ആരാധനക്രമ പണ്ഡിതന് ആദരം
Sunday, February 19, 2023 2:23 AM IST
ശ്രേഷ്ഠമായ പൗരോഹിത്യത്തിൽ 54 വർഷം പിന്നിടുന്ന വേളയിലും റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ ആഴമേറിയ പഠനത്തിലും ഗവേഷണത്തിലുമാണ്. സീറോ മലബാർ സഭയുടെ കുർബാന, റാസ കുർബാന, തിരുപ്പട്ട ശുശ്രൂഷ എന്നിവ തയാറാക്കിയതിനുപിന്നിൽ അച്ചൻ ശ്ലാഘനീയമായ സേവനം അർപ്പിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന ആരാധനാക്രമപണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ അച്ചനെ സീറോമലബാർ സഭയ്ക്ക് അർപ്പിച്ച സേവനങ്ങൾക്കുള്ള ആദരവായി മോണ്സിഞ്ഞോർ പദവി നൽകി സാർവത്രിക സഭ ആദരിച്ചിരിക്കുകയാണ്. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ അഭ്യർഥനപ്രകാരം ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ മാസമാണ് സമുന്നത ബഹുമതി നൽകിയത്. എഴുത്തുകാരൻ, പണ്ഡിതൻ, പ്രഭാഷകൻ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പ്രഫസർ എന്നീ നിലകളിലും അച്ചൻ അറിയപ്പെടുന്നു.
1942 നവംബർ 11ന് പാലാ മണ്ണൂരാംപറന്പിൽ തോമസ്- മേരി ദന്പതികളുടെ പുത്രനായി ജനിച്ചു. കവീക്കുന്ന് സെന്റ് ഇഫ്രേംസ്, പാലാ സെന്റ് തോമസ്, ആലപ്പുഴ ലിയോ തേർട്ടീന്ത് എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ താത്പര്യത്തിൽ തലശേരി രൂപതയ്ക്കുവേണ്ടി സെമിനാരി പഠനം പൂർത്തിയാക്കി. ഒരു മിഷനറിയാകണമെന്ന ആഗ്രഹവും മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെയും ചെറുപുഷ്പ മിഷൻലീഗ് സ്ഥാപകരിൽ പ്രധാനിയായ പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെയും സ്വാധീനവും കുടിയേറ്റ രൂപതയായ തലശേരിയിൽ ശുശ്രൂഷ അർപ്പിക്കാൻ പ്രേരണയായി.
പാലാ ഗുഡ് ഷെപ്പേഡ് മൈനർ സെമിനാരിയിലും കുന്നോത്ത് മൈനർ സെമിനാരിയിലും പരിശീലനത്തിനുശേഷം 1962 ൽ വടവാതൂർ മേജർ സെമിനാരിയുടെ ആദ്യബാച്ചിൽ ഉപരിപഠനം നടത്തി 1968 ഡിസംബർ 18ന് പൗരോഹിത്യം സ്വീകരിച്ചു. കുളത്തുവയൽ, മാനന്തവാടി രൂപതയിലെ നീർവാരം, തലശേരി രൂപതയിലെ ചുണ്ടപ്പറന്പ്, വെന്പുവ, പുളിങ്ങോം ഇടവകകളിൽ വികാരിയായി. 1972ൽ കർണാടക യൂണിവേഴ്സിറ്റിയിൽനിന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദത്തിനുശേഷം റോമിലെ സാൻ ആൻസെൽമോ ലിറ്റർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ആരാധനക്രമത്തിൽ എംടിഎച്ച് നേടി. 1981ൽ സീറോ മലബാർ സഭയുടെ ആരാധനക്രമത്തിൽ അനാഫൊറോയെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
ഇറ്റാലിയൻ, ഇംഗ്ലീഷ്, ജർമൻ, ലത്തീൻ, സുറിയാനി, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യം നേടി. സുറിയാനിയിൽനിന്നു മലയാളത്തിലേക്ക് സീറോ മലബാർ കുർബാനക്രമവും പുരോഹിതപട്ടം നൽകുന്ന ക്രമവും വിവർത്തനം ചെയ്യുന്നതിൽ ഈ ബഹുഭാഷാ പാണ്ഡിത്യം സഹായകരമായി. ജർമനി, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിൽ ശുശ്രൂഷ നിർവഹിച്ചു. തലശേരി സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു. പിന്നീട് വടവാതൂർ സെമിനാരിയിൽ 28 വർഷം ലിറ്റർജി, തത്വശാസ്ത്ര പ്രൊഫസറും ഒട്ടേറെ വൈദികരുടെ ഗുരുവുമായി.
ഗ്രന്ഥകർത്താവ്

ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ നൂറോളം പുസ്തകങ്ങളും ഒട്ടേറെ ലേഖനങ്ങളും രചിച്ചിട്ടുള്ള റവ. ഡോ. തോമസ് മണ്ണൂരാംപറന്പിൽ ഈസ്റ്റ് സിറിയൻ ലിറ്റർജിയിൽ അറിയുകയും ആദരിക്കുകയും ചെയ്യുന്ന പണ്ഡിതനാണ്. സഭയുടെ വിവിധ തലങ്ങളിലുള്ള കമ്മീഷനുകളിൽ അംഗമായിരുന്ന ഇദ്ദേഹം സീറോ മലബാർ ലിറ്റർജി കമ്മിറ്റിയിൽ ദീർഘകാലം പ്രവർത്തിച്ചു. കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ച "ഹിസ്റ്ററി ഓഫ് ദ സീറോ മലബാർ കുർബാന’ എന്ന ഗ്രന്ഥം സീറോമലബാർ കുർബാനക്രമത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
പൗരോഹിത്യജീവിതത്തിലെ അവിസ്മരണീയ സ്മരണ എന്തെന്നു ചോദിച്ചാൽ വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പയ്ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെന്നാണ് ഈ വൈദികന്റെ ഉത്തരം. ജോണ് പോൾ രണ്ടാമൻ മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ കോട്ടയത്ത് 1986ൽ സീറോ മലബാർ സഭയുടെ നവീകരിക്കപ്പെട്ട വിശുദ്ധ കുർബാന ക്രമത്തിന് തുടക്കം കുറിച്ചപ്പോൾ ലിറ്റർജിക്കൽ കമ്മിറ്റി കണ്വീനറായിരുന്നു റവ.ഡോ. തോമസ് മണ്ണൂരാംപറന്പിൽ. അന്നത്തെ തിരുക്കർമങ്ങളിൽ ആർച്ച് ഡീക്കനായി ചുമതല വഹിച്ചതും ഇദ്ദേഹമായിരുന്നു. മാർപാപ്പ അന്ന് വിശുദ്ധ കുർബാന അർപ്പിച്ച തിരുപ്പാത്രങ്ങൾ തിരുശേഷിപ്പുപോലെ അച്ചൻ സൂക്ഷിക്കുന്നു. നവീകരിച്ച കുർബാനക്രമം വിശകലനം ചെയ്യാൻ റോമിലെ പൗരസ്ത്യ തിരുസംഘം 1995ൽ കൂടിയ യോഗത്തിൽ സീറോ മലബാർ സഭയിൽനിന്നുള്ള പ്രത്യേക ക്ഷണിതാവുമായിരുന്നു.
പദവികൾ സ്വന്തമാക്കാൻ ഒരിക്കലും ആഗ്രഹിക്കാതെയും നിലപാടുകളോട് വിട്ടുവീഴ്ച ചെയ്യാതെയുമുള്ള ജീവിതമാണ് ഈ സഭാപണ്ഡിതന്റേതെന്ന് ഇദ്ദേഹത്തിന്റെ ലാളിത്യത്തിൽനിന്നു വ്യക്തമാണ്. കൊച്ചിൻ യൂണിവേഴ്സിറ്റിക്കു സമീപം സ്വന്തമായുണ്ടായിരുന്ന സ്ഥലവും കെട്ടിടവും ഗ്രന്ഥശേഖരവും ആരാധനാക്രമസംബന്ധമായ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കുമായി അച്ചൻ തലശേരി അതിരൂപതയ്ക്ക് വിട്ടുകൊടുത്തു. ഇവിടെ പ്രവർത്തിക്കുന്ന ഫാ. തോമസ് മണ്ണൂരാംപറന്പിൽ ഈസ്റ്റ് സിറിയൻ ലിറ്റർജിക്കൽ സ്റ്റഡി സെന്റർ ആരാധനാക്രമവിഷയങ്ങളിൽ ഉന്നതപഠനം ആഗ്രഹിക്കുന്നവർക്ക് വിജ്ഞാനത്തിന്റെ കലവറയാണ്. ഈ സ്ഥാപനത്തിന്റെയും അനുബന്ധിച്ചു പ്രവർത്തിക്കുന്ന ദൈവശാസ്ത്ര പഠനകേന്ദ്രമായ ആൽഫ സെന്ററിന്റെയും ഡയറക്ടറായി സേവനം ചെയ്യുകയാണിപ്പോൾ.
ആദരവ്
ആരാധനക്രമരംഗത്തെ സംഭാവനകൾക്കുള്ള ആദരവായി മാർത്തോമ്മ വിദ്യാനികേതൻ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾക്ക് റവ. ഡോ. തോമസ് മണ്ണൂരാംപറന്പിൽ അർഹനായി. 1983 മുതൽ സീറോമലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗമെന്ന നിലയിൽ ആരാധനക്രമ സംബന്ധമായ ഗ്രന്ഥങ്ങൾ തയാറാക്കുന്നതിൽ സ്തുത്യർഹമായ സേവനമാണ് നിർവഹിച്ചുകൊണ്ടിരിക്കുന്നത്. നിരവധി സെമിനാരികളിലും തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലും വിസിറ്റിംഗ് പ്രഫസറാണ്. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകൻ വാഴ്ത്തപ്പെട്ട കദളിക്കാട്ടിൽ മത്തായി അച്ചന്റെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റർ എന്ന നിലയിലും പ്രവർത്തിച്ചുവരുന്നു. ക്രിസ്ത്യൻ ഓറിയന്റ് ത്രൈമാസികയുടെ മാനേജിംഗ് എഡിറ്ററും ദുക്റാന, കതിരൊളി മാസികകളുടെ ചീഫ് എഡിറ്ററുമായിരുന്നു.
ഏബ്രഹാം തോമസ് (എണ്ണപ്പാറ, കാഞ്ഞങ്ങാട്), എം.പി.തോമസ് (അമേരിക്ക), തോമസ് ബേബി (കാനഡ), വൽസമ്മ (അമേരിക്ക), ഡോ. തോമസ് ജോണ് (റോം), പരേതരായ ജോസഫ് തോമസ്, ജോർജ് എന്നിവരാണ് ഇദ്ദേഹത്തിന്റെ സഹോദരങ്ങൾ.
ടി.എ. ജോർജ്