കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എന്ന മഹാസംഗീതജ്ഞൻ പറഞ്ഞ മറുപടി ഇതായിരുന്നു: ശരീരത്തിനു രണ്ടു കണ്ണുകളേയുണ്ടാവൂ.., എന്നാൽ ആത്മാവിന് ആയിരം കണ്ണുകളുണ്ട്! സംഗീതത്തിലൂടെ കാണുകയും ആ കാഴ്ച ലക്ഷക്കണക്കിനുപേരിലേക്കു പകരുകയും ചെയ്ത അനശ്വരനായ ആ പ്രതിഭയുടെ ജന്മദിനമാണ് ചൊവ്വാഴ്ച...
പാഠപുസ്തകങ്ങൾ കഷ്ടപ്പെട്ടുവായിക്കാൻ ശ്രമിച്ച് കണ്ണിന് ആയാസമുണ്ടാക്കരുത്- ജന്മനാൽ തീർത്തും നേരിയ കാഴ്ചശക്തി മാത്രമുണ്ടായിരുന്ന രവീന്ദ്ര ജയിനിനോട് ഡോക്ടർമാരുടെ ഉപദേശം അതായിരുന്നു. അതുകൊണ്ടുതന്നെ മാതാപിതാക്കൾ അവനെ സംഗീതം പഠിപ്പിക്കാൻ തീരുമാനിച്ചു.
അഞ്ചാം ക്ലാസുവരെ മാത്രമാണ് ഒൗപചാരിക സ്കൂൾ വിദ്യാഭ്യാസം ജയിൻ നേടിയത്. തുടർന്നിങ്ങോട്ട് അദ്ദേഹം സൃഷ്ടിച്ച ഈണങ്ങൾ കേൾക്കുന്പോൾ സ്വാഭാവികമായും മനസിലുയരുന്ന ചോദ്യം ഇതാണ്- കാഴ്ചശക്തിയുള്ള, വലിയ വിദ്യാഭ്യാസമുള്ള ആളുകൾക്കു ചെയ്യാൻ കഴിയുന്ന എന്താണ് രവീന്ദ്ര ജയിന് ചെയ്യാൻ സാധിക്കാഞ്ഞത്?!
സംസ്കൃത പണ്ഡിതനായിരുന്ന പിതാവ് ഇന്ദ്രമണി ജയിൻ മകനെ ജി.എൽ. ജയിൻ, ജനാർദ്ദൻ ശർമ, നാഥുറാം തുടങ്ങിയ ഗുരുക്കന്മാർക്കു കീഴിലാണ് സംഗീതം പഠിപ്പിക്കാൻ പറഞ്ഞയച്ചത്. തീരെച്ചെറിയ പ്രായത്തിൽതന്നെ രവീന്ദ്ര ജയിൻ ക്ഷേത്രങ്ങളിൽ ഭജനുകൾ പാടിത്തുടങ്ങിയിരുന്നു.
സംഗീതയാത്രകൾ
ഈണങ്ങളുടെ വഴിയേ രവീന്ദ്ര ജയിൻ ജന്മസ്ഥലമായ ഉത്തർ പ്രദേശിലെ അലിഗഡിൽനിന്ന് കൊൽക്കത്തയിലെത്തി. പാട്ടു പഠിപ്പിക്കലും ആകാശവാണിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളുമായിരുന്നു അവിടെ. ഏറെ വൈകാതെ അദ്ദേഹം ബോംബെയിലേക്കു മാറി.
കൊൽക്കത്തയിൽ ആകാശവാണിക്കുവേണ്ടിയും നാടകങ്ങളിലും പ്രവർത്തിച്ചിരുന്നകാലത്ത് മൃച്ഛകടികം എന്ന നാടകത്തിനുവേണ്ടി ജയിൻ ഒരുക്കിയ താണ് ജബ് ദീപ് ജലേ ആനാ എന്ന പാട്ടിന്റെ ഈണം. പ്രശസ്തമായ ചിത്ചോർ എന്ന ചിത്രത്തിൽ യേശുദാസിന്റെ സ്വരത്തിൽ മനസിൽ പതിഞ്ഞ ഗാനം. യമൻ രാഗത്തിൽ അധിഷ്ഠിതമായ മിക്കവാറും എല്ലാ ഗാനങ്ങളെയുംപോലെ സന്ധ്യയുടെ നിറവാണ് പാട്ടിന്റെ ഭാവം.
റൊമാന്റിക് യുഗ്മഗാനത്തിലേക്ക് പ്രാർഥനയുടെ പുണ്യംകൂടി ചേർത്തു രവീന്ദ്ര ജയിൻ. അനുപമമായ അനുഭവം! ഒരൊറ്റ സന്ധ്യയോ രാത്രിവിളക്കുകളോ കണ്ടിട്ടില്ലാത്തയാളാണ് ഈ പാട്ടുണ്ടാക്കിയതെന്ന് ഓർമിക്കുന്പോൾ വിസ്മയം ഇരട്ടിക്കും.
ചിത്ചോറിന്റെ സംവിധായകൻ ബസു ചാറ്റർജിക്ക് യേശുദാസിന്റെ ശബ്ദത്തോട് വലിയ ഇഷ്ടം. ചിത്രത്തിലെ ഒരു പാട്ട് അദ്ദേഹത്തെക്കൊണ്ടു പാടിക്കാമെന്നേ ബസു ദാ കരുതിയുള്ളൂ. എന്തിന് ഒരെണ്ണമാക്കുന്നു, എല്ലാ പാട്ടും യേശുദാസിനു നൽകാം എന്നായിരുന്നു സംഗീത സംവിധായകൻ രവീന്ദ്ര ജയിനിന്റെ മറുപടി.
ഒരു കൗതുകംകൂടിയുണ്ട്- ചിത്ചോറിന്റെ ഈണങ്ങളൊരുക്കാൻ ജയിനിനെ ഏൽപ്പിച്ചത് സംവിധായകന്റെ പൂർണമനസോടെ ആയിരുന്നില്ല. എന്റെ ഫേവറിറ്റ് സലിൽദാ ആയിരുന്നു. ഞാൻ മാത്രമാണ് തീരുമാനമെടുക്കുന്നതെങ്കിൽ സലിൽ ചൗധരിയെത്തന്നെ പാട്ടുകൾ ഏല്പിക്കുമായിരുന്നു- ബസു ചാറ്റർജി പിന്നീടു പറഞ്ഞതിങ്ങനെ.
എന്നാൽ നിർമാതാവ് താരാചന്ദ് ബർജാത്യ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമായിരുന്നില്ല., രവീന്ദ്ര ജയിൻതന്നെ വേണം. അങ്ങനെ ചരിത്രം പിറന്നു. ഇന്ത്യൻ നാടോടി സംഗീതവും ശാസ്ത്രീയസംഗീതവും അതിമനോഹരമായി ഇഴചേർത്ത് ജയിൻ പാട്ടുകളൊരുക്കി. യേശുദാസിന്റെ ഹിന്ദി ഗാനങ്ങൾ ഓർമിച്ചാൽ ഗോരി തേരാ ഗാവോം ബഡാ പ്യാരാ, തൂ ജോ മേരേ സുർ മേ, ആജ് സേ പെഹലേ ആജ് സെ സ്യാദാ തുടങ്ങിയ സുന്ദരാനുഭവങ്ങൾ മഞ്ഞായി പൊഴിയും.
യേശുദാസിന്റെ ശബ്ദം ജയിനിന്റെ ആയിരം കണ്ണുകളുള്ള മനസിനെ സ്പർശിച്ചിരുന്നു. എന്നെങ്കിലുമൊരിക്കൽ കാഴ്ച തിരിച്ചുകിട്ടുകയാണെങ്കിൽ ആദ്യം കാണേണ്ടത് യേശുദാസിന്റെ മുഖമാണെന്ന് അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു.
സുരേഷ് വഡേക്കർ, ജസ്പാൽ സിംഗ്, ആരതി മുഖർജി, ഹേമലത തുടങ്ങിയ ഗായകരെ ഹിന്ദിയിൽ അവതരിപ്പിച്ചതും രവീന്ദ്ര ജയിനാണ്.
നാലു പതിറ്റാണ്ടുകൾ, 150 സിനിമകൾ
നാല്പതു വർഷങ്ങളിലേറെ നീണ്ടുനിന്ന സംഗീതജീവിതത്തിൽ നൂറ്റന്പതിലേറെ സിനിമകൾക്ക് രവീന്ദ്ര ജയിൻ ഈണങ്ങളൊരുക്കി. രാം തേരി ഗംഗാ മൈലി, സൗദാഗർ, വിവാഹ്, ഹീന, ചോർ മചായേ ഷോർ, ഗീത് ഗാത്താ ചൽ, അഖിയോം കേ ഝരോകോം മേ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അവയിൽ ഉൾപ്പെടും.
(ചോർ മചായേ ഷോറിലെ ലേ ജായേംഗേ ലേ ജായേംഗേ എന്ന പാട്ടിന്റെ വരികളിൽനിന്നാണ് ഷാ രുഖ്- കജോൾ മെഗാഹിറ്റ് ചിത്രമായ ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേയുടെ പേര് ജനിച്ചത്).
വിഖ്യാതമായ രാമായണം സീരിയലിനു സംഗീതമൊരുക്കിയത് രവീന്ദ്ര ജയിനാണ്.
പാട്ടുകളുടെ ഇന്റർല്യൂഡുകളും കോഡുകളും നൊട്ടേഷനുകളും ഉൾപ്പെടെ എല്ലാ അറേഞ്ച്മെന്റുകളും രവീന്ദ്ര ജയിൻ സ്വയം ഒരുക്കുകയാണ് പതിവ്. അവിടെയും കാഴ്ചയില്ലായ്മ അദ്ദേഹത്തിനു പരിമിതിയായില്ല.
പാട്ടിന്റെ ലോകത്ത് മറ്റെല്ലാം മറന്നു മുഴുകും. 1973ലെ സൗദാഗർ എന്ന ചിത്രത്തിലെ തേരാ മേരാ സാഥ് രഹേ എന്ന പാട്ട് ലതാ മങ്കേഷ്കറിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യുന്ന വേളയിലാണ് സ്വന്തം പിതാവിന്റെ മരണവാർത്ത ജയിൻ അറിയുന്നത്. അലിഗഡിൽ ആ സമയം എത്തി സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുക സാധ്യമായിരുന്നില്ല.
അതുകൊണ്ടുതന്നെ റെക്കോർഡിംഗ് പൂർത്തിയാക്കിയശേഷം മാത്രം മടങ്ങാൻ അദ്ദേഹം തീരുമാനമെടുത്തു. പാട്ടിനായുള്ള പരിപൂർണ സമർപ്പണം. മരണംവരെ അതു തുടർന്നു. നാഗ്പൂരിൽ സംഗീതപരിപാടിക്കിടെയാണ് രവീന്ദ്ര ജയിൻ അബോധാവസ്ഥയിലായത്. 2015 ഒക്ടോബർ ഒന്പതിന് അദ്ദേഹം വിടവാങ്ങി.
ജനലക്ഷങ്ങളുടെ ബോധമണ്ഡലത്തിൽ രവീന്ദ്ര ജയിനിന്റെ പാട്ടുകൾ ഇന്നുമുണ്ട്. ഒരുപക്ഷേ ആ പേരുപോലും കേൾക്കാത്തവരും ഹിന്ദി അറിയാത്തവരും ഗോരി തേരാ ഗാവ് ബഡാ പ്യാരാ എന്നു മൂളി നടക്കുന്നുണ്ടാവും.
ഹരിപ്രസാദ്