അതിജീവനത്തിന്റെ ടിബറ്റൻ വിജയഗാഥ
Sunday, September 25, 2022 1:08 AM IST
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയിലെ അന്തേവാസികൾക്ക് നൽകിയിരുന്ന ഉറപ്പ്. എന്നാൽ റോഡിന് വീതി കൂട്ടുന്നതിന്റെയും യമുനാ നദി മാലിന്യ മുക്തമാക്കുന്നതിന്റെയും ഭാഗമായി 2005ൽ ഡൽഹി സർക്കാർ ഇവർക്ക് നോട്ടീസ് നൽകി.
മജ്നു കാ തില അഥവാ മിനി ടിബറ്റ് ഡൽഹിയിലെ അസംഖ്യം തെരുവുകൾ പോലെയല്ല. ഡൽഹിയുടെ തിക്കും തിരക്കുമെല്ലാം ഇവിടെയുമുണ്ടെങ്കിലും ധ്യാനനിമഗ്നരായി ഇരിക്കുന്ന ഒട്ടേറെ ബുദ്ധ മത വിശ്വാസികളെ ഇവിടെ കാണാം.
മജ്നു കാ തില ഡൽഹിയിലെ വേറിട്ടൊരു നഗരമാണ്. ഇവിടുത്തെ കടകൾക്കും ഭക്ഷണശാലകൾക്കും മനുഷ്യർക്കുമെല്ലാം ആ പ്രത്യേകതയുണ്ട്. ഒൗദ്യാഗികമായി ന്യൂ അരുണാ കോളനി എന്നറിയപ്പെടുന്ന ഇവിടം ഡൽഹിയുടെ വടക്കൻ കവാടമായ കാഷ്മീരി ഗേറ്റിന് അരികിലൂടെ ഒഴുകുന്ന യമുനാനദിക്ക് സമീപമാണ്.
ടിബറ്റൻ പലായനം നടന്ന അറുപതുകളിൽ മജ്നു കാ തിലയിലെ അന്തേവാസികൾ മുളംകുടിലുകളുടെ ടാർപോളിൻ മേൽക്കൂരയ്ക്ക് കീഴിൽ പൊടിയും വിയർപ്പുമേറ്റാണ് കഴിഞ്ഞിരുന്നത്. അക്കാലത്തെ അവരുടെ ഏക ആശ്വാസം ടിബറ്റൻ ബാർളിയിലുണ്ടാക്കിയിരുന്ന ചാരായമായിരുന്നു. ചാംഗ്!
വില കുറഞ്ഞ ചാംഗിന്റെ മുഴുവൻ സമയ ലഭ്യത കാരണം മജ്നു കാ തിലയ്ക്ക് മറ്റൊരു വിളിപ്പേര് കൂടി വന്നിരുന്നു ചാംഗിസ്ഥാൻ! അക്കാലത്ത് ദാരിദ്ര്യത്തിന്റെ പിടിയിലമർന്നു കഴിഞ്ഞിരുന്ന ടിബറ്റരുടെ പ്രധാന വരുമാന സ്രോതസായിരുന്നു ചാംഗ്.
എന്നാൽ അതെല്ലാം ഇന്ന് പഴങ്കഥ. കൊതുകു പെരുകുന്ന ഇടവഴികളും കുടിവെള്ളത്തിനായി നിരത്തപ്പെടുന്ന പാത്രങ്ങളുടെ നീണ്ട വരികൾക്കും പകരം ഇന്ന് മജ്നു കാ തിലയിൽ കാണുന്നത് ടിബറ്റൻ എത്നിക് ശൈലിയിൽ നിർമിച്ചിട്ടുള്ള ഹോട്ടലുകളും കഫേകളും റെസ്റ്റോറന്റുകളുമാണ്.
ശാന്തി തേടി പാഞ്ഞവർ
ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയുടെ നേതൃത്വത്തിൽ ചൈനയിൽനിന്നു പലായനം ചെയ്ത അനേകായിരങ്ങൾക്ക് ഇന്ത്യ അഭയം കൊടുത്തു. ടിബറ്റൻ അഭയാർഥികൾക്കായി അന്നത്തെ നെഹ്റു സർക്കാർ സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ എന്ന പേരിൽ നിശ്ചിതയിടങ്ങളിൽ അഭയ കേന്ദ്രങ്ങൾ സ്ഥാപിച്ചു.
1962ലെ ഇന്ത്യാ-ചൈന യുദ്ധത്തെത്തുടർന്നെത്തിയ അഭയാർഥികളെ ഉൾക്കൊള്ളുന്നതിന് സർക്കാർ അഭയ കേന്ദ്രങ്ങൾക്കുപുറമേ വേറെയും വാസസ്ഥലങ്ങൾ വേണ്ടിവന്നു. മജ്നു കാ തില അത്തരത്തിൽ ഉദയം ചെയ്തൊരു വാസസ്ഥലമാണ്.
ഇന്ന് മജ്നു കാ തില പ്രധാനമന്ത്രി ഉദയ് യോജനയിൽ ഉൾപ്പെടുന്ന കോളനിയാണ്. ഡൽഹിയിലെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് ഉദയ് യോജന. 1965ലാണ് ഇവിടത്തെ ടിബറ്റരുടെ നേതൃത്വത്തിൽ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ സ്വയം സഹായ സംഘം രൂപീകരിക്കുന്നത്. അതിന് രജിസ്ട്രേഷൻ കിട്ടുന്നത് 2004ലും.
ഇന്ത്യ ടിബറ്റൻ അഭയാർഥികൾക്കുള്ള താമസസ്ഥലം ഒരുക്കിയിരുന്നത് ബുദ്ധ വിഹാറിലാണ്. മജ്നു കാ തില ടിബറ്റരുടെ ഇപ്പോഴത്തെ സ്വതന്ത്ര വാസസ്ഥലമാകുന്നതിനും മുൻപ് ടിബറ്റർ താമസിച്ചിരുന്ന സ്ഥലമാണ് ഡൽഹിയിലെ ലഡാക്ക് ബുദ്ധ വിഹാർ.
ലഡാക്കിലേയ്ക്ക് പോകുന്ന ബുദ്ധ തീർഥാടകരുടെ വിശ്രമ കേന്ദ്രം കൂടിയായിരുന്നു അവിടം. ടിബറ്റൻ ജനസംഖ്യ വർധിക്കുകയും കയ്യേറ്റങ്ങൾ യമുനാ നദിയെ മലിനമാക്കുകയും ചെയ്തതോടെ 1963ലാണ് ലഡാക്ക് ബുദ്ധ വിഹാറിലെ ഈ പ്രവാസിസമൂഹത്തെ മജ്നു കാ തിലയിലേക്ക് പറിച്ചു നടുന്നത്.
പിന്നീട് ഏഷ്യൻ ഗെയിംസിന്റെ പശ്ചാത്തലത്തിൽ 2012ൽ അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മജ്നു കാ തിലയ്ക്ക് നൽകിയ പേരാണ് ന്യൂ അരുണാ കോളനി. എന്നാൽ വിധാൻസഭാ മെട്രോ സ്റ്റേഷന് പുറത്തിറങ്ങി ഇവിടേക്കെത്താൻ ഇന്നും നിങ്ങൾ മജ്നു കാ തില എന്നുതന്നെ പറയണം.
മജ്നു കാ തിലയുടെ രൂപാന്തരം
ഇന്നത്തെ മജ്നു കാ തിലയുടെ രൂപാന്തരത്തിന് കാരണം പ്രധാനമായും അവിടുത്തെ ടിബറ്റൻ ചെറുപ്പക്കാരാണ്. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത നേടിയ ടിബറ്റൻ ചെറുപ്പക്കാർ മജ്നു കാ തിലയിൽ സഞ്ചാരികൾക്ക് ഹൃദ്യമാകുന്ന രീതിയിൽ നവീന റെസ്റ്റോറന്റുകൾ, ആഭരണ ശാലകൾ, ടിബറ്റൻ എത്നിക് കലാരൂപങ്ങൾ, തുണിക്കടകൾ തുടങ്ങിവയുടെ വാണിഭം ആരംഭിച്ചു.
ഇവിടുത്തെ മുൻനിര റെസ്റ്റോറന്റുകളിലെയും വഴിയോരക്കടകളിലേയും പ്രധാന ആകർഷണമാണ് ലാഫിംഗ് എന്ന പേരിൽ പ്രസിദ്ധമായ ടിബറ്റൻ പലഹാരം. ചാംഗ് വിൽപന നിന്നതോടെ നഷ്ടമായ സന്ദർശകരെ മജ്നു കാ തിലയ്ക്ക് തിരിച്ചുപടിക്കാനായത് രുചിയേറിയ ലാഫിംഗിന്റെ കച്ചവടമാണ്. ലാഫിംഗിന്റെ കച്ചവടം ആരംഭിച്ചതോടെ ഇവിടേയ്ക്കെത്തുന്ന സന്ദർശകരുടെ എണ്ണം കുത്തനെ വർധിച്ചതായാണ് പ്രദേശവാസികൾ പറയുന്നത്.
കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഇവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയിലെ അന്തേവാസികൾക്ക് നൽകിയിരുന്ന ഉറപ്പ്. എന്നാൽ റോഡിന് വീതി കൂട്ടുന്നതിന്റെയും യമുനാ നദി മാലിന്യ മുക്തമാക്കുന്നതിന്റെയും ഭാഗമായി 2005ൽ ഡൽഹി സർക്കാർ മജ്നു കാ തിലയിലെ അന്തേവാസികൾക്ക് കെട്ടിടം പൊളിക്കൽ നോട്ടീസ് നൽകി.
നോട്ടീസിനെത്തുടർന്ന് ഒന്ന് രണ്ട് കെട്ടിടങ്ങൾ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചിരുന്നു. എന്നാൽ കോടതി ഇടപെടലിനെത്തുടർന്ന് ഒഴിപ്പിക്കൽ നടപടികൾ നിർത്തിവയ്ക്കുകയും നിയമപ്രകാരം മജ്നു കാ തിലയെ അംഗീകൃത കോളനിയെന്നനിലയിൽ ക്രമപ്പെടുത്താനുമുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
നിയമനടപടികൾക്കുപുറമേ പലതവണ യമുനാ നദി കരകവിഞ്ഞ് ഒഴുകിയപ്പോഴും അന്തേവാസികൾ ഒഴിപ്പിക്കൽ ഭീഷണികൾ നേരിട്ടിരുന്നു. എന്നാൽ ഇന്ന് ഡൽഹി നഗരത്തിലെ പ്രധാന വാണിജ്യ, സാംസ്കാരിക ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുന്ന മജ്നു കാ തിലയെ അത്ര നിസാരമായി പരിഗണിക്കുന്നത് ഇനി സാധ്യമാകില്ല. മാത്രവുമല്ല ഇത്ര വലിയൊരു ജനതയെ ഇവിടെ നിന്നു മാറ്റിപ്പാർപ്പിക്കുക തലസ്ഥാന നഗരത്തിൽ എളുപ്പവുമല്ല.
രാഹുൽ ഗോപിനാഥ്