വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോണിയോ സ്റ്റാർഡിവാരി (1644-1737). ഇറ്റാലിയനായ അദ്ദേഹം 960 വയലിൻ ഉൾപ്പെടെ 1,116 സംഗീതോപകരണങ്ങൾ നിർമിച്ചിട്ടുണ്ടത്രേ. അവയിൽ അഞ്ഞൂറിലധികം ഇപ്പോഴും ഉപയോഗയോഗ്യമായി നിലനിൽക്കുന്നു. ആ സംഗീതോപകരണങ്ങളുടെ ഗുണമേന്മയെ വെല്ലാൻ ഏതുമില്ലാത്തതുകൊണ്ട് അവയെല്ലാം ഇപ്പോഴും വിലമതിക്കപ്പെടുന്നു.
ആ വീഴ്ച
സ്റ്റാർഡിവാരി നിർമിച്ച ഒരു വയലിൻ ഫിൻലൻഡിലെ റോയൽ അക്കാഡമി ഓഫ് മ്യൂസിക്കിന്റെ കൈവശമുണ്ട്. പ്രസിദ്ധ ബ്രിട്ടീഷ് വയലിനിസ്റ്റായിരുന്ന പീറ്റർ ക്രൂപ്പറെ(1945-2015) ഒരു സംഗീതക്കച്ചേരിക്കായി ഫിൻലൻഡിലെ റോയൽ അക്കാഡമി ക്ഷണിച്ചപ്പോൾ അദ്ദേഹത്തിന് ഈ വയലിൻ വായിക്കാൻ കൊടുത്തു. അദ്ദേഹത്തോടുള്ള ബഹുമാനാദരവായിട്ടാണ് അക്കാഡമി ഇപ്രകാരം ചെയ്തത്.
എന്നാൽ, നിർഭാഗ്യമെന്നു പറയട്ടെ ക്രൂപ്പർ സംഗീതഹാളിലെ സ്റ്റേജിലേക്കു കയറുന്പോൾ ഈ അമൂല്യ വയലിനുമായി കാൽതെറ്റി വീണു. അദ്ദേഹം വീണതാകട്ടെ, ഈ വയലിന്റെ മുകളിലേക്കും. തത്ഫലമായി വയലിന്റെ കഴുത്ത് ഒടിഞ്ഞുപോയി. അതിവിശിഷ്ടമായ ഒരു മാസ്റ്റർപീസ് തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം തകർന്നപ്പോൾ ക്രൂപ്പറിനു സങ്കടം അടക്കാൻ സാധിച്ചില്ല. ആർക്കും അദ്ദേഹത്തെ ആശ്വസിപ്പിക്കാനും സാധിച്ചില്ല.
അക്കാഡമിയിലെ അധികാരികളുടെ അനുവാദത്തോടെ ക്രൂപ്പർ ആ വയലിൻ റിപ്പയർ ചെയ്യാനായി ഇംഗ്ലണ്ടിലേക്കു കൊണ്ടുപോയി. അപ്പോഴും അതു നന്നാക്കിയെടുക്കാമെന്ന് അദ്ദേഹത്തിനു വലിയ പ്രതീക്ഷയില്ലായിരുന്നു. എന്നാൽ, സംഭവിച്ചതു മറിച്ചായിരുന്നു. വയലിൻ റിപ്പയർ ചെയ്യുന്നതിൽ വിദഗ്ധനായ ഒരാൾ ആ വയലിൻ റിപ്പയർ ചെയ്തു. അപ്പോൾ അതിന്റെ സ്വരം മെച്ചമായി എന്നു മാത്രമല്ല, ആ വയലിനിലെ പരിക്കിന്റെ പാടുകൾ അപ്രത്യക്ഷമാകുകയും ചെയ്തു.
ഇതേത്തുടർന്നു ക്രൂപ്പർ ഈ വയലിനുമായി ഒരു ലോകസംഗീതപര്യടനംതന്നെ നടത്തി. അദ്ദേഹം ഈ വയലിൻ വായിച്ചപ്പോഴൊക്കെ അദ്ദേഹത്തിനു നീണ്ട കരഘോഷം ലഭിച്ചു.
ഒരു വയലിൻ തകർന്നപ്പോൾ അതു റിപ്പയർ ചെയ്യാൻ ഒരു മാസ്റ്റർ റിപ്പയർമാനുണ്ടായിരുന്നു. അതുപോലെ പാപം മൂലം നാം തകർന്നടിയുന്പോൾ നമ്മെ റിപ്പയർ ചെയ്തു പൂർവാധികം മെച്ചപ്പെടുത്താൻ നമുക്കു മനുഷ്യരല്ല, സർവശക്തനായ ദൈവംതന്നെയുണ്ട്. ഈ യാഥാർഥ്യം നമ്മെ അനുസ്മരിപ്പിച്ചുകൊണ്ടാണ് അന്പതു നോന്പ് കാലം നമ്മുടെ മുൻപിലെത്തുന്നത്. നാം അന്പതുനോന്പിലേക്കു കടക്കുന്പോൾ നമ്മുടെ ശ്രദ്ധയിൽ ആദ്യം എത്തേണ്ടതു നമ്മുടെ പാപങ്ങളും കടങ്ങളും ക്ഷമിക്കാൻ സ്നേഹപൂർവം കാത്തുനിൽക്കുന്ന ദൈവത്തെയാണ്.
ഐസയാസ് പ്രവാചകൻ വഴി ദൈവം പറയുന്നു, ""വരുവിൻ നമുക്കു രമ്യതപ്പെടാം. നിന്റെ പാപങ്ങൾ കടുംചുമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെൺമയുള്ളതായിത്തീരും. അവ രക്തവർണമെങ്കിലും കന്പിളിപോലെ വെളുക്കും.'' (1:18). എസക്കിയേൽ പ്രവാചകൻ വഴി ദൈവം പറയുന്നു, ""ഞാൻ നിങ്ങളുടെമേൽ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളിൽനിന്നും നിങ്ങൾ ശുദ്ധീകരിക്കപ്പെടും.'' (36:25).
പാപികളായ നമ്മൾ റിപ്പയർ ചെയ്യപ്പെട്ട് പുതിയ മനുഷ്യരായി മാറാൻ നാം എന്തു ചെയ്യണമെന്നും ദൈവം ബൈബിളിൽ പറയുന്നുണ്ട്. ""ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടുംകൂടെ നിങ്ങൾ പൂർണ ഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിൻ. നിങ്ങളുടെ ഹൃദയമാണ്, വസ്ത്രമല്ല കീറേണ്ടത്.'' (ജോയൽ 2:12-13). ദിനവൃത്താന്തം രണ്ടാം പുസ്തകത്തിൽ ദൈവം പറയുന്നു, ""എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാർഥിക്കുകയും തങ്ങളുടെ ദുർമാർഗങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്താൽ, ഞാൻ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥന കേട്ട് അവരുടെ പാപങ്ങൾ ക്ഷമിക്കുകയും അവരുടെ ദേശം സന്പുഷ്ടമാക്കുകയും ചെയ്യും.'' (7:14).
അപ്പസ്തോലപ്രവർത്തനങ്ങൾ എന്ന പുസ്തകത്തിൽ വിശുദ്ധ പത്രോസ് ഇപ്രകാരം നമ്മെ അനുസ്മരിപ്പിക്കുന്നു, ""നിങ്ങളുടെ പാപങ്ങൾ മായിച്ചുകളയാൻ പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിൻ'' (3: 19).
ദൈവവചനം പഠിപ്പിക്കുന്നതനുസരിച്ച് നാം നമ്മുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുക മാത്രം പോരാ, ""മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുകയും വേണം.'' (മത്തായി 3:8). തന്മൂലമാണ് നമ്മുടെ നോന്പനുഷ്ഠാനത്തിന്റെ മൂന്നു നെടുംതൂണുകളായി പ്രാർഥന, ഉപവാസം, ദാനധർമം എന്നിവയെ കാണുകയും അവ അനുദിന ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്.
ഉപവാസം
നമ്മുടെ പാപങ്ങളാണ് നമ്മെ ഏറെ തകർക്കുന്നത്. ആ തകർച്ചയിൽനിന്നു മോചനം നേടി പുതിയ മനുഷ്യനായിത്തീരാനാണ് നോന്പുകാലം വിളിക്കുന്നത്. അതിനുള്ള വഴിയാണു പാപത്തെക്കുറിച്ചുള്ള പശ്ചാത്താപവും പാപമോചനം എന്ന കൂദാശാ സ്വീകരണവും. നമ്മുടെ പശ്ചാത്താപം ആത്മാർഥമാണെങ്കിൽ അതിന്റെ ഫലമെന്നവണ്ണം നമ്മുടെ പ്രാർഥനാജീവിതം മെച്ചപ്പെടും. നമ്മുടെ പരിഹാരത്തിനായി നാം ഉപവാസം അനുഷ്ഠിക്കുകയും ദാനധർമം ചെയ്യുകയും ചെയ്യും. എന്നാൽ, നമ്മുടെ ഉപവാസം ചില ദിവസങ്ങളിൽ ചില നേരം ഭക്ഷണം ഉപേക്ഷിക്കുന്നതു മാത്രമാവരുത്.
പ്രാവചകനിലൂടെ ദൈവം പറയുന്നു, ""ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതരെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?'' (ഏശയ്യ 58: 5-8).
അതായത്, നമ്മുടെ ഉപവാസം എന്നു പറയുന്നതു തിന്മയിൽനിന്ന് അകന്നുനിൽക്കുന്നതിനൊപ്പം നന്മപ്രവൃത്തികൾ ചെയ്യുന്നതുമാകണം. അതുകൊണ്ടുകൂടിയല്ലേ ദാനധർമത്തിനു നോന്പുകാലത്ത് വലിയ പ്രാധാന്യമുള്ളത്. അതു മാത്രമോ? ""ദരിദ്രരോടു കരുണ കാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത്. അവിടുന്ന് ആ കടം വീട്ടും.'' എന്നു സുഭാഷിതങ്ങളിൽ (19:17) പറയുന്നുണ്ട്.
ദൈവം എങ്ങനെയാണ് ആ കടം വീട്ടുന്നത്? നമ്മുടെ പാപങ്ങൾ ക്ഷമിച്ചു നമ്മെ അവിടുത്തെ ഹൃദയത്തിനു ചേർന്ന പുതിയ മനുഷ്യരാക്കിക്കൊണ്ട്. ഇതും ഇതിലപ്പുറവും ചെയ്യാൻ കഴിവുള്ളവനാണ് ദൈവം എന്ന ഏറ്റവും വലിയ റിപ്പയർമാൻ. അങ്ങനെയുള്ള ദൈവത്തിൽ അഭയം തേടാൻ നാം ഒരിക്കലും മറക്കരുത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ