കുടിയേറ്റ കാലത്തെ ക്രിസ്മസ്
Sunday, December 25, 2022 12:28 AM IST
മധ്യകേരളത്തിൽനിന്നുള്ള മലബാർ കുടിയേറ്റം സഹനങ്ങളുടെ അനുഭവമായിരുന്നു. അതിജീവന പാതയിൽ മണ്ണുതേടിയുള്ള യാത്ര. പ്രതികൂല കാലാസ്ഥയിൽ കാടുതെളിച്ചുള്ള കൃഷി ഒരു പോരാട്ടംതന്നെയായിരുന്നു.
കണ്ണൂർ ഇരിട്ടി കിളിയന്തറ കല്ലൂർ തോമസും ഭാര്യ മേരിയും നൂറ്റാണ്ടിന്റെ ക്രിസ്മസ് ഓർമച്ചെപ്പ് തുറക്കുകയാണ്. സഹനവഴികൾ താണ്ടി മലബാറിൽ മണ്ണു കണ്ടെത്തി നൂറാം വയസിന്റെ നിറവിലെത്തിയ തോമസും 98 കാരി ഭാര്യ മേരിയും ആദ്യകാല കുടിയേറ്റക്കാരനാണ്. സഹനജീവിതം പിന്നിട്ട ദുരിതപാതകൾ ഇവർ മറന്നിട്ടില്ല. കുന്നോളം ഉയരത്തിൽ വിയർപ്പൊഴുക്കി കഠിനാധ്വാനം ചെയ്ത അക്കാലത്ത് ദൈവാശ്രയത്വമായിരുന്നു പിൻബലം. മലന്പാന്പും മലന്പനിയും കാട്ടാനയുമുണ്ടായിരുന്ന കുടിയേറ്റമണ്ണിൽ അതിജീവനം അസാമാന്യ സാഹസമായിരുന്നു.
ആദ്യകാല ക്രിസ്മസുകളിൽ കുടിയേറ്റക്കാർക്ക് മൈലുകളും മണിക്കൂറുകളും നടക്കണം പള്ളിയിലെത്താൻ. കാട്ടാനയും കാട്ടുപോത്തും കാട്ടുപന്നിയും മുന്നിൽപ്പെട്ടേക്കാം. മഞ്ഞുപെയ്യുന്ന കൊടുംതണുപ്പിലാണ് ഇടവഴികളിലൂടെ രാത്രി നടത്തം.
പാതിരാകുർബാനയ്ക്കു പോകാൻ തലേന്നുതന്നെ ഒരുങ്ങിയിരിക്കും. ഓരോ കുന്നോരങ്ങളിലും കൂരകെട്ടി പാർക്കുന്ന കർഷകരായ അയൽക്കാർ അടയാളംവച്ച മരച്ചുവട്ടിലോ മണ്റോഡിലോ രാത്രി ഒരുമിക്കും. വീടുകളിൽ ഉറങ്ങിപ്പോയവരെ വിളിച്ചുണർത്തും. ചൂട്ടുകറ്റകളുടെ വെളിച്ചത്തിൽ സംഗമിക്കുന്ന അയൽക്കാർ പാട്ടുപാടിയും കൈകൾകൊട്ടിയുമാണ് പള്ളിയിലേക്കുള്ള നടത്തം. ക്ഷീണവും തണുപ്പും മറന്നുള്ള ആ നടപ്പ് മണിക്കൂറുകൾ നീളുന്നതായിരിക്കും.
കുടിയേറ്റകാലത്തെ പള്ളികൾ പലതും ഓലമേഞ്ഞ ഷെഡ്ഡുകളായിരുന്നു. കല്ലിലും മണ്ണിലും കെട്ടിപ്പൊക്കിയ ചെറിയ നിർമിതികൾ. ചാണകത്തിലോ കുഴമണ്ണിലോ മെഴുകിയ തറ. വൈദ്യുതിയെത്താത്ത കാലത്ത് വിളക്കു കത്തിച്ചും പെട്രോ മാക്സ് പ്രകാശിപ്പിച്ചുമൊക്കെയാണ് പള്ളിയിലെ കർമങ്ങൾ.
മധ്യകേരളത്തിൽനിന്നുള്ള മലബാർ കുടിയേറ്റം വലിയ അനുഭവമായിരുന്നു. അതിജീവന പാതയിൽ മണ്ണുതേടി ദിവസങ്ങളും മാസങ്ങളും നീളുന്ന സഹനയാത്ര. കാൽനടയായും കാളവണ്ടിയിലുമൊക്കെയായിരുന്നു ആ പ്രയാണം. പ്രതികൂല കാലാസ്ഥയിൽ കാടുതെളിച്ചുള്ള കൃഷി ഒരു പോരാട്ടംതന്നെയായിരുന്നു.
ആ അധ്വാനജീവിതത്തിലും ദൈവവിശ്വാസവും ആത്മീയ അനുഷ്ഠാനങ്ങളുമായിരുന്നു കരുത്ത്. കുടിയേറ്റ ക്രൈസ്തവർ ഒന്നുചേർന്ന് മലയോരങ്ങളിൽ കഠിനാധ്വാനം ചെയ്താണ് പള്ളികൾ പണിതത്. ദേവാലയം പകർന്ന വിശ്വാസത്തിന്റെ ബലത്തിലാണ് കുടിയേറ്റക്കാർ ജീവിതം കരുപ്പിടിപ്പിച്ചത്.
വിശ്വാസത്തിന് ഉണർവ് പകരുന്നതായിരുന്നു ആത്മീയ ആഘോഷങ്ങൾ. പ്രത്യേകിച്ചും ക്രിസ്മസ് വലിയ സന്തോഷത്തിന്റെ ആഘോഷമായിരുന്നു. മുളയിലും കല്ലിലും പലകയിലും പണിത് ചാണകം മെഴുകി ചെറിയ വീടുകൾ. അവയേറെയും ഓലയോ പുല്ലോ മേഞ്ഞതായിരുന്നു. മണ്ണെണ്ണ വിളക്കിലായിരുന്നു രാത്രി ജീവിതം.
പാതിരാകുർബാനയ്ക്കു പോയി തിരികെ വരുന്പോൾ പുലർച്ചെ വീട്ടിൽ എല്ലാവരും ചേർന്നാണ് ഭക്ഷണം തയാറാക്കുന്നത്. അപ്പം, വട്ടയപ്പം, കള്ളപ്പം, പഴം തുടങ്ങിയ വിഭവങ്ങൾ എല്ലാ വീടുകളിലുമുണ്ടാകും. നാലും അഞ്ചും അയൽക്കാർ ഒരുമിച്ചുചേർന്ന് മൂരിയെയോ കാളയെയോ കശാപ്പ് ചെയ്ത് ഇറച്ചി പങ്കുവയ്ക്കും. ഒരാഴ്ച നീളുന്നതായിരുന്നു അക്കാലത്തെ ക്രിസ്മസ് ആഘോഷങ്ങൾ.
കോട്ടയം കൊടുങ്ങൂരിൽനിന്നാണ് തോമസും ഭാര്യ മേരിയും മുക്കാൽ നൂറ്റാണ്ടു മുൻപ് കിളിയന്തറയിലെത്തുന്നത്. ഓരോ ദിവസവും അക്കാലത്ത് മലബാറിലെ മലയോരങ്ങളിലേക്ക് മധ്യതിരുവിതാംകൂറിൽനിന്നും കർഷകർ മണ്ണുതേടി വന്നുകൊണ്ടിരുന്നു. പരിമിതികളുടെ നടുവിലായിരുന്നു എല്ലാവരുടെയും ജീവിതം.രുചികരമായ ഭക്ഷണം കഴിക്കാനും നല്ല വസ്ത്രം ധരിക്കാനുമുള്ള അവസരമായിരുന്നു കുടിയേറ്റകാലത്തെ ക്രിസ്മസെന്ന് മേരി ഓർമിക്കുന്നു.
റവ.ഡോ. സ്കറിയ കല്ലൂരും സിസ്റ്റർ സിസിലിയും ഉൾപ്പെടെ ഒൻപത് മക്കളുള്ള തോമസ് ഇളയ മകൻ പോളിനൊപ്പമാണ് താമസം. എഴുപത്തിയേഴാം വിവാഹവാർഷികം കഴിഞ്ഞ ജൂലൈയിൽ മക്കളും മരുമക്കളും കൊച്ചുമക്കളുമായി ആഘോഷിച്ച തോമസും മേരിയും ഇക്കൊല്ലത്തെ ക്രിസ്മസ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ്. തോമസിന്റെ നൂറാം പിറന്നാൾ ആഘോഷം കൂടിയാണിന്ന്.
സി.ആർ. സന്തോഷ്