2032ൽ മാരക പ്രഹരശേഷിയുള്ള ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നു നാസയിലെ ശാസ്ത്രജ്ഞർ. 2024 YR4 എന്നു പേരിട്ട ഛിന്നഗ്രഹം ഭൂമിയിൽ ഇടിച്ചു കയറാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ശാസ്ത്രലോകം വെളിപ്പെടുത്തുന്നു.
ഏകദേശം 130 മുതൽ 300 അടി വരെ വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയിൽ ഇടിച്ചാൽ, മനുഷ്യരാശിയുടെ വംശനാശത്തിനു ഭീഷണിയാകില്ലെങ്കിലും വൻ നാശനഷ്ടത്തിനു കാരണമായേക്കാമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. ഒരു മഹാനഗരം വരെ ചാന്പലാക്കാനുള്ള പ്രഹരശേഷി ഛിന്നഗ്രഹത്തിനുണ്ട്.
ഛിന്നഗ്രഹം ഇടിക്കുന്നതിന്റെ ആഘാതം എട്ട് മെഗാ ടൺ TNTന് തുല്യമായ ഊർജം പുറപ്പെടുവിക്കും, അതായത് ജപ്പാനിലെ ഹിരോഷിമയെ നശിപ്പിച്ച അണുബോംബിനേക്കാൾ 500 ഇരട്ടി പ്രഹരശേഷി കൂടുതൽ!
വഴി മാറുമോ?
2032 ഡിസംബർ 22ന്, 2024 വൈആർ-4 ഭൂമിയിൽ ഇടിക്കാനുള്ള സാധ്യത ഒരു ശതമാനത്തിൽ കൂടുതലാണെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
ഭൂമിയുമായി കൂട്ടിയിടി സംഭവിക്കില്ലെന്ന സാധ്യതയാണു കൂടുതലെന്നത് ആശ്വാസം പകരുമെങ്കിലും ഇപ്പോഴുള്ള വിശകലനത്തിനു കാലക്രമേണ മാറ്റം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും ഗവേഷകർ പറഞ്ഞു.
നിലവിൽ, അറിയപ്പെടുന്ന മറ്റു വലിയ ഛിന്നഗ്രഹങ്ങൾക്ക് ഒരു ശതമാനത്തിൽ കൂടുതൽ കൂട്ടിയിടിക്കാനുള്ള സാധ്യത ഗവേഷകർ കല്പിക്കുന്നില്ല.
2024 ഡിസംബർ 27ന്, നാസയുടെ ധനസഹായത്തോടെ ചിലിയിൽ പ്രവർത്തിക്കുന്ന ആസ്ട്രോയിഡ് ടെറസ്ട്രിയൽ ഇംപാക്ട് ലേസർ അലർട്ട് സിസ്റ്റം സ്റ്റേഷനിലെ ശാസ്ത്രജ്ഞരാണ് ഛിന്നഗ്രഹം കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഡിസംബർ 31ന് നാസയുടെ ഓട്ടോമേറ്റഡ് സെൻട്രി റിസ്ക് പട്ടികയിൽ ഇടം നേടിയതോടെയാണ് ജ്യോതിശാസ്ത്രജ്ഞരുടെ ശ്രദ്ധാകേന്ദ്രമായത്. ഭാവിയിൽ ഭൂമിയിൽ ഇടിക്കാൻ ചെറിയ സാധ്യതയെങ്കിലുമുള്ള, ഭൂമിക്കു സമീപമുള്ള അറിയപ്പെടുന്ന എല്ലാ ഛിന്നഗ്രഹങ്ങളും സെൻട്രി പട്ടികയിൽ ഉൾപ്പെടുന്നു.
മുൻ കാലങ്ങളിൽ നിരവധി വസ്തുക്കൾ അപകടസാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, പിന്നീട് അവ അപകടസാധ്യതയിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. 2024 വൈആർ-4 ഛിന്നഗ്രഹവുമായി ബന്ധപ്പെട്ടു കൂടുതൽ പഠനങ്ങളിലാണ് നാസയിലെ ശാസ്ത്രജ്ഞർ.
പി.ടി. ബിനു