കേൾക്കുന്നുവോ ആ പിൻവിളി?
Saturday, November 19, 2022 11:50 PM IST
""ഞാൻ മരിക്കുന്നതിനു തൊട്ടുമുന്‍പ്, അവസാനമായി കേൾക്കാൻ ആഗ്രഹിക്കുന്ന ഈണം... കണ്ണുകളടച്ച് ഇതു കേൾക്കുന്ന നിമിഷം ഞാനെന്റെ കുട്ടിക്കാലത്തേക്കു മടങ്ങിപ്പോകും''...
ഗൃഹാതുരത്വം പലർക്കും പലവിധമാണ്. ഇടങ്ങൾ, ഈണങ്ങൾ, ഗന്ധങ്ങൾ.. അതങ്ങനെ നീളും. 80കളിലെ കുട്ടികൾ എന്നറിയപ്പെടുന്ന തലമുറയ്ക്ക് വലിയ ഗൃഹാതുരത സമ്മാനിക്കുന്ന ഒരീണത്തെക്കുറിച്ചാണ് മുകളിൽ വായിച്ച കമന്റ്. ഏതാണാ ഈണമെന്നു തലപുകയ്ക്കേണ്ടതില്ല. അത് ദൂരദർശന്റെ സിഗ്നേച്ചർ ട്യൂണ്‍ ആണ്.
അറുപത്തിമൂന്നു വർഷങ്ങൾക്കു മുന്‍പ്, 1959 സെപ്റ്റംബർ 15നാണ് ഇന്ത്യയിൽ ടെലിവിഷൻ യുഗത്തിനു തുടക്കമായത്. ആകാശവാണിയുടെ ചെറിയ പിന്തുണയോടെ, പരീക്ഷണാടിസ്ഥാനത്തിൽ ദൂരദർശന്റെ എളിയ തുടക്കം. ദൂരദർശൻ എന്നു കേട്ടാൽ ഒട്ടുമിക്കവർക്കും ഓർമയിൽ വരുന്നത് അല്പം ശോകച്ഛായയുള്ള മുദ്രാ ഈണമായിരിക്കും. ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പരിപാടികൾ തുടങ്ങുന്നതിനു മുന്‍പ് സ്ക്രീനിൽ ദൂരദർശന്റെ അനിമേറ്റഡ് ലോഗോ തെളിയുന്പോൾ ഒപ്പം കേൾക്കുന്ന സംഗീതം. ഒരേയൊരു ദൂരദർശനും പരിമിതമായ പരിപാടികളും മാത്രമുള്ളകാലത്ത് സമയത്തിനു മുന്‍പേ ടിവി ഓണ്‍ചെയ്തു കാത്തിരിക്കുന്പോൾ ഇതു കാണാതെയും കേൾക്കാതെയും പോവുക സാധ്യമല്ലല്ലോ. ആകാശവാണിയുടെ സിഗ്നേച്ചർ ട്യൂണ്‍ എന്നപോലെ തലമുറകളുടെ ഹൃദയങ്ങളിൽ കൊത്തിവയ്ക്കപ്പെട്ടു ആ ഈണം.
പിറവി 1974ൽ
ദൂരദർശന്റെ സംപ്രേഷണം മുന്‍പു തുടങ്ങിയെങ്കിലും സിഗ്നേച്ചർ ട്യൂണ്‍ പിറവിയെടുത്തത് 1974ൽ ആണ്. സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തിഗാനത്തിന്റെ ചുവടുപിടിച്ച് ഉസ്താദ് അലി അഹ്മദ് ഹുസൈൻ, പണ്ഡിറ്റ് രവിശങ്കർ എന്നിവർ ചേർന്ന് ആവിഷ്കരിച്ച ഈണത്തിൽ ഷെഹനായി ആണ് മുഖ്യ ഉപകരണം. ഷെഹനായി മാന്ത്രികനായ ഉസ്താദ് അഹ്മദ് ഹുസൈൻ തന്നെയാണ് അതു വായിച്ചതും.
മേഘങ്ങൾക്കിടയിൽനിന്നുദിക്കുന്ന ചന്ദ്രനെപ്പോലെയാണ് ദൂരദർശന്റെ ലോഗോ. കണ്ണിന്റെ രൂപത്തിലും ഇതിനെ വിലയിരുത്തുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽനിന്നു പഠിച്ചിറങ്ങിയ ദേവാശിഷ് ഭട്ടാചാര്യയാണ് ഈ ലോഗോ രൂപകല്പന ചെയ്തത്. ലോഗോയുടെ വീഡിയോ രൂപത്തോടൊപ്പം പതിഞ്ഞ താളത്തിൽ, സിഗ്നേച്ചർ ട്യൂണ്‍ കേൾക്കുന്പോൾ ഹൃദയങ്ങൾ ഇന്നും കോരിത്തരിക്കും. കേബിൾ ടിവി യുഗം മാത്രം കണ്ടും കേട്ടും പരിചയിച്ചവർക്ക് ആ സുഖം കിട്ടണമെന്നില്ലെന്നു മാത്രം.
പുതിയ ആരാധകർ
യുട്യൂബിൽ ഒരൊറ്റ ചാനലിൽ മാത്രമായി നാലു ദശലക്ഷത്തിലേറെ തവണ പ്ലേ ചെയ്തിട്ടുണ്ട് ഈ സിഗ്നേച്ചർ ട്യൂണ്‍. മനസുനിറയ്ക്കുന്ന ഓർമകളാണ് കമന്റുകളിൽ നിറയുന്നതെങ്കിലും ഒരിക്കൽപ്പോലും ഇതു ടിവിയിൽ കേട്ടിട്ടില്ലാത്തവരും ഇന്ന് ഈ സുന്ദരസംഗീതത്തിന്റെ ആരാധകരാണ്. ഒരാൾ എഴുതുന്നു: ഞാനൊരു 90കളിലെ കുട്ടിയല്ല. എന്നിട്ടും ഈ സംഗീതം എന്റെയുള്ളിൽ സന്തോഷം നിറയ്ക്കുന്നു!
അതേസമയം കുട്ടിക്കാലത്തെ ഓർമകളുമായി ഇഴപിരിക്കാനാവാതെ ആ ഈണത്തെ ചേർത്തുവച്ചവരാണ് അധികവും. അവരിലൊരാൾ യുട്യൂബിൽ എഴുതിയ കമന്റ് ഇങ്ങനെ: ജീവിതത്തിൽ ഏറ്റവും മനോഹരമായത് കുട്ടിക്കാലത്തെ ഓർമകളാണ്.. ഈ സംഗീതം എന്റെ കണ്ണുകൾ നിറയ്ക്കുന്നു... വൈകീട്ട് ആറുമണിക്കുള്ള സിനിമ തുടങ്ങാൻ അക്ഷമയോടെ കാത്തിരിക്കുന്പോൾ ഈ സംഗീതം കേൾക്കുന്നത് ഞങ്ങൾ കുട്ടികൾക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. എന്നാലിപ്പോൾ ഇതൊക്കെയാണ് ഏറ്റവും വലിയ നഷ്ടബോധമായി തോന്നുന്നത്..
ജീവിതം സുന്ദരവും ശാന്തവുമായിരുന്നു കുട്ടിക്കാലത്ത്... പോയ്മറഞ്ഞ ആ ദിനങ്ങൾ ആരെങ്കിലും തിരികെക്കൊണ്ടു തന്നിരുന്നെങ്കിൽ... 2011ൽ പുറത്തിറങ്ങിയ സിന്ദഗി നാ മിലേഗി ദുബാരാ എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ നായകൻ ഹൃത്വിക് റോഷൻ ഈ ദൂരദർശൻ ഓർമ പങ്കുവയ്ക്കുന്നുണ്ട്. മടുപ്പിക്കുന്നത് എന്ന വിശേഷണത്തോടെയാണ് സുഹൃദ്സംഘം ആ ഈണം അനുകരിക്കുന്നത്. മുന്‍പ് ഇഷ്ടപ്പെടാത്തവരും ഇപ്പോൾ അതിനെ ഹൃദയത്തോടു ചേർക്കുന്നുവെന്ന് യുട്യൂബ് കമന്റുകൾ സാക്ഷ്യപ്പെടുത്തുന്നു.
രണ്ടു പ്രതിഭകൾ
ഉസ്താദ് അലി അഹ്മദ് ഹുസൈൻ ഖാൻ, പണ്ഡിറ്റ് രവിശങ്കർ- രാജ്യം ലോകത്തിനു സമ്മാനിച്ച അതുല്യ പ്രതിഭകൾ. രവിശങ്കറുമായി താരതമ്യപ്പെടുത്തുന്പോൾ ഉസ്താദിനെ അറിയുന്നവർ ചുരുക്കമാകും. എന്നാൽ അദ്ദേഹത്തിന്റെ സംഗീതം സ്വയം സംസാരിക്കും. മഹത്തായ പാരന്പര്യമുള്ള ഷെഹനായി കുടുംബത്തിൽനിന്നാണ് അലി അഹ്മദ് ഹുസൈൻ ഖാന്റെ വരവ്. അദ്ദേഹത്തിന്റെ മുത്തച്ഛൻ വാസിർ അലി ഖാൻ ആണ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതം ഷെഹനായിയിൽ അവതരിപ്പിച്ചത്. പിതാവ് അലി ജാൻ ഖാനും അമ്മാവൻ നാസിർ ഹുസൈൻ ഖാനും വിഖ്യാതരായി ഷെഹനായി വാദകരായിരുന്നു.
കൊൽക്കത്തയിലെ സംഗീത് റിസർച്ച് അക്കാദമിയുമായി ചേർന്നായിരുന്നു അലി അഹ്മദ് ഹുസൈൻ ഖാന്റെ സംഗീതജീവിതം. ആകാശവാണിയിലും പിൽക്കാലത്ത് ദൂരദർശനിലും ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചു. സിത്താർ മാന്ത്രികരായ ഉസ്താദ് വിലായത് ഖാൻ, പണ്ഡിറ്റ് മണിലാൽ നാഗ്, വയലിനിസ്റ്റ് വി.ജി. ജോഗ്, ശാസ്ത്രീയ സംഗീതജ്ഞൻ മുനാവർ അലി ഖാൻ എന്നിവർക്കൊപ്പമുള്ള ജുഗൽബന്ദികളും കച്ചേരികളും ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. നീണ്ട രണ്ടു പതിറ്റാണ്ടുകാലം രാജ്യത്തും വിദേശങ്ങളിലും സംഗീതപരിപാടികൾ അവതരിപ്പിച്ചു. ഒട്ടേറെ പുരസ്കാരങ്ങളും നേടി. 2016ൽ കൊൽക്കത്തയിലായിരുന്നു അന്ത്യം.
ഹരിപ്രസാദ്