വരൂ പോകാം, പറക്കാം...
Sunday, January 1, 2023 3:54 AM IST
പുതുവർഷം. പ്രതീക്ഷകളുടെയും കഠിന പ്രതിജ്ഞകളുടെയും ദിനമാണ് ഇന്ന്. പ്രതിജ്ഞകൾ പാലിക്കുന്നുണ്ടോ എന്നതു വേറേ കാര്യം. പ്രതീക്ഷകളുടെയും പ്രചോദനങ്ങളുടെയും വിഷയമെടുക്കാം. ജീവിതത്തിൽ നിങ്ങൾക്ക് എന്താണ് ഏറ്റവും വലിയ പ്രചോദനം? പ്രിയപ്പെട്ടൊരാളാവാം.. ഏറെയിഷ്ടപ്പെടുന്ന ഒരു സ്ഥലമാകാം.. ദൈവവിശ്വാസമാകാം... എല്ലാം ശരി. ഒരുകാര്യംകൂടി- പാട്ടുകൾ നിങ്ങളെ പ്രചോദിപ്പിക്കാറില്ലേ? ഇതാ ചിറകുകൾ നൽകുന്ന പാട്ടുകൾ....
ഹെഡ്ഫോണിൽ ഇഷ്ടമുള്ളൊരു പാട്ടുകേട്ട് ജോലി ചെയ്യുന്പോൾ നിങ്ങൾക്ക് കൂടുതൽ സന്തോഷം തോന്നാറുണ്ടോ? രാവിലെ ഒന്നു നടക്കാനിറങ്ങുന്പോൾ പാട്ടുകേൾക്കാറുണ്ടോ? അപ്പോൾ കൂടുതൽ ഉൗർജം ലഭിക്കുന്നതായി തോന്നാറില്ലേ?
സംഗീതം മനുഷ്യന്റെ തലച്ചോറിനെ സ്വാധീനിക്കുന്നതു സംബന്ധിച്ച പഠനങ്ങൾ 1950കൾ മുതൽ നടക്കുന്നുണ്ട്. ന്യൂറോമ്യൂസിക്കോളജി എന്നൊരു പഠനശാഖതന്നെ ഈ രംഗത്തു പ്രവർത്തിക്കുന്നു.
മനുഷ്യന്റെ ഓരോ വികാരവിചാരങ്ങൾക്കും യോജിച്ച സംഗീതം ഏതെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ക്രിയാത്മകത കൂട്ടാൻ പ്രകൃതിയുടെ ഈണങ്ങളാണ് മികച്ചതത്രേ. ലളിതസുന്ദരമായ പോപ് മ്യൂസിക് കൂടുതൽ പ്രചോദനാത്മകമാണ്. ചുരുക്കത്തിൽ, നമ്മുടെ ശാരീരികവും മാനസികവുമായ എല്ലാ പ്രവർത്തനങ്ങൾക്കും സംഗീതം സുന്ദരമായ പശ്ചാത്തലമൊരുക്കുന്നു. പ്രചോദനം നൽകാൻ, ടെൻഷൻ മാറ്റാൻ, കൂടുതൽ ശ്രദ്ധകിട്ടാൻ, ഉൗർജസ്വലത കൂട്ടാൻ... പാട്ടിനു പറ്റാത്തതൊന്നുമില്ല!
അകറ്റാം, ക്ഷീണം
ക്ഷീണവും സമ്മർദ്ദവുമാണ് പൊതുവേ പ്രചോദനം ഇല്ലാതാക്കുന്നത്. ജോലി ചെയ്തുകൊണ്ടിരിക്കേ കടുത്ത ക്ഷീണം അനുഭവപ്പെടാം- മാനസിക ക്ഷീണമാവും കൂടുതൽ. അല്പം വിശ്രമമോ ചെറിയൊരു ഉറക്കമോ നമ്മെ സഹായിച്ചേക്കാം. എന്നാൽ ജോലിക്കിടെ ഇതു പൊതുവേ സാധ്യമാകാറില്ല.
എന്നാൽ മെല്ലെയൊരു പാട്ടുകേട്ടാൽ മനസിൽ ഒരു പുതുമ വരും. തലച്ചോറ് ഫ്രെഷ്നസ് വീണ്ടെടുക്കും. ജോലിയുടെ മടുപ്പും ക്ഷീണവും മാറ്റി പുതിയ ഉണർവു വരും.
പ്രഭാത നടത്തത്തിനിടെ ഹെഡ്ഫോണിൽ പാട്ടുകേട്ടാൽ കൂടുതൽ ഉന്മേഷം അനുഭവപ്പെടുമെന്നും പഠനങ്ങൾ പറയുന്നുണ്ട്. ഓഡിറ്ററി ന്യൂറോണുകളും മോട്ടോർ ന്യൂറോണുകളും തമ്മിലുള്ള ബന്ധമാണ് ഇതിനു സഹായിക്കുന്നത്. ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാൻ പല വൻകിട കന്പനികളും മ്യൂസിക് തെറപ്പി ഉപയോഗിച്ചുതുടങ്ങിയിട്ടു കാലങ്ങളായി.
ഏതു പാട്ടു കേൾക്കണം?
നമുക്ക് ഇഷ്ടപ്പെട്ട പാട്ട് എന്നാണ് ഏറ്റവും ലളിതമായ ഉത്തരം. ഏതു തരം സംഗീതം എന്നതു വ്യക്തിപരമായ ഇഷ്ടങ്ങളിൽ പെടുന്നതാണല്ലോ. ഓരോ പാട്ടുകേൾക്കുന്പോളും മനസ്സു പ്രതികരിക്കുക ഓരോ രീതിയിലായിരിക്കുമെന്നുറപ്പ്.
ചിലതിന്റെ വരികൾ, മറ്റു ചിലതിന്റെ ഈണം, താളം, ഗായകൻ അല്ലെങ്കിൽ ഗായികയോടുള്ള പ്രത്യേക ഇഷ്ടം- ഇതെല്ലാം മനസിനെ സ്വാധീനിക്കും.
ഗ്ലോറിയ ഗെയ്നറിന്റെ ഐ വിൽ സർവൈവ്, എൽട്ടണ്‍ ജോണിന്റെ ഐ ആം സ്റ്റിൽ സ്റ്റാൻഡിംഗ്, എമിനെം ഒരുക്കിയ ലൂസ് യുവർസെൽഫ്, ഡാഫ്റ്റ് പംകിന്റെ ഹാർഡൽ, ബെറ്റർ, ഫാസ്റ്റർ, സ്ട്രോംഗർ, ഡെസ്റ്റിനീസ് ചൈൽഡിന്റെ സർവൈവർ, ബിയോണ്‍സിന്റെ ഫ്ളോലെസ്, ബ്രൂസ് സ്പ്രിംഗ്സ്റ്റീനിന്റെ ബോണ്‍ ടു റണ്‍, കാത്തി പെറിയുടെ റോർ, കാനീ വെസ്റ്റിന്റെ ടച്ച് ദ സ്കൈ, ക്വീൻ ബാൻഡിന്റെ ദ ഷോ മസ്റ്റ് ഗോ ഓണ്‍, നിക്കി മിനാജിന്റെ ഐ ആം ദ ബെസ്റ്റ്, മഡോണയുടെ എക്സ്പ്രസ് യുവർസെൽഫ് എന്നിങ്ങനെ പാശ്ചാത്യ സംഗീതലോകത്തുനിന്ന് പാട്ടുകളുടെ നീണ്ട നിര പ്രചോദനമേകാൻ കാത്തുനിൽപ്പുണ്ട്. ഇംഗ്ലീഷ് പാട്ടുകൾ ഇഷ്ടപ്പെടുന്നവർക്ക് പരിചിതമായിരിക്കും ഓരോന്നും. മൈക്കിൾ ജാക്സന്റെ ചടുലമായ പാട്ടുകളും ഈ കൂട്ടത്തിലുണ്ട്.
ചിറകാണ് പാട്ട്!
മലയാളത്തിലെ സിനിമാപ്പാട്ടുകളിലേക്കു വന്നാൽ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ചിറകുകൾ നൽകുന്ന ഈണങ്ങളും വരികളും ധാരാളമുണ്ട്. ഈ വരികൾ കേട്ടുനോക്കൂ...
ആ മേട്ടിൽ പാറി താഴ് വാരം താണ്ടി
പുലരിമലയിൽ കേറിയെങ്കിലോ
ഒരു പൂവള്ളിക്കൊടി വീശി തെക്കന്നം കാറ്റ്
അവളെല്ലാർക്കും തരുമല്ലോ ചിറകായിരം
വരൂ പോകാം പറക്കാം... (ബിജിബാൽ, റഫീക്ക് അഹമ്മദ്/ ദേവദത്ത് ബിജിബാൽ, ലോല, ശ്വേത മേനോൻ- ചിത്രം: റാണി പത്മിനി)
വാനംമേലേ ചിറകേറിപ്പോകാം
പോകാം ദൂരെ ചിറകേറിപ്പോകാം...
(സൂരജ് എസ് കുറുപ്പ്/ ശങ്കർ മഹാദേവൻ- ചിത്രം: കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ)
ഇന്നത്തെ പകലിന്റെ വെയിലാറും മുന്‍പേ വാ
മേലേ മുഴക്കം കേട്ടല്ലോ...
നീയും പായും നേരത്ത് ഞാനുണ്ടീ മുറ്റത്ത്
ഇനി ഞാനും കൂടി പോന്നാലോ...
അവരുടെ രാവുകൾ എന്ന ചിത്രത്തിനുവേണ്ടി ബി.കെ. ഹരിനാരായണൻ എഴുതി ശങ്കർ ശർമ ഈണമിട്ട് അരുണ്‍ ഹരിദാസ് കമ്മത്ത്, അരുണ്‍ എളാട്ട് എന്നിവർ പാടിയ വാടാതെ വീഴാതെ എന്ന പാട്ടിലെ ഒരു വരിനോക്കൂ- നോവിൻ കാർമേഘം മാറ്റാം, നേടാം പുത്തൻ നാളെ...
ഹരിനാരായണൻതന്നെ മിലി എന്ന ചിത്രത്തിലെ മണ്‍പാത നീട്ടുന്ന മോഹങ്ങളേ എന്നു തുടങ്ങുന്ന ഗാനത്തിൽ ഇങ്ങനെ എഴുതുന്നു:
ശിശിരം തലോടുന്ന പൂഞ്ചില്ലയിൽ
മഴവിൽ നിറംപാകുമീ സന്ധ്യയിൽ
ചിറകോടെ ദൂരെ പറന്നോട്ടെ ഞാൻ..
മേഘമേ മേഘമേ തോളേറി പോകാനെൻ ചാരേ വാ
കാലമേ കാലമേ തേടാനായോരോ തീരങ്ങൾ താ...
വരികളും ഈണവും ആലാപനവും എന്തൊരു ഉൗർജമാണ് പ്രവഹിപ്പിക്കുന്നത്! സ്വന്തം ഈണത്തിൽ ഈ പാട്ടുപാടിയത് ഷാൻ റഹ്മാൻതന്നെ.
തോഴാ, മുന്നാൽ വാടാ..
ആത്മീയത, സൗഹൃദം എന്നിവ ഒരാളെ എത്രത്തോളം മുന്നോട്ടു നയിക്കും എന്നറിയാൻ എല്ലാ പുഗഴും എന്ന തമിഴ് പാട്ടുകേൾക്കണം. സാക്ഷാൽ എ.ആർ. റഹ്്മാന്റെ ഈണം. അഴഗിയ തമിഴ്മകൻ എന്ന ചിത്രത്തിലെ ഈ പാട്ടിന്റെ വരികൾ നോക്കൂ- മുന്നാൽ മുന്നാൽ മുന്നാൽ മുന്നാൽ വാടാ.. ഉന്നാൽ മുടിയും ഉന്നാൽ മുടിയും തോഴാ... ആത്മവിശ്വാസം കോരിനിറയ്ക്കുന്ന വാക്കുകൾ! ഒപ്പം, എല്ലാ വാഴ്ത്തുകളും ദൈവത്തിന് എന്ന ആത്മീയതയുടെ ആഘോഷവും ഈ പാട്ടിലുണ്ട്. റഹ്്മാന്റെ ജീവിതവും സംഗീതവും രേഖപ്പെടുത്തുന്നുണ്ട് ഈ പാട്ട്.
പുതുവർഷത്തിൽ പാട്ടുകേട്ടു മുന്നേറാം.
ഹരിപ്രസാദ്