യോദ്ധയിലെ നേപ്പാളിൽ ബിബിൻ ജോർജ്
Sunday, September 12, 2021 4:34 AM IST
“യോദ്ധായിൽ ലാലേട്ടനും ജഗതിച്ചേട്ടനും അഭിനയിച്ച രംഗങ്ങളിലെ ലൊക്കേഷനുകൾ ഇന്നും അതുപോലെയുണ്ട് നേപ്പാളിൽ. സാങ്കേതികത്വം മറ്റെല്ലാ മേഖലയിൽ സ്വീകരിക്കുന്പോഴും പാരന്പര്യത്തെ ഇന്നും പവിത്രമായി കാണുന്നവരാണ് നേപ്പാൾ ജനത”
ബിബിൻ ജോർജിനു നാലു വയസുള്ളപ്പോഴാണ് നേപ്പാളിലെ റിംപോചെയുടേയും കേരളത്തിൽനിന്നുമുള്ള അക്കുസേട്ടന്റെ കഥയും പറഞ്ഞ യോദ്ധ റിലീസാകുന്നത്. ഇന്നും മലയാളി പ്രേക്ഷകരുടെയുള്ളിൽ യോദ്ധായിൽ കണ്ട നേപ്പാളിന്റെ ഭൂമിക പരിചിതമാണ്. വർഷങ്ങൾക്കു ശേഷം ബിബിനും സംഘവും അതേ നേപ്പാളിന്റെ മണ്ണിൽ മറ്റൊരു കഥ പറയുകയാണ് ഇപ്പോൾ.
ബിബിൻ ജോർജും ധർമജനും ജോണി ആന്റണിയുമടങ്ങുന്ന സംഘം നേപ്പാളിൽനിന്നും തിരികെ എത്തിയപ്പോൾ സുഹൃത്തുക്കളും സഹപ്രവർത്തകരും ചോദിക്കുന്നത് യോദ്ധായിൽ കണ്ട നാടിനെക്കുറിച്ചാണ്. തിരക്കഥാകൃത്തായി കടന്നു വന്ന്, മലയാളത്തിന്റെ യുവ നായകനിരയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ബിബിൻ ജോർജ് പുതിയ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു...
തിരിമാലി
നേപ്പാളിലായിരുന്ന ഷൂട്ടിംഗ്. കോവിഡിന്റെ ഭീഷണയിലും ചിത്രം ഒരുക്കാൻ മുതിർന്ന നിർമാതാവിനാണ് ആദ്യത്തെ നന്ദി. കേരളത്തിൽ ലോക്ഡൗണ് തുടങ്ങിയ സമയത്താണ് ഞങ്ങൾ നേപ്പാളിലേക്ക് എത്തുന്നത്. അവിടെയും കോവിഡ് പ്രശ്നമുണ്ടായിരുന്നു. എങ്കിലും മികച്ച രീതിയിൽ ഷൂട്ടിംഗ് പൂർത്തിയാക്കാൻ സാധിച്ചു.
ജോണി ആന്റണി, ധർമജൻ ബോൾഗാട്ടി എന്നിവരടങ്ങുന്ന സംഘത്തിനൊപ്പമായിരുന്നു എന്റെയും ഷൂട്ടിംഗ്. ധർമജൻ ചേട്ടനെ വളരെ മുന്പു തന്നെ പരിചയമുണ്ട്. ജോണി ആന്റണി ചേട്ടനൊപ്പം ആദ്യമായാണ് ഒന്നിച്ചു പ്രവർത്തിക്കുന്നത്.
ഞാൻ പത്താം ക്ലാസിൽ പഠിക്കുന്പോണ് സിഐഡി മൂസയുടെ ചിത്രീകരണം വീടിനടുത്ത് നടക്കുന്നത്. അന്നു നമ്മൾ ആരാധനയോടെ കണ്ട സംവിധായകൻ ഇന്നെനിക്കൊപ്പം അഭിനയിക്കുന്പോൾ വളരെ ആഹ്ലാദവും അഭിമാനവും തോന്നി. മാർഗംകളി സിനിമ കഴിഞ്ഞപ്പോൾ എന്നെ വിളിച്ച് അഭിനന്ദിച്ച സംവിധായകരിൽ ഒരാളായിരുന്നു ജോണിച്ചേട്ടൻ.
മൂവർ സംഘം
ഷൂട്ടിംഗ് സമയത്ത് കോവിഡിന്റെ ഭീതിയും ധർമേട്ടൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ചൂടുമുണ്ടായിരുന്നെങ്കിലും ഞങ്ങൾ മൂന്നു പേരുടേയും കൂട്ടുകെട്ട് വളരെ രസകരമായിട്ടുണ്ടായിരുന്നു. എന്റെ കഥാപാത്രം കുറച്ചു ഗൗരവസ്വഭാവമുള്ളതാണ്. ധർമജൻ, ജോണി ആന്റണി കോന്പിനേഷൻ മുഴുനീള കോമഡി പശ്ചാത്തലത്തിലാണ് മുന്നേറിയത്.
അതു വളരെ ഫലപ്രദമായി വർക്കൗട്ടായിട്ടുണ്ട്. ഒരു മുഴുനീള ഹാസ്യ ചിത്രമെന്നു പറയുന്പോഴും ക്ലൈമാക്സിൽ വളരെ ആഴവും പരപ്പുമുള്ള പശ്ചാത്തലം ചിത്രത്തിലുണ്ട്. ലോട്ടറി വിൽപന നടത്തുന്ന ബേബി എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ അയാൾക്കു നേപ്പാളിലേക്കു പോകേണ്ടതായിവരുന്നു. ധർമജന്റെ കഥാപാത്രം ലോകം മുഴുവൻ സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന കഥാപാത്രമാണ്. ജോണിച്ചേട്ടൻ പലിശക്കാരനാണ്. ഇവർ മൂന്നുപേരും ചേർന്നുള്ള യാത്രയാണ് സിനിമയിൽ.
നേപ്പാൾ പരിചിതം
യോദ്ധായിൽ ലാലേട്ടനും ജഗതിച്ചേട്ടനും അഭിനയിച്ച പല രംഗങ്ങളിലെ ലൊക്കേഷനും ഇന്നും അതുപോലെ തന്നെയുണ്ട്. പടവുകളും വീടുകളും നിരത്തുകളുമെല്ലാം ഒരു മാറ്റവുമില്ലാതെ തുടരുന്നു. സാങ്കേതികത്വം മറ്റെല്ലാ മേഖലയിൽ സ്വീകരിക്കുന്പോഴും പാരന്പര്യത്തെ ഇന്നും പവിത്രമായി കാണുന്നവരാണ് നേപ്പാൾ ജനത. വെള്ളിത്തിരയിൽ കണ്ട യോദ്ധയിലെ ലൊക്കേഷനുകൾ നേരിട്ടു കണ്ടപ്പോൾ വളരെ സന്തോഷമാണ് തോന്നിയത്.
കഥാപാത്രങ്ങൾ തേടി വരുന്നു
സിനിമയിൽ നിലനിൽക്കാനാകുന്നു, കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്നു എന്നത് ഈശ്വരാനുഗ്രഹമാണ്. നായക കഥാപാത്രങ്ങൾ തേടിവരുന്നതിൽ വളരെ സന്തോഷമുണ്ട്. പക്ഷേ, വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. കഴിഞ്ഞ ദിവസം ഇഷ്ക് സിനിമയുടെ തിരക്കഥാകൃത്ത് രതീഷ് വിളിച്ചിട്ട്,
ബിബിൻ നായക കഥാപാത്രം മാത്രമേ ചെയ്യുകയുള്ളോ എന്നു ചോദിച്ചു. എന്തു കഥാപാത്രം ആയാലും ഞാൻ ചെയ്യും. അതിനൊരു ലൈഫ് ഉണ്ടാകണം, അതെന്തിനാ ചെയ്തത് എന്നു പ്രേക്ഷകർ ചോദിക്കരുത് എന്നു മാത്രമേയുള്ളു എന്നു പറഞ്ഞു. യമണ്ടൻ പ്രേമകഥയിൽ ദുൽഖറിന്റെ വില്ലൻ കഥാപാത്രമായതും അങ്ങനെയാണ്.
പുതിയ ചിത്രം
തിരിമാലിയുടെ അവസാന ഘട്ട ഷൂട്ടിംഗ് ഇനി കേരളത്തിലാണ്. അടുത്ത വാരം ആരംഭിക്കും. നവാഗത സംവിധായകനായ അൻസാരിയുടെ സിനിമയാണ് അടുത്തതായി ചെയ്യുന്നത്. ഇതിനൊപ്പം ഞാനും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധാനം ചെയ്യുന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ഞങ്ങളുടെ ആഗ്രഹവും ധൈര്യവുമാണ് സംവിധാനം ചെയ്യാം എന്നു പ്രേരിപ്പിച്ചത്. ഞങ്ങളുടെ സൗഹൃദത്തിലെ ഒരുപറ്റം കലാകാരന്മാരുടെ കൂട്ടായ്മയായിരിക്കും ആ സിനിമ.
ചെറിയ ബജറ്റിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും വിധത്തിൽ രസാവഹമായി കഥ പറയാനാണ് ശ്രമിക്കുന്നത്. സംവിധായകർ എന്ന നിലയിൽ ഞങ്ങളുടെ കയ്യൊപ്പ് അതിലുണ്ടാകണമെന്നും ആഗ്രഹിക്കുന്നു. എന്നേയും വിഷ്ണുവിനേയും സ്നേഹിക്കുന്ന ഒരു കൂട്ടം കലാകാരന്മാരുടെ ഇടമാണ് ഞങ്ങളുടെ സൗഹൃദം. ഞങ്ങൾ ഇപ്പോഴും ഈ സൗഹൃദ വലയത്തിലാണ് ജീവിക്കുന്നത്. ഒരു നിർമാതാവിനെ സംബന്ധിച്ചിടത്തോളം പുതുമുഖങ്ങളാകുന്പോൾ പ്രതീക്ഷിക്കുന്ന ബജറ്റിൽ ചിത്രം തീർക്കാനാകും. കോവിഡ് അനുവദിച്ചാൽ നവംബറിൽ ചിത്രം ആരംഭിക്കണമെന്നു പ്രതീക്ഷിക്കുന്നു.
സൗഹൃദത്തിന്റെ ശക്തി
എനിക്കും വിഷ്ണുവിനും പരസ്പരം ഇഷ്ടമുണ്ടെന്നതാണ് ഞങ്ങളുടെ സൗഹൃദം നിലനിർത്തുന്നത്. പരസ്പരം കുറവുകളും തെറ്റുകളും ചൂണ്ടിക്കാട്ടാനും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കിടയിലുണ്ട്.
ഒരു ദിവസത്തിൽ കൂടുതൽ ഞങ്ങളുടെ വഴക്കു നിലനിൽക്കില്ല. ഞങ്ങളുടെ സൗഹൃദ വലയത്തിൽ ഞാനും വിഷ്ണുവും പരസ്പരം സ്നേഹിക്കുന്നതു കാണാൻ മാത്രം ആഗ്രഹിക്കുന്നവരാണുള്ളത്. അതുകൊണ്ടു തന്നെ പുറത്തുനിന്നും ഞങ്ങൾക്കു സുഹൃത്തുക്കളുമില്ല. അതു തന്നെയാണ് ഞങ്ങളുടെ ആത്മവിശ്വാസവും.
ലിജിൻ കെ ഈപ്പൻ