ബഹിരാകാശത്തെ ഭൈരവി
ഹരിപ്രസാദ്
Saturday, July 12, 2025 10:43 PM IST
1977ലാണ്. ലോകമെങ്ങുമുള്ള സംഗീതത്തിലെ ഏറ്റവും മികച്ചതെന്നു വിദഗ്ധർ വിലയിരുത്തിയ ഏതാനും പ്രതിഭകളുടെ സൃഷ്ടികൾ ഒരു ഡിസ്കിലാക്കി ബഹിരാകാശത്തേക്ക് അയയ്ക്കുന്നു. അതിലൊരു ഇന്ത്യൻ സംഗീതജ്ഞയുടെ സ്വരമുണ്ടായിരുന്നു. മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഭൈരവി രാഗം...
"എയറിലാവുക'യെന്നാൽ ഇന്ന് അത്ര നല്ല അവസ്ഥയല്ല. അപ്പോൾ എയറിനും അപ്പുറത്തേക്കു പോയാലോ! അതായത് ബഹിരാകാശത്തേക്ക്. ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയടക്കമുള്ള സംഘം ബഹിരാകാശനിലയത്തിൽ ദൗത്യം പൂർത്തിയാക്കിയിരിക്കുന്ന സമയമാണ്. വലിയ അഭിമാനം.
48 വർഷം മുന്പ് ഒരു ഇന്ത്യൻ സംഗീതജ്ഞയുടെ സ്വരം ബഹിരാകാശത്ത് എത്തിയിട്ടുണ്ട്. ഭൈരവി രാഗത്തിൽ ജാത്ത് കഹാ ഹോ എന്നു തുടങ്ങുന്ന കൃതിയായിരുന്നു അത്. അതു പാടിയ മഹാഗായിക സുർശ്രീ കേസർബായ് കെർക്കറിന്റെ ജന്മദിനമായ ഇന്ന് ആ ഓർമകളിലേക്ക്..
1977. നാസയുടെ നേതൃത്വത്തിൽ സൗരയൂഥത്തെക്കുറിച്ച് പഠിക്കാൻ ഒരു ദൗത്യം ഒരുങ്ങി- ബഹികാശ പേടകം വോയേജർ 1. സഹോദര ഉപഗ്രഹമായ വോയേജർ 2ഉം ചേർന്ന് ആ ദൗത്യം ഇന്നും തുടരുകയാണ്- നക്ഷത്രസമൂഹത്തിനും അപ്പുറത്ത്. ഭൂമിയിൽനിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിർമിത വസ്തുവായി കണക്കാക്കുന്നത് ഇതിനെയാണ്.
ബുദ്ധിയുള്ള അന്യഗ്രഹ ജീവികൾ എവിടെയെങ്കിലും ഉണ്ടാവുമെന്നും, അവർ എന്നെങ്കിലും കണ്ടെത്തുമെന്നും പ്രതീക്ഷിച്ച് രണ്ടു പേടകങ്ങളിലും ഓരോ ഗോൾഡൻ ഡിസ്കുകൾ ഘടിപ്പിച്ചിരുന്നു. ഭൂമിയിലെ ചിത്രങ്ങൾ, ജീവിവർഗങ്ങളെയും ശാസ്ത്ര നിരീക്ഷണങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ, പലതരം ശബ്ദങ്ങൾ തുടങ്ങിയവ ഡിസ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പലതരം സംഭാഷണങ്ങൾ, തിമിംഗലത്തിന്റെ ശബ്ദം, മനുഷ്യക്കുഞ്ഞിന്റെ കരച്ചിൽ, തിരമാലകളുടെ ആരവം, പല സംഗീതധാരകൾ എന്നിവയാണ് ശബ്ദങ്ങളുടെ കൂട്ടത്തിലുള്ളത്. ബീഥോവൻ, ബാക്, മൊസാർട്ട് എന്നിവരെപ്പോലുള്ള മഹാരഥന്മാരുടെ സൃഷ്ടികൾക്കൊപ്പമാണ് നമ്മുടെ സ്വന്തം കേസർബായ് കെർക്കറിന്റെ ഭൈരവി. ഇന്ത്യൻ സാംസ്കാരിക പാരന്പര്യത്തിന്റെ കോസ്മിക് പ്രതീകം! മ്യൂസിക്കോളജിസ്റ്റ് റോബർട്ട് ഇ. ബ്രൗണ് ആണ് വോയേജർ ദൗത്യസംഘത്തിന് ഈ സംഗീതശകലം ശിപാർശചെയ്തത്.
ഗോവയിൽനിന്ന് ഗുരുവിലേക്ക്
ഇന്ത്യൻ ശാസ്ത്രീയസംഗീത രംഗത്തെ ഏറ്റവും ആഘോഷിക്കപ്പെട്ട, ബഹുമാനിക്കപ്പെട്ട സ്വരങ്ങളിലൊന്നാണ് കേസർബായ് കെർക്കർ. ജയ്പുർ-അത്രൗലി ഘരാനയുടെ സ്ഥാപകൻ ഉസ്താദ് അല്ലാദിയാ ഖാന്റെ ശിഷ്യയായിരുന്ന കേസർബായ് രാജ്യംകണ്ട ഏറ്റവും മികച്ച ഖയാൽ ഗായികമാരിൽ മുൻനിരയിലെത്തി.
ഗോവയിലെ ചെറിയ ഗ്രാമമായ കെയ്റിയിൽ 1892 ജൂലൈ 13നു ജനിച്ച കേസർബായ് എട്ടാം വയസിൽ കുടുംബത്തോടൊപ്പം കോലാപുരിലേക്കു മാറി. അവിടെ അബ്ദുൾ കരീം ഖാനിനു കീഴിൽ എട്ടുമാസം സംഗീതം പഠിച്ചു.
പിന്നീടു ഗോവയിൽ രാമകൃഷ്ണബുവയുടെ ശിഷ്യയായി. അക്കാലത്തെ ബോംബെ സാംസ്കാരികമായും മുന്നേറ്റത്തിന്റെ പാതയിലായിരുന്നു. പലയിടങ്ങളിൽനിന്നും സംഗീതജ്ഞരടക്കമുള്ളവർ ബോംബെയിലേക്ക് എത്തുന്നകാലം. പതിനാറാം വയസിൽ കേസർബായി അമ്മയ്ക്കും അമ്മാവനുമൊപ്പം ബോംബെയിലെത്തി.
സിത്താർ വാദകനും പട്യാലയിലെ പ്രശസ്ത സംഗീതജ്ഞനുമായിരുന്ന ബർഖത്തുല്ലാ ഖാനുകീഴിൽ സംഗീതംപഠിച്ചുതുടങ്ങി. പിന്നീടാണ് ഉസ്താദ് അല്ലാദിയാ ഖാനിൽ തന്റെ ഗുരുവിനെ കണ്ടെത്തിയത്. ഗുരുവിന്റെ മരണംവരെ, നീണ്ട വർഷങ്ങൾ അദ്ദേഹത്തിനുകീഴിൽ അഭ്യസിച്ചു.
കേസർബായിയുടെ കച്ചേരികൾ വളരെപ്പെട്ടെന്ന് ശ്രദ്ധനേടി. സ്വകാര്യ കൂട്ടായ്മകളിലും, മെഹ്ഫിലുകളിലും മാത്രം പാടുന്നവരെന്ന നിലയിൽനിന്ന് സംഗീതാസ്വാദകർ ഏറെയെത്തുന്ന വലിയ കച്ചേരികൾ അവതരിപ്പിക്കുന്നവർ എന്ന നിലയിലേക്ക് ഗായികമാർ മുന്നേറിയ കാലം. മോഗുബായ് കുർദികർ (കിഷോരി അമോങ്കറുടെ അമ്മ), ഹിരാബായ് ബറോഡേക്കർ, ഗംഗുബായ് ഹംഗൽ തുടങ്ങിയവരെല്ലാം ആ പാതയിലുണ്ടായിരുന്നു. ഇവരെല്ലാം തലമുറകൾക്ക് വഴികാട്ടികളായി.
രാജ്യഗായിക
1953ൽ കെർക്കറിന് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചു. 1969ൽ പത്മഭൂഷണ് നൽകി രാജ്യത്തിന്റെ ആദരം. അതേവർഷം മഹാരാഷ്ട്ര സർക്കാർ രാജ്യ ഗായികയെന്ന ബഹുമതി സമ്മാനിച്ചു.
സുർശ്രീ എന്ന വിശേഷണം കേസർബായ് കെർക്കറിനു നൽകിയത് അവരുടെ സംഗീതത്തിന്റെ വലിയൊരു ആരാധകനാണ്- മറ്റാരുമല്ല, രവീന്ദ്രനാഥ ടാഗോർ! 1948ൽ ഇത് ഒൗദ്യോഗികമായി കൊൽക്കത്തയിൽവച്ച് സമർപ്പിച്ചു. 1964നു ശേഷം കേസർബായ് പൊതുവേദികളിൽ പാടിയിട്ടില്ല. 77 സെപ്റ്റംബർ 16ന് 85-ാം വയസിലായിരുന്നു അന്ത്യം.
സ്മരണ നിലിർത്താൻ അവർ പാടിയ പാട്ടുകൾ മാത്രം മതിയെങ്കിലും ഒരു സ്കൂളും സംഗീതോത്സവവും കേസർബായിയുടെ പേരിലുണ്ട്. ഗോവയിൽ അവർ ജനിച്ച വീടിനു സമീപമാണ് സുർശ്രീ കേസർബായ് കെർക്കർ ഹൈസ്കൂൾ.
ഗോവൻ കലാ അക്കാദമി എല്ലാ വർഷവും നവംബറിൽ സുർശ്രീ കേസർബായ് കെർക്കർ സ്മൃതി സംഗീത് സമാരോഹ് സംഘടിപ്പിക്കുന്നു. മുംബൈ യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർഥിക്ക് അവരുടെ പേരിൽ ഒരു സ്കോളർഷിപ്പും നൽകുന്നുണ്ട്. നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് ആണ് ഇതു നൽകിവരുന്നത്.
ഒരേയൊരാൾക്കു മാത്രമാണ് കേസർബായ് ഗുരുവായതെന്നു കേൾക്കുന്പോൾ കൗതുകം തോന്നാം. അധ്യാപനം അവർക്കു ശീലമായിരുന്നില്ല. കേസർബായ് വിടപറഞ്ഞിട്ട് ഏതാണ്ട് അരനൂറ്റാണ്ടു തികയുന്പോൾ അവർക്ക് ആസ്വാദകർ കൂടുകയാണ്. റെക്കോർഡിംഗുകൾ ശേഖരിച്ച് നിരവധി സിഡികൾ പുറത്തിറങ്ങിയിട്ടുണ്ട്. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും ആ അനന്യമായ സ്വരത്തിന് ആരാധകരേറെ.