അതിരുകൾ തിരിക്കാത്ത മര്യാദ
Sunday, June 13, 2021 1:43 AM IST
മര്യാദയുടെ മൂല്യം നന്നായി മനസിലാക്കിയിട്ടുള്ളവരാണ് പൊതുവേ പാശ്ചാത്യർ. ഓസ്ട്രേലിയയിലാകട്ടെ ഇതു പതിന്മടങ്ങാണ്. പൊതുജീവിതത്തിൽ എല്ലായിടങ്ങളിലും മര്യാദയും സൗഹൃദവും പ്രസരിപ്പിക്കുന്ന സംഭാഷണശൈലി.
എതിരേ വരുന്നയാൾക്ക് വഴികൊടുക്കാൻ ഒന്നൊതുങ്ങിനിന്നാൽ പുഞ്ചിരിച്ചുകൊണ്ട് ഹൃദ്യമായ ഒരു താങ്ക് യൂ. കാർ പാർക്കിൽനിന്നു നമ്മുടെ കാർ വെളിയിലിറക്കുന്പോൾ ആ സ്പോട്ടിലേക്കു കയറുന്നയാൾ നമ്മോടു നന്ദി പറയും. ഭക്ഷണം കഴിച്ചു പുറത്തിറങ്ങുന്പോൾ റസ്റ്ററന്റുകാരൻ നന്ദി പറയും. വെറും വഴിപാടു നടത്തുന്ന രീതിയിലല്ല. കാലാവസ്ഥയെപ്പറ്റിയോ നമ്മുടെ കൈയിലിരിക്കുന്ന കുഞ്ഞിനെപ്പറ്റിയോ ക്രിക്കറ്റ് സ്കോറിനെക്കുറിച്ചോ ഒക്കെ എന്തെങ്കിലും പറയും. തൊലിയുടെ നിറമോ ഭാഷയുടെ വ്യത്യസ്തതയോ ഒന്നും ബാധകമല്ല. സഹജീവികളോടുള്ള ഒരു ആദരവും അംഗീകരവും. അത്രതന്നെ.
ബിസിനസിനിടയിൽ, തിരക്കിൽ ഇത്രപേരോടു ദിനം മുഴുവൻ എങ്ങും തൊടാത്ത തമാശകൾ പറയാനും ചിരിക്കാനും ചിരിപ്പിക്കാനും ഇവർ കുട്ടിക്കാലം മുതലേ ശീലിക്കുന്നു. ഈ ആഹ്ലാദപ്രകടനങ്ങൾക്ക് പണച്ചെലവൊന്നുമില്ല. സംഭാഷകനും ശ്രോതാവിനും ആരോഗ്യം നൽകുന്ന ഒന്നാംതരം ജീവിതശൈലി.
കുടുംബം, മതം, രാഷ്ട്രീയം, മറ്റുതരം കുടിപ്പകകൾ ഇവയുടെയൊക്കെ പേരിൽ കാണുന്പോൾ മുഖം വെട്ടിത്തിരിക്കുകയും മസിലുപിടിച്ചു നടന്നുപോവുകയും അപരനെ അവഹേളിച്ചും കുറ്റം പറഞ്ഞും താൻ വാശിയുള്ള അപ്പന്റെ മകനാണെന്നു സ്ഥാപിക്കുകയും ചെയ്യുന്നയാൾക്ക് നഷ്ടപ്പെടുന്നത് ആരോഗ്യവും ആഹ്ലാദവും ആയുസുമാണ്.
ഉപരിപ്ലവമെന്നു നമുക്ക് ഒറ്റ നോട്ടത്തിൽ തോന്നാമെങ്കിലും മനുഷ്യരുടെ അനുദിന ജീവിതത്തിനു ചൈതന്യം പകരുന്ന ഈ രീതി അനുകരണാർഹമാണ്.
സിസിലിയാമ്മ പെരുന്പനാനി.
[email protected]