ലോകത്തിലെ വിവിധ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ഒരു പുസ്തകമാണ് "ദ മാൻ ഹു പ്ലാൻഡ് ട്രീസ്.' ഫ്രഞ്ച് ഗ്രന്ഥകാരനായ ജീൻ ജിയാമോ(1895-1970) ഈ ഗ്രന്ഥം രചിച്ചതു തന്റെ മാതൃഭാഷയിലായിരുന്നെങ്കിലും ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് അതിന്റെ ഇംഗ്ലീഷ് വിവർത്തനമായിരുന്നു.
1953ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥത്തെ ആധാരമാക്കി കനേഡിയൻ ഷോർട്ട് ഫിലിം നിർമാതാവായ ഫ്രെഡറിക് ബാക് ഒരു ആനിമേറ്റഡ് ഫിലിം നിർമിച്ചു. ഈ ചിത്രത്തിന് 1988ൽ ആനിമേറ്റഡ് ഷോർട്ട് ഫിലിം കാറ്റഗറിയിൽ ഓസ്കർ അവാർഡ് ലഭിക്കുകയും ചെയ്തു. ഈ ഗ്രന്ഥത്തെ ആധാരമാക്കി 2006ൽ ഒരു പപ്പറ്റ് ഷോയും ആവിഷ്കരിച്ചു.
കഥ തുടങ്ങുന്നു
ഇനി ഈ പുസ്തകത്തിന്റെ കഥയിലേക്കു കടക്കട്ടെ. കഥ ആരംഭിക്കുന്നത് 1913ൽ. കഥ പറയുന്നതാകട്ടെ ഒരു ചെറുപ്പക്കാരനും. അയാൾ ഫ്രാൻസിലെ പ്രോവൻസ് പ്രദേശത്തുനിന്ന് ആൽപ്സ് പർവതനിരയിലൂടെ കാൽനടയായുള്ള ദീർഘ വിനോദസഞ്ചാരത്തിന് പുറപ്പെട്ടു.
യാത്രക്കിടയിൽ അയാൾ ആൾത്താമസമില്ലാത്ത കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്ന ഒരു താഴ്വരയിൽ എത്തി. കൈവശം സൂക്ഷിച്ചിരുന്ന കുടിവെള്ളം തീർന്നുപോയതിനാൽ ദാഹജലം തേടി അയാൾ ആ താഴ്വരയിലൂടെ നടന്നു. ആ അന്വേഷണത്തിനിടയിൽ അയാൾ ഒരു ആട്ടിടയനെ കണ്ടെത്തി. എൽഡിയേർഡ് ബോഫിയ എന്ന ആ ആട്ടിടയൻ ചെറുപ്പക്കാരനു ദാഹജലവും ഭക്ഷണവും നൽകി.
ഇതിനിടയിൽ ചെറുപ്പക്കാരൻ ഒരു കാര്യം മനസിലാക്കി. അയാൾ ഒരു സാധാരണ ആട്ടിടയൻ മാത്രമായിരുന്നില്ല. ഭാര്യ മരിച്ചതിനു പിന്നാലെ ഒരു സാഹസത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു. ജനവാസമില്ലാത്ത ആ താഴ്വര നിറയെ മരങ്ങൾ വച്ചുപിടിപ്പിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം.
അതിനായി, ഓക്കുമരത്തിന്റെയും മറ്റു ചില വൃക്ഷങ്ങളുടെയും കായ്കൾ കൊണ്ടുവന്ന് അവ ആ താഴ്വരയിൽ ഉടനീളം അയാൾ കുഴിച്ചിട്ടു.പർവത നിരകളിലൂടെയുള്ള കാൽനടയാത്ര കഴിഞ്ഞു ചെറുപ്പക്കാരൻ മടങ്ങി വീട്ടിലെത്തി. കുറെനാൾ കഴിഞ്ഞപ്പോൾ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചു.
അപ്പോൾ അയാൾക്കും യുദ്ധത്തിൽ പങ്കെടുക്കേണ്ടി വന്നു. യുദ്ധത്തിൽ മുറിവേറ്റ അയാൾ തകർന്ന മനസോടെയാണ്1920ൽ നാട്ടിൽ തിരിച്ചെത്തിയത്. ഈ അവസരത്തിൽ അയാൾ വീണ്ടും ആൽപ്സിൽ ഹൈക്കിംഗിനു പോയി. അങ്ങനെ, വീണ്ടും ആട്ടിടയനെ കണ്ടുമുട്ടിയ താഴ്വരയിലെത്തി.
അപ്പോൾ, അദ്ഭുതമെന്നപോലെ, താഴ്വര മുഴുവൻ മരങ്ങൾകൊണ്ടു നിറഞ്ഞുനിന്നിരുന്നു. അതോടൊപ്പം പലേടങ്ങളിലും നീർച്ചാലുകളും പൂക്കളും പൂന്പാറ്റകളുമൊക്കെ. ആ താഴ്വരയുടെ ഭംഗി ആസ്വദിച്ചു നടക്കുന്പോൾ തന്റെ മനസിലെ മുറിവുകൾ ഉണങ്ങുന്നതായി അയാൾക്കു തോന്നി. ഹൃദയം ഒരു പ്രത്യേക സന്തോഷംകൊണ്ടു നിറഞ്ഞു.
പിന്നീട്, ആ താഴ്വര സന്ദർശിക്കുന്നത് അയാളുടെ പതിവായി മാറി. കാലം കുറെ കഴിഞ്ഞതോടെ ആ താഴ്വരയിൽ വീണ്ടും ജനവാസമാരംഭിച്ചു. അതോടെ, ആ താഴ്വരയിലെ മരങ്ങൾ സംരക്ഷിക്കാൻ ഗവൺമെന്റും മുന്നോട്ടുവന്നു. എന്നാൽ, ഗവൺമെന്റിന്റെ പല പ്രഖ്യാപനങ്ങളും കടലാസിൽ ഒതുങ്ങിനിന്നതേയുള്ളൂ. ആട്ടിടയന്റെ നിരന്തര പരിശ്രമമാണ് ആ താഴ്വരയെ എന്നും പച്ചകെടാതെ നിലനിർത്തിയത്.
താഴ്വരയ്ക്കു പുതുജീവൻ
കഥ പറയുന്ന ചെറുപ്പക്കാരൻ 1945ലാണ് അവസാനമായി താഴ്വര സന്ദർശിക്കുന്നത്. അപ്പോഴേക്കും ആ താഴ്വാരയിലെ ജനസംഖ്യ പതിനായിരമായി വർധിച്ചിരുന്നത്രേ. 1947ൽ ആട്ടിടയൻ മരിക്കുന്നതോടെ കഥ അവസാനിക്കുന്നു.
ഈ കഥയിൽ പറയുന്ന കാര്യങ്ങൾ അതുപോലെ സംഭവിച്ചതാണോ? ആദ്യമാദ്യം ഈ കഥ വായിച്ചവരൊക്കെ ഇതു യഥാർഥ സംഭവകഥയാണെന്നാണു വിശ്വസിച്ചിരുന്നത്. തന്മൂലം, മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിലും പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും അതു പലർക്കും പ്രചോദനമായി. പ്രകൃതിയുടെ സംരക്ഷണം മനുഷ്യന്റെ നന്മയ്ക്ക് ഉപകരിക്കുന്നുവെന്ന ബോധ്യവും അതു സൃഷ്ടിച്ചു.
താൻ അനുഭവത്തിൽനിന്നു വിവരിച്ച കഥയാണതെന്നു പലരും വിശ്വസിച്ചതുകൊണ്ട് ആ ധാരണ തിരുത്താൻ ജിയാനോ ആദ്യം തയാറായില്ല. എന്നാൽ, പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു നാലു വർഷത്തിനു ശേഷം അദ്ദേഹം ഗവൺമെന്റ് അധികാരികൾക്ക് എഴുതി: ""നിങ്ങളെ നിരാശപ്പെടുത്തുന്നതിൽ എനിക്കു ഖേദമുണ്ട്. കഥയിലെ ആട്ടിടയൻ വെറും ഭാവനാസൃഷ്ടിയാണ്. മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനും അങ്ങനെ പ്രകൃതിസംരക്ഷണം ഉറപ്പുവരുത്തുന്നതിനും എല്ലാവരെയും പ്രേരിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം.''
ജിയാനോയുടെ ലക്ഷ്യം ഏറെക്കുറെ വിജയിച്ചു. പ്രകൃതിസംരക്ഷണം ഉറപ്പുവരുത്തുന്ന കാര്യത്തിൽ അദ്ദേഹത്തിന്റെ കഥ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. നമ്മുടെയിടയിലും ഈ കഥ ക്രിയാത്മകമായ ചലനങ്ങൾ സൃഷ്ടിക്കുകതന്നെ വേണം. കാരണം, നമുക്കാവശ്യമായ ശുദ്ധവായുവും സ്ഫടികനിർമലമായ ജലവും ലഭിക്കണമെങ്കിൽ പ്രകൃതിസംരക്ഷണം നമുക്കുകൂടിയേ തീരൂ.
എന്നാൽ, ആട്ടിടയന്റെ ഈ കഥ വ്യക്തമാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അതായത്, ഒരു മനുഷ്യന് എന്തു മാത്രം നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നതാണ്. ആൽപ്സ് പർവതനിരയിലെ ആ താഴ്വരയ്ക്കു നവജീവൻ നല്കുക എന്നതു സാധാരണ രീതിയിൽ അസാധ്യമായ കാര്യമായിരുന്നു. എന്നാൽ, ഓരോ ദിവസവും തനിക്കു സാധിക്കുന്നതു പോലെ, ആ താഴ്വര മുഴുവനും വിവിധ മരങ്ങളുടെ കായ്കൾ ശേഖരിച്ചു കുഴിച്ചിടാൻ അയാൾ ശ്രദ്ധിച്ചു.
ആ കായ്കൾ മുളച്ചുവളർന്നപ്പോൾ, തന്റെ ആടുകൾ അവ തിന്നു നശിപ്പിക്കുന്നത് അയാൾ ശ്രദ്ധിച്ചു. അപ്പോൾ, ആടുകളെ മുഴുവൻ വിറ്റ് അയാൾ തേനീച്ച വളർത്തുന്ന ജോലി ആരംഭിച്ചു. അങ്ങനെ മരച്ചെടികളെ സംരക്ഷിക്കാൻ അയാൾക്കു സാധിച്ചു, ആ താഴ്വരയിലുടെനീളം പൂച്ചെടികളും പൂമരങ്ങളും വച്ചുപിടിപ്പിച്ചു മനോഹരമാക്കാനും.
നമ്മുടെയോ സമൂഹത്തിന്റെയോ രാജ്യത്തിന്റെയോ നന്മയ്ക്കുവേണ്ടി ഒന്നും ചെയ്യാൻ സാധിക്കുകയില്ല എന്നായിരിക്കും നാം പലപ്പോഴും കരുതുക. എന്നാൽ, സമൂഹനന്മയ്ക്കായി നമുക്കും ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നതാണ് വസ്തുത.
അതിനുള്ള ആദ്യപടിയായി, നമ്മുടെ വീടും പരിസരവും മാത്രമല്ല, തെരുവീഥികളും പൊതുസ്ഥലങ്ങളുമൊക്കെ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്ന ഉദ്യമത്തിൽ പങ്കുചേരാം. ഇതു ബുദ്ധിമുട്ടാണെങ്കിൽ, നാം മൂലം തെരുവീഥികളും പൊതുസ്ഥലങ്ങളും വൃത്തിഹീനമാക്കില്ലെന്നു ഉറപ്പുവരുത്താനെങ്കിലും ശ്രമിക്കാം. അപ്പോൾ, മനസിലാക്കാൻ സാധിക്കും നമുക്കു ചെയ്യാൻ സാധിക്കുന്ന നന്മകൾ നാം വിചാരിക്കുന്നതിലും എത്രയോ അധികം ആണെന്ന കാര്യം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ