നടിയും നാടകകൃത്തും സംവിധായകയുമായിരുന്നു വിനെറ്റ് കാരൾ (1922-2002). ന്യൂയോർക്കിലെ ബ്രോഡ്വേയിൽ ഒരു മ്യൂസിക്കൽ സംവിധാനം ചെയ്ത ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വനിതയാണവർ. ഒരു എമ്മി അവാർഡും മൂന്നു ടോണി അവാർഡ് നോമിനേഷനുമുൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള വിനെറ്റ്, 1979 ൽ ബ്ലാക്ക് ഹാൾ ഓഫ് ഫെയിമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
വിനെറ്റ് എഴുതി സംവിധാനം ചെയ്ത ഒരു നൃത്ത സംഗീത നാടകമാണ് ’യുവർ ആംസ് ടൂ ഷോർട്ട് ടു ബോക്സ് വിത്ത് ഗോഡ്.’ മത്തായിയുടെ സുവിശേഷത്തെ ആധാരമാക്കി, യേശുനാഥന്റെ പരസ്യജീവിതകാലം മുതൽ അവിടത്തെ മരണവും ഉത്ഥാനവും വരെയുള്ള ജീവിതകഥയാണ് നാടകത്തിന്റെ ഇതിവൃത്തം. കർത്താവിന്റെ ജീവിതത്തെ ആധാരമാക്കി 1970കളുടെ ആരംഭത്തിൽ ഇറങ്ങിയ ‘ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ’, ‘ഗോസ്പെൽ’ എന്നീ മ്യൂസിക്കലുകളെപ്പോലെ, വിനെറ്റിന്റെ മ്യൂസിക്കലും വൻവിജയമായിരുന്നു.
കറുത്ത വർഗക്കാരുടെ ക്രൈസ്തവ ആധ്യാത്മികതയിൽനിന്നു പ്രചോദനമുൾക്കൊണ്ട ഈ മ്യൂസിക്കലിൽ ജനപ്രീതി നേടിയ പല ഗാനങ്ങളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട രണ്ടെണ്ണമാണ് പന്തിയോസ് പീലാത്തോസിന്റെ ഭാര്യ പാടുന്ന ‘യുവർ ആംസ് ആർ ടൂ ഷോർട്ട് ടു ബോക്സ് വിത്ത് ഗോഡ്’, യേശുനാഥൻ പാടുന്നു, ‘ക്യാന്റ് നോ ഗ്രേയ്വ് ഹോൾഡ് മൈ ബോഡി ഡൗണ്’ എന്നിവ.
നാടകത്തിന്റെ അവസാന രംഗത്തിലാണ് ‘ക്യാന്റ് നോ ഗ്രെയ്വ് ഹോൾഡ് മൈ ബോഡി ഡൗണ്’ എന്ന ഗാനം ഉത്ഥാനം ചെയ്ത യേശുനാഥൻ പാടുന്നത്. ആ ഗാനം തുടങ്ങുന്നത് ഇപ്രകാരമാണ്, “ഒരു ശവകുടീരത്തിനും എന്റെ ശരീരത്തെ... പൂട്ടിയിടാനാവില്ല.”
ഉയിർപ്പുതിരുനാളിന്റെ അർഥം വ്യക്തമാക്കുന്ന ഒരു ഗാനമാണിത്. ഉത്ഥാനം ചെയ്തശേഷം യേശുനാഥൻ മഗ്ദലേന മറിയത്തെയും മറ്റേ മറിയത്തെയും അഭിവാദ്യം ചെയ്യുന്പോൾ പശ്ചാത്തലത്തിൽ ഈ ഗാനം പാടുന്നത് ഒരു മാലാഖയാണ്. ഉത്ഥാനം ചെയ്ത കർത്താവിനെ നേരിൽക്കണ്ട ഈ രണ്ടു സ്ത്രീകളും അവിടത്തെ ശിഷ്യൻമാരെ കാണാനായി ഓടി.
അവർ ശിഷ്യൻമാരെ കണ്ടുമുട്ടിയപ്പോൾ പറഞ്ഞത് എന്താണെന്നു നമുക്ക് ഉൗഹിക്കാവുന്നതേയുള്ളൂ, ഒരു കല്ലറയ്ക്കും കർത്താവിനെ പൂട്ടിയിടാനാവില്ല. അവിടന്ന് ഉയിർത്തെഴുന്നേറ്റു.
പക്ഷേ, ഈ സന്ദേശം കേട്ടപ്പോൾ ശിഷ്യന്മാർ വിശ്വസിച്ചോ? തീർച്ചയായും വളരെ ആശ്വാസപ്രദമായിരുന്നിരിക്കണം അവർക്ക് ഈ വാർത്ത. എങ്കിലും അവരിൽ സംശയം അവശേഷിച്ചിരുന്നു എന്ന് സുവിശേഷങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ, ഉത്ഥാനം ചെയ്ത ശേഷം അവിടുന്ന് ശിഷ്യർക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ അവരുടെ വിശ്വാസം സജീവമായി. അപ്പോഴും എല്ലാവർക്കും ഒരുപോലെ വിശ്വാസമുണ്ടായില്ല.
പ്രത്യേകിച്ചും അന്ന് അവരുടെകൂടെ ഇല്ലാതിരുന്ന തോമ്മാശ്ലീഹായ്ക്ക്. മറ്റു ശിഷ്യന്മാർ തങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞപ്പോൾ സംശയാലുവായ തോമ്മാശ്ലീഹ എന്താണു പറഞ്ഞത്? കർത്താവിനെ നേരിൽ കാണാതെ താൻ വിശ്വസിക്കുകയില്ല എന്ന്. കർത്താവ് ഏതായാലും തോമ്മാശ്ലീഹായോടു കരുണ കാണിച്ചു.
ഉത്ഥാനം ചെയ്തിട്ട് എട്ടു ദിവസം കഴിഞ്ഞപ്പോൾ കർത്താവ് വീണ്ടും ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടു. അപ്പോൾ തോമ്മാശ്ലീഹായും അവരോടുകൂടെ ഉണ്ടായിരുന്നു. അന്ന് കർത്താവിനെ നേരിൽ കാണാനും എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് ഏറ്റുപറഞ്ഞ് തന്റെ വിശ്വാസം അരക്കിട്ടുറപ്പിക്കാനും അദ്ദേഹത്തിനു ഭാഗ്യം ലഭിച്ചു. അതായത്, ഒരു ശവകുടീരത്തിനും കർത്താവിനെ പൂട്ടിയിടാനാവില്ലെന്നു തോമ്മാശ്ലീഹായ്ക്ക് മനസിലായി.
തോമ്മാശ്ലീഹ അരക്കിട്ടുറപ്പിച്ച ഈ വിശ്വാസമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം. കാരണം, പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നതുപോലെ, കർത്താവ് മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്തിട്ടില്ലെങ്കിൽ നമ്മുടെ വിശ്വാസം വ്യർഥമാണ് (2 കൊറിന്തോസ് 15:17). അതായത്, നമ്മുടെ വിശ്വാസംവഴി നാം ഒന്നും നേടുന്നില്ലെന്നു വ്യക്തം.
എന്നാൽ, സത്യമായും കർത്താവ് ഉത്ഥാനം ചെയ്തിട്ടുണ്ടെങ്കിലോ? അപ്പോൾ വിശ്വാസംവഴി നമുക്കു ലഭിക്കാൻ പോകുന്നതോ സ്വർഗസൗഭാഗ്യവും! മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്ത കർത്താവിനെ ശിഷ്യർ നേരിൽ കണ്ടില്ലായിരുന്നെങ്കിൽ അവിടത്തെ പ്രസംഗിക്കാൻ അവർ ഇറങ്ങിപ്പുറപ്പെടുമായിരുന്നോ? കർത്താവിന്റെ നാമത്തിൽ മരണം വരിക്കാൻ ശിഷ്യർ തയാറാകുമായിരുന്നോ?
അതു മാത്രമോ? ഉത്ഥാനം ചെയ്ത കർത്താവിന്റെ സാന്നിധ്യം വിശ്വാസികളുടെയിടയിൽ ഇന്നും സജീവമല്ലെങ്കിൽ ഇക്കാലത്ത് അവിടത്തെ പ്രസംഗിക്കാനും അവിടത്തെപ്രതി മതപീഡനം സഹിക്കാനും അനുയായികൾ തയാറാകുമോ? തോമ്മാശ്ലീഹാ കണ്ടുവിശ്വസിച്ച് ഏറ്റുപറഞ്ഞ സത്യം ഇന്നും അങ്ങനെതന്നെ നിലനിൽക്കുന്നു. അതു നിഷേധിക്കാൻ ആർക്കും സാധ്യമല്ല.
ആ സത്യമെന്താണ്? ഒരു കല്ലറയ്ക്കും കർത്താവിനെ പൂട്ടിയിടാനാവില്ല. അവിടന്ന് മരണശേഷം ഉത്ഥാനം ചെയ്തു. അപ്പോൾ സ്വാഭാവികമായും നമുക്കും പറയാതിരിക്കാനാവില്ല “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ