ഒരു ഫ്ലാറ്റിന്റെ വില 447 കോടി രൂപ!
Sunday, September 22, 2019 2:42 AM IST
അമേരിക്കയിലെ മൻഹാട്ടനിലുള്ള സെൻട്രൽ ടവറിൽ താമസിക്കണമെങ്കിൽ ധൈര്യം മാത്രം പോരാ കീശയിൽ നല്ല കനവും വേണം. ലോകത്തെ ഏറ്റവും വലിയ റസിഡൻഷ്യൽ കെട്ടിടമാണ് സെൻട്രൽ പാർക്ക്. ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ പാർക്കായ സെൻട്രൽ പാർക്കിനെ അനുസ്മരിപ്പിക്കുന്ന സെൻട്രൽ പാർക്ക് ടവർ എന്നാണ് പുതിയ ടവറിന് നൽകിയിരിക്കുന്ന പേര്. പ്രമുഖ റിയൽ എസ്റ്റേറ്റ് കന്പനി എക്സ്ടെലാണ് ടവർ നിർമാണത്തിന് പിന്നിൽ.
1,550 അടിയാണ് കെട്ടിടത്തിന്റെ ഉയരം. 112 നിലകളിലായി 179 ഫ്ളാറ്റുകളാണുള്ളത്. താമസിക്കാനുള്ള ഒരു കെട്ടിടത്തിന് ഇത്രയും വലിയ ഉയരം പുതിയ ചരിത്രമാണ്.വെസ്റ്റ് 57 സ്ട്രീറ്റിനും കൊളംബസ് സർക്കിളിനും അടുത്താണ് ഈ ടവർ സ്ഥിതി ചെയ്യുന്നത്. 6000 സ്ക്വർ ഫീറ്റ് എയർറൈറ്റ്സും എക്സ്ടെൽ സ്വന്തമാക്കിയിട്ടുണ്ട്. 21,000 കോടി രൂപ മുടക്കിയാണ് ടവർ പൂർത്തീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
447 കോടി രൂപയാണ് ടവറിന്റെ മുകൾ നിലയിലുള്ള അഞ്ച് ബെഡ് റൂമുകളുള്ള ഫ്ളാറ്റിന്റെ വില. 48 കോടി രൂപ മുടക്കിയാൽ 33-ാമത്തെ നിലയിലുള്ള രണ്ട് ബെഡ് റൂം ഫ്ളാറ്റ് സ്വന്തമാക്കാം. റീട്ടെയ്ൽ ഷോപ്പിങ് ഉൾപ്പെടെ നടത്താൻ സജ്ജീകരണങ്ങളുള്ളതാണ് ടവർ. ന്യൂയോർക്ക് സിറ്റിയിലെ ഏറ്റവും എലിവേഷനുള്ള സ്വകാര്യ ക്ലബ്ബും സെൻട്രൽ പാർക്ക് ടവറിലുണ്ട്.
-എസ്ടി