ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം നടത്തി ജീവിക്കാനുള്ള വക കണ്ടെത്തണമെന്നായിരുന്നു സന്യാസികൾക്കു ശ്രീബുദ്ധൻ നൽകിയിരുന്ന നിർദേശം. അന്നത്തെ ദിവസം ആദ്യം എത്തിയ വീടിന്റെ ഉമ്മറത്തുനിന്നു ചെന്ന വിളിച്ചുപറഞ്ഞു: ""അമ്മേ, ഭിക്ഷയായി എന്തെങ്കിലും തരണേ.''
അപ്പോൾ അകത്തുനിന്നു ചവിട്ടിത്തെറിപ്പിച്ച് ഒരു സ്ത്രീ വന്നു കനത്ത ശബ്ദത്തിൽ പറഞ്ഞു: ""ഇവിടെ ഭക്ഷണം ഒന്നും ഇരിപ്പില്ല. വേഗം സ്ഥലംവിട്ടോളൂ.'' ആ സ്ത്രീ ഭർത്താവുമായി ശണ്ഠകൂടിയിട്ട് നിമിഷങ്ങൾ കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. ചെന്ന നിന്നിടത്തുനിന്നു മാറാതെ വീണ്ടും പറഞ്ഞു: ""അമ്മേ, ഭിക്ഷ തരൂ!''
ഉടനെ കോപാകുലയായി ആ സ്ത്രീ പറഞ്ഞു: ""ഇയാൾക്കു ചെവി കേൾക്കില്ലേ. ഇവിടെ ഭക്ഷണമൊന്നും ഇരിപ്പില്ലെന്നു ഞാൻ പറഞ്ഞതല്ലേ. എന്നെ വീണ്ടും ദേഷ്യപ്പെടുത്താതെ സ്ഥലം കാലിയാക്കൂ.'' അപ്പോഴും നിന്നിടത്തുനിന്നു ചെന്ന അനങ്ങിയില്ല. ""അമ്മേ, ഭിക്ഷ തരൂ,'' ആ ചെറുപ്പക്കാരൻ വീണ്ടും യാചിച്ചു.
കാലിൽ വീഴുന്നു
""നിങ്ങൾക്ക് ആത്മാഭിമാനമില്ലേ?'' ആ സ്ത്രീ പൊട്ടിത്തെറിച്ചു. ""ഇവിടെ ഭക്ഷണമില്ല എന്നു പറഞ്ഞിട്ടും നിങ്ങൾ എന്താണ് പോകാത്തത്? ആരോഗ്യവാനായ ചെറുപ്പക്കാരനല്ലേ നിങ്ങൾ? ലജ്ജയില്ലേ നിങ്ങൾക്കു ഭിക്ഷതെണ്ടാൻ? '' അതിവേഗം ഇവിടെനിന്നു മാറിയില്ലെങ്കിൽ, ആ സ്ത്രീ പറഞ്ഞതു പൂർത്തിയാക്കാതെ ചെന്നയുടെ കണ്ണിൽ തുറിച്ചുനോക്കി.
ചെന്ന അവിടെനിന്നു നിശബ്ദനായി നടന്നകന്നു. ചെന്ന പോയിക്കഴിഞ്ഞപ്പോൾ ആ സ്ത്രീയുടെ കോപം തണുത്തു. പെട്ടെന്ന്, അവർക്കു പശ്ചാത്താപം തോന്നി. അവർ വേഗം ചെന്നയുടെ പിന്നാലെ ചെന്ന് ചോദിച്ചു: ""ഞാൻ നിങ്ങളോടു വല്ലാതെ ദേഷ്യപ്പെട്ടിട്ടും നിങ്ങൾ ഒരു ദേഷ്യവാക്കു പോലും തിരിച്ചുപറഞ്ഞില്ലല്ലോ.'' ഉടനെ ചെന്ന പറഞ്ഞു: ""മൂന്നു പ്രാവശ്യം വരെ ഒരാളോടു ഭിക്ഷ യാചിക്കണം എന്നാണു ഞങ്ങളുടെ നിയമം. ഞാൻ ആ നിയമം പാലിക്കാനാണു ശ്രമിച്ചത്.''
ചെന്ന പറയുന്നത് ആ സ്ത്രീ ശ്രദ്ധാപൂർവം കേട്ടുനിൽക്കുന്പോൾ ആ ചെറുപ്പക്കാരൻ തുടർന്നു: ""നിങ്ങളുടെ കൈവശം ഒരു സ്വർണനാണയമുണ്ടെന്നു കരുതുക. അതു നിങ്ങൾ ഒരാൾക്കു കൊടുക്കാൻ ശ്രമിക്കുന്നു. എന്നാൽ, അയാൾ അതു സ്വീകരിക്കുന്നില്ല. അപ്പോൾ, ആ സ്വർണനാണയം ആരുടേതായിരിക്കും?'' അത് എന്റേതുതന്നെയായിരിക്കും, ആ സ്ത്രീ മറുപടി പറഞ്ഞു.
""അതുപോലെ, നിങ്ങൾ എന്നോടു കോപിച്ചപ്പോൾ ഞാൻ അതിനോട് അല്പംപോലും പ്രതികരിച്ചില്ല. അപ്പോൾ, നിങ്ങൾ പറഞ്ഞവ നിങ്ങളിൽത്തന്നെ നിലനിൽക്കുകയില്ലേ.'' ചെന്ന ചോദിച്ചു. ആ ചോദ്യത്തിനുള്ള ഉത്തരമെന്നവണ്ണം ആ സ്ത്രീ ചെന്നയുടെ കാൽക്കൽവീണു മാപ്പപേക്ഷിക്കുകയാണു ചെയ്തത്.
കോപിക്കുന്ന ഒാരോ മിനിറ്റിലും
കറുത്ത വംശജരുടെയിടയിൽനിന്ന് അമേരിക്കയിൽ ഒരു സംസ്ഥാനത്ത് ആദ്യമായി ഗവർണറായി 1990ൽ തെരഞ്ഞെടുക്കപ്പെട്ട നേതാവാണു ലോറൻസ് ഡഗ്ലസ് വൈൽഡർ. അദ്ദേഹം പറയുന്നു: ""കോപം ഒന്നും നേടിത്തരുന്നില്ല. അതു ഒന്നും കെട്ടിപ്പടുക്കുന്നില്ല. പ്രത്യുത, എല്ലാം നശിപ്പിക്കാൻ അതിനു ശക്തിയുണ്ട്.''
പരാതി പറയാനും കോപിക്കാനുമായിരുന്നെങ്കിൽ കറുത്തവംശജനായ അദ്ദേഹത്തിന് ഒത്തിരി കാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, വിവേകപൂർവം അദ്ദേഹം ആ പാത തെരഞ്ഞെടുത്തില്ല. അതിനു പകരം, ക്ഷമാശീലമാണു നന്മയ്ക്ക് ഉപകരിക്കുന്നത് എന്നു മനസിലാക്കി അതു തെരഞ്ഞെടുത്തു. ആദ്യം കൊടുത്തിരിക്കുന്ന കഥയിലെ ബുദ്ധസന്യാസി തെരഞ്ഞെടുത്തതും ക്ഷമാശീലത്തിന്റെ പാതതന്നെയായിരുന്നു.
തൊട്ടതിനും പിടിച്ചതിനും കോപിക്കുന്നവരാണോ നമ്മൾ? ദേഷ്യം അടക്കാൻ സാധിക്കാതെ കണ്ണിൽ കാണുന്നതെല്ലാം തച്ചുടയ്ക്കുന്നവരുടെ ഗണത്തിലാണോ നമ്മൾ? എന്നാൽ, നമ്മുടെ സ്ഥിതി അതിശോചനീയംതന്നെ. കാരണം, നമുക്ക് ഏറെ ആവശ്യമായിരിക്കുന്ന മനഃസമാധാനം നമുക്കു നഷ്ടമാകുന്നു. ചിന്തകനും എഴുത്തുകാരനുമായിരുന്ന റാൾഫ് വാൾഡോ എമേഴ്സൺ എഴുതുന്നു: ""നാം കോപിക്കുന്ന ഓരോ മിനിറ്റിലും അറുപതു സെക്കൻഡ് വീതം നമ്മുടെ മനഃസമാധാനം നമുക്കു നഷ്ടപ്പെടുന്നു.''
എമേഴ്സൺ എഴുതിയിരിക്കുന്നതു ശരിയല്ലേ? ആരോടെങ്കിലും കോപിച്ചതിന്റെ പേരിൽ നമുക്കു മനഃസമാധാനം ലഭിച്ചിട്ടുണ്ടോ? നേരേമറിച്ച്, അതു നമ്മുടെ മനഃസമാധാനം കെടുത്തുകയല്ലേ ചെയ്യുന്നത്. ആരെങ്കിലും നമ്മോടു കോപിക്കുകയാണെന്നു കരുതുക. അപ്പോൾ, അതിന് ഉരുളയ്ക്ക് ഉപ്പേരി കണക്ക് തിരിച്ചടിച്ചാൽ നമുക്കു സമാധാനം ലഭിക്കുമോ? ഒരിക്കലുമില്ല.
നമ്മോടു കോപിക്കുന്നവരോടു തിരിച്ചു രണ്ടു കൊടുത്താൽ നമുക്ക് ആശ്വാസമാകും എന്നാകും നാം കരുതുക. എന്നാൽ, ദൈവവചനം പറയുന്നു: ""സൗമ്യമായ മറുപടി ക്രോധം ശമിപ്പിക്കുന്നു. എന്നാൽ, പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നു'' (സുഭാഷിതങ്ങൾ 15,1).
കോപത്തിനുള്ള മരുന്ന്
ഇതുതന്നെയാണ് ദലൈലാമയും പഠിപ്പിക്കുന്നത്. അദ്ദേഹം പറയുന്നു: ""ക്ഷമാശീലമാണു കോപത്തിനുള്ള മറുമരുന്ന്.'' നമുക്കു ക്ഷമാശീലമില്ലാത്ത അവസ്ഥ ഒന്ന് വിഭാവനം ചെയ്തു നോക്കൂ. അപ്പോൾ തൊട്ടതിനും പിടിച്ചതിനുമെല്ലാം നാം ദേഷ്യപ്പെടും. തന്മൂലം എത്രയോ ബന്ധങ്ങളാണു തകരുന്നത്. അതു മാത്രമോ? ദേഷ്യം അടങ്ങി സുബോധം വരുന്പോൾ മുന്പ് ദേഷ്യപ്പെട്ടതിന്റെ പേരിൽ നമ്മോടുതന്നെ ദേഷ്യപ്പെടില്ലേ?
ദേഷ്യപ്പെടാൻ നമുക്ക് ഒട്ടേറെ കാരണങ്ങൾ ഉണ്ടായിരിക്കാം. ചിലരോടു ദേഷ്യപ്പെടാതെ കാര്യങ്ങൾ നടക്കില്ല എന്ന സ്ഥിതിവരെ വന്നേക്കാം. അപ്പോൾ പൗലോസ് അപ്പസ്തോലന്റെ വചനം നാം ഓർമിക്കണം: ""കോപിക്കാം, എന്നാൽ പാപം ചെയ്യരുത്''(എഫേസോസ് 4, 26). അതായത് നാം കോപിക്കുന്നതു വഴി ആരെയും മുറിപ്പെടുത്തരുതെന്നു സാരം.
നേരേമറിച്ച് അത് അവരുടെ നന്മ ആഗ്രഹിച്ചായിരിക്കണം. ഇപ്രകാരം കോപിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. തന്മൂലമാണ്, നിങ്ങളുടെ അധരങ്ങളിൽനിന്നു തിന്മയുടെ വാക്കുകൾ പുറപ്പെടാതിരിക്കട്ടെ (എഫേസോസ് 4, 29) എന്ന് അദ്ദേഹം ഈ പശ്ചാത്തലത്തിൽ ഓർമിപ്പിക്കുന്നത്.
ലിത്വേനിയയിലെ പ്രസിദ്ധനായ ഒരു യഹൂദ റബ്ബിയായിരുന്നു സിംചസിസൽ (1824-1898). കോപം വന്നാൽ, അതു തടയാനായി ഉടനെതന്നെ അദ്ദേഹം ഒരു പുറംകുപ്പായം എടുത്തു ധരിക്കുമായിരുന്നത്രേ. നാം പുറംകുപ്പായമെടുത്തു ധരിച്ചാൽ നമ്മുടെ കോപം അടങ്ങാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ, ക്ഷമാശീലം എന്ന പുറംകുപ്പായം അണിയാൻ നമുക്കു സാധിച്ചാൽ നാം കോപത്തിന് ഒരിക്കലും അടിമകളായി മാറില്ല എന്നതു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ