മണ്ണിനെ അറിഞ്ഞും അനുഭവിച്ചും കൃഷിയെ ഉപാസിക്കുന്ന ശിവാനന്ദയ്ക്കു പഠനം പത്താം ക്ലാസ് വരേയുള്ളു. ഇദ്ദേഹം കാലങ്ങളായി കാഴ്ചവയ്ക്കുന്ന കാർഷിക വിസ്മയം നോക്കിക്കണ്ടാൽ ആരും സമ്മാനിച്ചുപോകും കർഷകോത്തമ
രണ്ടു ലക്ഷം രൂപയുടെ കർഷകോത്തമ സർക്കാർ പുരസ്കാരം ഉൾപ്പെടെ കാർഷിക ബഹുമതികൾ സ്വന്തമാക്കാൻ വലിയ പഠിപ്പൊന്നും വേണ്ടെന്നു തെളിയിച്ചിരിക്കുന്നു കാസർഗോഡ് പുത്തിഗെ പഞ്ചായത്തിലെ കണ്ണൂരിൽ ബളക്കില ശിവാനന്ദ.
മണ്ണിനെ അറിഞ്ഞും അനുഭവിച്ചും കൃഷിയെ ഉപാസിക്കുന്ന ശിവാനന്ദയ്ക്കു പഠനം പത്താം ക്ലാസ് വരേയുള്ളു. ഇദ്ദേഹം കാലങ്ങളായി കാഴ്ചവയ്ക്കുന്ന കാർഷിക വിസ്മയം നോക്കിക്കണ്ടാൽ ആരും സമ്മാനിച്ചുപോകും കർഷകോത്തമ. ബിരിയാണി അരി മുതൽ ഉഴുന്നുവരെ നീളുന്ന വിഭവവൈവിധ്യമാണ് ഈ ഹരിതാഭ തോട്ടത്തിൽ കാണാനാവുക.
അച്ഛനൊപ്പം പാടത്തും പറന്പിലും കണ്ടറിഞ്ഞ നാട്ടറിവുകൾക്കൊപ്പം പുതിയ സാധ്യതകളും സംവിധാനങ്ങളും ചേർത്തുവയ്ക്കാനായതാണ് ശിവാനന്ദയുടെ വിജയമന്ത്രം. പതിനഞ്ചാം വയസിൽ കൈക്കോട്ടുമായി മണ്ണിലിറങ്ങിയ ഇദ്ദേഹത്തിനിത് കൃഷി ആനന്ദത്തിന്റെ നാല്പതാം വർഷമാണ്. വിശാലമായ ഈ തോട്ടം ഏവർക്കും ഒരു കൃഷിപാഠമാണ്.
ഏകവിളയിൽ കേന്ദ്രീകരിക്കാതെ ബഹുവിളകളെയും ആടുമാടുകളെയും പരിപാലിക്കുന്ന വിസ്മയം. പാട്ടത്തിനെടുത്ത ആറേക്കറിലെ നെല്ല് അരിയാക്കി വിൽക്കാൻ വീട്ടിൽതന്നെ കുത്തുമില്ലുണ്ട്. കാഞ്ചന, ഉമ, ജയ, എം നാല് തുടങ്ങിയ നെല്ലിനങ്ങൾക്കൊപ്പം ബിരിയാണി അരിയും പാടത്ത് വിളയിക്കുന്നു.
പാടശേഖരസമിതിയുടെ കീഴിൽ വിവിധ യന്ത്രങ്ങളുപയോഗിച്ചാണ് ആണ്ടിൽ മൂന്നു വീതം നെൽകൃഷി. വർഷവും ചുരുങ്ങിയത് എട്ടു ടണ് നെല്ല് സപ്ലൈകോ മുഖേന വിൽപന നടത്തിവരുന്നു. ഒന്നരയേക്കർ തെങ്ങിൻ തോപ്പിൽനിന്ന് വർഷം 15,000 നാളികേരം വിൽക്കുന്നു. രണ്ടരയേക്കർ കമുകിൻതോട്ടവും വലിയ സാന്പത്തിക നേട്ടമാണ്.
രണ്ടേക്കറിലധികം വരുന്ന പച്ചക്കറിത്തോട്ടത്തിൽ വെള്ളരി, പയർ, വെണ്ട, പാവൽ, വഴുതന, ചീര, മത്തൻ, കക്കിരി, കോവൽ എന്നിവ ഒന്നിരാടൻ ദിവസങ്ങളിൽ വിളവെടുക്കാം. മൂന്നാംവിളയായി ചെറുപയർ, വൻപയർ, ഉഴുന്ന് എന്നിവയുമുണ്ട്. രണ്ടേക്കർ വാഴത്തോട്ടത്തിൽ നേന്ത്രൻ, കദളി, പാളയംകോടൻ, ഏത്തൻ എന്നിവയാണ് കൃഷി. കൂടാതെ ചേന, ചേന്പ്, കൂർക്ക തുടങ്ങിയ ഹ്രസ്വകാലവിളകൾ ഇടവിളയും.
തോട്ടത്തിലുടനീളം പ്ലാവും മാവും കശുമാവും ശീമച്ചക്കയും പേരയും ചെറുനാരകവും നേട്ടംതന്നെ..
ഫാമിൽ എട്ട് പശുക്കളും കൂടുകൾ നിറയെ മുയലുകളും കോഴികളുമുണ്ട്. വീട്ടാവശ്യത്തിനുശേഷം ബാക്കി വരുന്ന പാലും മുട്ടയും അയൽ വീടുകളിൽ നൽകും.
തൈര്, നെയ്യ് ഉത്പന്നങ്ങളും വരുമാനം. മത്സ്യക്കുളത്തിലെ മീനുകൾക്കും ആവശ്യക്കാരേറെയുണ്ട്. ചാണകവും പച്ചിലയും കോഴിക്കാഷ്ഠവും മീൻകുളത്തിലെ വെള്ളവുമൊക്കെ ഈ മണ്ണിലെ ജൈവാംശത്തിന് കരുത്താകുന്നു.
ഭാര്യ പുഷ്പാവതി, മക്കളായ വിസ്മിത, ഹർഷിത, നിധീഷ്, സഹോദരഭാര്യ നളിനി, സഹോദരിമാരായ ദേവകി, പ്രേമ, ഇവരുടെ മക്കൾ തുടങ്ങിയവർ ഉൾപ്പെടുന്ന കൂട്ടുകുടുംബത്തിന്റെ ഉറച്ച പിന്തുണയും സജീവമായ പങ്കാളിത്തവുമാണ് കൃഷിയിൽ ശിവാനന്ദയുടെ കരുത്ത്.
ശ്രീജിത് കൃഷ്ണൻ