തൊണ്ട പൊട്ടുമാറുച്ചത്തിൽ പറയുകയും പാടുകയും വേണമായിരുന്നു. സർവശക്തിയുമപയോഗിച്ച് സംഭാഷണം നടത്തണമായിരുന്നു. കാമുകീകാമുകൻമാർ തമ്മിലുള്ള രഹസ്യംപറച്ചിൽപോലും ഉച്ചത്തിൽ വേണമായിരുന്നു. കേട്ടില്ലെങ്കിൽ ജനം കൂവും. ഇതൊക്കെയായിരുന്നു അന്നത്തെ അവസ്ഥ.
സി.എൽ. ജോസ്