ഒരു പള്ളി: എട്ടു ചാപ്പൽ, നാല് അൾത്താര!
Saturday, March 8, 2025 10:48 PM IST
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ശരീരം സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ തീർഥാടക പ്രസിദ്ധി നേടിയ ഓൾഡ് ഗോവയിലെ ബോം ജീസസ് ബസിലിക്കയിൽനിന്ന് 400 മീറ്റർ മാത്രം മാറി സെന്റ് അഗസ്റ്റിൻ കുന്നിൻ മുകളിൽ സ്ഥിതി ചെയ്തിരുന്ന പള്ളി പക്ഷേ, ഇന്ന് സുവർണകാലഘട്ടത്തിന്റെ ഒാർമകൾ പേറുന്ന അവശേഷിപ്പുകളിൽ ഒതുങ്ങിയിരിക്കുന്നു.
കേൾക്കുന്പോൾ ഏതോ യൂറോപ്യൻ രാജ്യത്തെ ബഹ്മാണ്ഡമായ പള്ളിയെക്കുറിച്ചായിരിക്കും പറയുന്നതെന്നാകും ആദ്യം തോന്നുക. എന്നാൽ, ഇതു നമ്മുടെ സ്വന്തം രാജ്യത്തുണ്ടായിരുന്ന ഒരു പള്ളിയാണെന്ന് അറിയുന്പോൾ ആരായാലും അതിശയിക്കും.
46 മീറ്ററിൽ അധികം ഉയരമുള്ള പള്ളിയും മണിമാളികയും, എട്ടു ചാപ്പലുകൾ, വിശാലമായ നാല് അൾത്താരകൾ, സന്യാസ ആശ്രമം, സെമിനാരി, ലൈബ്രറി, മട്ടുപ്പാവുകൾ, ബാൽക്കണി, നിരവധി കിടപ്പുമുറികൾ, ആശുപത്രി... ഇതെല്ലാം ചേർന്ന, അക്ഷരാർഥത്തിൽ ബ്രഹ്മാണ്ഡമായ ഒരു പള്ളിസമുച്ചയം. ദേവാലയങ്ങൾക്കു പ്രശസ്തമായ ഗോവയിലായിരുന്നു ഈ വിസ്തൃതിയേറിയ പള്ളി സമുച്ചയം ഒരു കാലഘട്ടത്തിന്റെ അഭിമാനമായി പരിലസിച്ചിരുന്നത്.
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ശരീരം സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ തീർഥാടക പ്രസിദ്ധി നേടിയ ഓൾഡ് ഗോവയിലെ ബോം ജീസസ് ബസിലിക്കയിൽനിന്ന് 400 മീറ്റർ മാത്രം മാറി സെന്റ് അഗസ്റ്റിൻ കുന്നിൻ മുകളിൽ സ്ഥിതി ചെയ്തിരുന്ന പള്ളി പക്ഷേ, ഇന്ന് സുവർണകാലഘട്ടത്തിന്റെ ഒാർമകൾ പേറുന്ന അവശേഷിപ്പുകളിൽ ഒതുങ്ങിയിരിക്കുന്നു.
നൂറ്റാണ്ടുകൾക്കപ്പുറത്ത് നിരവധി ആളുകൾ പഠനത്തിനും പരിശീലനത്തിനുമായി നാട്ടിൽനിന്നും വിദേശത്തുനിന്നും ഇവിടെ വന്നു താമസിച്ചിരുന്നു. രണ്ടു നൂറ്റാണ്ടുകളിലധികം ചരിത്രവും സഭാവിജ്ഞാനീയവും ചർച്ച ചെയ്യപ്പെട്ടതും ഇഴകീറി വിശകലനം ചെയ്യപ്പെട്ടതുമായ ഒരു പള്ളി സമുച്ചയമായിരുന്നു ഇത്.
നിരവധി ചരിത്രകാരൻമാരും സഭാ പണ്ഡിതരും താമസിച്ചിരുന്ന ഇടം ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംരക്ഷിത സ്മാരകമാക്കിയിരിക്കുന്നു. ദിവസേന നൂറുകണക്കിനു തീർഥാടകരും വിനോദ സഞ്ചാരികളും ചരിത്രഗവേഷകരും ഇവിടേക്കു സന്ദർശനത്തിനെത്തുന്നു.
തകർന്ന കാലം
പഴയ ഗോവയിലെ ഈ കുന്നിൻ മുകളിൽ 1572ലാണ് വിദേശത്തുനിന്നെത്തിയ അഗസ്റ്റീനിയൻ സന്യാസസമൂഹത്തിന്റെ ഒരു ആശ്രമം തുടങ്ങിയത്. 1602ൽ ഇതോടൊപ്പം പോപ്പുലോ കോളജും പള്ളിയും മറ്റ് അനുബന്ധ സ്ഥാപനങ്ങളും ആരംഭിച്ചു.
എന്നാൽ, 1832ൽ ഗോവ ഭരിച്ചിരുന്ന പോർച്ചുഗീസ് ഭരണാധികാരികൾ അഗസ്റ്റീനിയൻ സന്യാസസമൂഹത്തിന്റെ പ്രവർത്തനം ഗോവയിൽ നിരോധിച്ചു. 1835ൽ അഗസ്റ്റീനിയൻ സന്യാസികൾ ഗോവ വിട്ടുപോകാൻ നിർബന്ധിതരായതോടെ ഈ കുന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലായി.
വിശാലമായ പള്ളിസമുച്ചയവും ഭീമാകാരമായ നിർമിതികളും ഉപേക്ഷിക്കപ്പെട്ടതോടെ 1842ൽ ഇതിന്റെ നിലവറകളും ഭിത്തികളും ഭാഗികമായി തകർന്നുവീണു. 1871ൽ ഈ പള്ളിയുടെ മണിമാളികയിൽ ഉണ്ടായിരുന്ന മണി പൻജിമിനിലെ പള്ളിയിലേക്കു മാറ്റി സ്ഥാപിച്ചു. 1931 ലാണ് പള്ളിയുടെ ഭൂരിഭാഗവും മണിമാളികയുടെ പകുതിയും തകർന്നു വീണത്.
1938ൽ പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും മിക്ക ഭാഗങ്ങളും തകർന്നുവീണു. ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിസമുച്ചയമായിരുന്ന, കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ഈ പള്ളിയുടെ തകർച്ച അതോടെ പൂർത്തിയായി. 1998 മുതൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംരക്ഷിത സ്മാരകമാക്കി.
ഗോപുരങ്ങൾ
പള്ളിക്കു നാലു ഗോപുരങ്ങളായിരുന്നു. അവയിൽ ഒന്നിന്റെ ഭാഗം മാത്രമാണ് അവശേഷിക്കുന്നത്. അതിന് ഇപ്പോൾ 46 മീറ്റർ നീളവും നാലു നിലകളുമുണ്ട്. അങ്ങനെയെങ്കിൽ ഈ പള്ളിയുടെ ഉയരം അതിനൊപ്പമോ അതിനേക്കാൾ കൂടുതലോ ആയിരുന്നിരിക്കാം.
റഷ്യയുടെ സമീപരാജ്യമായ ജോർജിയയിൽനിന്നുള്ള വിശുദ്ധ കെറ്റേവൻ രാജ്ഞിയുടെ തിരുശേഷിപ്പുകൾ ഇവിടെ നടത്തിയ ഉത്ഖനനത്തിൽ2004ൽ കണ്ടെത്തി. സോവിയറ്റ് യൂണിയനിലെയും ജോർജിയയിലെയും പുരാവസ്തു ഗവേഷകർ കെറ്റേവൻ രാജ്ഞിയുടെ ശേഷിപ്പുകൾ കണ്ടെത്താൻ നടത്തിയ ശ്രമങ്ങളാണ് ഇവിടെ പൂർത്തിയായത്.
1624 സെപ്റ്റംബർ 13ന് രക്തസാക്ഷിയായ വിശുദ്ധയുടെ ശേഷിപ്പുകൾ ഗോവയിലാണെന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് ഉത്ഖനനം നടന്നത്. 2005ൽ കണ്ടെത്തിയ അസ്ഥിക്കഷണങ്ങൾ ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കി സ്ഥിരീകരിച്ചു.
ഈ പള്ളിയും അനുബന്ധ നിർമിതികളും ഭൂരിഭാഗവും ചെങ്കല്ലിലാണ് നിർമാണം. ചില ഭാഗങ്ങളൊഴികെ ഇപ്പോൾ എല്ലായിടത്തും സന്ദർശകർക്കു പ്രവേശനമുണ്ട്. ചില ശിലാലിഖിതങ്ങൾ കണ്ണാടിക്കൂട്ടിലാണ് സംരക്ഷിച്ചിരിക്കുന്നത്. അതിവിശിഷ്ടമായ നിർമിതിയുടെ നടുവിൽ നിൽക്കുമ്പോൾ മറ്റൊരു ലോകത്ത് എത്തിയ പ്രതീതി.
ആന്റണി ആറിൽചിറ ചമ്പക്കുളം