എഴുത്തച്ഛനും തുഞ്ചൻ പറന്പും
Saturday, September 10, 2022 11:38 PM IST
"തമിഴിന്റെ സാമന്തഭാഷയെന്ന അധഃസ്ഥിതിയിൽനിന്ന് മലയാളത്തെ ദേവൻമാരുടേയും ഋഷികളുടേയും പുണ്യഭാഷയായ സംസ്കൃതത്തിനുള്ള ഉന്നതാവസ്ഥയിലേയ്ക്ക് കരകയറ്റുമെന്ന് അദ്ദേഹം ശപഥം ചെയ്തു. മൂലഭാഷയിലെ (സംസ്കൃതത്തിലെ) എല്ലാ സുപ്രധാന കൃതികളും മലയാളത്തിലേയ്ക്ക് പരിവർത്തനം ചെയ്തുകൊണ്ട് അദ്ദേഹം സ്വന്തം ഭാഷയെ സന്പന്നമാക്കി.' അതായിരുന്നു ഭാഷാപിതാവായ എഴുത്തച്ഛൻ.
മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ തൃക്കണ്ടിയൂർ ക്ഷേത്രത്തിന് സമീപമാണ് തുഞ്ചൻ പറന്പ്. മലയാള ഭാഷാപിതാവിന് കേരളം നല്കിയിരിക്കുന്ന ഏറ്റവും വലിയ ആദരം എന്ന് തുഞ്ചൻ പറന്പിനെ വിശേഷിപ്പിക്കാം.
വിജയദശമി നാളിൽ ഇവിടെ ആയിരക്കണക്കിനു കുട്ടികൾ ആദ്യാക്ഷരം കുറിക്കാൻ എത്തുന്നു. ആദ്യാക്ഷരം കുറിക്കാൻ ഭാഷയുടെ ഗുരുസ്ഥാനീയനായ എഴുത്തച്ഛന്റെ മണ്ണിനോളം ഉത്തമമായി മറ്റൊരിടമില്ല.
മലബാറിലെ ഭരണാധികാരിയും ന്യായാധിപനുമായിരുന്ന വില്യം ലോഗൻ 1887 ൽ പ്രസിദ്ധികരിച്ച മലബാർ മാന്വവലിൽ തുഞ്ചത്ത് എഴുത്തച്ഛനെ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
"പതിനേഴാം നൂറ്റാണ്ടിൽ ശൂദ്ര ജാതിയിൽപ്പെട്ട തുഞ്ചത്തെഴുത്തച്ഛൻ എന്നൊരാൾ തമിൾ അക്ഷരമാലയെ ആധാരമാക്കിയുള്ള ഗ്രന്ഥലിപികളുടെ ചുവട് പിടിച്ച് ഗ്രാമ്യമലയാളത്തിന് തനതായ രൂപകല്പന നല്കുകയും (സംസ്കൃത പദങ്ങളുടെ സ്വതന്ത്രമായ പ്രയോഗം) ആധുനിക മലയാളത്തിൽ പ്രധാന സംസ്കൃതികളുടെ സ്വതന്ത്ര വിവർത്തനത്തിനൊരുങ്ങുകയും ചെയ്തപ്പോൾ അതൊരു വിപ്ലവമായിരുന്നു'.
"തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിഭയും അറിവും ബ്രാഹ്മണരെ അസൂയാലുക്കളാക്കി. ആഭിചാരവിദ്യ പ്രയോഗിച്ച് അവർ അദ്ദേഹത്തെ മദ്യപാനിയും ഉൻമത്തനുമാക്കി. അവർ ഭയപ്പെട്ടത് അദേഹത്തിന്റെ ധിഷണാശക്തിയെയായിരുന്നു. അത് നിർവീര്യമാക്കാമെന്ന് അവർ കരുതി. കവിയാകട്ടെ തന്റെ സ്വഭാവങ്ങൾ ഉപേക്ഷിക്കുവാൻ അശക്തനായിരുന്നെങ്കിലും അതിന്റെ ദോഷങ്ങളെ അതിജീവിക്കുക തന്നെ ചെയ്തു'.
"തനിക്കകപ്പെട്ട അപകർഷത്തിനുത്തരവാദിയെന്ന് താൻ വിശ്വസിച്ച ബ്രാഹ്മണ്യത്തിന്റെ കാലുഷ്യങ്ങൾക്കും അസഹിഷ്ണുതയ്ക്കും എതിരേ പരസ്യമായിത്തന്നെ എഴുത്തച്ഛൻ പോരാടി. മലയാള ഭാഷയെ ഉത്കൃഷ്ഠതയുടെ അത്യുന്നതങ്ങളിലേയ്ക്ക് ഉയർത്തുക എന്നതായിരുന്നു അദ്ദേഹം സ്വീകരിച്ച പ്രതികാരമാർഗം.'
"തമിഴിന്റെ സാമന്തഭാഷയെന്ന അധഃസ്ഥിതിയിൽനിന്ന് മലയാളത്തെ ദേവൻമാരുടേയും ഋഷികളുടേയും പുണ്യഭാഷയായ സംസ്കൃതത്തിനുള്ള ഉന്നതാവസ്ഥയിലേയ്ക്ക് കരകയറ്റുമെന്ന് അദ്ദേഹം ശപഥം ചെയ്തു. മൂലഭാഷയിലെ (സംസ്കൃതത്തിലെ) എല്ലാ സുപ്രധാന കൃതികളും മലയാളത്തിലേയ്ക്ക് പരിവർത്തനം ചെയ്തുകൊണ്ട് അദ്ദേഹം സ്വന്തം ഭാഷയെ സന്പന്നമാക്കി.' അതായിരുന്നു ഭാഷാപിതാവായ എഴുത്തച്ഛൻ.
നാം ഇന്ന് ഉപയോഗിക്കുന്ന മലയാള ലിപിക്ക് തുടക്കമിടുന്നത് എഴുത്തച്ഛനായിരുന്നു. 30 അക്ഷരങ്ങളുള്ള വട്ടെഴുത്തിന് പകരം 51 അക്ഷരങ്ങളുള്ള മലയാളലിപി പ്രാവർത്തികമാക്കിയത് ഇദ്ദേഹമായിരുന്നു. എഴുത്തച്ഛന് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെയും എതിർപ്പുകളെയുംകുറിച്ച് വില്യം ലോഗന് വളരെ മുൻപേ മലയാള ഭാഷയെ പറ്റിയുള്ള പ്രബന്ധത്തിൽ എഫ്.ഡബ്ല്യു. എല്ലിസ് ഇങ്ങനെ പറയുന്നു.
’’എഴുത്തച്ഛനു നേരിടേണ്ടി വന്ന പ്രാതികുല്യങ്ങൾ അദ്ദേഹത്തിന്റെ ആന്തരികമായ ഓജസ് വർധിപ്പിച്ചു. ഈ ശക്തിവിശേഷം അദ്ദേഹത്തിന് ജാതിപരമായ പതിത്യം ഇല്ലായിരുന്നെങ്കിൽ ലഭിക്കുമായിരുന്നില്ല.’’
പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യ പാദത്തിൽ ജനിച്ച് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എഴുത്തച്ഛന്റെ ജീവിതം ചരിത്രവും ഐതിഹ്യങ്ങളും കൂടിച്ചേർന്നതാണ്. തൃക്കണ്ടിയൂർ ക്ഷേത്രത്തിന് സമീപ തുഞ്ചൻ പറന്പ് എന്ന് ഇപ്പോൾ അറിയപ്പെടുന്ന സ്ഥലത്തായിരുന്നു ജന്മഗൃഹം. ബ്രാഹ്മണനല്ലാത്തതിനാൽ നാട്ടിൽനിന്നു പുറത്തു പോകേണ്ടി വന്ന അദ്ദേഹം ദീർഘകാലത്തെ ദേശാടനത്തിനു ശേഷം ചിറ്റൂരിലെത്തി സ്ഥിരതാമസമാക്കി.
കിളിപ്പാട്ട് സാഹിത്യ പ്രസ്ഥാനത്തിലൂടെ ഇതിഹാസങ്ങൾ സാധാരണക്കാരന് മനസിലാക്കാൻ പറ്റും വിധം രചിക്കുകയും അവയുടെ അർത്ഥങ്ങളും ആന്തരാർത്ഥങ്ങളും വർണ്ണിച്ച് മലയാളിമനസിൽ ചിരപ്രതിഷ്ഠ നേടുകയും ചെയ്ത മഹനീയ വ്യക്തിത്വം.
കിളിപ്പാട്ടുകളിൽ എഴുത്തച്ഛൻ ഉപയോഗിച്ചത് കാകളി വൃത്തമായിരുന്നു.എന്നാൽ കേക, അന്നനട, കളകാഞ്ചി എന്നിവയും അദ്ദേഹം ഉപയോഗിച്ചിരുന്നു. മലയാളിക്ക് അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട്, മഹാഭാഗവതം കിളിപ്പാട്ട്, ഉത്തരരാമായണം, ദേവി മഹാത്മ്യം, ഹരിനാമകീർത്തനം, ബ്രഹ്മാണ്ഡപുരാണം തുടങ്ങിയവ സംഭാവന ചെയ്തു. രാമായണ, മഹാഭാരത കഥകൾ മലയാളി മലയാളത്തിൽ വായിച്ചതും പഠിച്ചതും ഈ മഹാപ്രതിഭയിൽനിന്നാണ്.
തുഞ്ചൻസ്മാരകം
ഭാഷാപിതാവിന്റെ സ്മരണ നിലനില്ക്കാൻ 1961 ൽ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ള തറക്കല്ലിട്ട് തുടക്കം കുറിച്ച തുഞ്ചൻ പറന്പിലെ തുഞ്ചൻ സ്മാരകം ഇന്ന് മലയാളക്കരയിലെ ഏറ്റവും തലയെടുപ്പുള്ള സ്മാരകമാണ്. ഇവിടെ സരസ്വതി മണ്ഡപം, മലയാള സാഹിത്യ മ്യൂസിയം, ഗവേഷണ ഗ്രന്ഥശാല, താളിയോല ഗ്രന്ഥപ്പുര, സ്മാരക മണ്ഡപം, കാഞ്ഞിരമരം, കുളം, എഴുത്താണി, എഴുത്തോല, കളരിശേഷിപ്പുകൾ തുടങ്ങി ഒട്ടേറെ ചരിത്ര ശേഷിപ്പുകൾ.
ഭാഷാസ്നേഹികളും ഗവേഷകരും വിദ്യാർഥികളുമായി ഒട്ടേറെപ്പേർ ദിവസവും ഇവിടെയെത്തുന്നു. കൂടാതെ ഒട്ടേറെ സന്ദർശകരും.
എഴുത്തച്ഛൻ മലയാളത്തിന്റെ ഭാഷാ പിതാവെങ്കിൽ തുഞ്ചൻ പറന്പ് അറിവിന്റെ പാലാഴിയാണ്. ഇവിടത്തെ ഗ്രന്ഥപ്പുരയ്ക്കും സാഹിത്യ മ്യൂസിയത്തിനും തുല്യം നില്ക്കാൻ മറ്റൊന്നില്ലെന്നതാണ് യാഥാർത്ഥ്യം. കോഴിക്കോട് സർവ്വകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രമാണ് ഇവിടുത്തെ ഗ്രന്ഥശാല.
സാഹിത്യ മ്യൂസിയം
കേരളീയ വാസ്തുശില്പ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന സാഹിത്യ മ്യൂസിയ(കേരള ലിറ്റററി മ്യൂസിയം)ത്തെ തുഞ്ചൻ പറന്പിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാം. മലയാള അക്ഷരങ്ങളിലും അക്കങ്ങളിലും തുടങ്ങി ആധുനിക മലയാള സാഹിത്യത്തിന്റെ അത്യുന്നതി വരെ എത്തിക്കുന്ന ഒരു തീർത്ഥാടന കേന്ദ്രമാണിത്.
ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ മലയാള ഭാഷയെ യും അതിന്റെ വളർച്ചയെയും പരിണാ മത്തെയും വിശകലനം ചെയ്ത് കൊച്ചു കുട്ടികൾക്ക് പോലും വ്യക്തമായി മനസിലാകുന്ന വിധത്തിൽ അവതരിപ്പിക്കുന്ന ഈ മ്യൂസിയത്തിൽ പ്രശസ്തരും അല്ലാത്തവരുമായ എല്ലാ സാഹിത്യകാരൻമാരെയും പറ്റിയുള്ള വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റേയും പരിണാമവഴികളെ കണ്ടെത്തി മനസിൽ കുറിച്ചിടാൻ ഇവിടെ എത്തുന്നവർക്ക് സാധിക്കും. അക്ഷരങ്ങൾ, അക്കങ്ങൾ, അളവുകൾ തുടങ്ങി നിത്യജീവിതത്തിൽ നാം ഇടപെടുത്തുന്ന മിക്ക വസ്തുക്കളുടെയും മൂലകാരണങ്ങളുടെ വിവരങ്ങൾ, എഴുത്തുകാരുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, ചില ലേഖനങ്ങൾ, വിഷ്വൽ ക്ലിപ്പിംഗുകൾ ചിത്രങ്ങൾ തുടങ്ങി നിരവധി ഇനങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
മലയാളിയുടെ അഭിമാനമായ എം.ടി.വാസുദേവൻ നായരുടെ നേതൃത്വത്തിലുള്ള തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ സ്വപ്ന പദ്ധതിയായിരുന്നു തുഞ്ചൻ സാഹിത്യ മ്യൂസിയം. എല്ലാ അർഥത്തിലും തുഞ്ചൻപറന്പ് മലയാളിയുടെ അഭിമാന സ്തംഭം തന്നെയാണ്. അപൂർവ്വ പുസ്തകങ്ങൾ തുടങ്ങി സമകാലിക സാഹിത്യ സൃഷ്ടികൾ വരെയുള്ള ഇവിടത്തെ ഗ്രന്ഥശാലയിൽ പനയോലകളിലുള്ള പഴയ കാല കൈയ്യെഴുത്ത് പ്രതികൾ സൂക്ഷിച്ചിട്ടുണ്ട്.
ആന്റണി ആറിൽചിറ ചന്പക്കുളം