ഭാഷാവൈവിധ്യത്തിൽ മാത്രമല്ല മലയാളസിനിമയുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നുമാണ് കാസർഗോഡ്. ബിഗ് സ്ക്രീനിൽ അധികമൊന്നും കണ്ടിട്ടില്ലാത്ത സ്ഥലങ്ങളും ചരിത്രശേഷിപ്പുകളും ചിത്രീകരിക്കാൻ ഇക്കാലത്ത് സിനിമക്കാർ കൂടുതലായി എത്തുന്നു.
കർണാടകം അതിരിടുന്ന കാസർഗോഡ് സപ്തഭാഷാ സംഗമഭൂമിയാണ്. കേരളത്തിനുള്ളിൽതന്നെ ഏഴു ഭാഷകൾ പ്രചാരത്തിലുള്ള ഏക ജില്ല. ഇവിടങ്ങളിൽ പാർക്കുന്ന അയൽവാസികൾക്കുവരെ വ്യത്യസ്തമായ ഭാഷ. സാധാരണ രീതിയിൽ ഒരു സംസ്ഥാന അതിർത്തിയിൽ രണ്ടോ മൂന്നോ ഭാഷകളേ പ്രചാരത്തിലുണ്ടാവൂ. എന്നാൽ കാസർഗോഡ് ജില്ലയിൽ കന്നഡ, മറാത്തി, ബ്യാരി, ഉർദു, കൊങ്കണി, തുളു തുടങ്ങി ഏഴു ഭാഷകളിലാണ് ആശയവിനിമയം.
ഭാഷാവൈവിധ്യത്തിൽ മാത്രമല്ല മലയാള സിനിമയുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നുമാണ് കാസർഗോഡ്. ബിഗ് സ്ക്രീനിൽ മുൻപ് അധികമൊന്നും കണ്ടിട്ടില്ലാത്ത ഇടങ്ങളും ശേഷിപ്പുകളും ചിത്രീകരിക്കാൻ ഇക്കാലത്ത് സിനിമക്കാർ കൂടുതലായി എത്തുന്നു. വിനോദസഞ്ചാരികൾക്കാവട്ടെ കടലോരത്തെ ബേക്കൽകോട്ടയ്ക്കു പുറമെ വടക്കൻ കേരളത്തിന്റെ വൈവിധ്യങ്ങൾ തേടിയുള്ള യാത്രകൾക്ക് പ്രിയമേറുകയാണ്. ചെറുതും വലുതുമായ കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മോസ്കുകളും ഗ്രാമങ്ങളിലെ പുകയില കൃഷിയുമൊക്കെ കാണാൻ ഏറെപ്പേരെത്തുന്നു. ഏറ്റവുമധികം പുഴകളുള്ള ജില്ലകളിലൊന്നുമാണ് കാസർഗോഡ്.
കേരള കേന്ദ്ര സർവകലാശാലയുടെ സ്ഥാപനം ഉന്നത വിദ്യാഭ്യാസത്തിനെത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ടാക്കിയിരിക്കുന്നു.
റാണിപുരം കോട്ടഞ്ചേരി പൊസഡിഗുംപേ ഹിൽ റിസോർട്ടുകൾ മുതൽ കവ്വായിക്കായലിലെ ഹൗസ്ബോട്ടുകൾ വരെ നീളുന്ന വിനോദസഞ്ചാരം. ഓരോരോ കാലത്ത് ഓരോ നാടുകളിൽ നിന്നെത്തിയ ജനവിഭാഗങ്ങളുടെ സംസ്കാരങ്ങൾ സംഗമിച്ചതിന്റെ നേർക്കാഴ്ച മറ്റൊരിടത്തും ലഭിക്കാത്ത അനുഭവമാകുന്നു.
ഭാഷാവൈവിധ്യം
വള്ളുവനാടൻ സംസ്കാരം കാത്തുസൂക്ഷിക്കുന്ന തെക്കൻ മേഖലയും തുളുനാടിന്റെ ഓജസും ഉയർത്തിപ്പിടിക്കുന്ന വടക്കൻമേഖലയും ഒന്നിനൊന്ന് വ്യത്യസ്തമാണ്. തുളുനാട് എന്നറിയപ്പെടുന്പോഴും കന്നഡ, മറാത്തി, കൊങ്കണി, ഹിന്ദുസ്ഥാനി, ബ്യാരി ഭാഷകളും സംസ്കാരവും സൂക്ഷിക്കുന്നവർ വടക്കൻ മേഖലയിലുണ്ട്. തദ്ദേശീയരും കുടിയേറിയെത്തിയവരുമായ മലയാളികളുടെ ശക്തമായ സാന്നിധ്യം വേറെയും. സപ്തഭാഷാഭൂമിയെ വ്യത്യസ്തമാക്കുന്നത് ഭാഷകളുടെ വൈവിധ്യത്തിനൊപ്പം വ്യത്യസ്തങ്ങളായ സംസ്കാര സമന്വയത്തിന്റെ മഴവിൽച്ചന്തവുമാണ്.
2011 സെൻസസ് പ്രകാരം ജില്ലയിൽ 82.7 ശതമാനമാണ് മലയാളം മാതൃഭാഷയായിട്ടുള്ളത്. മുൻ സെൻസസിൽ ഇത് 70 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലായിരുന്നു. ജില്ലയിൽ മലയാളികളുടെ സാന്നിധ്യം വർധിക്കുന്നതിന് തെളിവാണിത്. ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള ഭാഷ തുളുവാണ്. 8.8 ശതമാനം പേർക്കാണ് തുളു മാതൃഭാഷ. 4.2 ശതമാനത്തിന് കന്നഡ. 1.8 ശതമാനം മറാത്തി സംസാരിക്കുന്നു. 2.5 ശതമാനം ബ്യാരി, ഹിന്ദുസ്ഥാനി, കൊങ്കണി ഭാഷകളിലാണ് ആശയവിനിമയം.
കോഴിക്കോടിന്റെയും വള്ളുവനാടിന്റെയും പാരന്പര്യം പേറുന്ന നീലേശ്വരം രാജവംശമാണ് കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ ടൗണുകളും അനുബന്ധപ്രദേശങ്ങളും ഉൾപ്പെടുന്ന തെക്കൻപ്രദേശം ദീർഘകാലം ഭരിച്ചിരുന്നത്. സാമൂതിരി കോവിലകത്തെ ഒരു രാജകുമാരിയും കണ്ണൂർ കോലത്തിരി രാജകുടുംബത്തിലെ ഒരു യുവാവുമായി നടന്ന പ്രണയവിവാഹത്തിന്റെ തുടർച്ചയാണ് ഈ രാജവംശമെന്നാണ് ചരിത്രരേഖകൾ. കോലത്തുനാടിന്റെ വടക്കേയറ്റത്ത് നീലേശ്വരം ആസ്ഥാനമായി ചെറിയൊരു രാജ്യം അവർക്ക് സ്ഥാപിച്ചു നല്കുകയായിരുന്നു. തുളുനാട്ടിലും കന്നഡ, മറാത്ത ദേശങ്ങളിലും നിന്നുള്ള രാജാക്കൻമാരുടെയും ജനങ്ങളുടെയും കടന്നുകയറ്റം ചെറുക്കുകയെന്ന ലക്ഷ്യംകൂടി അതിനു പിന്നിലുണ്ടായിരുന്നു.
സാമൂതിരി കോവിലകത്തെ രാജകുമാരിക്കൊപ്പം കോഴിക്കോട്ടും വള്ളുവനാട്ടിലും നിന്നുള്ള നിരവധി കുടുംബങ്ങളെയും ഇവിടെ കൊണ്ടുവന്നു താമസിപ്പിച്ചുവെന്നാണ് ചരിത്രം. മാത്രവുമല്ല കോവിലകം-തളി മാതൃകയിൽ ക്ഷേത്രങ്ങളും സ്ഥാപിച്ചു. ഇവർക്കൊപ്പമെത്തിയ കുടുംബങ്ങൾ തദ്ദേശീയരുമായി ഇടകലർന്നുണ്ടായതാണ് പ്രദേശത്തിന്റെ സംസ്കാരവൈവിദ്ധ്യം. ക്ഷേത്രാചാരങ്ങളിൽ ഇപ്പോഴും വള്ളുവനാടൻ സ്വാധീനമുണ്ട്. നീലേശ്വരം രാജവംശത്തിന്റെ വൈവാഹികബന്ധങ്ങളേറെയും പാലക്കാട്, തൃശൂർ ഭാഗങ്ങളുമായിട്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ നിന്നുണ്ടായ കുടിയേറ്റങ്ങൾ ഈ മേഖലയുടെ മലയാള സംസ്കാരത്തെ കുറേക്കൂടി ശക്തമാക്കി.
പഴയ തുളുനാടിന്റെ തുടർച്ചയായ കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലെത്തുന്പോഴാണ് നാടിന്റെ മഴവിൽ സംസ്കാരം അടുത്തറിയാൻ സാധിക്കുക. മലയാളവും കന്നഡയുമല്ലാതെ സ്വന്തം ഭാഷയും സാംസ്കാരവും കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനികളാണ് തുളു ജനത. എങ്കിലും ഭാഷാപരമായി മലയാളത്തേക്കാൾ കന്നഡയോടാണ് ഇവർ ചേർന്നുനില്ക്കുന്നത്. കർണാടകത്തിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലും ഈ വിഭാഗക്കാരുണ്ട്.
കന്പള എന്നറിയപ്പെടുന്ന പോത്തോട്ട മത്സരങ്ങളുടെയും കോഴിയങ്കത്തിന്റെയും കാർഷിക സംസ്കാരമാണ് തുളു ജനതയുടെ പാരന്പര്യം.
കാഞ്ഞങ്ങാട് ടൗണിൽ കന്നഡ, കൊങ്കണി വിഭാഗങ്ങൾ അധിവസിക്കുന്ന മേഖലകളുണ്ട്. പള്ളിക്കര, ബേക്കൽ, ഉദുമ ഭാഗങ്ങളിൽ കന്നഡക്കാരുടെ സാന്നിധ്യം അടുത്തറിയാനാകും.
കാസർഗോഡ്, മഞ്ചേശ്വരം ഭാഗങ്ങളിലെ തുളു, കന്നഡ വിഭാഗക്കാർക്ക് രണ്ടു ഭാഷകളും അറിയാമെന്നതിനാൽ വംശീയമായി ഇവരെ വേർതിരിച്ചറിയുക എളുപ്പമല്ല. പലർക്കും സംസാരഭാഷ തുളുവും സ്കൂൾ പഠനം കന്നഡയുമാണ്. തുളുവിന് സ്വന്തമായി ലിപിയുണ്ടെങ്കിലും പ്രായോഗികതലത്തിൽ ഉപയോഗിക്കപ്പെടുന്നില്ല. തുളു സംസാരിക്കുന്നവരേറെയും കാലങ്ങളായി പഠിച്ചുവളരുന്നത് കന്നഡ മീഡിയം സ്കൂളുകളിലാണ്.
വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി പഞ്ചായത്തിലും കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളുടെ മലയോരമേഖലയിലുമാണ് തനതു സംസ്കാരം പുലർത്തുന്ന മറാത്തികൾ വസിക്കുന്നത്.
മഹാരാഷ്ട്ര ഭാഷയായ മറാത്തിയുടെ വകഭേദമാണ് സംസാരഭാഷയെങ്കിലും ഇന്നത്തെ തലമുറകൾക്ക് മലയാളവും വശമാണ്. കൊങ്കണ് മേഖലയിൽനിന്നു പലായനം ചെയ്താണ് ഇവർ കാസർഗോട്ടെത്തിയതെന്നു കരുതപ്പെടുന്നു. അക്കാലത്ത് സ്വന്തം ഭാഷയും സംസ്കാരവും കാത്തുസൂക്ഷിക്കാനായാണ് കൊങ്കണികളും കേരളത്തിലെത്തിയത്. കാസർഗോഡിനു പുറമേ മറ്റു തീരദേശ ജില്ലകളിലും ഇവർ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. വീടുകളിൽ കൊങ്കണി നിലനിർത്തുന്പോഴും മലയാളം പഠിച്ച് കേരളവുമായി ഇഴുകിച്ചേരാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. അതിർത്തിഗ്രാമങ്ങളിലാണ് കൊങ്കണികൾ കന്നഡ പറയുന്നത്.
ടിപ്പുവിന്റെ പടയോട്ടത്തിനൊപ്പം എത്തിയവരാണ് ഹിന്ദുസ്ഥാനി ഭാഷ സംസാരിക്കുന്ന മുസ്ലീം വിഭാഗങ്ങളെന്നു കരുതപ്പെടുന്നു. ജില്ലയിൽ മുസ്ലീം സാന്നിധ്യം ശക്തമാണെങ്കിലും ഭാഷാപരമായും സാംസ്കാരികമായും വേറിട്ടുനില്ക്കുന്നവരാണ് ഒരു ശതമാനത്തിൽ താഴെ മാത്രം വരുന്ന ഈ വിഭാഗം. പള്ളിക്കര-ബേക്കൽ ഭാഗങ്ങളിലും ഉപ്പള-മഞ്ചേശ്വരം ഭാഗത്തും ഈ സമൂഹത്തെ കാണാം.
മഞ്ചേശ്വരത്തെ മുസ്ലിങ്ങൾക്കിടയിൽ തുളുവും മലയാളവും ഇടകലർന്ന സംസാരഭാഷയാണ് ബ്യാരി. സ്വന്തമായി ലിപിയില്ലാത്ത ഈ ഭാഷ മലയാളം-കന്നഡ ലിപികളിലാണ് എഴുതുന്നത്. ബ്യാരികളുടെ ജീവിതത്തെക്കുറിച്ച് മലയാളിയായ സുവീരൻ 2011 ൽ ഒരുക്കിയ ബ്യാരി എന്ന സിനിമ ദേശീയതലത്തിൽവരെ അവാർഡുകൾ നേടിയിരുന്നു.
അതിർത്തിയിലെ കന്നഡക്കാരൊഴികെ മറ്റെല്ലാ വിഭാഗക്കാരിൽ ഏറെപ്പേർക്കും മലയാളവും വശമാണ്. എന്നാൽ ഇവിടത്തെ മലയാളികളിൽ 90 ശതമാനത്തിലേറെപ്പേർക്കും ജില്ലയിലെ മറ്റു ഭാഷകളൊന്നും അറിയില്ലെന്നതാണ് യാഥാർഥ്യം.
ശ്രീജിത് കൃഷ്ണൻ