എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ് നാഥ് എന്ന സംവിധായകനായിരുന്നു. ബാബു ആന്റണിയെപ്പോലെ മുതിർന്നവർകർക്കൊപ്പം പ്രവർത്തിക്കാനായി.
ഒട്ടവനവധി താരപുത്രന്മാർ അരങ്ങുവാഴുന്ന മലയാള സിനിമയിൽ ഒരു നടിയുടെ മകൾ വെള്ളിത്തിരയിലെത്തുന്പോൾ അതിൽ പുതുമയുണ്ട്. എണ്പതുകളിൽ നായികയായി തിളങ്ങിയ ജലജയുടെ മകൾ ദേവിയാണ് മുൻനിരയിലേക്ക് ഉയരുന്നത്.
വിവാഹശേഷം സിനിമയിൽ നിന്ന് 27 വർഷം മാറിനിന്ന ജലജ മാലിക് എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്. മകൾ ദേവിയുടെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയായിരുന്നു. ഫഹദ് ഫാസിൽ നായകനായ മാലിക്കിൽ ജമീലയെന്ന കഥാപാത്രത്തെയാണ് ജലജ അവതരിപ്പിച്ചത്.
ജലജയുടെ ചെറുപ്പകാലമാണ് ദേവി ചെയ്തത്. പിന്നീടു ഹെഡ്മാസ്റ്റർ എന്ന ചിത്രത്തിലൂടെ ബാബു ആന്റണിയുടെ മകളായി ദേവി നായികാനിരയിലെത്തി. ദേവിയുടെ സിനിമാ വിശേഷങ്ങളിലേക്ക്..
കടന്നുവരവ്
വളരെ അപ്രതീക്ഷിതമായാണ് സിനിമയിലേക്കെത്തുന്നത്. മാലിക്കിന്റെ സംവിധായകൻ മഹേഷ് നാരായണൻ അമ്മയെ വിളിച്ച് ഒരിക്കൽ സംസാരിച്ചു. അമ്മ വിചാരിച്ചത് എന്നെ സിനിമയിലേക്ക് വിളിക്കാനായിരിക്കും എന്നാണ്.
എന്നാൽ ജമീല ടീച്ചർ എന്ന കഥാപാത്രം ചെയ്ത് അമ്മ സിനിമയിലേക്കു മടങ്ങിവരണമെന്നു പറയാനായിരുന്നു മഹേഷ് വിളിച്ചത്. പിന്നീടാണ് ജമീലയുടെ ചെറുപ്പകാലം അഭിനയിക്കാൻ എനിക്ക് ഓഫർ കിട്ടിയത്. അമ്മയുടെകൂടെ അഭിനയിച്ച് അരങ്ങേറ്റം നടത്താൻ പറ്റിയതിൽ സന്തോഷം.
അമ്മയ്ക്കൊപ്പം ആദ്യം തന്നെ ലൊക്കേഷനിൽ എല്ലാവരെയും കാണാനും പരിചയപ്പെടാനുമൊക്കെ പോയിരുന്നു. ആദ്യഷോട്ടെടുക്കുന്നതിനു മുന്പ് പരിശീലനമൊക്കെ തന്നു. ഒന്നുരണ്ടു സീനുകൾ ചെയ്തു കഴിഞ്ഞപ്പോൾ ആത്മവിശ്വാസമായി.
ഒരു രംഗത്തു മാത്രമാണ് കുറച്ചു റീടേക്കുകൾ വേണ്ടി വന്നത്. സിനിമയിൽ എന്റെ കഥാപാത്രം മകനെ തല്ലുന്ന ഒരു സീനുണ്ട്. അതെടുക്കുന്നതിനു മുന്പ് പ്രാക്ടീസ് ഒക്കെ ചെയ്തെങ്കിലും ആക്ഷൻ പറഞ്ഞപ്പോൾ അടി ഒറിജിലായിപ്പോയി. എനിക്കു ഷോക്കായെങ്കിലും എല്ലാവരും അതിനെ തമാശയായി കണ്ട് ചിരിച്ചു.
ഹെഡ്മാസ്റ്റർ
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്നാഥ് ആയിരുന്നു. ബാബു ആന്റണിയെപ്പോലെ മുതിർന്നവർകർക്കൊപ്പം പ്രവർത്തിക്കാനായി.
അടുത്ത സിനിമ ദേശീയ പുരസ്കാരത്തിനു പുറമെ ഓസ്കർ ലഭിച്ചയാൾക്കൊപ്പമാണ്. റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ഒറ്റ. ആസിഫ് അലിയും അർജുൻ അശോകനുമൊക്കെയാണ് ഒപ്പം അഭിനയിക്കുന്നത്.
ഇഷ്ട നടൻ
എന്റെ ഇഷ്ടനടൻ അന്നും ഇന്നും എന്നും ജഗതി ശ്രീകുമാറാണ്. അദ്ദേഹത്തപ്പോലെ റേഞ്ചുള്ള ഒരു നടനെ കണ്ടെത്താൻ പ്രയാസമാണ്. ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ആർട്ടിസ്റ്റാണ് ജഗതി.
എന്റെ അമ്മ 120 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമ്മയുടെ എല്ലാ സിനിമകളും കാണാൻ കഴിഞ്ഞിട്ടില്ല. അമ്മ അഭിനയിച്ച ചിത്രങ്ങളിൽ ഞാൻ ആദ്യം കണ്ടത് മണ്ടന്മാർ ലണ്ടനിൽ ആണ്. അമ്മയുടെ ഏക കോമഡി ചിത്രം. ഈ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ പോകാനുള്ള ഭാഗ്യം ഞങ്ങൾക്കു ലഭിച്ചു. അവിടെ വച്ചാണ് അമ്മയുടെ ആദ്യസിനിമ തന്പ് കാണാനായത്.
അഭിനയമോഹം
ചെറിയപ്രായം മുതൽ അഭിനയിക്കണമെന്നു തന്നെയായിരുന്നു മോഹം. നാലാം വയസു മുതൽ നൃത്തം പഠിക്കുന്നുണ്ട്. വെസ്റ്റേണ് ക്ലാസിക്കൽ ബാലെ 12 വർഷം ചെയ്തിട്ടുണ്ട്. ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഐറിഷ് റിവ ഡാൻസ് എന്നിവ പഠിച്ചിട്ടുണ്ട്. സിനിമയോടുള്ള പാഷന് എനിക്കൊപ്പം വളർന്നുവന്നു. വിദേശത്തു പഠനത്തിനായി പോയപ്പോൾ അവിടെ ജോലിയൊക്കെയായി സ്ഥിരതാമസമാ ക്കുമെന്നാണ് അച്ഛനും അമ്മയും കരുതിയത്. എന്നാൽ സിനിമാകാര്യത്തിൽ ചെറുപ്പകാലത്തു തുടങ്ങിയ പാഷൻ തുടരുകയാണ്.
പ്രദീപ് ഗോപി