ഇടിനാദമായി അമൃത്ബസാർ പത്രിക
Saturday, December 3, 2022 11:59 PM IST
പത്രസ്വാതന്ത്ര്യത്തെ പിടിച്ചു കെട്ടാനുള്ള നിരവധി കടന്പകളെ അതിജീവിച്ചുവന്ന ചരിത്രമാണ് അമൃത് ബസാർ പത്രികയ്ക്ക് ഉള്ളത്. 1919ൽ ഇന്ത്യ ആരുടെ സ്വന്തം എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിന്റെ പേരിൽ പത്രത്തിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടി.
1940കളിൽ ബ്രീട്ടീഷ് വാഴ്ചയ്ക്കെതിരേ രാജ്യമെങ്ങും അലയടിച്ച പ്രതിഷേധങ്ങളുടെ സുപ്രധാന വേദിയായിരുന്നു കോൽക്കത്ത. സമരങ്ങൾക്കു പുറമേ ആശയങ്ങൾകൊണ്ട് വലിയ പോരാട്ടം നടത്തിയിരുന്ന ബംഗാളിന്റെ വിപ്ലവചൂരുള്ള മണ്ണിൽനിന്ന് നിരവധി പോരാളികൾ സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലെത്തി. കോൽക്കത്തയിലെ സാംസ്കാരിക മുന്നേറ്റത്തിൽ മുന്നിലായിരുന്നു അമൃത്ബസാർ പത്രിക എന്ന പത്രവും അതിന്റെ എഡിറ്റർ തുഷാർ കാന്തി ഘോഷും.
ഒരിക്കൽ ബംഗാൾ ഗവർണർ വിളിച്ചുചേർത്ത വിരുന്നിനിടെ തുഷാറിനടുത്ത് എത്തിയ അദ്ദേഹം പറഞ്ഞു. താങ്കളുടെ പത്രത്തിന് ഏറെ വായനക്കാരുണ്ടെന്നറിയാം. പക്ഷേ, ഞങ്ങൾ ഇംഗ്ലീഷുകാർക്കെതിരേ ഇത്ര രൂക്ഷമായി എഴുതി വിടുന്നതെന്തിനാണ്. വളരെ ബഹുമാനത്തോടെ തുഷാർ പറഞ്ഞതിങ്ങനെയാണ്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്കുള്ള സംഭാവനയാണ് എന്റെ പത്രം. മുൻപ് പത്രാധിപരായിരുന്ന അച്ഛൻ ശിശിർ കുമാർ ഘോഷിന്റെ സമരവീര്യം അതേപടി മകനും പകർന്നു കിട്ടിയിരുന്നു. പത്രസ്വാതന്ത്ര്യം പിടിച്ചുകെട്ടിക്കൊണ്ട് ലോർഡ് ലിട്ടൻ പ്രാദേശിക പത്രനിയമം പാസാക്കി. പിറ്റേ ദിവസത്തെ എഡിറ്റോറിയലിൽ അതേക്കുറിച്ചു പരാമർശിച്ചു കൊണ്ടുതന്നെ ശിശിർ കുമാർ ഘോഷ് ഇങ്ങനെ എഴുതി.
’വില്ല് കുലച്ചു വച്ചിരിക്കുന്നത് അമൃത ബസാർ പത്രികയെ ഉന്നം വച്ചു തന്നെയാണെന്നു ഞങ്ങൾക്ക് മനസിലായി. ബില്ല് പാസാക്കുന്നതിന് മുൻപ് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ആഷ്ലി ഈഡൻ, ശിശിർ കുമാർ ഘോഷിനെ സമീപിച്ച് പ്രസിദ്ധീകരിക്കും മുൻപ് എഡിറ്റോറിയൽ അടക്കമുള്ള വാർത്തകൾ തങ്ങളെ കാണിച്ചിട്ടേ അച്ചടിക്കാവൂ എന്ന നിബന്ധന വച്ചിരുന്നു. കേട്ടപ്പോഴേ ശിശിർ കുമാർ ആ നിബന്ധന തള്ളി.
യുവർ ഓണർ എന്ന് അഭിസംബോധന ചെയ്തശേഷം ആഷ്ലി ഈഡനോട് ശിശിർ കുമാർ ഇങ്ങനെ പറഞ്ഞു: ചുരുങ്ങിയപക്ഷം ഈ രാജ്യത്ത് സത്യസന്ധനായ ഒരു പത്രപ്രവർത്തകനെങ്കിലും ഉണ്ടെന്ന് അങ്ങ് ധരിച്ചു വച്ചോളൂ.
അനന്തര ഫലമെന്നോണം തൊട്ടുപിന്നാലെ ബ്രിട്ടീഷ് സർക്കാർ പ്രാദേശിക പത്രങ്ങൾ കടിഞ്ഞാണിടാനുള്ള നിയമം പാസാക്കി. എന്നാൽ, അതേവരെ ബംഗാളിയിൽ മാത്രം പ്രസിദ്ധീകരിച്ചിരുന്ന അമൃത ബസാർ പത്രിക ഈ നിയമത്തെ മറികടക്കാൻ മറ്റു ഭാഷകളിൽകൂടി പ്രസിദ്ധീകരണം ആരംഭിച്ചു. വർത്തമാന പത്രങ്ങളുടെ ചരിത്രത്തിൽ തന്നെ ഒറ്റ രാത്രികൊണ്ടു മാറ്റംവരുത്തിയ ഭാഷാവിപ്ലവം ഒരു ഒറ്റപ്പെട്ട സംഭവമായി ഇന്നും നിലനിൽക്കുന്നു.
പത്രസ്വാതന്ത്ര്യത്തെ പിടിച്ചു കെട്ടാനുള്ള നിരവധി കടന്പകളെ അതിജീവിച്ചുവന്ന ചരിത്രമാണ് അമൃത് ബസാർ പത്രികയ്ക്ക് ഉള്ളത്. 1919ൽ ഇന്ത്യ ആരുടെ സ്വന്തം എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിന്റെ പേരിൽ പത്രത്തിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടി.
അതേ വർഷംതന്നെ പഞ്ചാബിൽ പത്രം കണ്ടുപോകരുതെന്ന് ജനറൽ മൈക്കേൽ ഓ ഡ്വേയർ ഉത്തരവിട്ടു. എന്നാൽ, എല്ലാവിധ ഭീഷണികളെയും അടിച്ചമർത്താനുള്ള ശ്രമങ്ങളെയും അതിജീവിച്ച് അമൃത് ബസാർ പത്രിക മുന്നോട്ടു കുതിച്ചു.
1868ൽ നീലം കർഷകരുടെ പ്രക്ഷോഭം റിപ്പോർട്ട് ചെയ്ത് ജനപക്ഷത്താണെന്ന് തെളിയിച്ചുകൊണ്ടാണ് ശിശിർ കുമാർ ഘോഷ് സമര വാർത്തകളുടെ സ്ഥിരം വേദിയാക്കി പത്രത്തെ മാറ്റിയെടുക്കുന്നത്. ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമായ ജെസോർ ജില്ലയിലെ മഗുര ഗ്രാമത്തിലായിരുന്നു അമൃത് ബസാർ പത്രികയുടെ തുടക്കം. പിന്നീട് ആസ്ഥാനം കോൽക്കത്തയിലേക്കു മാറ്റുകയായിരുന്നു.
ആദ്യകാലത്ത് എഡിറ്ററും മാനേജറും പ്രിന്ററും കംപോസിറ്ററുമൊക്കെ ശിശിർ കുമാർ ഘോഷ് തന്നെയായിരുന്നു. യഥാർഥ അമൃത് എന്നാണ് പത്രത്തെക്കുറിച്ച് ഗാന്ധിജി ഒരിക്കൽ പറഞ്ഞത്. അമൃത് ബസാർ പത്രികയിൽ തുടർച്ചയായി വന്ന റിപ്പോർട്ടുകളുടെ സ്വാധീനത്താലാണ് കോൽക്കത്ത പ്രസിഡൻസി കോളജിൽനിന്നു പുറത്താക്കപ്പെട്ട സുഭാഷ് ചന്ദ്ര ബോസിനെയും മറ്റു വിദ്യാർഥികളെയും തിരിച്ചെടുക്കാനിടയായത്.
1911 ൽ മരിക്കുംവരെ ശിശിർ കുമാർ ഘോഷ് ആയിരുന്നു പത്രത്തിന്റെ എഡിറ്റർ. പിന്നീട് സഹോദരൻ ഗോപാൽ ഘോഷ് എഡിറ്ററായി. 1928ലാണ് തുഷാർ പത്രാധിപരാകുന്നത്. പത്ര സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ബ്രിട്ടീഷ് സർക്കാർ നടത്തിയ ശ്രമങ്ങൾക്കൊന്നുംതന്നെ തുഷാറും വഴങ്ങിക്കൊടുത്തില്ല. 1935ൽ തുഷാറിനെ അവർ ജയിലിലടച്ചു.
അന്വേഷണാത്മക പത്രപ്രവർത്തനത്തിലും ജനകീയ റിപ്പോർട്ടിംഗിലും അമൃത് ബസാർ പത്രിക ദേശീയ മാതൃകതന്നെയായിരുന്നു. ഇന്ത്യാ വിഭജനകാലത്ത് സാമൂഹിക, സാമുദായിക ഐക്യത്തിനുവേണ്ടിയും ഉറച്ചു നിലകൊണ്ടു. അറുപത് വർഷമാണ് തുഷാർ പത്രത്തെ നയിച്ചത്. 1991ൽ അദ്ദേഹം പത്രാധിപ സ്ഥാനം ഒഴിഞ്ഞുവെങ്കിലും 1994ൽ മരണമടയും വരെ ഗ്രൂപ്പ് എഡിറ്റർ എന്ന പദവിയിലായിരുന്നു.
സെബി മാത്യു