ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മിലൻ, എറണാകുളത്തെ സംഗീതാധ്യാപിക വൈഗ എന്നിവരുടെ ആലാപനഭംഗി ലോകം കേട്ടറിഞ്ഞത്. ഇപ്പോഴിതാ മലപ്പുറത്തുനിന്ന് ഒരു പാട്ട് മനസുകളിൽ സന്തോഷം നിറയ്ക്കുന്നു. ആ സന്തോഷം വൈറലാകുന്നു...
പത്താംക്ലാസിൽ ഒപ്പംപഠിച്ച പെണ്കുട്ടികൾക്കൊപ്പം പതിനെട്ടു കൊല്ലത്തിനിപ്പുറം ഒരു പാട്ടുപാടാൻ വിളിച്ചപ്പോൾ മുഹമ്മദലിക്ക് ചെറിയൊരു ചമ്മലുണ്ടായിരുന്നു. ഏഴു കൂട്ടുകാരികളുടെ കൂട്ടത്തിൽ പാട്ടിനു നേതൃത്വം കൊടുത്ത ഷബീനയും ഉമൈബയും മുഹമ്മദാലിക്കു ധൈര്യം പകർന്നു- ജിൽ ജിൽ ജിൽ, സിൽ സിൽ സിൽ, സ രി ഗ മ പ ധ നി സ എന്നൊക്കെയുള്ള ഇത്തിരിപ്പോന്ന ഭാഗങ്ങളേയുള്ളൂ പാടാൻ. മടിച്ചുമടിച്ച് സ്റ്റേജിൽ കയറിയ മുഹമ്മദാലി താഴത്തങ്ങാടി ആളങ്ങു സ്റ്റാറായി!
മലപ്പുറം അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ 1994 ബാച്ച് എസ്എസ്എൽസി വിദ്യാർഥികളുടെ സംഗമമായിരുന്നു വേദി. പാടാൻ അറിയുന്നവരും അറിയാത്തവരും പാടുക എന്നതാണല്ലോ പൊതുവേ പൂർവവിദ്യാർഥി സംഗമങ്ങളുടെ ഒരു പൊതു രീതി.
ഏറെ നീണ്ട ഇടവേളയ്ക്കു ശേഷം കഴിഞ്ഞ 23നായിരുന്നു ഇവരുടെ ഒത്തുചേരൽ. പരിപാടിയുടെ അവസാന ഇനമായിരുന്നു ഷബീന നസീമും ടി.ടി. ഉമൈബയും നയിച്ച സംഘഗാനം. അവസാനം ഒന്നടിച്ചുപൊളിക്കാം എന്നേ അവരുടെ മനസിലുണ്ടായിരുന്നുള്ളൂ.
ആരാരും മനസിൽനിന്ന്...
ടി.കെ. കുട്ട്യാലി എഴുതിയ ആരാരും മനസിൽനിന്നൊരിക്കലും മറക്കുവാൻ ആവാത്ത എന്നുതുടങ്ങുന്ന പ്രശസ്തമായ മാപ്പിളപ്പാട്ട് കൂട്ടുകാരികളുടെ ഏഴംഗസംഘം പാടിത്തുടങ്ങി. തോരണക്കമാലമിനാലും വൈദ്യുതി പ്രകാശമിനാലും എന്ന വരിക്കു ശേഷം ജിൽ ജിൽ ജിൽ എന്നു പാടി കോറസ് "ജില്ലാ'ക്കണം. ഒന്നുമടിച്ചെങ്കിലും കോറസ് പാടാൻ മുഹമ്മദലി സ്റ്റേജിൽ കയറി. ഒറ്റയ്ക്ക് ആ ഷോ പാട്ടുംപാടി അടിച്ചെടുക്കുകയും ചെയ്തു.
ഇരുട്ടിവെളുത്തപ്പോൾ മുഹമ്മദലി സോഷ്യൽ മീഡിയയിൽ താരം. പാട്ടു വൈറലായി. ലൈക്കും ഷെയറും പറപറന്നു. ചാനലുകളിലും പത്രങ്ങളിലും വാർത്ത. ശരിക്കും അടിപൊളി. കോറസ് പാടാൻ മുഹമ്മദലിയെ വിളിച്ചപ്പോൾ ഇങ്ങനെയൊന്ന് ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് ഷബീനയും ഉമൈബയും പറയുന്നു. താൻ കാരണമാണ് പാട്ട് വൈറലായതെന്ന് മുഹമ്മദലിയും!
ചിരിപ്പൂരം
മുഹമ്മദലിയുടെ ശൈലി എല്ലാവരെയും സന്തോഷിപ്പിക്കുന്നതാണ്. പൊതുവെ കണ്ടവരെയെല്ലാം കളിയാക്കുന്ന, പുതിയ ഭാഷയിൽ "എയറിൽ കയറ്റുന്ന' പരിപാടി അദ്ദേഹത്തിന്റെ നേർക്ക് ഉണ്ടായില്ല. പാടിത്തുടങ്ങിയപ്പോൾതന്നെ കൂട്ടുകാരെല്ലാം ചിരിതുടങ്ങിയിരുന്നു. ഗായകസംഘത്തിലെ കൂട്ടുകാരായ ബിജിമോൾ, ഫസീല, ഷമീറ, ഷൗഫില തുടങ്ങിയവരും ചിരിയിൽ മുങ്ങി. ഏതാണ്ട് ആറുമിനിറ്റു വരുന്ന പാട്ടു തീരുന്നതുവരെ മുഹമ്മദലിയുടെ സ-പ-സയും ജിൽ ജിൽ ജില്ലും തുടർന്നു. ഇന്റർനെറ്റിലും ചിരിപടർന്നു.
സംഗതി വൈറലായതോടെ ഗായകസംഘം കഴിഞ്ഞദിവസം ഒരിക്കൽക്കൂടി ഒരുമിച്ചുചേർന്നു. അഭിമുഖമെടുക്കാൻ ചാനലുകാരും എത്തി.
മാപ്പിളപ്പാട്ടു കലാകാരിയായ ഷൈജയുടെ അഭിനന്ദനവും ഗായകസംഘത്തിനു കിട്ടി. ഏതാനും വർഷങ്ങൾക്കുമുന്പ് ഈ പാട്ടുപാടിയിട്ടുണ്ട് ഷൈജ. താൻ പാടിയതിനേക്കാൾ ഹിറ്റായി സ്കൂൾ ഗ്രൂപ്പിന്റെ പാട്ടെന്നാണ് ഷൈജ ഉമൈബയോടു പറഞ്ഞത്.
എങ്ങുമാ ഭംഗിയിൽ
മുങ്ങി വിളങ്ങി
വിളങ്ങി മയങ്ങി
അരങ്ങലൊരുങ്ങി
അരങ്ങലൊരുങ്ങിയ
മംഗല പന്തല്...
പാട്ടു തിളങ്ങുന്നു., ചിരിയും.
ഹിറ്റായി പൂച്ചപ്പാട്ടും
സുല്ലമുസ്സലാം സ്കൂളിലെ പാട്ട് വൈറലാകുന്നത് ഇതാദ്യമല്ല. എട്ടാം ക്ലാസുകാരായ റംസീനും ദാർവിഷും ചേർന്ന് കഴിഞ്ഞമാസം ടീച്ചറുടെ യാത്രയയപ്പിനു പാടിയ പൂച്ചേ നിനക്കിന്നു മീനില്ല പൂച്ചേ എന്ന പാട്ടും ലക്ഷക്കണക്കിനു പേർ കണ്ടിരുന്നു.
ഒട്ടേറെപ്പേർ അന്നും അഭിനന്ദനങ്ങളുമായി എത്തി. പാട്ട് ഹിറ്റായതോടെ സ്കൂളിലെ സംഗീതാധ്യാപകന്റെ നേതൃത്വത്തിൽ ഈ പാരഡിപ്പാട്ടിന്റെ റീമിക്സും പുറത്തിറക്കിയിരുന്നു. എന്തായാലും പാട്ടുകൾ പൊട്ടിവിടരട്ടെ!
ഹരിപ്രസാദ്