വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പുരാവസ്തുപരമായ ഉദ്ഖനനങ്ങൾ നടക്കുന്ന ഇവിടെ ജനവാസമില്ല.
ഗലീലിത്തടാകത്തിൽനിന്ന് 40 കിലോമീറ്റർ വടക്കായി, ഗോലാൻകുന്നുകളിൽ കിടക്കുന്ന ഒരു സ്ഥലമാണ് കേസറിയ ഫിലിപ്പി. 1967ലെ ആറു ദിവസത്തെ യുദ്ധത്തിലാണ് ഈ പ്രദേശം ഇസ്രായേലിന്റെ ഭാഗമായത്. ഹെർമോൻ മലയുടെ അടിവാരത്തിലാണ് ഇത്.
ജോർദാൻനദിയുടെ പ്രധാനപ്പെട്ട പോഷകനദികളിലൊന്നു തുടങ്ങുന്നത് ഇവിടെയുള്ള ഉറവയിൽനിന്നാണ്. രണ്ടു ചെറിയ വെള്ളച്ചാട്ടങ്ങളുമുണ്ട്. വെള്ളം ധാരാളമുള്ളതിനാൽ സസ്യശ്യാമള സമൃദ്ധവും ഹരിതാഭവുമാണ് ഇവിടം. ഇവിടെയുള്ള ദേശീയപാർക്കിലൂടെ നടക്കുന്നത് അതീവ ഹൃദ്യമായ അനുഭവമാണ്.
കേസറിയ ഫിലിപ്പി എന്ന സ്ഥലപ്പേര് പുതിയനിയമത്തിൽ കാണാം (മത്താ 16,13; മർക്കോ 8,27). സമാന്തര സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഇവിടെവച്ചാണ് ഈശോ തന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള ജനങ്ങളുടെയും ശിഷ്യന്മാരുടെയും ധാരണ എന്താണെന്ന് അന്വേഷിക്കുന്നത്.
ജനങ്ങൾ ഈശോയെ പ്രവാചകരിൽ ഒരാളായി കരുതുന്നതായി അറിയിച്ച ശിഷ്യന്മാരോട്, അവരുടെ ധാരണയെക്കുറിച്ച് ഈശോ ചോദിച്ചു. ശിഷ്യപ്രമുഖനായ പത്രോസ് പറഞ്ഞു, “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാണ്’’ (മത്താ 16,16). സുവിശേഷങ്ങളിലെ ഏറ്റവും വിശദവും ശക്തവുമായ വിശ്വാസപ്രഖ്യാപനമായിരുന്നു അത്. കേസറിയ ഫിലിപ്പിയിൽവച്ച് ഈ ചോദ്യം ചോദിക്കാൻ ഈശോയെ പ്രേരിപ്പിച്ചത് എന്തായിരിക്കും?
ബിസി രണ്ടാം നൂറ്റാണ്ട് മുതൽ ജനവാസമുള്ള ഒരു സ്ഥലമായിരുന്നു ഇവിടം. യവന ആട്ടിടയന്മാരുടെ ദേവനായിരുന്നു പാൻ. ഈ ദേവന്റെ പേരിൽ ഇവിടെയൊരു ക്ഷേത്രമുണ്ടായിരുന്നു. അഗസ്റ്റസ് ചക്രവർത്തി ഈ സ്ഥലം ഹേറോദിനു നൽകി. പിന്നീടു മകൻ ഫിലിപ്പിന്റെ കൈവശത്തിലായപ്പോഴാണ് കേസറിയ ഫിലിപ്പി എന്നു പേരിട്ടത്.
പാനിന്റെ പേരിൽ പനെയാസ് എന്നും അറിയപ്പെട്ടിരുന്നു. ഇപ്പോൾ ബനിയാസ് എന്നാണു പേര്. ഫിലിപ്പിന്റെ കാലത്ത് ഇവിടത്തെ ഒരു വലിയ മണ്‍തിട്ടയിൽ നിരവധി ദേവതാവിഗ്രഹങ്ങൾ സ്ഥാപിച്ചിരുന്നു. ആ വിഗ്രഹസ്ഥാനങ്ങളുടെ മുന്‍പിൽനിന്നാണ് ഈശോയുടെ ചോദ്യം.
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പുരാവസ്തുപരമായ ഉദ്ഖനനങ്ങൾ നടക്കുന്ന ഇവിടെ ജനവാസമില്ല.
ഇസ്രായേലിൽനിന്നും അരിയേൽ സിയോണ്‍