ബിയോണ്‍സ്- സംഗീതപ്രേമികൾക്കു സുപരിചിതമായ പേര്. ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരം നേടിയ വ്യക്തി. റിനൈസൻസ് എന്ന ആൽബത്തിന് ബെസ്റ്റ് ഡാൻസ്, ഇലക്ട്രോണിക് ആൽബം എന്ന വിഭാഗത്തിൽ പുരസ്കാരം നേടിയതോടെ 65-ാം ഗ്രാമി പുരസ്കാരവേദിയിൽ ചരിത്രനേട്ടം കൈവരിക്കുകയായിരുന്നു ബിയോണ്‍സ്. രണ്ടു പതിറ്റാണ്ടായി ജോർജ് സോൾട്ടി എന്ന ഹംഗേറിയൻ- ബ്രിട്ടീഷ് കണ്ടക്ടറുടെ പേരിലുണ്ടായിരുന്ന 31 ഗ്രാമി എന്ന റിക്കാർഡ് ബിയോണ്‍സ് മറികടന്നു.
സംഗീതരംഗത്ത് സ്വന്തം ശബ്ദം ഉച്ചത്തിൽ കേൾപ്പിക്കാൻ കഠിനപരിശ്രമം നടത്തിയാണ് ബിയോണ്‍സ് ഉയർന്നുവന്നത്. തൊട്ടതെല്ലാം പൊന്നാക്കുക എന്ന ചൊല്ല് ജീവിതത്തിൽ യാഥാർഥ്യമാകുന്നത് അല്പം മാറിനിന്ന് നിസംഗതയോടെ കാണുകയായിരുന്നു അവർ. ഇതാ ബിയോണ്‍സിന്റെ സംഗീതജീവിതത്തിൽനിന്നുള്ള അത്ര അറിയപ്പെടാത്ത കൗതുകങ്ങൾ...
എലിമിനേഷനിൽനിന്നു തുടക്കം
പന്ത്രണ്ടാം വയസിൽ ഒരു ടെലിവിഷൻ റിയാലിറ്റി സീരിസിൽ പങ്കെടുത്തിരുന്നു ബിയോണ്‍സ്. ഗേൾസ് ടൈം എന്ന ബിയോണ്‍സ് ഉൾപ്പെട്ട ഗ്രൂപ്പിന് വിധികർത്താക്കൾ മൂന്നു സ്റ്റാറുകൾ നൽകിയെങ്കിലും സ്കെലിറ്റൻ ക്രൂ എന്ന ട്രൂപ്പിനോടു തോറ്റ് പുറത്താകേണ്ടിവന്നു. ആ അനുഭവത്തെ ഡിഫൈനിംഗ് മോമെന്റ് എന്നാണ് ബിയോണ്‍സ് പിന്നീടു വിശേഷിപ്പിച്ചത്. ആ തോൽവി പുതിയ ഉൾക്കാഴ്ചയാണ് അവർക്കു നൽകിയതെന്നു ചുരുക്കം. ഫ്ളോലെസ് എന്ന പാട്ടിൽ ആ ഷോയിൽനിന്നുള്ള ഒരു ശബ്ദശകലം ഉൾപ്പെടുത്തുകയും ചെയ്തു.
എന്നാൽ അതിനു മുന്‍പ്, ഏഴാം വയസിൽ ഒരു ഷോയിൽ ജോണ്‍ ലെനന്റെ ഇമാജിൻ എന്ന പാട്ടു പാടി കേൾവിക്കാരെ വിസ്മയിപ്പിച്ചിട്ടുണ്ട് ബിയോണ്‍സ്. പാട്ടുകഴിഞ്ഞതും എല്ലാവരും എഴുനേറ്റുനിന്നു കൈയടിച്ചു. ആ വിജയത്തോടെ ബിയോണ്‍സിനെ പിതാവ് കൂടുതൽ ടാലന്റ് ഷോകളിൽ പങ്കെടുപ്പിച്ചു. ഒന്നും രണ്ടും വിജയമല്ല അവൾ നേടിയത്- 35 എണ്ണം!
ഹെയർ സ്റ്റൈലിസ്റ്റ് ആയി ജോലിനോക്കിയിരുന്ന അമ്മയോടൊപ്പമായിരുന്നു ചെറുപ്പത്തിൽ ബിയോണ്‍സിന്റെ താമസം. സലൂണിലെത്തുന്നവർക്കു മുന്നിൽ പാടുക എന്നതായിരുന്നു അവളുടെ ഹോബി. ആർക്കും കേൾക്കാൻ വലിയ താത്പര്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പാടും., പൈസയും വാങ്ങും- ലൈഫ് ഇസ് ബട്ട് എ ഡ്രീം എന്ന ഡോക്യുമെന്ററിയിൽ ബിയോണ്‍സ് പറഞ്ഞു.
ഒന്നാമത്, നാലുപതിറ്റാണ്ട്
നാലു വ്യത്യസ്ത പതിറ്റാണ്ടുകളിൽ ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ഒന്നാമതെത്താൻ കഴിഞ്ഞവരിൽ ബിയോണ്‍സിനൊപ്പം ഒരാളേയുള്ളൂ- മരിയ കെറി. 1990, 2000, 2010, 2020 പതിറ്റാണ്ടുകളിൽ ബിയോണ്‍സ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു.
നാല് എന്ന അക്കത്തോട് ബിയോണ്‍സിനു മറ്റൊരു പ്രിയംകൂടിയുണ്ട്. ജീവിതത്തിലെ പല പ്രധാനകാര്യങ്ങളും നടന്നത് നാലാം തീയതിയാണ്- ജന്മദിനം അടക്കം. സെപ്റ്റംബർ നാലിനാണ് ബിയോണ്‍സിന്റെ ജന്മനാൾ. ഭർത്താവിന്റേത് ഡിസംബർ നാലിന്, അമ്മയുടേത് ജനുവരി നാല്, വിവാഹവാർഷികം ഏപ്രിൽ നാല്. (അതാകട്ടെ, നാലാം മാസവും).
നാലാമത്തെ സ്റ്റുഡിയോ ആൽബത്തിന് ആ പേരാണ് നൽകിയതും. ബിയോണ്‍സും ഭർത്താവും മോതിരവിരലുകളിൽ ടാറ്റൂ ചെയ്തതും റോമൻ അക്കമായ നാല്. മകളുടെ പേരായ ബ്ലൂ ഐവിയിലെ ഐവി എന്ന ഭാഗത്തിന് പ്രചോദനമായതും അതേ റോമൻ അക്കങ്ങൾതന്നെ.
ധൈര്യത്തിന് ആൾട്ടർ ഇഗോ
പറഞ്ഞാൽ വിശ്വസിക്കില്ല, സ്റ്റേജിൽ കയറാൻ ബിയോണ്‍സിനു ചെറുതല്ലാത്ത പേടിയുണ്ടായിരുന്നു. ഒരു ആൾട്ടർ ഇഗോ (വ്യക്തിത്വത്തിന്റെ മറുവശം) സ്വയം ഉണ്ടാക്കിയെടുത്താണ് ആ പേടിയെ മറികടന്നത്. അതിൽനിന്ന് ഞാൻ ആത്മവിശ്വാസം നേടിയെടുത്തു. ആളുകൾ വിനോദത്തിനാണ് ഷോ കാണാൻ എത്തുന്നത്. സാധാരണ ജീവിതത്തിൽ ഞാൻ പറയാത്ത വാക്കുകൾ സ്റ്റേജുകളിൽ പറയും, പൊതുവേ ഉപയോഗിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങൾ അണിയും- ബിയോണ്‍സ് ഒരിക്കൽ പറഞ്ഞു. 2008ൽ പുറത്തിറക്കിയ ആൽബത്തിൽ ഐ ആം സാഷാ ഫിയേഴ്സ് എന്നു പ്രഖ്യാപിക്കുകയും ചെയ്തു. ആ ഇമേജിൽനിന്ന് രണ്ടുവർഷത്തിനുശേഷം പുറത്തുവരികയായിരുന്നു. സാഷാ ഫിയേഴ്സ് അവസാനിച്ചു. അവളെ ഞാൻ കൊന്നു- 2010ൽ നൽകിയ അഭിമുഖത്തിൽ ബിയോണ്‍സ് പറഞ്ഞു.
എന്നാൽ ധൈര്യക്കുറവ് ഒരു പാന്പിനെ വളർത്തുന്നതിൽനിന്ന് ബിയോണ്‍സിനെ പിന്തിരിപ്പിച്ചില്ല. ഫെൻഡി എന്നു പേരുള്ള ഒരു പെരുന്പാന്പിനെ ഓമനിച്ചു വളർത്തിയിരുന്നു ബിയോണ്‍സും കസിനും. പാന്പുമായുള്ള കൂട്ട് ഏറെ ആസ്വദിച്ചിരുന്നു ബിയോണ്‍സ്. ഉറക്കംപോലും അതിനൊപ്പം. എന്നാൽ പിതാവിന്റെ ഉറക്കംകളഞ്ഞു ആ പാന്പ്. അതിനെ നിർബന്ധിച്ച് ഒഴിവാക്കുകയും ചെയ്തു.
കലകളോടും ബിയോണ്‍സിനു വലിയ താത്പര്യമുണ്ട്. പാരിസിലെ ലൂവ്റേ മ്യൂസിയം പലതവണ സന്ദർശിച്ചിട്ടുണ്ട്. അവിടെനിന്നുള്ള കാഴ്ചകൾ ഒരു ആൽബത്തിൽ ഉൾപ്പെടുത്തിയതോടെ മ്യൂസിയത്തിലെ സന്ദർശകരുടെ എണ്ണത്തിൽ ലക്ഷങ്ങളുടെ വർധനവുമുണ്ടായി.
പറഞ്ഞുതീരാത്ത വിശേഷങ്ങൾ
വിറ്റഴിക്കപ്പെടുന്ന ആൽബങ്ങളുടെ എണ്ണം, സോഷ്യൽമീഡിയ ഫോളോവേഴ്സിന്റെയും ലൈക്കുകളുടെ എണ്ണം, നേടുന്ന പുരസ്കാരങ്ങൾ, ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ.. ആരാധകരുടെ എണ്ണംപോലെ അനന്തമാണ് ഇവയോരോന്നും. സംഗീതംപോലെ സത്യസന്ധമാണ് ബിയോണ്‍സിന്റെ നിലപാടുകൾ. നാളുകളായി മാധ്യമങ്ങളിൽനിന്ന് അകലംപാലിക്കുന്പോഴും പാട്ടുകൾ ബിയോണ്സിനുവേണ്ടി സംസാരിക്കുന്നുണ്ട്.
ഹരിപ്രസാദ്