നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം വരച്ചു തരണമെന്നാവശ്യപ്പെട്ടു. അയാളുടെ ജീവിതം അടിമുടി മാറിത്തുടങ്ങുന്ന നിമിഷമായിരുന്നു അത്.
ഈ ലക്കം ഡൽഹി നോട്സ് ഒരു പുസ്തകം തുറന്നുവയ്ക്കുകയാണ്. സ്വീഡിഷ് മാധ്യമപ്രവർത്തകൻ പെർ ജെ. ആൻഡേഴ്സണ് എഴുതിയ ‘ദി അമേസിംഗ് സ്റ്റോറി ഓഫ് ദി മാൻ ഹൂ സൈക്കിൾഡ് ഫ്രം ഇന്ത്യ ടു യൂറോപ്പ് ഫോർ ലവ് ’. ഇതേ കഥ സ്ലം ഡോഗ് മില്യണയർ എന്ന ചിത്രത്തിലെ നായകനായിരുന്ന ദേവ് പട്ടേലിനെ നായകനാക്കി സിനിമയാക്കാനുള്ള ഒരുക്കത്തിലുമാണ്. ആൻഡേഴ്സൻ എഴുതിയ കഥ ഇന്ത്യയിൽ നടന്ന കാലത്തിലേക്ക് നമ്മുക്കു പോകാം.
1949: ഒഡീഷയിലെ അത്മലിക് എന്ന ഉൾഗ്രാമത്തിലായിരുന്നു പ്രദ്യുകുമാർ മഹാനന്ദിയയുടെ ജനനം. ഗോത്രവർഗക്കാരുടെ പതിവനുസരിച്ച് കുഞ്ഞ് ജനിച്ചയുടൻ ജാതകം കുറിക്കുന്നതിനു പൂജാരി എത്തി.
പൂജാരി പറഞ്ഞതിങ്ങനെയായിരുന്നു. ‘ഇവൻ വിവാഹം കഴിക്കുന്നത് ഈ നാട്ടിൽനിന്നും ഏറെ അകലെയുള്ള ഒരു യുവതിയെ ആയിരിക്കും. അവൾ സംഗീതമറിഞ്ഞിരിക്കും. അവൾ വൃഷഭ രാശിക്കാരിയായിരിക്കും. സ്വന്തമായി ഒരു ചെറുവനം ഉള്ളവളുമായിരിക്കും.’
1975 ഡിസംബർ 17: അതിശൈത്യത്തിന്റെ പിടിയിലമർന്ന ഡൽഹിയിലെ ഒരു മഞ്ഞുകാല സായാഹ്നം. കൊണാട്ട് പ്ലേസിലെ മരച്ചുവട്ടിൽ ഒരു ചെറുപ്പക്കാരൻ കുനിഞ്ഞിരുന്നു ചിത്രം വരയ്ക്കുകയാണ്. പ്രദ്യുകുമാർ മഹാനന്ദിയ ഇടവേളയിൽ മുഖമുയർത്തി നോക്കിയപ്പോൾ നടന്നടുക്കുന്ന ഒരു വിദേശ യുവതിയെയാണ് കണ്ടത്.
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം വരച്ചു തരണമെന്നാവശ്യപ്പെട്ടു. അയാളുടെ ജീവിതം അടിമുടി മാറിത്തുടങ്ങുന്ന നിമിഷമായിരുന്നു അത്.
അയാൾ അവരുടെ മുഖത്തേക്കുനോക്കി വരയ്ക്കാനുള്ള കട്ടിക്കടലാസെടുത്തു. കൈകൾ വിറയ്ക്കുകയാണ്. പെൻസിൽ മുന്നോട്ടുനീങ്ങുന്നില്ല. ഭയമെന്നോ പരിഭ്രമമെന്നോ തിരിച്ചറിയാത്ത വികാരത്താൽ വീർപ്പുമുട്ടിയ അയാൾ അവരോട് നാളെ വരാൻ കഴിയുമോ എന്ന് ചോദിച്ചു. അവർ സമ്മതിച്ചു.
പിറ്റേ ദിവസവും മുഖചിത്രം പകർത്തി കിട്ടാനായി അവൾ വന്നു. അന്നും നിരാശയായിരുന്നു ഫലം. ഒടുവിൽ മൂന്നാം ദിവസമാണ് ഷാർലെറ്റ് വോണ് ഷെഡ്വിൻ എന്ന ആ സ്വീഡിഷ് യുവതിയുടെ മുഖ സൗന്ദര്യം അൽപംപോലും ചോർന്നുപോകാതെ മഹാനന്ദിയ വരച്ചുനൽകിയത്.
വരച്ചത് കടലാസിലായാലും ഷാർലറ്റിന്റെ മുഖം പതിഞ്ഞത് മഹാനന്ദിയയുടെ മനസിലായിരുന്നു. തന്റെ ജനന സമയത്ത് പൂജാരി പറഞ്ഞതായി കേട്ടിട്ടുള്ള എല്ലാ കാര്യങ്ങളും ശരിയായി വരുന്നതുപോലെ മഹാനന്ദിയയ്ക്കു തോന്നി. അവർ വീണ്ടും കണ്ടു. ഏറെ പരിചയപ്പെട്ടു.
പ്രവചനങ്ങളെല്ലാം ശരിയായിവരികയായിരുന്നു. രണ്ടാം തവണ ചിത്രം വരയ്ക്കാനെത്തിയപ്പോൾ അവൾ വൃഷഭ രാശിക്കാരിയാണോ എന്ന് മഹാനന്ദിയ ചോദിച്ചു. അതേയെന്നായിരുന്നു മറുപടി. നിനക്ക് സ്വന്തമായി വീട്ടിൽ വനമുണ്ടോ എന്നയാൾ ചോദിച്ചപ്പോൾ ഉണ്ടെന്നവൾ മറുപടി പറഞ്ഞു.
സംഗീതം അറിയാമോ എന്ന ചോദ്യമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പിയാനോയും ഫ്ളൂട്ടും വായിക്കാനറിയാം എന്നുകൂടി പറഞ്ഞപ്പോൾ മുറി ഇംഗ്ളീഷിൽ ഈ നിമിഷം മുൻപെങ്ങോ തീരുമാനിക്കപ്പെട്ടതാണെന്ന് വിക്കിവിക്കി പറഞ്ഞു മഹാനന്ദിയ എഴുന്നേറ്റു. എന്താണ് മുൻപു തീരുമാനിച്ചതെന്ന് ഷാർലെറ്റ് ചോദിച്ചപ്പോൾ നീ എന്റെ ഭാര്യയാകാൻ പോകുന്നവളാണെന്നായിരുന്നു മഹാനന്ദിയയുടെ മറുപടി.
ജാതകകഥ അയാൾ ചുരുക്കി പറഞ്ഞുകൊടുത്തു. വൈകാതെ അവർ പ്രണയത്തിലായി. പി.കെ. മഹാനന്ദിയ എന്ന പേരിൽ മുഖചിത്രവരയിൽ ആ യുവാവ് ഡൽഹിയിൽ പേരെടുത്തു വരുന്ന കാലമായിരുന്നത്.
ദളിതനായിരുന്നതിനാൽ തൊട്ടുകൂടായ്മയുടെ കയ്പറിഞ്ഞാണ് മഹാനന്ദിയ വളർന്നത്. ക്ലാസ് മുറിയിൽ ഇരിക്കാൻ അനുവാദമില്ലാതെ വരാന്തയിലിരുന്നാണ് പഠിച്ചത്. സ്കൂൾപഠനം ഒരുവിധം പൂർത്തിയാക്കി ഡൽഹിയിലെ കോളജ് ഓഫ് ആർട്സിൽ ചിത്രകല പഠിക്കാൻ ഒരു സ്കോളർഷിപ്പിന്റെ പിൻബലത്തിൽ ഡൽഹിയിലേക്ക് വണ്ടികയറി മഹാനന്ദിയ.
ആ തുക പഠനത്തിന് തികയാതെ വന്നപ്പോൾ വരയുമായി നിരത്തിലേക്കിറങ്ങി കൊണാട്ട് പ്ലേസിലിരുന്ന് പത്തു രൂപ നിരക്കിൽ സ്കെച്ചുകൾ വരച്ചു കൊടുത്തു. അക്കാലത്ത് രേഖാചിത്രങ്ങൾ വരച്ചു കൊടുത്തിരുന്ന വകയിൽ പോലീസ് മിക്കവാറും സ്റ്റേഷനിൽ നിന്നു ഭക്ഷണവും സ്റ്റേഷൻ വരാന്തയിൽ കിടക്കാനൊരു മൂലയും നൽകിയിരുന്നു.
അക്കാലത്താണ് റഷ്യൻ ബഹിരാകാശ പര്യവേഷക വാലന്റീന തെരഷ്കോവയെ ഇന്ദിരാഗാന്ധി ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തുന്നത്. കൊണാട്ട് പ്ലേസിൽ ഷോപ്പിംഗിനിറങ്ങിയ വാലന്റീന മഹാനന്ദിയയുടെ മുന്നിൽ വന്നുപെട്ടു. തന്റെ ചിത്രം വരച്ചു കിട്ടാൻ അവർ മഹാനന്ദിയെ ഇൻഡോ സോവിയറ്റ് സൊസൈറ്റിയുടെ പാർലമെന്ററി ക്ലബിലേക്ക് ക്ഷണിച്ചു.
വാലന്റീന തെരഷ്കോവയുടെ പത്തു സ്കെച്ചുകളാണ് അയാൾ വരച്ചുനൽകിയത്. സംഭവം ടിവിയിൽ വന്നതോടെ ഒറ്റ ദിവസം കൊണ്ട് മഹാനന്ദിയ ഡൽഹിയിൽ അറിയപ്പെട്ടു തുടങ്ങി. പിന്നീട് ഇന്ദിരാ ഗാന്ധിയുടെ ചിത്രം വരയ്ക്കാനുള്ള അവസരവും ലഭിച്ചു.
ഇനി പഴയ കഥയിലേക്ക്. പ്രണയം പരസ്പരം തുറന്നുപറഞ്ഞതിനു പിന്നാലെ മഹാനന്ദിയയും ഷാർലറ്റും ഒഡീഷയിലെ അയാളുടെ വീട്ടിലെത്തിയപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്. മഹാനന്ദിയയുടെ ജാതകത്തിൽ പൂജാരി പ്രവചിച്ച വധുവിനെ കാണാൻ അയൽവാസികളെത്തി.
ചെറിയ രീതിയിൽ വിവാഹച്ചടങ്ങും നടന്നു. മൂന്നാഴ്ച മാത്രമാണ് അവർക്ക് ഒരുമിച്ചു താമസിക്കാൻ ഭാഗ്യം ലഭിച്ചത്. ഷാർലറ്റിന് അത്യാവശ്യമായി സ്വീഡനിലേക്ക് മടങ്ങേണ്ടതുണ്ടായതിനാൽ ഒന്നര വർഷക്കാലത്തേക്ക് അവർ കൂടിക്കണ്ടിട്ടേയില്ല.
കാത്തിരിപ്പിനുശേഷം ഷാർലറ്റിനരികിലേക്കുപോകാൻ മഹാനന്ദിയ തീരുമാനിച്ചു. ഉള്ളതെല്ലാം വിറ്റുപെറുക്കി ഒരു സൈക്കിൾ വാങ്ങി 1978ൽ പ്രണയ പാതയിലൂടെ ഭൂഖണ്ഡങ്ങൾ താണ്ടി പ്രയാണം ആരംഭിച്ചു.
അക്കാലത്ത് അതിർത്തി കടന്നുള്ള യാത്രകൾക്ക് ഇത്രയേറെ നിയന്ത്രണങ്ങളോ വിലക്കുകളോ ഇല്ലായിരുന്നു. പോകുംവഴിയെല്ലാം ആളുകളുടെ ചിത്രങ്ങൾ വരച്ചുകൊടുത്ത് വഴിച്ചെലവിനുള്ള പണവും കണ്ടെത്തി.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ടർക്കി, മുൻ യൂഗോസ്ലാവിയ, ജർമനി, ഓസ്ട്രിയ, ഡെൻമാർക്ക് രാജ്യങ്ങൾ കടന്നാണ് യൂറോപ്പിലെത്തിയത്. കാണ്ഡഹാറിലും കാബൂളിലും ഇസ്താംബൂളിലും എത്തിയപ്പോൾ സുഖവിവിരങ്ങളന്വേഷിച്ചു കൊണ്ടുള്ള ഷാർലെറ്റിന്റെ കത്തുകൾ മഹാനന്ദിയയെ തേടിയെത്തിയത് പ്രയാണത്തിനു കരുത്തു പകർന്നു.
ദിവസം 70 കിലോമീറ്റർവരെ അയാള് സൈക്കിൾ ചവിട്ടി. അക്കാലത്തെ അഫ്ഗാനിസ്ഥാൻ സുന്ദരവും ശാന്തവുമായ ദേശമായിരുന്നുവെന്ന് മഹാനന്ദിയ ഇന്നോർമിക്കുന്നു. ഇസ്താംബൂളിൽ നിന്നു വിയന്നയിലും അവിടെനിന്ന് സ്വീഡനിലെ ഗോഥൻബർഗിലും എത്തി.
അഞ്ചു മാസത്തെ യാത്രയ്ക്കൊടുവിൽ അവിടെ ഷാർലറ്റിന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് ഇരുവരും ഒൗദ്യോഗികമായി വിവാഹിതരായത്. ഡോ. പി.കെ. മഹാനന്ദിയ ഇപ്പോൾ സ്വീഡിഷ് സർക്കാരിന്റെ കലാ സാംസ്കാരിക ഉപദേഷ്ടാവാണ്.
മഹാനന്ദിയയും ഷാർലറ്റും ചേർന്ന് ഗോത്രവർഗത്തിൽപ്പെട്ട 25,000 ഇന്ത്യൻ വിദ്യാർഥികൾക്ക് കൾച്ചറൽ സ്കോളർഷിപ്പ് നൽകുന്നുണ്ട്. 2005ൽ മഹാനന്ദിയയുടെ പേര് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ശിപാർശ ചെയ്തിരുന്നു.
മാത്യു