നെല്ലി ഹാർപ്പർ ലീ (1926-2016) എന്ന അമേരിക്കൻ നോവലിസ്റ്റ് എഴുതിയ അവിസ്മരണീയമായ ഒരു നോവലാണ് "ടു കിൽ എ മോക്കിംഗ് ബേർഡ്.' നോവലിനുള്ള 1960 ലെ പുലിറ്റ്സർ സമ്മാനം നേടിയ ഈ കൃതിയുടെ അന്പതു ലക്ഷത്തോളം കോപ്പികൾ ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇതേ പേരിൽത്തന്നെ 1963ൽ പുറത്തിറങ്ങിയ സിനിമ ഗ്രിഗറി പെക്കിനു നല്ല നടനുള്ള ഓസ്കർ അവാർഡ് നേടിക്കൊടുത്തതുൾപ്പെടെ എട്ട് ഓസ്കർ അവാർഡുകൾ സ്വന്തമാക്കി. ഈ നോവലിന്റെ പരിഭാഷ ഇതിനകം നാല്പതു ഭാഷകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഏബ്രഹാം ലിങ്കൺ പ്രസിഡന്റായിരുന്നപ്പോൾ അമേരിക്കയിലെ അടിമത്ത വ്യവസ്ഥിതി 1863 ജനുവരി ഒന്നിന് അവസാനിപ്പിച്ചതാണ്. എന്നാൽ, അതുകൊണ്ട് അമേരിക്കയുടെ ചില ഭാഗങ്ങളിൽ കറുത്ത വർഗക്കാരോടുള്ള വിവേചനത്തിനും വിദ്വേഷത്തിനും വലിയ മാറ്റമൊന്നും സംഭവിച്ചില്ല. അങ്ങനെയൊരു സ്ഥലമായിരുന്നു അമേരിക്കയിലെ ഒരു തെക്കൻ സംസ്ഥാനമായ അലബാമ.
അലബാമയിൽ ജനിച്ച ഹാർപ്പർ ലീ തന്റെ സംസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നോവലിലെ കഥാപാത്രങ്ങളെ മെനഞ്ഞെടുത്തിരിക്കുന്നത്.
നിരപരാധി, പക്ഷേ
കഥ നടക്കുന്നതു ഹാർപ്പർ ലീയുടെ ഭാവനാസൃഷ്ടിയായ മേക്കോന്പ് എന്ന പട്ടണത്തിലാണ്. കഥ ഇതൾവിടർത്തുന്നതാകട്ടെ ഒരു മാനഭംഗക്കേസിനെ ചുറ്റിപ്പറ്റിയും. ഈ മാനഭംഗക്കേസിലെ ഇര ഒരു വെള്ളക്കാരിയും പ്രതി കറുത്തവംശജനായ ഒരുവനും. പ്രതിയുടെ പേര് ടോം റോബിൻസൺ.
അന്യായമായി കുറ്റം ചുമത്തപ്പെട്ട റോബിൻസൺ നിരപരാധിയാണെങ്കിലും കോടതിയിൽ തന്റെ നിരപരാധിത്വം സ്ഥാപിക്കേണ്ടതായിട്ടുണ്ട്. അതിനായി നിയോഗിക്കപ്പെട്ട വക്കീലാണ് ആറ്റിക്കസ് ഫിഞ്ച് എന്ന വെള്ളക്കാരൻ. ഈ വക്കീലിന്റെ രണ്ടു മക്കളിൽ ഒരാളായ സ്കൗട്ടാണ് നോവലിൽ കഥ പറയുന്നത്.
സത്യനിഷ്ഠയും സ്വഭാവമഹിയുമൊക്കെയുള്ള വക്കീലാണ് ഫിഞ്ച്. എങ്കിലും റോബിൻസണു നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ അദ്ദേഹത്തിനു വിജയിക്കാനായില്ല. മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട റോബിൻസൺ ജയിൽചാടി രക്ഷപ്പെടാൻ ശ്രമിക്കുന്പോൾ വെടിയേറ്റു കൊല്ലപ്പെടുകയും ചെയ്തു.
ലളിതമായ ഒരു കഥയാണ് നോവലെഴുത്തുകാരി ഹാർപ്പർ ലീ പറയുന്നതെങ്കിലും ഈ കഥയിലൂടെ സമൂഹത്തിലെ വർഗീയ അനീതിയും ആളുകളുടെ മുൻവിധിയും പക്ഷപാതപരമായ പെരുമാറ്റവുമൊക്കെ സുദീർഘമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിനിടയിൽ, ഫിഞ്ചിന്റെ മക്കളായ ജെമ്മിന്റെയും സ്നക്ട്ടിന്റെയും കഥയിലൂടെ അവർ എങ്ങനെ ധാർമികതയിൽ വളരുന്നുവെന്നും വ്യക്തമാക്കുന്നു.
ജീവിതത്തിന്റെ സമഗ്ര മേഖലകളിലും മുൻവിധിയോടെയും പക്ഷപാതപരമായും പ്രവർത്തിക്കുന്നവരാണ് മേക്കോന്പ് പട്ടണത്തിലെ ഭൂരിഭാഗവും വെള്ളക്കാർ. അവരുടെയിടയിലാണ് വെള്ളക്കാരനായ ഫിഞ്ച കറുത്ത വർഗക്കാരനായ റോബിൻസണു നീതിയുറപ്പാക്കാൻ ശ്രമിക്കുന്നത്. ഈ പോരാട്ടത്തിനു ദൃക്സാക്ഷികളാണ് ഫിഞ്ചിന്റെ രണ്ടു മക്കളും.
റോബിൻസണു വേണ്ടി നിയമപോരാട്ടം തുടരുന്ന കാലത്ത് ഒരു അവസരത്തിൽ ഫിഞ്ച് തന്റെ മക്കളോട് പറയുകയാണ്: "മറ്റുള്ളവരെ അവരുടെ വീക്ഷണകോണിലൂടെ നോക്കുന്പോഴാണ് അവരെ ശരിക്കും നാം മനസിലാക്കുന്നത്.'
എന്തിനാണ് മറ്റുള്ളവരെ അവരുടെ വീക്ഷണകോണിൽ നോക്കിക്കാണാൻ ഫിഞ്ച് പഠിപ്പിച്ചത്? അവർ ആയിരിക്കുന്ന രീതിയിൽ അവരെ മനസിലാക്കാൻ. അടിച്ചമർത്തപ്പെടുന്നവരും അനീതി അനുഭവിക്കുന്നവരുമാണ് അവരെങ്കിൽ സഹാനുഭൂതിയോടെ അവരോടു പെരുമാറാൻ. മുൻവിധികളൊക്കെ ദൂരെയെറിഞ്ഞ് അവരും മനുഷ്യരാണെന്ന യാഥാർഥ്യം മനസിലാക്കാൻ. അതുവഴി, മനുഷ്യോചിതമായി അവരോടു പെരുമാറാൻ... മേക്കോന്പ് പട്ടണത്തിലുള്ളവർക്കു സാധിക്കാതെ പോയത് അതായിരുന്നു. അവർ കറുത്തവംശജരെ മനുഷ്യരായി കാണാൻ വിസമ്മതിച്ചു. അവർക്കു നീതി നിഷേധിച്ചു.
ഇതു മേക്കോന്പ് പട്ടണവാസികളുടെ മാത്രം കഥയല്ല. വംശ-വർണ-വർഗ വ്യത്യാസങ്ങളുടെ പേരിലും മതത്തിന്റെ പേരിലുമൊക്കെ ആരൊക്കെ മുൻവിധിയോടെയും പക്ഷപാതപരമായും ശത്രുതയോടെയുമൊക്കെ പെരുമാറുന്നുവോ അവരൊക്കെ മേക്കോന്പ് പട്ടണത്തിലെ അംഗങ്ങളാകാൻ യോഗ്യരാണ്.
മറ്റുള്ളവരെ കാണേണ്ടത്
മറ്റുള്ളവരെ അവരുടെ വീക്ഷണകോണിൽക്കൂടി കാണാൻ ശ്രമിച്ചാൽ അവരെ നന്നായി മനസിലാക്കാൻ സാധിക്കും. തന്മൂലം, അവർ നമ്മുടെ സഹാനുഭൂതിക്കും സഹായത്തിനും അർഹരാണെങ്കിൽ അപ്രകാരം ചെയ്യാനാകും. അതോടൊപ്പം, വിവേകപൂർവം വേണ്ട മുൻ കരുതലോടെ പ്രവർത്തിക്കാനും സാധിക്കും.
ഉദാഹരണമായി, നമ്മെ തകർക്കുകയാണു മറ്റു ചിലരുടെ ലക്ഷ്യമെങ്കിൽ അതു മനസിലാക്കാനും അവരുടെ വീക്ഷണകോണിൽകൂടി കാര്യങ്ങൾ നാം വീക്ഷിച്ചേ മതിയാകൂ. അപ്പോൾ മാത്രമേ ധാർമികത വെടിയാതെ അവരോടു പോരാടാൻ നമുക്കു സാധിക്കൂ. ആ പോരാട്ടമാകട്ടെ, നമ്മുടെയും അവരുടെയും നന്മ ലക്ഷ്യംവച്ചുകൊണ്ടുകൂടിയാകണം.
എളുപ്പമല്ല ഈ പോരാട്ടം. എങ്കിലും, അതായിരിക്കണം നമ്മുടെ ലക്ഷ്യം. കാരണം ശത്രുക്കളെ സ്നേഹിക്കാനും അവർക്കുവേണ്ടി പ്രാർഥിക്കാനുമാണു ദൈവപുത്രനായ യേശുനാഥൻ പഠിപ്പിച്ചിരിക്കുന്നത്. അതു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ