ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻജിയിൽ ഓടുന്നത്. കാർബണ്‍ ബഹിർഗമനത്തിനിടയാക്കുന്ന ഡീസൽ എൻജിനുകൾ മാറ്റിയാണ് ബസുകൾ പ്രകൃതിവാതകത്തിലേക്ക് മാറ്റിയിരിക്കുന്നത്.
ബ്രഹ്മപുരം മാലിന്യസംഭരണിയിലെ തീയും പുകയും വാർത്തയും വിവാദവുമായി പടർന്നുകൊണ്ടിരിക്കെയാണ് മധ്യപ്രദേശിലെ ഇൻഡോർ നഗരമാലിന്യം അവർ സംസ്കരിക്കുന്ന രീതി കേരളം മാതൃകയാക്കേണ്ടത്. കൊച്ചിയേക്കാൾ മാലിന്യം ദിവസവും സംഭരിച്ച് സംസ്കരിക്കുന്ന ഇൻഡോർ ഏറെക്കാലമായി രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമാണ്.
കൃത്യമായ ആസൂത്രണത്തിൽ സമയബന്ധിതമായി മാലിന്യം ശേഖരിച്ച് ഉറവിടങ്ങളിൽ തരംതിരിച്ച് സംസ്കരിക്കുന്നതിനേക്കാൾ പഠനാർഹമാണ് മാലിന്യം അവർ വരുമാനമായി മാറ്റുന്ന പദ്ധതികൾ. മാലിന്യം വൈദ്യുതി, സിഎൻജി, ജൈവവളം തുടങ്ങിവയായി പ്രയോജനപ്പെടുത്തുന്ന ഇൻഡോർ കോർപറേഷന്റെ സംസ്കരണ മോഡൽ ലോകശ്രദ്ധ നേടിക്കഴിഞ്ഞു.
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻജിയിൽ ഓടുന്നത്. കാർബണ്‍ ബഹിർഗമനത്തിനിടയാക്കുന്ന ഡീസൽ എൻജിനുകൾ മാറ്റിയാണ് ബസുകൾ പ്രകൃതിവാതകത്തിലേക്ക് മാറ്റിയിരിക്കുന്നത്.
ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ (ഐഎംസി) നഗരപ്രാന്തത്തിലെ ദേവ്ഗുരേദിയ മൈതാനത്ത് ഇൻഡോ എൻവിറോ ഇന്റഗ്രേറ്റഡ് സൊല്യൂഷൻ ലിമിറ്റഡ് എന്ന സ്വകാര്യ കന്പനിക്കാണ് ഇതിനുള്ള ചുമതല നൽകിയിരിക്കുന്നത്.
150 ഏക്കറിൽ 150 കോടി രൂപ ചെലവിൽ നിർമിച്ച പ്ലാന്റിലാണ് പ്രകൃതിവാതകം നിർമിക്കുന്നത്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഈ പ്ലാന്റിൽ സംസ്കരണ ആവശ്യത്തിനുള്ള വൈദ്യുതിയുടെ 20 ശതമാനവും സൗരോർജമാണ് ഉപയോഗിക്കുന്നത്. ദിവസേന സംഭരിക്കുന്ന 550 ടണ്‍ മാലിന്യത്തിൽനിന്ന് 19,000 കിലോ ബയോ സിഎൻജിയും പ്ലാന്റിലെ അവശിഷ്ടങ്ങളിൽനിന്ന് നൂറു ടണ്‍ ജൈവവളവും ഉത്പാദിപ്പിക്കുന്നു. വീടുകളിൽ സബ്സിഡി നിരക്കിൽ പാചകവാതകവും എത്തിക്കുന്നു.
നഗരത്തിലെ ദേവി അഖില്യക്ഷേത്ര മൈതാനത്തിലായിരുന്നു മുൻപ് കാലങ്ങളോളം മാലിന്യം തള്ളിയിരുന്നത്. അഴുക്കുചാലുകളും ദുർഗന്ധവും ക്ഷുദ്രജീവികളുമായി ജീവിതം ദുസ്സഹമായിരുന്ന ഇവിടെയിപ്പോൾ ജനങ്ങൾക്ക് ശുദ്ധവായു ശ്വസിക്കാം. കോർപറേഷൻ പ്രദേശമൊരു പൂന്തോട്ടമായി മാറ്റുകയും ചെയ്തിരിക്കുന്നു. മുൻപ് മാലിന്യം പതിവായി ചാന്പലാക്കി പരിസ്ഥിതിക്കും ജനങ്ങൾക്കും ഭീഷണി ഉയർത്തിയിരുന്നു. തീയിടീൽ ഒഴിവായതോടെ വർഷവും അന്തരീക്ഷത്തിലെത്തിയിരുന്ന 1.3 ലക്ഷം ടണ്‍ കാർബണ്‍ ഡയോക്സൈഡ് ഒഴിവാക്കാനുമായി.
പഴം, പച്ചക്കറി, മത്സ്യം, മാംസം, പൂക്കൾ, ഭക്ഷണം എന്നിവയുടെ അവശിഷ്ടങ്ങളാണ് പ്ലാന്റിൽ സംസ്കരിക്കുന്നത്. അതായത് 35 ലക്ഷം ജനങ്ങൾ പാർക്കുന്ന ഇൻഡോറിൽ ഈർപ്പം കലർന്ന 1900 ടണ്‍ മാലിന്യവും 400 ടണ്‍ ഉണങ്ങിയ മാലിന്യവുമാണ് ദിവസവും ശേഖരിക്കുന്നത്. സ്വച്ഛ് ഭാരത് മിഷൻ കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തെ ഏറ്റവും വെടിപ്പുള്ള നഗരമായി ഇൻഡോറിനെ തെരഞ്ഞെടുത്തിരിക്കുന്നു. വാഹനങ്ങൾക്ക് ജൈവ ഇന്ധനം നിറയ്ക്കാൻ നഗരത്തിന്റെ വിവിധയിടങ്ങളിലായി 76 ഫില്ലിംഗ് യൂണിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ഒരു കിലോ ബയോ സിഎൻജിയിൽനിന്നും നാലു കിലോമീറ്ററാണ് ബസുകൾക്ക് ലഭിക്കുന്ന മൈലേജ്. 2018ലാണ് നഗരമാലിന്യം ജൈവ വാഹന ഇന്ധനമാക്കി സംസ്കരിക്കുന്ന ആദ്യ പ്ലാന്റ് ഐഎംസി സ്ഥാപിക്കുന്നത്.
ദേവി അഖില്യാഭായി ഖോക്കർ പച്ചക്കറി മാർക്കറ്റിൽ ഇരുപത് ടണ്‍ മാലിന്യം സംസ്കരിച്ച് ആയിരം കിലോ ബയോ സിഎൻജി ഉത്പാദിപ്പിച്ചാണ് പ്ലാന്റിന് തുടക്കം കുറിച്ചത്. പ്ലാന്റിലെ അവിശിഷ്ടം ജൈവവളമാക്കി മാറ്റി.
ഇതോടെ പ്രദേശത്തെ അന്തരീക്ഷ മലനികരണത്തിന്റെ തോത് ഗണ്യമായി കുറയുകയും ചെയ്തു. നഗരത്തിൽനിന്ന് ചാണകം വിലയ്ക്കുവാങ്ങുന്ന സംരംഭം ആരംഭിച്ചതോടെ നാൽക്കാലികളെ നഗരത്തിലേക്ക് അഴിച്ചുവിടുന്ന പതിവു രീതിക്കും മാറ്റമായി.
ഡോ. ലിജിമോൾ പി. ജേക്കബ്