ഈസ്റ്റർ മുട്ടകൾ
Sunday, April 9, 2023 2:53 AM IST
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈസ്റ്റർ മുട്ടകളുടെ ലോകത്തിലെതന്നെ ഏറ്റവും വലിയ ശേഖരം കാണാനാവുക.
വിവിധ രാജ്യങ്ങളിൽനിന്നുള്ള വിവിധതരം 1900 മുട്ടകളാണ് മ്യൂസിയത്തിന്റെ അലങ്കാരം. 2004ൽ ഐറിൻ സ്റ്റാസീവിഷ് ജസ്യുകോവ, ജെറി ജസ്യൂക് എന്നിവരുടെ ശ്രമഫലമായാണ് ഈ മുട്ട മ്യൂസിയം സ്ഥാപിതമായത്. ഏറെക്കാലത്തെ ശ്രമഫലമായി ഇവരുടെ ശേഖരത്തിൽ ആയിരം ഈസ്റ്റർ മുട്ടകളുണ്ടായിരുന്നു.
പിന്നീട് ഇത് പൊതുമ്യൂസിയമാക്കിയതോടെ ഇരുവരുടെയും മുട്ടശേഖരം ഇവിടേക്ക് സംഭാവന ചെയ്തു. ഈ മ്യൂസിയത്തിൽ അന്റാർട്ടിക്ക ഒഴികെ ഭൂഖണ്ഡങ്ങളിലെ എല്ലാ രാജ്യങ്ങളിലും നിന്നുള്ള മുട്ടയിനങ്ങൾ നിറങ്ങളിലും ചിത്രങ്ങളിലും മനോഹരമാക്കി പ്രദർശിപ്പിച്ചിരിക്കുന്നു. മെഴുക്, പെയിന്റ്, വർണക്കടലാസ്, കന്പിളിനൂൽ തുടങ്ങിയവകൊണ്ടാണ് കരകൗശലപ്പണികൾ. ചിലതിലാവട്ടെ യന്ത്രസഹായത്താൽ അതിസൂക്ഷ്മമായാണ് ചിത്രപ്പണികൾ ചെയ്തിരിക്കുന്നത്.
ജർമനിയിൽ സ്റ്റുട്ഗാർട്ട് പട്ടണത്തിനടുത്ത് സൊണ്ണെൻബ്യൂളിലും വിഖ്യാതമായൊരു മുട്ട മ്യൂസിയമുണ്ട്. 1993ൽ സ്ഥാപിതമായ മ്യൂസിയത്തിൽ 900 മുട്ടകളുണ്ട്. ആത്മീയചിത്രങ്ങൾ മുതൽ ലോകോത്തര ഉത്പന്നങ്ങളുടെ പരസ്യങ്ങൾവരെ മുട്ടകളിൽ വരച്ചിരിക്കുന്നു.
ലോകപ്രശസ്ത കലാകാരൻമാർ ഇവിടെ അതിഥികളായെത്തി മുട്ടകളിൽ കലാസൃഷ്ടി നടത്താറുണ്ട്. ഇവരുടെ സൃഷ്ടിയും മ്യൂസിയത്തിൽ ഇടംപിടിക്കും. കോഴി, താറാവ് തുടങ്ങി അനേക ഇനം പക്ഷികളുടെ മുട്ടകൾ. കൂടാതെ വാത്ത, ഒട്ടകപ്പക്ഷി എന്നിവയുടെ മുട്ടകളും കാണാം. പടിഞ്ഞാറൻ യുക്രെയിനിലെ ഈസ്റ്റർ മുട്ട അലങ്കാരം പിസാങ്ക എന്നാണ് അറിയപ്പെടുന്നത്.
കൊളോമിയ ഇൻ ഇവാനോ നഗരത്തിലുള്ള പിസാങ്ക മ്യൂസിയം 2000ലാണ് നിർമിച്ചത്. പതിനാല് മീറ്റർ ഉയരവും പത്ത് മീറ്റർ വ്യാസവുമുള്ള മുട്ടയുടെ ആകൃതിയിലാണ് നിർമാണം എന്നതിലാണ് കൗതുകം. ഇതിനുള്ളിൽ യുക്രെയിനിലും മറ്റു രാജ്യങ്ങളിലും നിന്നുള്ള 12,000 പിസാങ്കകൾ കാണാം.
ഈസ്റ്റർ മുട്ടകൾ യേശുവിന്റെ മരണത്തിൽനിന്നുള്ള ഉത്ഥാനത്തെ പ്രതിനിധാനം ചെയ്യുന്നു. വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമാണ് ഈസ്റ്റർ മുട്ടയുമായി ബന്ധപ്പെട്ട ആചാരങ്ങൾ. ബെൽജിയത്തിൽ പുഴുങ്ങിയ മുട്ടകൾ കുന്നിൻമുകളിൽനിന്ന് താഴേക്ക് ഉരുട്ടിക്കളിക്കുന്ന വിനോദമുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി ഈസ്റ്റർ സന്ദേശം രേഖപ്പെടുത്തിയ മുട്ടകൾ നൽകുന്നു. സൃഷ്ടിയുടെയും പുനർജന്മത്തിന്റെയും ചിഹ്നമായാണ് മുട്ടയെ കണക്കാക്കുന്നത്. യേശുവിന്റെ കല്ലറ മൂടിയത് മുട്ടയുടെ ആകൃതിയിലുള്ള വെളുത്തുരുണ്ട കല്ലുപയോഗിച്ചാണെന്നും വിശ്വാസമുണ്ട്.
പുരാതന കാലത്തെ മെസപ്പൊട്ടോമിയൻ സംസ്കാരത്തിൽ നിന്നാണ് ഈ ആചാരം തുടങ്ങിയതെന്ന് പറയപ്പെടുന്നു. വസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടത്തോടുകൾ അലങ്കരിക്കുന്നത് ആയിരക്കണക്കിനു വർഷം മുൻപുതന്നെ നിലവിലുണ്ടായിരുന്നു.
ഇതു പിന്നീടു വസന്തകാലത്തെ ന ഈസ്റ്റർ ആഘോഷത്തിലേക്കും എത്തുകയായിരുന്നു. ഈസ്റ്റർ വിഭവങ്ങളിൽ ഏറ്റവും പ്രധാനമായതും മുട്ടകൊണ്ടുള്ള വിഭവങ്ങൾതന്നെ.